വാർത്ത 1:- രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
കമന്റ് 1:- മിണ്ടാതിരുന്നോ. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ റദ്ദാക്കിക്കളയും.
വാർത്ത 2:- രജനീകാന്ത് നിരക്ഷരനാണെന്നും രാഷ്ട്രീയപ്രവേശനപ്രഖ്യാപനം മാദ്ധ്യമഘോഷം മാത്രമാണെന്നും സുബ്രഹ്മണ്യൻ സ്വാമി.
കമന്റ് 2:- നിരക്ഷരന്മാർക്ക് വേണ്ടി ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ.
വാർത്ത 3:- ന്യായവിലയുടെ പകുതിയടച്ചാല്‍ നെല്‍വയല്‍ നികത്താം.
കമന്റ് 3:- പണത്തിന് മുകളിൽ നെൽവയലും പറക്കില്ല.
വാർത്ത 4:- ചിരിക്ക് ജി.എസ്.ടി ഇല്ലെന്നും ചിരിക്കാൻ അനുവാദം വേണ്ടെന്നും മോഡിയോട് രേണുക ചൌധരി.
കമന്റ് 4:- പോക്ക് കണ്ടിട്ട് ചിരിക്കാനും ജി.എസ്.ടി വേണമെന്ന അവസ്ഥയാകുമെന്നാണ് തോന്നുന്നത്.
വാർത്ത 5:- മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ; നേതൃത്വം ഭാഗ്യലക്ഷ്മിക്ക്.
കമന്റ് 5:- നേതാവ് പങ്കെടുക്കാത്ത ആദ്യസംഗമം അൽപ്പം കടന്ന പ്രഹസനമായിപ്പോയി.
വാർത്ത 6 :- ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ 20 കോടിയും വ്യാജം; മുന്നില്‍ ഇന്ത്യ.
കമന്റ് 6:- ഈ പോക്ക് പോയാൽ, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മൊത്തം വ്യാജന്മാർ ഇന്ത്യൻ ജനസംഖ്യയ്ക്കൊപ്പം ആയെന്നുമിരിക്കും.
വാർത്ത 7:- വിദേശ ദമ്പതിമാര്‍ ഫോര്‍ട്ടുകൊച്ചിയിലെ മാലിന്യക്കുഴിയില്‍ വീണു.
കമന്റ് 7:- നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ വിദേശികൾ മറ്റൊരു മാലിന്യക്കുഴിയിലും വീഴാതെ ഫോർട്ട് കൊച്ചി വരെ എത്തിയതാണ് അതിശയം.
വാർത്ത 8:- ഭരണഘടന അനുവദിച്ചാൽ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്എസ് തയ്യാറെന്ന് മോഹന്‍ ഭാഗവത്.
കമന്റ് 8:- ഭരണഘടന പെട്ടെന്നനുവദിച്ചാൽ ഒരു വെടിക്ക് രണ്ടുപക്ഷി.
വാർത്ത 9:- തിരികെയെത്തിയ അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന് ആർബിഐ.
കമന്റ് 9:- പാലായിലെ നോട്ടെണ്ണൽ മെഷീനുകൾ വീണ്ടും ബിസിയാകുന്നതിന് മുൻപ് വേണമെങ്കിൽ കുറച്ച് ദിവസത്തേക്ക് ഏർപ്പാടാക്കാം.
വാർത്ത 10:- പെൺകുട്ടികൾ ബിയര്‍ കഴിക്കുന്നത് ഭയപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി.
കമന്റ് 10:- ഈ പെൺകുട്ടികൾക്ക് വല്ല ബ്രാൻഡിയോ വിസ്ക്കിയോ കുടിച്ചുകൂടെ ?