Monthly Archives: October 2017

നെറികെട്ട രണ്ട് ഹർത്താലുകൾ


കേരളത്തിലെ ഹർത്താലുകൾ 100 കഴിഞ്ഞ് അടുത്ത നാഴികക്കല്ല് ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹർത്താലുകൾ കാരണം ജനജീവിതം ഏറ്റവും ദുസ്സഹമായിട്ടുള്ള ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളിലാണ് ഈ വരുന്ന 24ന് നൂറ്റിയൊന്നാമത്തെ ഹർത്താൽ.

25

ഈയവസരത്തിൽ ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും നെറികെട്ട രണ്ട് ഹർത്താലുകൾ ഏതാണെന്ന് കണക്കെടുത്താൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ വരുന്നത് രണ്ട് കേരള ഹർത്താലുകളാണ്.

അതിൽ രണ്ടാം സ്ഥാനത്ത് വരുന്നത്, ആർ.എസ്.എസ്.പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിന്റെ പേരിൽ ജൂലായ് 29ന് അർദ്ധരാത്രി ബി.ജെ.പി. ആഹ്വാനം ചെയ്ത ഹർത്താലാണ്. ഉറങ്ങിക്കിടക്കുമ്പോൾ ഹർത്താൽ വന്നതുമൂലം ജൂലായ് 30 പൊതുജനത്തിന് മുൻ‌കരുതലുകൾ പോലും എടുക്കാനായില്ല. Say No To Harthal പ്രവർത്തകർക്ക് പതിവ് പോലെ ശക്തമായി വാഹനസൌകര്യങ്ങൾ ഒരുക്കാൻ സാവകാശം കിട്ടിയില്ല. പാർട്ടിക്കാർ പരസ്പരം വെട്ടിയും കുത്തിയും ചാകുന്നതിന്റെ പേരിൽ സമാധാനപരമായ ജീവിതം ഇല്ലാതാകുന്നത് ഇതിലൊന്നും ഒരുപങ്കുമില്ലാത്ത പൊതുജനത്തിന് !!!

നെറികെട്ട ഹർത്താലുകളിൽ ഒന്നാം സ്ഥാനം നേടിയെടുത്തിരിക്കുന്നത് ഈ മാസം 16ന് യു.ഡി.എഫ്.ആഹ്വാനം ചെയ്ത ഹർത്താൽ തന്നെയാണ്. ഹർത്താൽ സംബന്ധിയായി കോടതിയുടെ ഒരുപാട് ആശങ്കകളും സുരക്ഷാമാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്ന് പൊലീസിനുള്ള കർശനമായ നിർദ്ദേശങ്ങളുമൊക്കെ നിലവിലുണ്ടായിരുന്നതുകൊണ്ട്, ഞങ്ങൾ ആരേയും വഴിതടയില്ലെന്നും ആരുടേയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും ആരേയും നിർബന്ധിച്ച് ഹർത്താലിൽ അണിചേർക്കില്ലെന്നും താൽ‌പ്പര്യമുള്ളവർ സ്വമേധയാ ഈ ഹർത്താലിൽ പങ്കുകൊണ്ടാൽ മതിയെന്നും, പ്രതിപക്ഷനേതാവ് ശ്രീ.രമേഷ് ചെന്നിത്തലയുടെ പത്രപ്രസ്താവന വന്നു.

25

അത്തരത്തിൽ ഒരു പ്രസ്തവനയാണ് ഓരോ ഹർത്താൽ വരുമ്പോളും പൊതുജനം പ്രതീക്ഷിക്കുന്നത്. അതവർക്ക് പുറത്തിറങ്ങി പതിവുപോലെ അവരവരുടെ കാര്യങ്ങൾ നടത്താനുള്ള ധൈര്യം നൽകുന്നു. ഒൿടോബർ 16ന് അത് സംഭവിക്കുക തന്നെ ചെയ്തു. കോടതിയുടെ നിലപാടും ചെന്നിത്തലയുടെ പ്രസ്താവനയും ഉൾക്കരുത്താക്കി ജനങ്ങൾ ഹർത്താൽ തള്ളിക്കളഞ്ഞ് സാധാരണജീവിതം നയിക്കാൻ തീരുമാനിച്ച കാഴ്ച്ചയാണ് രാവിലെത്തന്നെ കാണാനായത്. സ്വകാര്യവാഹനങ്ങൾക്ക് പുറമെ ഓട്ടോറിക്ഷകൾ, ടാക്സികൾ, ഊബർ, ഓലെ സർവ്വീസുകൾ, KSRTC ബസ്സുകൾ, കൊച്ചി മെട്രോ എന്നിവ ഓടാൻ തുടങ്ങുകയും അത്യാവശ്യം കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കാനും തുടങ്ങിയപ്പോൾ ഹർത്താൽ പൊളിഞ്ഞെന്ന് ബേജേറായ യു.ഡി.എഫുകാർ കേരളത്തിൽ അങ്ങോളമിങ്ങോളം വാഹനങ്ങൾ തടയുക, KSRTC ബസ്സിന് കല്ലെറിയുക, അതിന്റെ കാറ്റ് കുത്തിവിടാൻ ശ്രമിക്കുക, കടകൾ അടപ്പിക്കുക, കടയുടമകളെ അതിനകത്തിട്ട് പൂട്ടുക എന്നിങ്ങനെയുള്ള അക്രമപരിപാടികളുമായി തെരുവിലിറങ്ങി. ചെറുകിട നേതാക്കന്മാർ തുടങ്ങി ബിന്ദു കൃഷ്ണയെപ്പോലുള്ള വലിയ നേതാക്കന്മാർ ഈ പരിപാടിക്ക് നേതൃത്വം വഹിച്ചു. എന്നിട്ട് അവർ സ്വകാര്യവാഹനങ്ങളിൽ അവരുടെ ആവശ്യങ്ങൾക്കായി അങ്ങോളമിങ്ങോളം സഞ്ചരിച്ചത് മാദ്ധ്യമവാർത്തയാകുകയും ചെയ്തു. ആ വാർത്തകളുടെ അടിസ്ഥാനത്തിൽ, ഹർത്താലിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്ന KPCC പ്രസിഡന്റ് എം.എം.ഹസ്സൻ ബിന്ദു കൃഷ്ണ എന്ന
കോൺഗ്രസ്സിന്റെ വനിതാ നേതാവിനെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം കാണിക്കണം.

26

ഇക്കാരങ്ങൾ കൊണ്ടാണ് ഏറ്റവും നെറികെട്ട ഒരു ഹർത്താലായിട്ട് ഒൿടോബർ 16ന്റെ ഹർത്താൽ സ്ഥാനം പിടിച്ചത്. നിങ്ങൾ സ്വതന്ത്രമായി സഞ്ചരിച്ചോളൂ, ഹർത്താലിൽ പങ്കുകൊള്ളാൻ താൽ‌പ്പര്യമില്ലാത്തവരെ ഞങ്ങൾ നിർബന്ധിക്കില്ല എന്ന് ശ്രീ.രമേഷ് ചെന്നിത്തല ജനങ്ങൾക്ക് ധൈര്യം നൽകിയശേഷം പാർട്ടിപ്രവർത്തകരേയും പാർട്ടി നേതാക്കന്മാരേയും വിട്ട് അവരെ വഴിയിൽ തടയുന്നത് വഞ്ചനയും ഗൂഢാലോചനയുമാണ്. ഹർത്താലെന്ന് കേൾക്കുമ്പോൾ സ്വതവേ ഭീതിക്കടിപ്പെടുന്ന ജനങ്ങൾക്ക്, തെരുവിൽ തടയപ്പെടുന്ന ഒരവസ്ഥയുണ്ടായാൽ ആ ഭീതി വർദ്ധിക്കുകയാണുണ്ടാകുക. അതുകൊണ്ടുതന്നെ ഈ ഹർത്താലിന് ചുക്കാൻ പിടിച്ച ചെന്നിത്തല വലിയ ജനവഞ്ചനയും ജനദ്രോഹവുമാണ് ചെയ്തിരിക്കുന്നത്. ഹർത്താൽ നിയന്ത്രണ ബില്ല് കൊണ്ടുവരാൻ അദ്ദേഹം നടത്തിയ നീക്കങ്ങൾ വെറും നാടകം മാത്രമായിരുന്നെന്നും ജനദ്രോഹസമരമുറയായ ഹർത്താലിനെ അദ്ദേഹം എത്രത്തോളം മനസ്സിൽ താലോലിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ ഇതിൽക്കൂടുതൽ ഉദാഹരണങ്ങളൊന്നും ഇനിയാവശ്യമില്ല. ജനസേവകനെന്നോ പാർട്ടിപ്രവർത്തകനെന്നോ പറഞ്ഞ് ജനമദ്ധ്യത്തിലിറങ്ങാനുള്ള ധാർമ്മികമായ അവകാശം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. ആയതിനാൽ, പൊള്ളത്തരങ്ങൾ തിരിച്ചറിയാനുള്ള കഴിവൊക്കെ കേരളജനതയ്ക്കുണ്ടെന്ന് മനസ്സിലാക്കി, ഇനിയെങ്കിലും ഹർത്താലിനെതിരെയുള്ള കവലപ്രസംഗങ്ങളും നിയമസഭാനീക്കങ്ങളുമൊക്കെ ഉപേക്ഷിക്കാനുള്ള അന്തസ്സെങ്കിലും അദ്ദേഹം കാണിക്കണം.

ഈ ഹർത്താലിനെ പൊളിച്ചടുക്കിയത് മറ്റ് പാർട്ടിക്കാരോ കോടതിയോ ഒന്നുമല്ല. പൊതുജനം മാത്രമാണ്. സത്യത്തിൽ തെരുവിൽ തോന്ന്യാസം കാണിച്ചവർക്കെതിരെ കോടതി നിർദ്ദേശമനുസരിച്ച് നടപടി എടുക്കുന്നതിന് പകരം മൃദുസമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന് ഉത്തരം പറയാൻ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയും ബാദ്ധ്യസ്ഥനാണ്. നിങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയാണ് ഒൿടോബർ 16ന് നടന്നത്. ഞങ്ങൾ പ്രതിപക്ഷത്ത് വരുമ്പോൾ നിങ്ങളും ഈ നിലപാട് സ്വീകരിച്ച് സഹകരിക്കുമല്ലോ എന്നൊരു സമീപനമാണ് കോടതിനിർദ്ദേശം നടപ്പിലാക്കേണ്ട ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് കാണാനായത്.

അനാവശ്യ ഹർത്താലുകാരെ ഞങ്ങളെതിർക്കുന്നു എന്ന് വീരവാദം മുഴക്കുന്ന ഒരുകൂട്ടം പാർട്ടിക്കാരും നേതാക്കന്മാരും അണികളും ഇപ്പോഴുമുണ്ട്. അവരോട് ചില കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ 100 ഹർത്താലുകളിൽ അൻപത്തിയെട്ട് (58) ഹർത്താലുകൾ പാർട്ടി ഓഫീസുകൾ ആക്രമിച്ചതിന്റേയും പാർട്ടി പ്രവർത്തകർ പരസ്പരം ആക്രമിച്ചതിന്റേയും കൊന്നതിന്റേയും മതിലിൽ ചെഗുവേരയുടെ ചിത്രം വരയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്റേയുമൊക്കെ പേരിലായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുമായി ബന്ധപ്പെട്ട് അഞ്ച് (5) ഹർത്താലുകൾ നടന്നിട്ടുണ്ടിവിടെ. ഈ അഹമ്മദ് അന്തരിച്ചതിന്റെ പേരിൽ ആദരസൂചകമായിട്ട് വരെ ഹർത്താൽ നടന്നിട്ടുണ്ട് ഇക്കൊല്ലം. ഇറാക്കിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ പേരിൽ ലോകത്തെവിടെയെങ്കിലും ഒരു ഹർത്താൽ നടന്നിട്ടുണ്ടെങ്കിൽ അത് ഈ സാക്ഷരകേരളത്തിൽ മാത്രമാണെന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നതിൽ ലജ്ജയുണ്ട്.

ഇതൊന്നും ഒരു ജനസേവനത്തിന്റേയും പരിധിയിൽ വരുന്ന കാരണങ്ങളും ഹർത്താലുകളുമല്ല. ഇങ്ങനെയുള്ള ഹർത്താലുകൾ വന്നപ്പോൾ അനാവശ്യ ഹർത്താലുകളെ എതിർക്കുന്നു എന്ന് പറഞ്ഞ നിങ്ങളിൽ ആരെങ്കിലും ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെയോ പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കുന്നതിനിടയിലോ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ടോ ? ഇല്ല. ഇനിയൊട്ട് പറയാനും പോകുന്നില്ല. കാരണം, നിങ്ങൾക്കിത് നിങ്ങളുടെ ജീവിതമാർഗ്ഗമാണ്, ജീവവായുവാണ്. കുറേ ഹർത്താലുകളും അതിൽത്തൂങ്ങി നടക്കുന്ന വിവരമില്ലാത്ത അണികളും ന്യായീകരണത്തൊഴിലാളികളുമൊക്കെ നിങ്ങളുടെ അന്നത്തിലേക്കും ഉയർച്ചയിലേക്കുമുള്ള ചവിട്ടുപടികളാണ്. അതില്ലാതാക്കാൻ നിങ്ങളൊരിക്കലും ആഗ്രഹിക്കില്ല.

23

പക്ഷെ ഒന്ന് മനസ്സിലാക്കിക്കോളൂ. ജനങ്ങൾ ഈ നെറിയില്ലാത്ത സമരമുറയ്ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തിൽ നൈനാം‌വളപ്പ്, പാറമ്മൽ, കത്തറമ്മൽ, പള്ളിക്കര, പെരിങ്ങാല, അമ്പലപ്പടി, പുല്ലുവഴി എന്നിങ്ങനെ പലയിടങ്ങളും ഹർത്താൽ വിരുദ്ധഗ്രാമങ്ങളായി മാറിക്കഴിഞ്ഞു.  അത്തരം ഗ്രാമങ്ങളുടെ എണ്ണം കാലാകാലങ്ങളിൽ കൂടിക്കൂടി വന്നുകൊണ്ടിരിക്കും.

22

മുകളിലുള്ള ചിത്രത്തിൽ ഒരു വനിത ഹർത്താലിനെതിരെ മുഷ്ടി ചുരുട്ടി പ്രതിഷേധിക്കുന്നത് കണ്ടോ ? ജീവന്റെ നിലനിൽ‌പ്പ് അപകടത്തിലാവുമ്പോൾ ഇത്തരത്തിൽ ഉയരാ‍ൻ പോകുന്ന ഹർത്താൽ പ്രതിഷേധങ്ങൾക്കും ചെറുത്തുനിൽ‌പ്പിനും നിങ്ങളിതുവരെ വിളിച്ച മുദ്യാവാക്യങ്ങളേക്കാളോക്കെ മൂർച്ചയും ശക്തിയുമുണ്ടാകുമെന്ന് മനസ്സിലാക്കുക. ശീതീകരിച്ച മുറിയിലിരുന്ന് ഹർത്താലിന് ആഹ്വാനം ചെയ്യാതെ, വിയർപ്പൊഴുക്കി ഉടുവസ്ത്രത്തിൽ അഴുക്കുപറ്റിയുള്ള സമരമുറകളെപ്പറ്റി ആലോചിച്ച് അത് നടപ്പാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ, പാർട്ടിക്കാരുടെ ‘വാട്ടർ ലൂ‘ ആകാൻ പോകുകയാനണ് ഹർത്താലുകൾ. Say No To Harthal.