Monthly Archives: May 2017

കാഴ്ച്ച മറയ്ക്കുന്ന മരങ്ങൾ മുറിക്കപ്പെടുന്നു.


aa

കേരളമെന്നാൽ ഒരു വലിയ സൂപ്പർമാർക്കറ്റാണ്. അതിനുള്ളിലെ കടകൾക്കിടയിലുള്ള നടവഴികൾ മാത്രമാണ് ഇതിലൂടെ കടന്നുപോകുന്ന ദേശീയപാതപോലും. സൂപ്പർമാർക്കറ്റിൽ സംഭവിക്കുന്നത് പോലെ ഏതൊരു നിമിഷവും അപ്പുറത്തെ കടയിൽനിന്ന് ഇപ്പുറത്തെ കടയിലേക്ക് പാത മുറിച്ച് ഒരാൾ ചാടിക്കടന്നെന്നിരിക്കും. അങ്ങനെയുള്ള ഒരു സൂപ്പർമാർക്കറ്റിൽ കടകളുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിൽ എന്തെങ്കിലും വസ്തു കൊണ്ടുവന്നുവെച്ച് അവരുടെ വ്യാപാരത്തെ ബാധിക്കുന്ന അവസ്ഥയുണ്ടായാൽ അവരത് എടുത്ത് മാറ്റില്ലേ ? അതാണിവിടെ മരങ്ങളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടകളുടേയും സ്ഥാപനങ്ങളുടേയും ഷോ റൂമുകളുടേയും കാഴ്ച്ച മറക്കുന്ന മരങ്ങൾ രാത്രിയുടെ മറവിൽ അവർ മുറിച്ചുമാറ്റും.

പാതയോരത്തുള്ള സ്ഥാപനങ്ങളുടെ കാഴ്ച്ച മറക്കുന്ന മരങ്ങൾ രാത്രിയുടെ മറവിൽ വെട്ടിമാറ്റുന്നത് കേരളത്തിൽ ഇതാദ്യമായിട്ടൊന്നുമല്ല. തൃശൂരിൽ വർഷങ്ങൾ പഴക്കമുള്ള നാട്ടുമാവുകൾ പലതും ഇതേ കാരണത്താൽ മുറിച്ചുമാറ്റിയത് കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിലാണ്. അങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.

ഇന്നത്തെ (23 മെയ് 2017) മാതൃഭൂമി വാർത്ത പ്രകാരം, എറണാകുളത്ത് (മരട് നഗരസഭ) പഴങ്ങാട് ( കണ്ണാടിക്കാട്) ഭാഗത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ കാഴ്ച്ച മറക്കുന്നു എന്ന കാരണത്താൽ ഏറ്റവും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വളർച്ചയുണ്ടായിരുന്ന ഈ മരങ്ങൾ വെട്ടിനശിപ്പിച്ചിട്ടുണ്ടെങ്കിൽ അതാരാണ് ചെയ്തതെന്ന് അന്വേഷണം വേണം. രാത്രിയുടെ മറവിൽ സ്വകാര്യസ്ഥാപനങ്ങൾക്ക് വെട്ടിനിരത്താൻ വേണ്ടിയല്ല ലക്ഷങ്ങൾ ചിലവിട്ട് പാതയോരത്ത് സർക്കാർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.

aab

കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകണം. കനത്ത പിഴയടിക്കണം. കുറഞ്ഞത് 1000 മരങ്ങളെങ്കിലും അവരെക്കൊണ്ട് നട്ടുപിടിപ്പിച്ച് അതിന്റെ രേഖകൾ ഹാജരാക്കാൻ പറയണം. അത് ചെയ്യുന്നില്ലെങ്കിൽ സ്ഥാപനം അടച്ച് പൂട്ടുന്നതടക്കമുള്ള ശിക്ഷാമാർഗ്ഗങ്ങളെപ്പറ്റി ആലോചിക്കണം. മാതൃകാപരമായി ഇങ്ങനെയെന്തെങ്കിലും നടപടികൾ ഉണ്ടായില്ലെങ്കിൽ ഇത്തരം മരം മുറിക്കലുകൾ കേരളത്തിൽ വ്യാപകമായി നടന്നുകൊണ്ടേയിരിക്കും. കാരണം, പാതയോരത്തെ എല്ലാ മരങ്ങളും ഏതെങ്കിലും ഒരു സ്ഥാപനത്തിന്റേയോ ഷോ റൂമിന്റേയോ കാഴ്ച്ച മറയ്ക്കുന്നുണ്ടാകും.

ഇങ്ങനെ മരങ്ങൾ മുറിച്ചുമാറ്റുന്നവർക്കെതിരെ നടപടി കൈക്കൊള്ളാൻ ആകുന്നില്ലെങ്കിൽ ജൂൺ അഞ്ചിന് പരിസ്ഥിതിദിനമെന്നും പറഞ്ഞ് കൊട്ടിഘോഷിച്ച് നടത്താൻ പോകുന്ന പരിപാടികൾ വെറും പ്രഹസനമായി മാത്രമേ കാണാൻ സാധിക്കൂ. ആവശ്യത്തിനാണെങ്കിൽ‌പ്പോലും പൊതുസ്ഥലത്ത് നിൽക്കുന്ന ഒരു മരം മുറിക്കണമെങ്കിൽ ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ജില്ലാ കളൿടർ, തദ്ദേശസ്വയംഭരണവകുപ്പ് മേധാവി എന്നിങ്ങനെ ഒരുപാട് പേരുടെ അനുമതി വാങ്ങേണ്ടതുണ്ട്. അങ്ങനെയൊന്നും ചെയ്യാതെ പൊതുസ്ഥലത്ത് നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് നേരെ കണ്ണടച്ചിരുട്ടാക്കിയിട്ട് മരങ്ങൾ നട്ടുവളർത്തേണ്ട ആവശ്യം ഘോരഘോരം പ്രസംഗിച്ചിട്ടെന്തുകാര്യം ? നഗരസഭവും ദേശീയപാതാ അതോറിറ്റിയും സംയുക്തമായി നടപടി സ്വീകരിക്കേണ്ട നിയമലംഘനമാണ് നടന്നിരിക്കുന്നത്. അത് ചെയ്യാനാവുന്നില്ലെങ്കിൽ‌പ്പിന്നെ ചൂട് കൂടുന്നെന്നും മഴയില്ലെന്നുമൊക്കെ വിലപിച്ചുകൊണ്ടേയിരിക്കാ‍ം. കവിഭാഷയിൽ പറഞ്ഞാൽ ‘ചത്തു ചത്തുപിരിഞ്ഞിടാമിനി തമ്മിലൂതിയണച്ചിടാം‘.

വാൽക്കഷണം:‌- പുതുതായി തുറന്ന സ്വകാര്യസ്ഥാപനത്തിന്റെ പേരെടുത്ത് പറയാനെന്താണ് ബുദ്ധിമുട്ട് മാതൃഭൂമീ ? നിങ്ങളാരെയെങ്കിലും ഭയപ്പെടുന്നുണ്ടോ ? അതോ പരസ്യവരുമാനം കിട്ടാൻ സാദ്ധ്യതയുള്ള വമ്പന്മാർ ആരെങ്കിലുമാണോ ഈ സ്ഥാപനത്തിന് പിന്നിൽ ? അതുമല്ലെങ്കിൽ, പ്രമുഖ, സ്വകാര്യ, എന്നൊക്കെ പറയുന്നതാണോ പത്രധർമ്മം ?