Monthly Archives: December 2016

ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ സൂക്ഷിക്കുക


555

ഡീമോണിറ്റൈസേഷന് ശേഷം  കറൻസി രഹിത (Cashless) ഇടപാടുകൾ വർദ്ധിച്ച് വന്നതോടൊപ്പം തന്നെ, ഓൺലൈൻ തട്ടിപ്പുകളും ധാരാളമായി നടക്കുന്നുണ്ട്. നിരവധി പരാതികളാണ് ഈ വകുപ്പിൽ ഓരോ ബാങ്കുകളിലും വന്നുകൊണ്ടിരിക്കുന്നത്.

ഔദ്യോഗികമായും അല്ലാതെയും ആഴ്ച്ചയിൽ നാല് ഓൺലൈൻ ബാങ്ക് ഇടപാടുകളെങ്കിലും നടത്തുന്ന ആളാണ് ഞാൻ. അങ്ങനൊരു ദിവസം മൂന്ന് ഇടപാടുകൾ കഴിഞ്ഞ് നാലാമത്തേതിലേക്ക് കടന്നപ്പോൾ GRID നമ്പർ തെറ്റാണെന്ന് പറഞ്ഞു. പിന്നേം ശ്രമിച്ചപ്പോൾ അതുതന്നെ പല്ലവി. ചുരുക്കിപ്പറഞ്ഞാൽ ATM കാർഡ് ബ്ലോക്കായി. ഉടനെ ബാങ്കുമായി ബന്ധപ്പെടാൻ പറഞ്ഞ് ബാങ്കിൽ നിന്ന് ഈ-മെയിൽ വന്നു. ബന്ധപ്പെട്ടപ്പോൾ കാർഡിന്റെ രണ്ട് വശവും സ്ക്കാൻ ചെയ്ത് അയച്ചുകൊടുക്കാൻ പറഞ്ഞു. അപ്രകാരം ചെയ്ത് കഴിഞ്ഞപ്പോൾ പിൻ നമ്പർ അയച്ച് കൊടുക്കാൻ പറഞ്ഞു.

അത്രേം ആയപ്പോൾ എനിക്കൊരു വശകൊശപ്പിശക് മണത്തു. ദേവേന്ദ്രന്റപ്പൻ മുത്തുപ്പട്ടര് നേരിട്ട് വന്ന് ചോദിച്ചാലും പിൻ നമ്പറ് കൊടുക്കറുതെന്നാണ് കേട്ടിട്ടുള്ളത്. ഉടനെ ബാങ്കിൽ വിളിച്ച് കാര്യം പറഞ്ഞു. ATM കാർഡിന്റെ സ്ക്കാൻ കോപ്പി ചോദിച്ചുകൊണ്ട് എനിക്ക് കിട്ടിയ ഈ-മെയിൽ എല്ലാം വന്നത് ബാങ്കിന്റെ ഹെഡ്ഡറും ലോഗോയുമൊക്കെയുള്ള ഔദ്യോഗികമാണെന്ന് തോന്നിക്കുന്ന മെയിൽ ഐഡിയിൽ നിന്നുതന്നെയാണ്.  അതെല്ലാം വ്യാജമായിരുന്നു എന്ന് പിന്നീട്  തെളിഞ്ഞു. ഗ്രിഡ് നമ്പർ തെറ്റിച്ചത് അടക്കമുള്ളതെല്ലാം ഹാക്കർ/തട്ടിപ്പ് സംഘത്തിന്റെ കളികൾ മാത്രം. നാല് ദിവസം കഴിഞ്ഞപ്പോൾ ബാങ്കിൽ നിന്ന് പുതിയ കാർഡ് കിട്ടി. എന്റെ പ്രശ്നം തീർന്നു.

തിരുവനന്തപുരത്ത് ഇന്നലെ ഒരു വീട്ടമ്മ തുറന്ന ബാങ്ക് അക്കൌണ്ടിൽ നിന്ന് ഇതേ ലൈനിൽ ഫോണിൽ വിളിച്ച് പിൻ നമ്പർ വാങ്ങി പണം കവർന്നതായി ഇപ്പോൾ വാർത്തയിൽ കണ്ടു. നമ്മളൊരു ബാങ്ക് അക്കൌണ്ട് തുറന്ന് പുറത്തിറങ്ങുന്ന നിമിഷം മുതൽ ആരൊക്കെയോ ഓൺലൈനിൽ കാര്യങ്ങളെല്ലാം നോട്ടമിട്ടുകൊണ്ടിരിക്കുന്നുണ്ട്. പുതിയ ഉപഭോക്താക്കളെയാണ് പറ്റിക്കാൻ എളുപ്പം. അതുകൊണ്ട് ശ്രദ്ധിക്കുക. പുതിയതും പഴയതുമായ ഉപഭോക്താക്കളും ശ്രദ്ധിക്കുക. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ ഉടനെ പാസ്സ്‌വേർഡ് മാറ്റുക, സുരക്ഷിതരാകുക.
.
ഗുണപാഠം:- നിങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങളിൽ ആരെങ്കിലുമൊരാളോ അല്ലെങ്കിൽ മരിച്ച് മണ്ണടിഞ്ഞു പോയ നിങ്ങൾടെ അച്ഛനോ അമ്മയോ നേരിട്ട് വന്ന് ചോദിച്ചാലും ATM കാർഡിന്റെ പിൻ നമ്പർ, അക്കൌണ്ടിന്റെ പാസ്സ്വ്വേർഡ് മുതലായവ കൊടുക്കരുത്.