Monthly Archives: September 2017

കൊടിനാട്ടാൻ പുതിയ സംവിധാനം !!!


മ്മുടെ നഗരങ്ങളിലെ റോഡുകളുടെ ഒരവസ്ഥ അറിയാമല്ലോ ?

താങ്ങാവുന്നതിൽ അധികം വാഹനങ്ങൾ നിരത്തിലുണ്ട്. റോഡരുകിൽ മുഴുവൻ കടകളും വാണിജ്യസ്ഥാപനങ്ങളും. അവയ്ക്കൊന്നും നേരെ ചൊവ്വേ പാർക്കിങ്ങ് സൌകര്യമില്ല. നോ പാർക്കിങ്ങ് ബോർഡുകളെപ്പോലും അവഗണിച്ച് റോഡിൽത്തന്നെയാണ് എല്ലാവരുടേയും പാർക്കിങ്ങ്. നടപ്പാത എന്നൊന്ന് പലയിടത്തും കൃത്യമായിട്ടില്ല. ഉള്ള നടപ്പാതകളും പാതകളും മിക്കവാറും, ചെറുകിട വഴിവാണിഭക്കാരും വലിയ വാണിഭക്കാരും കൈയ്യേറിയിരിക്കുന്നു. ബാക്കിയുള്ള പാതകളിലൂടെ വേണം, സൈക്കിളും ഉന്തുവണ്ടിയും ബസ്സുകളും ലോറികളും ഓട്ടോറിക്ഷയും മുതൽ വേഗത കൂടിയ ആഢംബര കാറുകൾ അടക്കം എല്ലാ വാഹനങ്ങൾക്കും പുറമേ കാൽനടയാത്രക്കാർ വരെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ. ഇപ്പറഞ്ഞ റോഡുകളുടെ കുണ്ടുകുഴികളുടെ അവസ്ഥ തൽക്കാലം വർണ്ണനാ വിധേയമാക്കുന്നില്ല.

എറണാകുളം നഗരത്തിൽ ഇങ്ങനെയുള്ള റോഡുകളിൽ, ഈയിടെ നടപ്പിലാക്കിയ മോടിപിടിപ്പിക്കലിന്റെ ഭാഗമാണ് ഓവുചാലുകൾക്ക് മുകളിൽ ടൈലുകൾ വിരിച്ച് അത് നടപ്പാതയാക്കി അതിനും റോഡുകൾക്കും ഇടയിൽ ഇരുമ്പ് പൈപ്പിന്റെ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന ഏർപ്പാട്. ഈ ജോലി പലയിടത്തും തീർന്നിട്ടില്ല; നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.

1 - Copy

ഈ പരിഷ്ക്കാരത്തിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് ചോദിച്ചാൽ പാർട്ടിക്കാരും പരസ്യം തൂക്കലുകാരുമാണെന്ന് നിസ്സംശയം പറയാനാവും. ഇത്രയും നാൾ ടെലിഫോൺ പോസ്റ്റിലും വൈദ്യുത പോസ്റ്റിലും മാത്രം തൂക്കിയിരുന്ന കൊടികളും തോരണങ്ങളും തൂക്കാൻ ഒരു പുതിയ സംവിധാനമായി മാറിയിരിക്കുന്നു ഈ ബാരിക്കേഡുകൾ. ചെറിയ പരസ്യ ബോർഡുകളും കെട്ടിത്തൂക്കാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. താമസിയാതെ ഫ്ലക്സുകൾ ചാരിവെക്കാനും, തദ്വാര റോഡും നടപ്പാതയും തമ്മിൽ പൂർണ്ണമായും മറയ്ക്കുന്ന വിധത്തിൽ ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്നുമുള്ള കാര്യത്തിൽ ആർക്കും സംശയത്തിന്റെ ആവശ്യമില്ല.

കാറ്റടിച്ച് ഈ കൊടികൾ പാറിപ്പറക്കുമ്പോൾ നടപ്പാതകളിലൂടെ പോകുന്ന യാത്രക്കാർക്കും ഓരം ചേർന്ന് പോകുന്ന ഇരുചക്രവാഹനങ്ങൾക്കും സൈക്കിളുകാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. അലക്കുകാരന്റെ തെരുവിൽ അഴയിൽ ഉണക്കാനിട്ട തുണികൾക്കിടയിലൂടെ നടക്കാൻ വിട്ടാൽ എങ്ങനിരിക്കും ? അതാണ് അവസ്ഥ. എതിർവശത്തുനിന്ന് വരുന്നയാളെയോ വാഹനങ്ങളെയോ കാണാൻ സാധിക്കുന്നില്ല. പലയിടത്തും റോഡിലേക്ക് ചരിച്ചുവെച്ചാണ് കൊടികൾ കെട്ടിയിട്ടുള്ളത്. ഉദ്ദിഷ്ടകാര്യം കഴിഞ്ഞാലും നീക്കം ചെയ്യാത്ത ഇത്തരം കൊടികൾ, പലപ്പോഴും റോഡിലേക്ക് ചാഞ്ഞ് വീണ് കിടക്കുന്നതും ഒരു കാഴ്ച്ചയാണ്.

3 - Copy

കൂടുതൽ പറഞ്ഞ് വഷളാക്കുന്നില്ല. ജനങ്ങൾക്ക് വേണ്ടിയാണ് എല്ലാ പാർട്ടികളും എന്നാണല്ലോ വെപ്പ്. അതുകൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ കൊടിനാട്ടൽ പരിപാടിയിൽ നിന്ന് പാർട്ടിക്കാർ പിന്തിരിയണമെന്ന് അഭ്യർത്ഥനയുണ്ട്.

അധികാരികളോട് പറയാനുള്ളത്, ഈ ബാരിക്കേഡുകളിൽ കൊടികളും തോരണങ്ങളും നാട്ടുന്നത് കൃത്യമായി പിടികൂടി നിർത്തലാക്കണമെന്നാണ്. കൊച്ചി മെട്രോയുടെ തൂണുകളിൽ അനധികൃത പരസ്യം പാടില്ലെന്ന് കർശനനിയമം മൂലം നടപ്പാക്കുകയും അങ്ങനെ ചെയ്തവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തപ്പോൾ ആ പരസ്യപ്പരിപാടി നിന്നുപോയത് ശ്രദ്ധിച്ചുകാണുമല്ലോ. അങ്ങനെ നിയന്ത്രിക്കാവുന്നതേയുള്ളൂ ഈ കൊടിനാട്ടൽ പരിപാടിയും. റോഡരുകിൽ പരസ്യവും കൊടിയും തൂക്കണമെന്ന് നിർബന്ധമുള്ളവർക്ക് പണം ചിലവാക്കി അക്കാര്യം സാധിക്കാനുള്ള ഏർപ്പാട് മെട്രോ പില്ലറുകളിൽ സംജാതമായിട്ടുണ്ട്. റോഡരുകിൽ ഇങ്ങനെയൊരു സൌകര്യം ചെയ്തുകൊടുത്താൽ പണം മുടക്കി ആരെങ്കിലും മെട്രോ പില്ലറുകളിൽ പരസ്യം തൂക്കുമോ ?

2 - Copy

അല്ലെങ്കിൽ‌പ്പിന്നെ ഈ ബാരിക്കേഡുകളിൽ കൊടി നാട്ടുന്നതിന് കൃത്യമായ തുക നിശ്ചയിച്ച് അതി ഈടാക്കി നാല് കാശുണ്ടാക്കി അത് പൊതുജനത്തിന് പ്രയോജനപ്പെടുത്താൻ നോക്കണം.

ആദ്യമേ പറഞ്ഞല്ലോ ? ആകെ കുറച്ച് റോഡേയുള്ളൂ. അതിങ്ങനേയും. ഇതൊന്നും അധികാരികൾ കാണുന്നില്ലെന്നാണോ ? അതോ അധികാരത്തിലേറാൻ സഹായിച്ചതും സഹായിച്ചേക്കാവുന്നതും ഭാവിയിൽ അധികാരത്തിലേറാൻ പോകുന്നതുമായ എല്ലാ പാർട്ടികളുടേയും സൌകര്യാർത്ഥം ഏർപ്പാടാക്കിയ പരിപാടിയാണോ ഇതെന്ന് അറിയാനും താൽ‌പ്പര്യമുണ്ട്.

വാൽക്കഷണം:- ഇവിടെ ചിത്രങ്ങളിൽ  കാണിച്ചിരിക്കുന്ന കൊടികൾ, ഒരു ഉദാഹരണം മാത്രമാണ്. എല്ലാ നിറത്തിലുള്ള കൊടികളും ഇതേ പരിപാടി പൊടിപൊടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികൾ ചെയ്യുന്ന  എല്ലാ കൊടിക്കാർക്കും എതിരെയുള്ള പ്രതികരണമാണിത്.

20180928_084556