Monthly Archives: December 2017

വാർത്തേം കമന്റും – (പരമ്പര 52)


52

വാർത്ത 1:- ജീവനക്കാരില്ലാത്തതുകൊണ്ട് കേരളത്തില്‍ ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കുന്നു.
കമന്റ് 1:- ഇതിലും ഭേദം ടയറ് പഞ്ചറാണെന്നോ മറ്റോ കാരണം പറയുന്നതായിരുന്നു.

വാർത്ത 2:- ദുരന്തനിവാരണ അതോറിറ്റിയിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രം.
കമന്റ് 2:‌- ഇതിലും വലിയ ദുരന്തം സ്വപ്നങ്ങളിൽ മാത്രം.

വാർത്ത 3:- ഗുജറാത്ത്: സ്ഥാനാര്‍ഥികള്‍ പണത്തില്‍ മുന്നില്‍, പഠിപ്പില്‍ പിന്നില്‍.
കമന്റ് 3:- ഒരു സ്ഥാനാർത്ഥിക്ക് ആവശ്യമായ മാനദണ്ഡങ്ങൾ എല്ലാ കൃത്യമായിട്ടുണ്ടല്ലോ.

വാർത്ത 4:- ഇന്ത്യയുടെ ‘ദാല്‍ കറി’ ചേരുവ അറിയുന്ന ആദ്യ യുഎസ് പ്രസിഡന്‍റ് താനാണെന്ന് ഒബാമ.
കമന്റ് 4:- വൈറ്റ് ഹൌസിൽ ദിവസവും ദാൽ റോട്ടി തന്നെ ആയിരുന്നെന്ന് തോന്നുന്നു.

വാർത്ത 5:- ലോക ബോക്‌സിങ് ചാമ്പ്യന്മാര്‍ക്ക് ഹരിയാനമന്ത്രിയുടെ വക ഓരോ പശു സമ്മാനം.
കമന്റ് 5:- ഗോമാതാവിന്റെ ചാണകവും മൂത്രവും ദിവസവും ചാമ്പ്യന്മാരുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നതിനേക്കാൾ എളുപ്പമാണല്ലോ ഇത്.

വാർത്ത 6 :- ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക് വനിതാ വിഭാഗവും.
കമന്റ് 6:- അപൂർവ്വയിനം മനുഷ്യജീവികളാകുമ്പോൾ അന്യം നിന്ന് പോകാതെ നോക്കണമല്ലോ.

വാർത്ത 7:- വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞത് കോണ്‍ഗ്രസുകാരെന്ന് കോടിയേരി.
കമന്റ് 7:- അത് ശരിയാകാതെ തരമില്ല. കടലിൽ പോയി ജീവിക്കേണ്ട ഗതികേടൊന്നും കമ്മ്യൂണിസ്റ്റുകാർക്ക് ഇന്നില്ല.

വാർത്ത 8:- ഓഖി: മുംബൈ തീരത്ത് തിരിച്ചെത്തിച്ചത് 80 ടണ്‍ മാലിന്യം.
കമന്റ് 8:- ദ്രോഹം സഹിക്കാതാകുമ്പോൾ പ്രകൃതി ചില തിരിച്ചടികൾ നൽകുന്നത് സ്വാഭാവികം.

വാർത്ത 9:- മതം ഉപയോഗിച്ച് ഭിന്നിപ്പിച്ച് ഭരിക്കുന്നു, തിരിച്ചറിയാന്‍ വൈകുന്നുണ്ടോയെന്ന് അജു വര്‍ഗീസ്.
കമന്റ് 9:- തിരിച്ചറിയാനൊക്കെ പറ്റുന്നുണ്ട്. തിരിച്ചൊന്നും ചെയ്യാൻ പറ്റുന്നില്ലെന്ന് മാത്രം.

വാർത്ത 10:- പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി.
കമന്റ് 10:- അത് പിന്നെ അങ്ങനെ തന്നെ വേണമല്ലോ. നമ്മളൊരു പദവി ലക്ഷ്യമിടുമ്പോൾ അതിനെ ബഹമാനിച്ചല്ലേ പറ്റൂ.