Yearly Archives: 2018

സംഘപരിവാരങ്ങൾക്ക് നന്ദി; ഹർത്താൽ പുറത്തേക്ക്.


66

ഡിസംബർ 14 ന് സക്രട്ടറിയേറ്റ് നടയ്ക്കൽ ഒരു വ്യക്തി ആത്മഹത്യ ചെയ്തത് ശബരിമല വിഷയവുമായി വ്യാജമായി ബന്ധപ്പെടുത്തി ബി.ജെ.പി. ഹർത്താൽ നടത്തി കേരളജനതയെ ഒട്ടാകെ ദുരിതത്തിലാക്കി. അതിന് ശേഷമുണ്ടായ ചില സംഭവവികാസങ്ങൾ താഴെ അക്കമിട്ട് രേഖപ്പെടുത്തുന്നു.

1. കോഴിക്കോട് ഒരു സുഹൃത്ത് സ്വന്തം നിലയ്ക്ക് Say No To Harthal പ്രവർത്തനങ്ങൾ ആരംഭിച്ചു.

2. തിരുവനന്തപുരത്ത് ഹർത്താൽ വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സഹകരണമുണ്ടാകുമെന്ന് പറഞ്ഞ് ഒരു സുഹൃത്ത് ബന്ധപ്പെട്ടു.

3. ചാനലുകളിലെല്ലാം ഹർത്താൽ വിരുദ്ധ ചർച്ചകൾ. മുൻപ് ഹർത്താൽ ആഘോഷമാക്കിയ പാർട്ടിക്കാരടക്കം എല്ലാവരും ഹർത്താലിനെ അപലപിച്ച് സംസാരിച്ചു.

4. ഹർത്താലിന് പകരം മറ്റ് സമരമുറകൾ കണ്ടെത്താനുള്ള ചർച്ചകൾ തുടങ്ങണമെന്ന് ഹർത്താൽ പ്രേമികൾ അഭിപ്രായം രേഖപ്പെടുത്തി.

5. കൊച്ചിയിൽ ഹർത്താലിനെതിരെ പൊതുജനം സംഘടിച്ച് വായ് മൂടിക്കെട്ടി പ്രകടനം നടത്തി.

6. ശ്രീമൂലനഗരം എന്നൊരു ഗ്രാമം കൂടെ ഇനിയുള്ള എല്ലാ ഹർത്താലുകളിൽ നിന്നും വിട്ടുനിൽക്കുമെന്ന് പാർട്ടിഭേദമെന്യേ തീരുമാനമെടുത്തു.

7. ഹർത്താലുകൾ കാരണം കച്ചവടത്തിന്റെ നട്ടെല്ലൊടിയുന്നെന്ന് പറഞ്ഞ് വ്യാപാരി വ്യവസായികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇനിയുള്ള എല്ലാ ഹർത്താലുകൾക്കും കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരളത്തിലെ വ്യാപാരികൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തു.

8. പാങ്ങോട്, എന്ന സ്ഥലത്ത് കടകൾ അടപ്പിക്കാൻ ചെന്ന ഹർത്താൽ അനുകൂലികളെ നാട്ടുകാർ ചേർന്ന് ചെറുത്ത് തോൽ‌പ്പിച്ച് കണ്ടം വഴി മടക്കി അയച്ചു.

9. ഹർത്താലിന് വാഹനങ്ങൾ തടയുകയോ കടകൾ അടപ്പിക്കുകയോ ചെയ്താൽ പോലീസ് നടപടിയുണ്ടാകുമെന്ന് ഡി.ജി.പി.

10. മലയാളത്തിൽ ആദ്യമായി ഒരു സിനിമയുടേയും (ഒടിയൻ) സിനിമാ താരത്തിന്റേയും (മോഹൻലാൽ) അനുകൂലികൾ ഹർത്താലിനെതിരെ മുന്നോട്ടുവന്നു. സിനിമാ റിലീസ്, ഹർത്താൽ ദിനത്തിൽത്തന്നെ നടത്തിച്ചു.

11. കോഴിക്കോട് മിഠായിത്തെരുവിൽ ഇനിമുതൽ ഒരു ഹർത്താലിനും കടകൾ അടക്കില്ലയെന്ന് വ്യാപാരികൾ തീരുമാനമെടുത്തു. ഡിസംബർ 14ന് മിഠായിത്തെരുവിലെ കടകൾ തുറന്ന് പ്രവർത്തിച്ചു.

12. എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു.

13. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്മണി എന്ന ഗ്രാമത്തിൽ ഒരു ഹർത്താലിനും കടകൾ അടക്കില്ല എന്ന് തീരുമാനിച്ചു.

14. എല്ലാ ഹർത്താൽ ദിനങ്ങളിലും കടകൾ തുറന്ന് പ്രവർത്തിക്കാൻ ബത്തേരി മർച്ചൻഡ്സ് അസോസിയേഷൻ തീരുമാനിച്ചു.

15. മുൻ‌കൂട്ടി പ്രഖ്യാപിക്കാത്ത അനാവശ്യ ഹർത്താലുകളോട് ഒരു തരത്തിലും സഹകരിക്കില്ലെന്ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് ഫെഡറേഷൻ കൊച്ചിയിൽ തീരുമാനമെടുത്തു.

16. ഹർത്താൽ ദിനങ്ങളിൽ സിനിമാ തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കാനും സിനിമാ ഷൂട്ടിങ്ങുകൾ ഉൾപ്പെടെ എല്ലാ സിനിമാ പ്രവർത്തനങ്ങളും മുടക്കം കൂടാതെ നടത്താനും കേരള ഫിലിം ചേംബർ ഓഫ് കോമേർസ് കൊച്ചിയിൽ തീരുമാനമെടുത്തു.

അങ്ങനെയങ്ങനെയങ്ങനെ നിരവധി ഹർത്താൽ വിരുദ്ധ മുന്നേറ്റങ്ങൾ.

ഇതിനെല്ലാത്തിനും ഞങ്ങൾക്ക് നന്ദി പറയാനുള്ളത് ബി.ജെ.പി.യോടും പോഷകസംഘടനകളോടുമാണ്. നിങ്ങളിങ്ങനെ അർദ്ധരാത്രിക്ക് അപ്രതീക്ഷിതമായി ഹർത്താൽ ആഹ്വാനം ചെയ്തില്ലായിരുന്നെങ്കിൽ, നിങ്ങളിങ്ങനെ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തവർക്ക് വേണ്ടി ഹർത്താൽ നടത്തിയില്ലായിരുന്നെങ്കിൽ, നിങ്ങളിങ്ങനെ വോട്ടുബാങ്ക് വർധിപ്പിക്കാനും അധികാരത്തിൽ അള്ളിപ്പിടിച്ച് കയറാനും വേണ്ടി, ഭക്തിമാർഗ്ഗം മുതൽ ഹർത്താൽ മാർഗ്ഗം വരെയുള്ള നികൃഷ്ടരീതികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഇത്രയും വെറുപ്പ് ജനങ്ങൾക്ക് ഹർത്താലിനോട് ഉണ്ടാകുമായിരുന്നില്ല. ഇനിയുമുണ്ടാകണം യാതൊരാവശ്യവുമില്ലാത്ത, ജനങ്ങളെ നട്ടതിരിക്കാനും വെറുപ്പിന്റെ അങ്ങേയറ്റത്തെത്തിക്കാനും പോന്ന ഹർത്താൽ ആഭാസങ്ങൾ. ഞങ്ങൾ Say NO To Harthal പ്രവർത്തകരുടെ ജോലി എളുപ്പമാക്കിത്തീർക്കാനുള്ള കറകളഞ്ഞ സമ്പൂർണ്ണസഹകരണം നിങ്ങൾക്ക് മാത്രമേ മുന്നോട്ട് നീട്ടാനാകൂ.

ഒരുപാട് നന്ദി സംഘപരിവാരങ്ങളേ…
നന്ദി നന്ദി. ഉള്ളിന്റെയുള്ളിൽ നിന്നുള്ള നന്ദി.
ധ്വജപ്രണാമം.

വാൽക്കഷണം:- ഒരൊറ്റ അഭ്യർത്ഥന മാത്രമേയുള്ളൂ. ഇതുവരെ നിങ്ങൾ എല്ലാ പാർട്ടിക്കാരും കൂടെ നടത്തിയതും ഇനിയങ്ങോട്ട് നടത്താൻ ഓങ്ങിവെച്ചിരിക്കുന്നതുമായ ഹർത്താലുകൾ, ഇത് കണ്ടുപിടിച്ചത് മഹാത്മാഗാന്ധിയാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ തലയ്ക്ക് കെട്ടിവെക്കരുത്. മറ്റൊരു മനുഷ്യനെ ദ്രോഹിക്കാതെയുള്ള പല നിസ്സഹകരണ സമരപരിപാടികളും ഗാന്ധിജി നടപ്പിലാക്കിയിട്ടുണ്ട്. ആ ഹർത്താലല്ല ഈ ഹർത്താൽ. ഹർത്താലിന്റെ കാര്യം വരുമ്പോൾ മാത്രം ആ മഹാത്മാവിനെ കൂട്ടുപിടിക്കുകയുമരുത്. അദ്ദേഹം വേറെയും ഒരുപാട് നല്ല കാര്യങ്ങൾ പറയുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അതിലേതെങ്കിലും ഒന്ന് നടപ്പിലാക്കാൻ കഴിയുന്നത് വരെ ഈ വിഷയത്തിൽ ആ പാവത്തിനെ വലിച്ചിഴക്കരുത്.