Monthly Archives: April 2017

വാർത്തേം കമന്റും – (പരമ്പര 45)


44

വാർത്ത 1:- ഭൂമി കയ്യേറ്റം തടയാന്‍ പുതിയ നിയമം വരുന്നു.
കമന്റ് 1 :- അല്ലെങ്കിലും നിയമത്തിന്റെ ഒരു കുറവ് കാരണമാണല്ലോ കൈയ്യേറ്റം തടയാനാവാത്തത്.

വാർത്ത 2:- പ്രതിപക്ഷത്തിന് ഘടകകക്ഷികൾ ആയുധം കൊടുക്കരുതെന്ന് കൊടിയേരി ബാലകൃഷ്ണൻ.
കമന്റ് 2:- ആയുധങ്ങൾക്കിവിടെ ഒരു ക്ഷാമവുമില്ല സഖാവേ. അത് കാര്യക്ഷമമായി ഉപയോഗിക്കാൻ അറിയുന്ന ഒരു പ്രതിപക്ഷത്തിന്റെ അഭാവമേയുള്ളൂ.

വാർത്ത 3:- സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത് ഗര്‍ഭിണിയായിരിക്കെ.
കമന്റ് 3:- കുഞ്ഞ് ഗർഭാവസ്ഥയിൽത്തന്നെ ആദ്യസെറ്റ് ജയിച്ചുകഴിഞ്ഞിരിക്കുന്നു.

വാർത്ത 4:- കോഹിനൂര്‍ രത്‌നം തിരിച്ചെത്തിക്കാന്‍ ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി.
കമന്റ് 4:‌- ഉത്തരവെങ്ങാനും ഇറക്കിയാൽ അടുത്ത ഫ്ലൈറ്റ് പിടിച്ച് രാജ്ഞി തന്നെ കൊണ്ടുവന്ന് തരും.

വാർത്ത 5:- മുലായത്തിന്റെ വീട്ടില്‍ പരിശോധന. ലക്ഷങ്ങളുടെ വൈദ്യുതി മോഷണം കണ്ടെത്തി.
കമന്റ് 5:- പരിശോധിക്കാൻ ചെന്ന ഉദ്യോഗസ്ഥരൊക്കെ ഇപ്പോഴും കസേരകളിൽ ഉണ്ടോ ആവോ ?

വാർത്ത 6:- മോദി ചായവിറ്റ റെയില്‍വേസ്റ്റേഷന്‍ മോടികൂട്ടാന്‍ എട്ടുകോടി.
കമന്റ് 6:- സ്റ്റേഷനിൽ വിൽക്കുന്ന ചായയ്ക്ക് വില കൂട്ടാതിരുന്നാൽ മതിയായിരുന്നു.

വാർത്ത 7:-  ജലദൌർലഭ്യം കാരണം നെൽകൃഷി ഇല്ലാതാകുകയും മലയാളികള്‍ റൊട്ടി കഴിക്കേണ്ട കാലം വരുമെന്നും മഗ്‌സസെ പുരസ്കാര ജേതാവും ഇന്ത്യയുടെ ‘ജലപുരുഷനു‘മായ  രാജേന്ദ്ര സിങ്‌.
കമന്റ് 7:- അതിനുള്ള ഗോതമ്പ് വടക്കേ ഇന്ത്യയിൽ നിന്ന് വന്നില്ലെങ്കിൽ മലയാളി പിന്നെ ഗൾഫീന്ന് കുബൂസ് ഇറക്കുമതി ചെയ്ത് കഴിക്കേണ്ടി വരും.

വാർത്ത 8:- സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എം.എം. മണി.
കമന്റ് 8:- പുഴുക്കുത്തിനെപ്പോലും തിരഞ്ഞെടുത്ത് മന്ത്രിയാക്കാം എന്നതിന് തെളിവാണ് ഈ മന്ത്രി പുംഗവൻ.

വാർത്ത 9 :- എം.എം.മണിയെ ചങ്ങലക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്.
കമന്റ് 9:- പാവം ചങ്ങലയെന്ത് പിഴച്ചു ?

വാർത്ത 10:- പണ്ഡിതോചിതമായി സംസാരിക്കാനറിയില്ലെന്ന് മന്ത്രി എം.എം.മണി.
കമന്റ് 10:- ‘പണ്ഡിതോചിതമായി‘ എന്ന പദം നാട്ടുഭാഷയായിരിക്കും അല്ലിയോ ?