Monthly Archives: May 2017

വാർത്തേം കമന്റും – (പരമ്പര 46)


46

വാർത്ത 1:- പാട്നയിൽ ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം കാണാനില്ല: എലി കുടിച്ചെന്ന് പോലീസ്.
കമന്റ് 1 :- ഡിങ്കഭഗവാന്റെ ഇഷ്ടപാനീയം മദ്യമാണെന്ന് ബാലമംഗളത്തിൽ പരാമർശമുണ്ടോ എന്നന്വേഷണം വേണം.

വാർത്ത 2:- സിപിഎം പിന്തുണയോടെ മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു.
കമന്റ് 2:- കോഴമാണി ബഡ്ജറ്റ് അവതരിപ്പിക്കാൻ വന്നപ്പോൾ സ്പീക്കറുടെ കസേര വലിച്ച് നിലത്തടിച്ചതൊക്കെ കോമഡി ആയിരുന്നല്ലേ ?

വാർത്ത 3:- മഹാരാജാസ് ഹോസ്റ്റലിൽ കണ്ടെത്തിയത് മാരകായുധങ്ങളല്ല പണിയായുധങ്ങളെന്ന് മുഖ്യമന്ത്രി.
കമന്റ് 3:‌- മഹാരാജാസിൽ പഠിക്കുന്നത് മുഴുവൻ കെട്ടിടം പണിക്കാരാണെന്നും കണ്ടെടുത്തത് അവരുടെ പണിയായുധങ്ങളാണെന്നും പറയാഞ്ഞത് ഭാഗ്യം.

വാർത്ത 4:- നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു, ചൂരിദാറിന്റെ കൈമുറിച്ചു.
കമന്റ് 4:- ജീവിതവിജയത്തിലേക്കുള്ള വഴിയിലെ നീറ്റുന്ന പരീക്ഷണങ്ങൾ !

വാർത്ത 5:- മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ.
കമന്റ് 5:- മടിയിൽ കനമുള്ള മനുഷ്യന് മാത്രമല്ല ആൾദൈവത്തിനും വഴിയിൽ പേടിക്കേണ്ടി വരും.

വാർത്ത 6:- മരം മുറിക്കാന്‍ മനസ്സുവന്നില്ല: എം.എല്‍.എ സ്വന്തം ചിലവില്‍ മാറ്റിനട്ടു.
കമന്റ് 6:- കുറേ കാട് പോയാലും വൈദ്യുതി കിട്ടിയാൽ മതിയെന്ന് പറയുന്ന മന്ത്രിമാർ കണ്ടുപഠിക്കണം പെനമലരു എം.എൽ.എ. ബോധെ പ്രസാദിനെ.

വാർത്ത 7:- സെൻകുമാറിന് വിശ്വാസ്യതയില്ലെന്ന് സർക്കാർ.
കമന്റ് 7:- സർക്കാരിനെതിരെ സുപ്രീം കോടതിയിൽ വിജയം നേടിയ ഡി.ജി.പി.യിൽ സർക്കാരിന് വിശ്വാസ്യത ഉണ്ടായാലേ അത്ഭുതമുള്ളൂ.

വാർത്ത 8 :- കണ്ണൂർ കൊലപാതകം ദൗര്‍ഭാഗ്യകരവും ഒറ്റപ്പെട്ടതുമെന്ന് മുഖ്യമന്ത്രി.
കമന്റ് 8: - കണ്ണൂർ ഒരൊറ്റപ്പെട്ട ജില്ലയാണെന്ന് പറയാഞ്ഞത് ഭാഗ്യം.

വാർത്ത 9:- തമിഴനല്ലാത്തയാൾ തമിഴ് രാഷ്ട്രീയത്തിൽ വേണ്ടെന്ന് രജനീകാന്തിനോട് തമിഴർ മുന്നേറ്റ പടൈ.
കമന്റ് 9:- എം.ജി.ആർ.നെ മറന്നോ തമിഴ് മക്കളേ ?

വാർത്ത 10:- കാനില്‍ പൊല്ലാപ്പായി ഐശ്വര്യയുടെ സിന്‍ഡ്രെല്ല കുപ്പായം.
കമന്റ് 10:- എന്തുകാര്യത്തിനാ സിൻഡ്രെല്ല കുപ്പായവുമണിഞ്ഞ് കാനിൽ പോയത് ? തൃശൂർ പൂരത്തിന് വന്നാൽ പോരായിരുന്നോ ?