ഉത്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ പരിഹരിച്ചുതന്നെ കൊച്ചി മെട്രോ ഇന്ന് ഔദ്യോഗികമായി കേരളത്തിന്റെ മറ്റൊരു പൊതുഗതാഗത മാർഗ്ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്തുകഴിഞ്ഞിരിക്കുകയാണ്.
രാജ്യത്തെ തന്നെ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള മെട്രോയാണ് കൊച്ചിയിലേത്. നമുക്കതിൽ അഭിമാനിക്കാം. അതോടൊപ്പം കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതും നിലവിൽ ഉള്ളതുമായ ചില വസ്തുതകളും കാഴ്ച്ചപ്പാടുകളുമൊക്കെ പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നു.
വിവാദങ്ങൾ കൊച്ചി മെട്രോയുടെ കരട് പദ്ധതി വന്നപ്പോൾ മുതൽക്കുള്ളതാണ്. മെട്രോ പരാജയമാകുമെന്ന് അന്നും ഇന്നും വാദിക്കുന്ന ഒരുവിഭാഗം തീർച്ചയായുമുണ്ട്. നഗരത്തിന്റെ സ്പന്ദനമറിഞ്ഞിട്ടുള്ള ഒരുപാട് വിദഗ്ദ്ധന്മാരും അക്കൂട്ടത്തിലുണ്ട്. ഉപരിതല ഗതാഗതത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കഴിഞ്ഞശേഷം മാത്രമേ ഭീമമായ ബാദ്ധ്യതയുണ്ടാക്കാൻ പോന്ന എലിവേറ്റഡ് ഗതാഗത സമ്പ്രദായങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും പാടുള്ളൂ എന്നാണവരുടെ കാഴ്ച്ചപ്പാട്.
നമ്മുടെ റോഡുകളും അതിന്റെ വശങ്ങളും പൂർണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല, സാങ്കേതിക മികവില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ ഓടകൾ, ടെലിഫോൺ പോസ്റ്റുകൾ, വൈദ്യുത പോസ്റ്റുകൾ, ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന സ്വകാര്യ കേബിളുകൾ, വഴിയോര വാണിഭക്കാർ, കയ്യേറ്റങ്ങൾ, നിയമാനുസൃതമല്ലാത്ത പാർക്കിങ്ങുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളുടെ ബാഹുല്യത്തിനിടയിൽ റോഡ് അധവാ ഉപരിതല ഗതാഗതം പൂർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല കൊച്ചിക്കാർ എന്ന വാദം നിലനിൽക്കുന്നു. പരിതാപകരമായ അവസ്ഥയിലാണ് എറണാകുളം ബസ്സ് സ്റ്റാൻഡ് ഇന്നുമുള്ളത്. അതിനെ ഒന്ന് രക്ഷപ്പെടുത്തി എടുക്കാതെ മെട്രോ വന്നിട്ടെന്ത് കാര്യം എന്നതും എതിർക്കുന്നവരുടെ ചോദ്യമാണ്. മെട്രോയ്ക്ക് ചിലവാക്കിയ പണത്തിന്റെ പത്തിലൊന്ന് ചിലവാക്കി കുറച്ച് മേൽപ്പാലങ്ങൾ പണിത് കൊച്ചിയുടെ ഗതാഗതക്കുരുക്കുകൾ അഴിക്കാമായിരുന്നു എന്നതാണ് മറ്റൊരു വാദം. ഒരു മെട്രോ റെയിൽ വരാനും വേണ്ടും ജനസംഖ്യ ഇവിടെയില്ല എന്നതാണ് മറ്റൊരു വാദം. KMRL ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയാണെന്ന് വരെ ആരോപണമുണ്ട്.
ഈ വാദങ്ങളൊക്കെ കണക്കിലെടുത്തുകൊണ്ട് തന്നെ വേണം ഇരുകൂട്ടരും യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്ന കൊച്ചി മെട്രോയുടെ ഭാവി എന്താണെന്ന് ചിന്തിക്കേണ്ടത്. കൊച്ചി മെട്രോയെപ്പറ്റി ഇതിനകം മാദ്ധ്യമങ്ങളിൽ വന്ന വസ്തുതകളും വാർത്തകളുമൊക്കെ കുറേയേറെ ഇതിലേക്ക് പരിഗണിക്കുകയും വേണം.
കൺസൾട്ടന്റായ മെട്രോമാൻ ഈ.ശ്രീധരനെ വേദിയിൽ ഇരുത്തുന്നില്ല എന്നതായിരുന്നല്ലോ പ്രധാന ഉത്ഘാടന വിവാദം. അതിന് പരിഹാരമായെങ്കിലും ഈ.ശ്രീധരനൊപ്പമോ അതിലധികമോ ആ വേദിയിൽ സ്ഥാനം അർഹിക്കുന്ന വ്യക്തിയാണ് കൊച്ചി മെട്രോയുടെ എം.ഡി.എല്യാസ് ജോർജ്ജ്. ഈ.ശ്രീധരൻ ഒരാൾ മാത്രമല്ല ഈ പദ്ധതിയുടെ മികവാർന്ന പൂർത്തീകരണത്തിന് മുൻനിരയിൽ ഉണ്ടായിരുന്നതെന്ന വസ്തുത നാമാരും കണക്കിലെടുക്കുന്നില്ല. കൺസൾട്ടന്റിനെപ്പോലെ തന്നെ കാര്യപ്രാപ്തിയുള്ള ആളല്ല പദ്ധതിയുടെ തലപ്പത്തിരിക്കുന്നതെങ്കിൽ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നീങ്ങുന്നതെങ്ങനെ ? അത്തരത്തിൽ മഹത്തായ സേവനം കാഴ്ച്ച വെച്ചിട്ടുള്ള വ്യക്തിതന്നെയാണ് എല്യാസ് ജോർജ്ജ്. അദ്ദേഹത്തിന്റെ പ്രവർത്തനമികവും ആത്മാർത്ഥതയും വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവുമൊക്കെ മെട്രോയുടെ വിജയകരമായ ഈ പൂർത്തീകരണത്തിന് പിന്നിൽ മറ്റേതൊരു വ്യക്തിയേക്കാളും ഉയരത്തിൽത്തന്നെയുണ്ട്. CIALന്റെ കാര്യം വരുമ്പോൾ വി.ജെ.കുര്യൻ എന്ന ഉദ്യോഗസ്ഥനെ എക്കാലവും സ്മരിക്കുന്നത് പോലെ കൊച്ചി മെട്രോയുടെ കാര്യത്തിൽ ഈ.ശ്രീധരനൊപ്പം സ്മരിക്കപ്പെടേണ്ട ഒരു വ്യക്തി തന്നെയാണ് ശ്രീ.എല്യാസ് ജോർജ്ജ്. മാദ്ധ്യമങ്ങൾ പോലും അദ്ദേഹത്തിന് അങ്ങനെയൊരു പ്രാധാന്യം കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്നലെ മാതൃഭൂമി പത്രത്തിൽ അദ്ദേഹത്തെപ്പറ്റി വന്ന ഒരു റിപ്പോർട്ട് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നു.
കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയതിന്റെ പിന്നിലുണ്ടായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുള്ള മറ്റ് ചില വ്യക്തികൾ, അവധിദിനങ്ങളിൽ പോലും ജോലിചെയ്തും രാത്രി ഏറെ നീളുന്നതുവരെ ഓഫീസിലിരുന്നും സമയബന്ധിതമായി ജോലികൾ മുന്നോട്ട് നീക്കിയ കൊച്ചി മെട്രോ ഉദ്യോഗസ്ഥരാണ്. തൊഴിൽ തേടി കേരളത്തിലെത്തി രാപ്പകലുള്ള വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്ത് അവസാനം കൂലിക്ക് പുറമെ ഒരു കേരളസദ്യ മാത്രം കഴിച്ച് പിരിയുന്ന സാധാരണക്കാരായ എണ്ണമറ്റ ഇതരസംസ്ഥാന തൊഴിലാളികളാണ്. മെട്രോയുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത നിരവധി കോണ്ട്രാൿടർമാരും അവരുടെ കമ്പനികളും ജോലിക്കാരുമാണ്. നമ്മളാരും ഒരിക്കലും കാണാനോ കേൾക്കാനോ ഇടയില്ലാത്ത മറ്റ് ഒരുപാട് പേരാണ്. ഒരുപാട് തർക്കങ്ങൾ ഉണ്ടായെങ്കിലും അവരവരുടെ സ്ഥലം വിട്ടുകൊടുത്ത് സഹകരിച്ച ഓരോ മലയാളിയുമാണ്. എല്ലാ ബുദ്ധിമുട്ടുകളും പരാതിയില്ലാതെ സഹിച്ച് സഹകരിച്ച നാട്ടുകാരാണ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനുമുള്ള പങ്കും പ്രത്യേകം എടുത്തുപറയുന്ന കൂട്ടത്തിൽ ഈ പദ്ധതിക്ക് വേണ്ടി വായ്പ്പ അനുവദിച്ച ഫ്രഞ്ച് സർക്കാരിനേയും വിസ്മരിക്കാൻ പറ്റുന്നതല്ല.
കൊച്ചി മെട്രോ ദേശീയതലത്തിൽ ഒരുപാട് പ്രത്യേകതകൾ ഉള്ള ഒന്നാണെന്ന് അറിയാമല്ലോ ? എല്ലാ സ്റ്റേഷനുകളും കേരളത്തിന്റെ വൈവിധ്യങ്ങൾ വിളിച്ചോതുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ആലുവാ സ്റ്റേഷൻ കേരളത്തിലെ നദികളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ, പാലാരിവട്ടം സ്റ്റേഷൻ പൂക്കളെ പ്രതിനിധീകരിക്കുന്നു. കുസാറ്റ് സ്റ്റേഷൻ നാവിക പാരമ്പര്യത്തേയും ചങ്ങമ്പുഴ പാർക്ക് സ്റ്റേഷൻ കേരളത്തിലെ ചുവർ ചിത്രങ്ങളേയും ഉയർത്തിക്കാണിക്കുന്നു. ആന, മത്സ്യം, പക്ഷികൾ, പാമ്പ് എന്നിങ്ങനെ പോകുന്നു മറ്റ് പ്രമേയങ്ങൾ. കേരളത്തിന്റെ ഭൂപ്രകൃതിയേയും സംസ്കൃതിയേയും ഒക്കെ പ്രതിഫലിപ്പിക്കുന്ന ഈ ഗതാഗത സംവിധാനം വിനോദസഞ്ചാര മേഖലയിലടക്കം മുന്നേറ്റമുണ്ടാക്കാൻ ഉതകുമെന്ന് KMRL കണക്കുകൂട്ടുന്നു.
സോളാർ സിസ്റ്റം പ്രയോജനപ്പെടുത്തുന്നതും നിലവിലുള്ള മറ്റ് ഗതാഗതസൌകര്യങ്ങളുമായി ബന്ധപ്പെടുത്തുന്നതും അടക്കം കൊച്ചി മെട്രോയുടെ പ്രത്യേകതകൾ നിരവധിയാണ്. ഷോപ്പിങ്ങിന് കൊച്ചി വൺ കാർഡ്, മെട്രോയുടെ വിവരങ്ങൾ അറിയാൻ കൊച്ചി വൺ ആപ്പ് എന്നിവയാണ് മറ്റ് സൌകര്യങ്ങൾ. ആറെണ്ണം ഇടവിട്ടുള്ള മെട്രോ തൂണുകളിൽ വെർട്ടിക്കൽ ഗാർഡൻ സംവിധാനം ചെയ്യുന്നുണ്ട്.
പ്രായമുള്ളവർക്കടക്കമുള്ള പ്രിവിലേജ്‌ഡ് സീറ്റുകൾ ഇളം പച്ച നിറത്തിലാണെങ്കിൽ മറ്റ് സീറ്റുകൾ നീല നിറത്തിലാണ്. ഗർഭിണികൾക്കായുള്ള സീറ്റിൽ മാത്രം കുഷ്യൻ സംവിധാനമുണ്ട്. USB ചാർജ്ജിങ്ങ് സംവിധാനം സീറ്റുകളുടെ വശങ്ങളിലുണ്ട്. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ ലിഫ്റ്റുകൾ ഉണ്ടെങ്കിൽ, അന്ധർക്ക് തടസ്സമില്ലാതെ നീങ്ങാൻ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള തറയോടുകൾ വഴികാട്ടികളാകും. മദ്യപിച്ച് കോൺ തിരിഞ്ഞ് ചെല്ലുന്നവർക്ക് മെട്രോയിൽ പ്രവേശനമുണ്ടാകില്ല. എല്ലാം ക്യാമറകളുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നതുകൊണ്ട് കുഴപ്പക്കാർ കുടുങ്ങുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. കൊച്ചി മെട്രോയുടെ പ്രത്യേകതകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സഞ്ചരിക്കുന്ന പരസ്യസംവിധാനം നഗരത്തിന്റെ പലഭാഗങ്ങളിലായി പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
കുടുംബശ്രീ പ്രവർത്തകരുടെ ഉള്ളിൽ നിന്ന് ബിരുദധാരികളും അല്ലാത്തവരുമായ ഒരുപാട് പേരെ പരീക്ഷകൾ നടത്തി ജോലിക്ക് തിരഞ്ഞെടുത്തതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. 23 ഭിന്നലിംഗക്കാരെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലിക്കെടുക്കുന്നത് രാജ്യത്ത് തന്നെ ഇതാദ്യമായിട്ടാണ്. ഏതെങ്കിലും ഒരു ഏജൻസിയെ ഏൽപ്പിച്ച് കൊടുക്കുകയോ തൻമൂലം പാർട്ടിക്കാരുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കുത്തിനിറക്കുന്ന അവസ്ഥ ഉണ്ടാകുകയോ ചെയ്തിട്ടില്ല.
പറഞ്ഞുവന്നത്, സാധാരണക്കാരിൽ സാധാരണക്കാരായ എല്ലാവർക്കും ജോലി സാദ്ധ്യതയും പങ്കാളിത്തവുമൊക്കെ നടപ്പിലാക്കിക്കൊണ്ട് പ്രാവർത്തികമായിരിക്കുന്ന ഒരു സർക്കാർ സംവിധാനമാണിത്. അതുകൊണ്ട് തന്നെ ഇത് സാധാരണക്കാരുടെ മെട്രോയാണ്. ആയതിനാൽ അവർ തന്നെയാണ് തീവണ്ടിയും സ്റ്റേഷനും പരിസരവുമൊക്കെ വൃത്തികേടാവാതെയും നാശനഷ്ടങ്ങൾ ഉണ്ടാകാതെയും സൂക്ഷിക്കേണ്ടത്. ലോകോത്തര നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ യാത്രാസംവിധാനം അതേനിലവാരത്തിൽത്തന്നെ നാം ഉപയോഗിക്കുകയും സംരക്ഷിക്കുകയും വേണം.
മെട്രോ വൃത്തികേടാക്കുന്നതിന്റെ കാര്യം പറയുമ്പോൾ ആദ്യം ചൂണ്ടിപ്പറയേണ്ടിവരുന്നത് കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാരെത്തന്നെയാണ്. മെട്രോത്തൂണുകളിൽ പരസ്യങ്ങളും ഫ്രക്സുകളും തൂക്കാൻ പാടില്ലെന്ന് അതിന്റെ നിർമ്മാണ ജോലികൾ നടക്കുന്ന കാലം മുതൽക്കേ കർശനമായി അറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും പോസ്റ്ററൊട്ടിക്കാനും ഫ്ലക്സ് തൂക്കാനും പാർട്ടിക്കാർ മടി കാണിച്ചിട്ടില്ല. ഒരിക്കൾ DYFI യുടെ പോസ്റ്ററുകൾ മെട്രോ തൂണുകളിൽ നിരത്തി ഒട്ടിച്ചപ്പോൾ മറ്റൊരിക്കൽ മെട്രോ യാഥാർത്ഥ്യമാക്കിയെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ബി.ജെ.പിക്കാർ അവരുടെ പാർട്ടി നേതാവ് അമിത് ഷാ കേരളം സന്ദർശിക്കുന്നെന്ന് പറഞ്ഞ് ഫ്ലക്സുകൾ നിരത്തിയത് ഇതേ മെട്രോ പില്ലറുകളിലാണ്. പരസ്യം തൂക്കുന്നവർക്ക് അത് നീക്കം ചെയ്യാൻ 24 മണിക്കൂർ സമയം കൊടുക്കുക എന്നതാണ് KMRL ന്റെ ഇപ്പോഴത്തെ നിലപാട്. പക്ഷേ പിഴയൊന്നും ഈടാക്കുന്ന ഏർപ്പാട് ഉണ്ടായിട്ടില്ല ഇതുവരെ. കനത്ത പിഴയടിക്കുക കൂടെ വേണം എന്നാണ് എനിക്കഭിപ്രായമുള്ളത്. കർശനമായ നിയമനടപടികൾ ഉണ്ടായാൽ അതൊരു പാഠമാകും എല്ലാവർക്കും.
മെട്രോ യാഥാർത്ഥ്യമാക്കിയതിന്റെ കീർത്തി അവകാശപ്പെട്ടുകൊണ്ട് മൂന്ന് പ്രമുഖ പാർട്ടിക്കാരും ഇതിനകം നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ നിരത്തിക്കഴിഞ്ഞ നിലയ്ക്ക് ഈ പാർട്ടികളും അവരുടെ പോഷകസംഘടനകളും യുവജനസംഘടനകളുമൊക്കെ മെട്രോ പില്ലറുകളിൽ പരസ്യവും ഫ്ലക്സും പതിക്കില്ല എന്ന ധാർമ്മിക ബാദ്ധ്യതകൂടെ നിങ്ങളിൽ വന്ന് ചേർന്നിരിക്കുകയാണ്. മെട്രോ യാഥാർത്ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് നിങ്ങൾക്കാണെങ്കിൽ അത് സംരക്ഷിക്കേണ്ട ബാദ്ധ്യതയും നിങ്ങൾക്കുണ്ടെന്നത് മറക്കരുത്.
പാർട്ടിക്കാരോട് പറയാൻ ഇനിയുമുണ്ട് ചില കാര്യങ്ങൾ. മെട്രോമാൻ ശ്രീധരന് വേദിയിൽ ഇടമില്ലാതായപ്പോൾ ഒരുപോലെ ദുഃഖിതരായവരാണല്ലോ നിങ്ങൾ. പക്ഷേ മെട്രോമാന്റെ ദുഃഖമെന്താണെന്ന് നിങ്ങളറിയാൻ ശ്രമിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ?മെട്രോ പണിതുടങ്ങി ഇതുവരെ 120 ജോലിദിവസങ്ങൾ നഷ്ടപ്പെട്ടു എന്നതാണ് അദ്ദേഹത്തിന്റെ വിഷമം. ആ 120 ദിവസവും നിങ്ങൾ പാർട്ടിക്കാർ ഉണ്ടാക്കിയ സമരങ്ങളുടെ പേരിൽ മാത്രമാണ്. മെട്രോയുടെ പണികൾ പോലും സ്തംഭിപ്പിച്ചുകൊണ്ട് പണിമുടക്കുണ്ടാക്കുക എന്നത് ഒരു അഭിമാനപ്രശ്നം പോലെയായിരുന്നു നിങ്ങൾക്ക്. എന്നിട്ടും സമയബന്ധിതമായി ജോലികൾ തീർക്കാൻ അവർക്ക് കഴിഞ്ഞെങ്കിൽ അത് നിങ്ങളുടെ മിടുക്കൊന്നുമല്ലെന്ന് മാത്രമല്ല പരാജയം കൂടെയാണ്.
ഒരുപാട് പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും പ്രതീക്ഷിച്ചതിനേക്കാൾ കോടിക്കണക്കിന് രൂപ ചിലവ് കുറച്ച് ഇതുവരെയുള്ള ജോലികൾ തീർക്കാൻ കൊച്ചി മെട്രോയ്ക്ക് കഴിഞ്ഞു എന്നത് കേരള ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു കാര്യമാണ്. മറ്റ് പൊതുമരാമത്ത് ജോലികൾ എന്തുകൊണ്ട് ഇത്തരത്തിൽ സാദ്ധ്യമാകുന്നില്ല എന്നൊരു ചിന്ത കൂടെ കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നുണ്ട് ഈ അവസരത്തിൽ.
മെട്രോ ജോലികൾ കഴിഞ്ഞിട്ടില്ല. ആലുവ മുതൽ പാലാരിവട്ടം വരെയാണ് ഇപ്പോൾ സർവ്വീസ് ആരംഭിക്കുക. പാലാരിവട്ടം മുതൽ പേട്ട വരെയുള്ള ജോലികൾ ബാക്കി കിടക്കുകയാണ്. കാക്കനാട്ടേക്ക് രണ്ടാം ഘട്ടം നീട്ടുന്നതിന്റെ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ആയതിനാൽ ഇനി വേണ്ടത് ബാക്കിയുള്ള മെട്രോ ജോലികൾ, കഴിയുന്നതുവരെ എന്തൊക്കെ സമരങ്ങളും പണിമുടക്കുകളും ഉണ്ടായാലും മെട്രോ ജോലികൾ തടസ്സപ്പെടില്ല എന്ന് പാർട്ടിക്കാരും മറ്റ് സംഘടനകളുമൊക്കെ ഉറപ്പുവരുത്തണം. എന്നാലേ ബാക്കിയുള്ള മെട്രോ കൂടെ യാഥാർത്ഥ്യമാക്കിയതിന്റെ പേരിൽ ബോർഡ് വെക്കാൻ നിങ്ങൾക്ക് യോഗ്യത കൈവരൂ.
പാർട്ടിക്കാരോടുള്ളത് കഴിഞ്ഞിട്ടില്ല. എല്ലാ ദിവസവും കേരളത്തിൽ എവിടെയെങ്കിലും ഹർത്താൽ ഒരെണ്ണമെന്നത് മലയാളിയുടെ ഒരു ഗതികേടായി മാറിയിരിക്കുകയാണല്ലോ ? ഹർത്താലിന്റെ ഇരുവശങ്ങൾ ഇവിടെ തൽക്കാലം ചർച്ച ചെയ്യാനും തർക്കിക്കാനും ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഹർത്താൽ ദിനങ്ങളിലും ഇന്ത്യൻ റെയിൽ വേ സർവ്വീസ് നടത്തുന്നത് പതിവാണ്. ഹർത്താൽ ദിനങ്ങളിൽ മെട്രോയോട് നിങ്ങളെന്ത് സമീപനമാണ് സ്വീകരിക്കുക എന്നറിയിച്ചാൽ നന്നായിരുന്നു. ഓരോ പാർട്ടിക്കാരും പാർട്ടിതലത്തിൽ സംസ്ഥാന ഓഫീസിൽ നിന്ന് തന്നെ അറിയിപ്പായോ അല്ലെങ്കിൽ പത്രസമ്മേളനം വിളിച്ചോ ഇക്കാര്യം വെളിപ്പെടുത്തുക തന്നെയാണ് വേണ്ടത്. അല്ലെങ്കിൽ വിവരദോഷികളായ അണികൾ കാര്യങ്ങളൊന്നും മനസ്സിലാക്കാതെ മെട്രോയേയും തടസ്സപ്പെടുത്താനും ആക്രമിക്കാനും തുടങ്ങിയാൽ എല്ലാം താറുമാറാകും. ഹർത്താൽ എന്ന വിഷയത്തിൽ, പ്രതിഷേധിക്കാൻ ആഗ്രഹമുള്ളവർ പ്രതിഷേധിക്കട്ടെ, അല്ലാതുള്ളവരെ അവർക്ക് ഭരണഘടന നൽകുന്ന സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷണവും ഞങ്ങളാരും തടയില്ല എന്നൊരു നിലപാട് എല്ലാ പാർട്ടിക്കാരും സംഘടനകളും മുന്നോട്ട് വെച്ചാൽ അത് മെട്രോയ്ക്ക് മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് മെട്രോ ഇതര വിഷയങ്ങളിലും വരെ ഉപകാരമാകുന്ന ഒരു വലിയ കാര്യമായേക്കും.
ചുരുക്കത്തിൽ, പൊതുസ്ഥലങ്ങൾ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്ന സംസ്ക്കാരം ഇതുവരെയില്ലാത്ത മലയാളിക്ക് അത്തരത്തിൽ ഒരു മാറ്റത്തിനുള്ള നിമിത്തം കൂടെയായി മാറണം കൊച്ചി മെട്രോ. നിർബന്ധിത പണിമുടക്കുകൾ, ഹർത്താലുകൾ അതുമായി ബന്ധപ്പെട്ട അക്രമങ്ങൾ എന്നിവയിൽ നിന്ന് മോചനമുണ്ടാകാനും മെട്രോ ഒരു നിമിത്തമാകട്ടെ.
മെട്രോയ്ക്ക് കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകാം. ഒന്നൊന്നായി അതെല്ലാം പരിഹരിക്കാൻ അവർക്ക് കഴിയുക തന്നെ ചെയ്യാം. അതിന് നമ്മളും ഒരുപാട് സഹകരിക്കേണ്ടി വരും. പ്രധാന പ്രശ്നമായി തോന്നിയിട്ടുള്ളത് പാർക്കിങ്ങാണ്. സ്റ്റേഷനുകളിൽ ആവശ്യത്തിന് പാർക്കിങ്ങ് ഇല്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. സ്ഥലമേറ്റെടുത്ത് മൾട്ടി ലെവൽ പാർക്കിങ്ങ് ഉണ്ടാക്കുക എന്നത് മെട്രോയ്ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയെന്ന് വരും. സ്വകാര്യ പാർക്കിങ്ങ് കേന്ദ്രങ്ങൾ ഉണ്ടായി വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. പക്ഷെ, പാർക്കിങ്ങ് ആര് കൊണ്ടുവന്നാലും അമിതമായി ഫീസ് ഏർപ്പെടുത്തിയാൽ ടിക്കറ്റിന്റെ ചാർജ്ജും പാർക്കിങ്ങ് ഫീസുമെല്ലാം ചേർന്ന് യാത്രക്കാരെ പിന്തിരിപ്പിക്കാൻ ഇടവരുത്തിയെന്ന് വരും.
കൊച്ചി മെട്രോ ലാഭമാകുമോ നഷ്ടമാകുമോ എന്നതും ഒരു വലിയ ചോദ്യമാണ്. ടിക്കറ്റ് വിറ്റുകിട്ടുന്ന പണം മാത്രമാണ് വരുമാനമെങ്കിൽ കൊച്ചി മെട്രോ നഷ്ടം തന്നെയാകാനാണ് സാദ്ധ്യത. പക്ഷെ, വാർഷിക വരുമാനമായി 37 കോടി രൂപ പരസ്യത്തിലൂടെ നേടിയെടുക്കാൻ കൊച്ചി മെട്രോ ലക്ഷ്യമിടുന്നുണ്ട്. മെട്രോ വൺ കാർഡ് ഉപയോഗിച്ച് ഷോപ്പിങ്ങ് നടത്തുമ്പോൾ അതിന്റെ ഒരു ലാഭവിഹിതം മെട്രോയ്ക്ക് ലഭിക്കുന്നുണ്ട്. മറ്റ് പല മാർഗ്ഗങ്ങളിലൂടെയും വരുമാനമുണ്ടാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതെല്ലാം വരും ദിവസങ്ങളിൽ ജനങ്ങളിലേക്കെത്തുക തന്നെ ചെയ്യും. അങ്ങനെയങ്ങനെ പോകപ്പോകെ കൊച്ചി മെട്രോ സാമ്പത്തികമായി മാത്രമല്ല എല്ലാത്തരത്തിലും വിജയമാകുമെന്ന് തന്നെ KMRL കണക്കുകൂട്ടുന്നു.
കാക്കനാട്ടേക്ക് മാത്രമല്ല ഈ.ശ്രീധരൻ പറയുന്നത് പോലെ തൃപ്പൂണിത്തുറയിലേക്കും പിന്നീട് നെടുമ്പാശ്ശേരിയിലേക്കും കൊച്ചി മെട്രോ നീളട്ടെ എന്ന് നമുക്കാഗ്രഹിക്കാം. അങ്ങനെയുണ്ടായാൽ എയർപ്പോർട്ട് മുതൽ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിൽ സ്വന്തം വാഹനമെടുത്ത് യാത്ര ചെയ്യുന്ന ഏർപ്പാടു തന്നെ ഞാനവസാനിപ്പിച്ചിരിക്കും.
തുടക്കത്തിൽ സൂചിപ്പിച്ചത് എതിർപ്പുകളെപ്പറ്റിയാണല്ലോ. എതിർപ്പുകൾ എല്ലാം നിലനിൽക്കെത്തന്നെ മെട്രോ യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ നികുതിപ്പണമാണ് ഈ ആകാശപ്പാളങ്ങൾക്കായി ചിലവഴിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഇനി എതിർപ്പുകളുമായി മാറിനിൽക്കുന്നതിലോ എതിർപ്പ് തുടർന്നുകൊണ്ടുപോകുന്നതിലോ അർത്ഥമില്ല. നഗരത്തിലെ ഗതാഗതക്കുരുക്കുകൾക്ക് അൽപ്പമെങ്കിലും മോചനമുണ്ടാക്കാൻ മെട്രോയ്ക്ക് കഴിയുമെങ്കിൽ നമ്മളാ സൌകര്യം ഉപയോഗിക്കാൻ മടി കാണിക്കരുത്.
കൊച്ചി മെട്രോയെപ്പറ്റി ഇത്രയുമൊക്കെ പറഞ്ഞ നിലയ്ക്ക് അതിനായി നഗരത്തിലെമ്പാടും മുറിച്ചുനീക്കപ്പെട്ട വൻമരങ്ങളെ സ്മരിക്കാതെ പോകുന്നത് അക്ഷന്തവ്യമായ അപരാധമായിപ്പോകും. മുറിച്ചുമാറ്റപ്പെട്ട മരങ്ങൾക്ക് പകരം ഒരുലക്ഷം മരങ്ങൾ നഗരത്തിലെമ്പാടും നട്ടുപിടിപ്പിക്കുമെന്ന് KMRL ഏൽക്കുകയും അത് നല്ലൊരു പരിധിവരെ പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷം മരങ്ങൾ തികഞ്ഞിട്ടില്ലെങ്കിൽ ആ ലക്ഷ്യവുമായി മുന്നോട്ട് പോകാൻ ഞാനടക്കമുള്ള ഒരുപാട് പേർ സഹകരിക്കുന്ന ഗ്രീൻവെയ്ൻ (Greenvein) എന്ന പരിസ്ഥിതി സംഘടന ഒപ്പമുണ്ടാകുമെന്ന് അറിയിക്കട്ടെ. KMRL നട്ടുപിടിപ്പിച്ച മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിലും ഞങ്ങളുടെ സഹകരണം ഉറപ്പുനൽകുന്നു.
വാൽക്കഷണം:- കൊച്ചി മെട്രോ വന്നപ്പോൾ മുൻപ് ഇത്തരത്തിലുള്ള മറ്റേതൊക്കെ മെട്രോകളിൽ യാത്രചെയ്തിട്ടുണ്ടെന്ന് ഒരു കണക്കെടുപ്പ് സ്വയം നടത്തി നോക്കി. ക്രമമനുസരിച്ച് പറഞ്ഞാൽ സിംഗപ്പൂർ MRT (Mass Rapid Transfer), ലണ്ടൻ ട്യൂബ്, ബാംഗ്ലൂർ മെട്രോ എന്നിവയിൽ യാത്ര ചെയ്യാനുള്ള അവസരമുണ്ടായിട്ടുണ്ട്. ദുബായ് മെട്രോയിൽ കയറാനുള്ള അവസരം തൊട്ടടുത്തുണ്ടായിരുന്നിട്ടും പലകാരണങ്ങൾകൊണ്ടും ഒത്തുവന്നില്ല. നാലാമത്തേതാണ് കൊച്ചി മെട്രോ. അത് ക്രമനമ്പറിൽ മാത്രം. സ്ഥിരം ഉപയോഗിക്കാൻ പോകുന്ന ഒന്നെന്ന നിലയ്ക്ക് ഇന്നുമുതൽ ഒന്നാം സ്ഥാനം കൊച്ചി മെട്രോയ്ക്ക് തന്നെ. ഇതെന്റെ കൊച്ചിയാണ്, ഇതെന്റെ മെട്രോയാണ്.