Monthly Archives: October 2017

വാർത്തേം കമന്റും – (പരമ്പര 50)


50

വാർത്ത 1:- മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതു തടയണമെന്ന് കെ.പി.ശശികല.
കമന്റ് 1:- അങ്ങനെ ചില വേണ്ടാതീനങ്ങൾ തടയാൻ പോയാൽ, നിങ്ങളുടെ തെരുവുപ്രസംഗങ്ങൾ ഒന്നും പിന്നെ നടന്നെന്ന് വരില്ല മാഡം.

വാർത്ത 2:- പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി.
കമന്റ് 2:‌-  ജനങ്ങൾ കൂടെ തയ്യാറാകണമല്ലോ.

വാർത്ത 3:- ദമ്പതിമാര്‍ ചേര്‍ന്നിറക്കിയ ഇന്റര്‍ലോക്ക്  കട്ടയ്ക്ക് ഐ.എന്‍.ടി.യു.സി. നോക്കുകൂലി വാങ്ങി.
കമന്റ് 3:- സംഘടിച്ച് സംഘടിച്ച് പണിയെടുക്കാതെ പണം വാങ്ങാനുള്ള അധികാരം നേടിയെടുത്ത ഒരു കൂട്ടരുടെ നേർക്കാഴ്ച്ച.

വാർത്ത 4:- ഇന്ധനവില കൂട്ടുന്നത് പാവങ്ങൾക്ക് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം.
കമന്റ് 4:- മിസ്സ്ഡ് കോൾ വഴി കേന്ദ്രമന്ത്രിസ്ഥാനം ലഭ്യമായതിന്റെ ഉപകാരസ്മരണയാണെങ്കിലും പഴയ ഒരു സിവിൽ സർവ്വന്റ് ഇത്രയ്ക്ക് തരം താഴാൻ പാടില്ലായിരുന്നു.

വാർത്ത 5:- സ്ത്രീകളോടുള്ള മാന്യത പുസ്തകത്തില്‍ ചര്‍ച്ചയായാല്‍ പോരെന്ന് വി.എസ്.അച്ചുതാനന്ദൻ.
കമന്റ് 5:- പുസ്തകത്തിൽ മാത്രമല്ല മുഖപുസ്തകത്തിലും ചർച്ചയാക്കുന്നുണ്ട്.

വാർത്ത 6 :- കുന്നംകുളത്ത് പാര്‍ക്കിങ്ങ് തോന്നുംപടി.
കമന്റ് 6:- പറയുന്നത് കേട്ടാൽ തോന്നും സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളിലെല്ലാം പാർക്കിങ്ങ് ചട്ടപ്പടിയാണെന്ന്.

വാർത്ത 7:- ഇന്ത്യയും ചൈനയും ഒരുമിച്ച് നൃത്തം ചെയ്ത്, പുതിയ അദ്ധ്യായം തുറക്കണമെന്ന് ചൈന.
കമന്റ് 7:- പരസ്പരം തൊടുക്കാൻ തയ്യാറാക്കി വെച്ചിരിക്കുന്ന ആയുധങ്ങളും ഒപ്പം നൃത്തം ചെയ്യുമായിരിക്കും അല്ലേ ?

വാർത്ത 8:- ജനരക്ഷയ്ക്ക് പോലീസിന്റെ നാല് മൊബൈല്‍ ആപ്പുകള്‍.
കമന്റ് 8:- ഈ നാല് ആപ്പുകളുണ്ടെങ്കിൽ കുമ്മനം രാജശേഖരൻ നടത്താൻ പോകുന്ന ജനരക്ഷാ മാർച്ച് വേണ്ടന്നാണോ പൊലീസ് ഉദ്ദേശിക്കുന്നത് ?

വാർത്ത 9:- തെലങ്കാനയില്‍ സൗജന്യ സാരി വിതരണം കൂട്ടത്തല്ലില്‍ കലാശിച്ചു.
കമന്റ് 9:- കനകം മൂലം, കാമിനി മൂലം എന്ന പദ്യശകലത്തിലേക്ക് സൌജന്യസാരി മൂലം എന്നുകൂടെ ചേർത്ത് പാടുക.

വാർത്ത 10:- പാചകവാതക വില കുത്തനെ, ഒരു സിലിണ്ടറിന് കൂട്ടിയത് 49 രൂപ.
കമന്റ് 10:- പാവങ്ങൾക്ക് കക്കൂസ് പണിത് കൊടുത്താൽ മാത്രം പോരല്ലോ. അതിന് കതക് കൂടെ പിടിപ്പിക്കണ്ടായോ ?