മെട്രോമാൻ ഈ.ശ്രീധരനും കൊച്ചി മെട്രോയുടെ എം.ഡി.എല്യാസ് ജോർജ്ജിനും കൊച്ചി മെട്രോയുടെ ഉത്ഘാടനച്ചടങ്ങിലെ വേദിയിൽ സ്ഥാനമില്ല പോലും !! വേദിയിൽ ആരൊക്കെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പരാതിയില്ലെന്ന് ഈ.ശ്രീധരൻ പറയുന്നത് അദ്ദേഹത്തിന്റെ മാന്യത. ഞങ്ങൾ നടത്തിപ്പുകാർ മാത്രമാണെന്ന് പറയുന്നത് ഏല്യാസ് ജോർജ്ജിന്റെ മാന്യത.
മെട്രോ ജോലികൾ ആരംഭിച്ചതുമുതൽ കേൾക്കുന്ന പേരാണ് ‘ഈ.ശ്രീധരൻ‘. അദ്ദേഹത്തിന്റെ കർമ്മകുശലതയും ജോലിയോടുള്ള ആത്മാർത്ഥതയുമൊക്കെ ഇതിനകം ഒരുപാട് കേൾക്കുകയും അറിയുകയും ചെയ്തിരിക്കുന്നു മലയാളി. (അതേപ്പറ്റി എന്തെങ്കിലും വിവാദമുണ്ടെങ്കിൽ അത് മറ്റൊരു വിഷയമാണ്.) എല്യാസ് ജോർജ്ജ് എന്ന സിവിൽ സർവ്വന്റിന്റെ പ്രവർത്തന മികവും ദീർഘവീക്ഷണവും ജനകീയ നടപടികളും ഉത്സാഹവുമൊക്കെ ഇല്ലായിരുന്നെങ്കിൽ കൊച്ചി മെട്രോ ഇപ്പോൾ കാണുന്നതുപോലെ മികവറ്റ ഒന്നാകുമായിരുന്നോ എന്ന് സംശയമാണ്.
ഉത്ഘാടനവേദിയിൽ പ്രധാനമന്ത്രിയെക്കൂടാതെ ഏഴ് പേർ ഇരിക്കുന്നുണ്ടെങ്കിൽ അതിൽ മൂന്ന് പേർ മുഖ്യമന്ത്രി പിണറായി വിജയനും, കൊച്ചി മെട്രോ മാനേജിങ്ങ് ഡയറൿടർ ഏലിയാസ് ജോർജ്ജും, മെട്രോമാൻ ഈ. ശ്രീധരനും തന്നെയാകണമായിരുന്നു. അതുകഴിഞ്ഞുള്ള സീറ്റുകളിൽ ഭരണ-പ്രതിപക്ഷത്തുനിന്നുള്ള നേതാക്കന്മാരെയോ മറ്റ് ഉദ്യോഗസ്ഥന്മാരെയോ ഇരുത്തുകയോ ഇരുത്താതിരിക്കുകയോ ചെയ്താലും വിഷയമല്ല.
ഈ.ശ്രീധരനേയും മാനേജിങ്ങ് ഡയറൿടർ ഇല്യാസ് ജോർജ്ജിനേയും സ്റ്റേജിൽ ഇരുത്തുക മാത്രമല്ല, കനത്ത ഉപഹാരങ്ങൾ നൽകി മലയാളികൾക്കും ദേശത്തിനും വേണ്ടി ആദരിക്കണമായിരുന്നു, രാഷ്ട്രത്തിന്റെ പ്രതിനിധിയായ പ്രധാനമന്ത്രി.
അതിനിടയ്ക്ക്, ഇന്ന് മണപ്പാട്ടിപ്പറമ്പ് സിഗ്നലിൽ കാണാനിടയായ ബി.ജെ.പി.യുടെ ഒരു ഫ്ലക്സ് ബോർഡ് ഇങ്ങനെയായിരുന്നു. ഇതേ ഫ്ലക്സ് നഗരത്തിൽ നൂറിടങ്ങളിലെങ്കിലും നിരത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.
“ കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അഭിവാദ്യങ്ങൾ !!! “
കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയത് നരേന്ദ്രമോഡിയല്ല കൂട്ടരേ. അദ്ദേഹം പ്രധാനമന്ത്രി എന്ന സ്ഥാനത്തിരിക്കുന്നതുകൊണ്ട് അത് ഉത്ഘാടനം ചെയ്യുന്നു എന്ന് മാത്രം. അതല്ലാതെ അദ്ദേഹത്തിന്റേതായ സംഭാവനയൊന്നും കൊച്ചി മെട്രോയിൽ ഇല്ല.
കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയത്………..
1. മാനേജിങ്ങ് ഡയറൿടർ ഏലിയാസ് ജോർജ്ജാണ്.
2. ഒരു കൺസൾട്ടന്റ് എന്ന നിലയ്ക്കുള്ള സേവനം നൽകിയ മെട്രോമാൻ ഈ.ശ്രീധരനാണ്.
3. അവധിദിനങ്ങളിൽ പോലും ജോലിചെയ്തും രാത്രി ഏറെ നീളുന്നതുവരെ ഓഫീസിലിരുന്നും സമയബന്ധിതമായി ജോലികൾ മുന്നോട്ട് നീക്കിയ കൊച്ചി മെട്രോ ഉദ്യോഗസ്ഥരാണ്.
4. തൊഴിൽ തേടി കേരളത്തിലെത്തി രാപ്പകലുള്ള വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്ത് അവസാനം കൂലിക്ക് പുറമെ ഒരു കേരളസദ്യ മാത്രം കഴിച്ച് പിരിയുന്ന സാധാരണക്കാരായ എണ്ണമറ്റ ഇതരസംസ്ഥാന തൊഴിലാളികളാണ്.
5. മെട്രോയുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത നിരവധി കോണ്ട്രാൿടർമാരും അവരുടെ കമ്പനികളും ജോലിക്കാരുമാണ്. നമ്മളാരും ഒരിക്കലും കാണാനോ കേൾക്കാനോ ഇടയില്ലാത്ത മറ്റ് ഒരുപാട് പേരാണ്.
6. ഒരുപാട് തർക്കങ്ങൾ ഉണ്ടായെങ്കിലും അവരവരുടെ സ്ഥലം വിട്ടുകൊടുത്ത് സഹകരിച്ച ഓരോ മലയാളിയുമാണ്.
7. എല്ലാ ബുദ്ധിമുട്ടുകളും പരാതിയില്ലാതെ സഹിച്ച് സഹകരിച്ച നാട്ടുകാരാണ്.
8. കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കുന്നതിന്റെ ക്രെഡിറ്റ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതാണ്.
എന്നിട്ടവസാനം, ഉത്ഘാടനം ചെയ്യാൻ വരുന്ന പ്രധാനമന്ത്രിയുടെ ഓഫീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വേദിയിൽ ഇരിക്കേണ്ടവരെ, മെറിറ്റ് കാറ്റിൽപ്പറത്തിക്കൊണ്ട് തീരുമാനിക്കുകയും പ്രോജൿറ്റ് യാഥാർത്ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുകയും ചെയ്യുമ്പോൾ ഈ ഉത്ഘാടനത്തിന്റെ എല്ലാ ശോഭയും ഇല്ലാതാകുകയാണ്. ഇങ്ങനെയായിരുന്നില്ല മലയാളികളുടെ എക്കാലത്തേയും വലിയ സ്വപ്നപദ്ധതി ഉത്ഘാടനം ചെയ്യേണ്ടിയിരുന്നത്.
വാൽക്കഷണം:- ഈ അനീതിയിൽ പ്രതിഷേധിച്ച്, ക്ഷണമുണ്ടായിരുന്നിട്ടും കൊച്ചി മെട്രോ ഉത്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച പ്രിയ സുഹൃത്ത് അഡ്വ:ഹരീഷ് വാസുദേവന് അഭിവാദ്യങ്ങൾ.