Monthly Archives: December 2016

ദ ഷോ മസ്റ്റ് ഗോ ഓൺ


990a

ന്നലെ (05 ഡിസംബർ 2016) വൈകീട്ട് 05:30ന് സഹപ്രവർത്തകനോപ്പം ഔദ്യോഗിക ആവശ്യത്തിനായി ബാംഗ്ലൂരിലേക്ക് മുൻ‌കൂട്ടി തീരുമാനിച്ചിരുന്ന ഒഴിവാക്കാനാവാത്ത തീവണ്ടിയാത്ര ഉണ്ടായിരുന്നു. തമിഴ്‌‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഗുരുതരാവസ്ഥ കാരണം സംസ്ഥാനത്ത് നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ബസ്സുകൾ സർവ്വീസുകൾ വൈകുന്നേരത്തോടെ നിർത്തിക്കഴിഞ്ഞിരുന്നു.  ഹർത്താലുകൾ മാത്രമല്ല ഒരു നേതാവിന്റെ സ്വാഭാവിക അന്ത്യം പോലും ജനങ്ങളുടെ ജീവിതം കീഴ്‌മേൽമറിക്കാൻ കാരണമാകുന്നു. വിവരക്കേട് മൂത്ത ജനങ്ങൾ തീവണ്ടിയും അപായപ്പെടുത്തുമോ എന്ന് ഞങ്ങളുടെ യാത്രയെപ്പറ്റി അറിയുന്നവർക്കൊക്കെ ആശങ്ക.

അങ്ങനൊക്കെ ചിന്തിക്കാൻ പോയാൽ ഇവിടെ ജീവിക്കുന്നത് തന്നെ അസാദ്ധ്യമായിത്തീരും. സ്വാഭാവിക മരണങ്ങൾക്ക് പോലും കാലനോടും ജീവിച്ചിരിക്കുന്ന ബാക്കിയുള്ള ജനങ്ങളോടും പ്രതിഷേധിക്കുന്ന രാജ്യമാണിത്. പരസ്പരം വെട്ടീം കുത്തീം ചാകുന്നതിന്റെ പേരിൽ പൊതുജനത്തെ ബന്ദിയാക്കുന്ന പ്രതിഷേധങ്ങൾ വേറെയും. ബാൽ താക്കറെയുടെ ഭാര്യയുടെ സ്വാഭാവിക മരണത്തിന് മുംബൈ മഹാനഗരത്തിൽ ശിവസേനക്കാർ നക്ഷത്രമെണ്ണിച്ചിട്ടുണ്ട് 21 വർഷങ്ങൾക്ക് മുൻപ്. അസ്വാഭാവിക മരണമാണെങ്കിൽ വിദേശികൾക്ക് വേണ്ടിയും ഹർത്താൽ ആചരിക്കുന്ന വിചിത്രമായ ഒരു രാജ്യത്ത് അതും അതിനപ്പുറവുമൊക്കെ സംഭവിക്കും. ഇവിടെ ജീവിക്കണമെങ്കിൽ മരിക്കാൻ പോലും തയ്യാറായേ പറ്റൂ!!

നാല് ദിവസമേയുള്ളെങ്കിലും ഭയഭീതി ഏതുമില്ലാതെ ജീവിക്കുക തന്നെ. നാലായിരം ദിവസം, ‘ചത്തതിനൊക്കിലേ ജീവിച്ചിരിക്കിലും എന്നമട്ടിൽ‘ എന്തുകാര്യം ? പിന്നെയുള്ള ഒരു രക്ഷാമാർഗ്ഗം രാജ്യം വിട്ട് പോകുക എന്നതാണ്. അത് പക്ഷേ ഒരു ശാശ്വത പരിഹാരമല്ലല്ലോ. എന്തെങ്കിലും കാര്യങ്ങൾക്കായി വീണ്ടും ഈ വഴി വരേണ്ടി വരില്ലേ ? ഒരു രക്ഷാമാർഗ്ഗം കൂടെയുണ്ട്. ആ മാർഗ്ഗം തുറക്കണമെങ്കിൽ, പൊതുജനം സ്വന്തം തലച്ചോറുപയോഗിച്ച് ചിന്തിക്കുന്ന കാലം വരണം. അങ്ങനെയൊരു കാലം ഉണ്ടായാലും ഇല്ലെങ്കിലും, നല്ലൊരു ഗവേഷണത്തിന് സാദ്ധ്യതയുള്ള വിഷയമാണത്.

അമ്പലപ്പറമ്പിൽ നാടകം കളിക്കാമെന്നേറ്റ സമിതിയിലെ പ്രധാന നടന്റെ അമ്മ മരിച്ചെന്ന പേരിൽ നാടകം കളിക്കാതിരിക്കാൻ കമ്മറ്റിക്കാർ സമ്മതിക്കാറുണ്ടോ ? കാണികൾ സമ്മതിക്കാറുണ്ടോ ? കലാകാരൻ ദുഖങ്ങളെല്ലാം മറന്ന് അരങ്ങിൽ തകർത്തഭിനയിച്ച കഥകൾ വായിച്ച് എത്രയോ കോൾമയിർ കൊണ്ടിരിക്കുന്നു നാമെല്ലാം. ഒരാളുടെ വ്യക്തിപരമായ അത്തരം നഷ്ടങ്ങൾക്കിടയിലും ഭൂരിപക്ഷത്തിന്റെ ജീവിതം തട്ടും തടയലുമില്ലാതെ മുന്നോട്ട് പോകണമെന്ന വികാരമാണതിന്റെയൊക്കെ പിന്നിൽ. സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ‘The show must go on’.

ജയലളിത മരിച്ചെന്ന വാർത്ത വന്ന ഉടനെ പുറത്തുവന്ന മറ്റൊരു പ്രധാന വാർത്ത പനീർ ശെൽ‌വം മുഖ്യമന്ത്രിയായി ചുമതലയേറ്റു എന്നായിരുന്നു.  തമിഴരുടെ സ്നേഹനിധിയായ അമ്മ മരിച്ച് കിടക്കുമ്പോൾ അതേ അമ്മയുടെ പാദസേവ നടത്തിയിരുന്ന മറ്റംഗങ്ങൾ എല്ലാം കൂടെ തിരക്കിട്ട് മന്ത്രിസഭ ഉണ്ടാക്കുന്നതെന്തുകൊണ്ടാണ്? ഭരണമേൽക്കലൊക്കെ ശവമടക്കും പതിനാറടിയന്തിരവും കഴിഞ്ഞിട്ട് പോരായിരുന്നോ ? പക്ഷേ, അങ്ങനെയല്ല കാര്യങ്ങൾ.  ഭരണപരമായി ഒരുപാട് നിയമക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. സംസ്ഥാനഭരണമോ രാജ്യഭരണം തന്നെയോ കൈയ്യാളാൻ ആളില്ലാതെ ഒരു മിനിറ്റ് പോലും അന്യാധീനപ്പെട്ട് കിടക്കാൻ പാടില്ല.

ഇതേ നയവും രാജ്യതന്ത്രവും തന്നെയാണ് പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് കാര്യങ്ങളിലും ഉണ്ടാകേണ്ടത്. പക്ഷേ, പിന്നീടങ്ങോട്ട്  പൊതുജനത്തിന്റെ കാര്യം അധോഗതിയാകുന്നു. അതെന്തുകൊണ്ടെന്ന് ചിന്തിക്കേണ്ട സമയമായില്ലേ ?

ജയലളിതയുടെ അന്ത്യത്തിൽ ഏഴ് ദിവസമാണ് തമിഴ്‌നാട്ടിൽ ദുഃഖാചരണം. മൂന്ന് ദിവസം അവധിയും. ചുരുങ്ങിയത് ആ മൂന്ന് ദിവസങ്ങളിൽ കടകമ്പോളങ്ങൾ തുറന്നെന്ന് വരില്ല. തുറന്നാൽ പിന്നെയൊരിക്കലും തുറക്കേണ്ടിയും വരില്ല. ഇതിനിടയ്ക്ക് സാധാരണക്കാരന്റെ, അതായത് അന്നന്നത്തെ അന്നം അന്നന്ന് വാങ്ങി അനത്തിക്കഴിക്കുന്നവന്റെ കാ‍ര്യം എന്താകും ? അങ്ങനെയുള്ളവരിലേക്ക് തേനും പാലും ഒഴുക്കിയ ഒരു നേതാവിന്റെ അന്ത്യശേഷമുള്ള അവസ്ഥയാണിതെന്ന് മറക്കരുത്.

സ്വാതന്ത്ര്യത്തിന്റെ സപ്തതിയിലേക്ക് രാജ്യം കാലൂന്നി നിൽക്കുന്നത് സത്യത്തിൽ പാരതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങണിഞ്ഞാണ്. അങ്ങനെയാണെന്ന് ഒരുതരത്തിലും മനസ്സിലാക്കാനോ ചിന്തിക്കാനോ പോലും പറ്റാത്ത തരത്തിലുള്ള മരവിപ്പ് വെറും വോട്ടർ‌മാരായ ഭൂരിപക്ഷത്തിന്റെ മസ്തിഷ്ക്കത്തിൽ ചെലുത്തുന്ന കാര്യത്തിൽ വിരലിൽ എണ്ണാവുന്ന സംഖ്യാബലം മാത്രമുള്ള അധികാരകേന്ദ്രങ്ങളും നേതാക്കളും വിജയിച്ചിരിക്കുന്നു.

ജനത്തിന് അത്യാവശ്യമായി വേണ്ടത് ആ പാരതന്ത്ര്യത്തിൽ നിന്നുള്ള മോചനമാണ്. സ്വതന്ത്രമായി സഞ്ചരിക്കാനും നിയമം അനുശാസിക്കുന്ന തരത്തിൽ ആർക്കും അടിമപ്പെടാതെ ജീവിക്കാനും പൌരാവകാശം സംരക്ഷിക്കപ്പെടാനുള്ള സ്വാതന്ത്ര്യപോരാട്ടമാണ് ഇനിയുള്ളകാലം വേണ്ടത്. നേതാക്കന്മാർ ധാരാളമുണ്ടാകും കാലാകാലങ്ങളിൽ. അവരൊക്കെ മറ്റേതൊരു മനുഷ്യനേയും പോലെ  മരിച്ച് മണ്ണടിയുകയും ചെയ്യും. അതൊന്നും ഇതര പൌരന്മാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാൻ പാടില്ല.നേതാക്കന്മാർ ജീവിക്കുന്നത് മുഴുവൻ ഈ ജനത്തിന് വേണ്ടിയാണെന്നാണല്ലോ വെപ്പ്. അതുകൊണ്ട് അവരുടെ കാലശേഷവും ജനങ്ങളുടെ കാര്യങ്ങൾ മുടക്കൊന്നുമില്ലാതെ മുന്നോട് പോകണം. ദ ഷോ മസ്റ്റ് ഗോ ഓൺ.

വാൽക്കഷണം:- ഇപ്പറഞ്ഞ കാര്യങ്ങൾ കൊണ്ടുതന്നെ തമിഴ്‌നാട് മുഖ്യമന്ത്രി അന്തരിച്ച വകയിൽ കേരള സംസ്ഥാനത്തിന് അവധി കൊടുത്തത് അനാവശ്യമായിരുന്നു എന്ന് അടിയുറച്ച് അഭിപ്രായപ്പെടുന്നു.