Monthly Archives: March 2018

ഒരു ഡോക്യുമെന്ററി, ഒരു വിദേശ സിനിമ, ഒരു ഷോർട്ട് ഫിലിം


ഹേ യ് ജൂഡ്, ക്യാപ്റ്റൻ എന്നിങ്ങനെ നല്ല അഭിപ്രായങ്ങൾ കേട്ട കുറേയേറെ സിനിമകൾ തിരക്ക് കാരണം കാണാൻ പറ്റാതെ കിടക്കുന്നു. അൽ‌പ്പം സമയമുണ്ടാക്കി കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയോടെ ഒബ്‌റോൺ മാളിലേക്ക് ചെന്നപ്പോൾ അവിടെ സിനിമയില്ല. കാരണമെന്തെന്ന് അറിയാനും കഴിഞ്ഞില്ല. അന്ന് വൈകീട്ട് തന്നെ PVR ലുലുവിൽ ചെന്നപ്പോൾ അവിടേയും സിനിമയില്ല. എന്തോ സമരമാണെന്ന് പിന്നീടറിയാൻ കഴിഞ്ഞു.

തലസ്ഥാനനഗരം വരെ പോയി ഫിലിം ഫെസ്റ്റിവൽ കാണാനൊന്നും സാധിക്കാറില്ല; സാധിക്കുമെന്നും തോന്നുന്നില്ല. കൊടുങ്ങല്ലൂരിൽ IFFK നടക്കുമ്പോൾ അതെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ ?സമയമുണ്ടാക്കി ഒരു ദിവസം ചെന്നപ്പോൾ എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും സാന്നിദ്ധ്യമായ കഥാകൃത്തും തിരക്കഥാകൃത്തുമായ സുഹൃത്ത് മുരളി ബാല തീയറ്ററിലുണ്ട്.

kg

പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ്ജിന്റെ സിനിമാ ജീവിതത്തെ ആസ്പദമാക്കി ലിജിൻ ജോസ്  സംവിധാനം ചെയ്ത് ഒരുപാട് അംഗീകാരങ്ങൾ നേടിയ 8 -&1/2 Intercuts എന്ന ഡോക്യുമെന്ററിയാണ് ആദ്യം കണ്ടത്. കെ.ജി.ജോർജ്ജും ഭാര്യ സൽമയും ചേർന്നുള്ള രംഗങ്ങളും അതിന്റെ സത്യസന്ധതയുമാണ് ഇതിൽ എടുത്ത് പറയേണ്ട ഒരു മേന്മ. ഒരു ഡോക്യുമെന്ററിക്കിടയിൽ ചിരിയുണർത്തുന്നതും ചിന്തയുണർത്തുന്നതും ചെറിയ കാര്യമൊന്നുമല്ല. വിരസം എന്നാണല്ലോ പൊതുവെ ഡോക്യുമെന്ററികളെക്കുറിച്ചുള്ള ഒരു ധാരണ ?! എന്നാൽ ഇതങ്ങനെയല്ല.

സംവിധായകനേയും ഡോക്യുമെന്ററി നായകനേയും നേരിട്ട് കാണാനും സംവദിക്കാനുമൊക്കെ കഴിഞ്ഞു എന്നതിലും സന്തോഷമുണ്ട്. ഫ്രൈഡേ, ലോ പോയന്റ് എന്നീ സിനിമകളുടെ സംവിധായകൻ കൂടെയാണ് ലിജിൻ. കെ.ജി.ജോർജ്ജിന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ് 8 &1/2 Intercuts. കെ.ജി.ജോർജ്ജ് മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്ന് അറിയാത്തവരും നിസ്സംശയം കണ്ടിരിക്കേണ്ടതാണിത്. എനിക്കതിന്റെ ഒരു കോപ്പി സ്ഥിരമായി കൈയ്യിൽ വേണമെന്നുണ്ട്. കിട്ടാൻ എന്താണ് മാർഗ്ഗം ശ്രീ.ലിജിൻ ?

55

Villa Dwellers എന്ന ഇറാനിയൻ ചിത്രം കൂടെ കണ്ടാണ് കൊടുങ്ങല്ലൂര് നിന്ന് മടങ്ങിയത്. യുദ്ധത്തിന്റെ ഭീകരതകളൊന്നും മനസ്സിലാക്കാതെയും അനുഭവിച്ചറിയാതെയും അകാരണമായി പരസ്പരം വെട്ടിക്കൊന്ന് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഓരോ മലയാളിയും ഓരോ പാർട്ടിക്കാരനും കണ്ടിരിക്കേണ്ട ചിത്രമാണത്. കൊച്ചുകുട്ടികളും സാധാരണക്കാരായ സ്ത്രീകളുടെ വേഷം ചെയ്യുന്ന അഭിനേതാക്കളുമൊക്കെ എങ്ങനെ ഇത്ര മനോഹരമായി അഭിനയിക്കുന്നു എന്ന് അത്ഭുതം കൂറിപ്പോകുന്ന സിനിമ. അതോ ജനപ്പാർപ്പുള്ള ഒരു യുദ്ധഭൂമിയിൽ ക്യാമറ വെച്ച് പകർത്തിയ ഡോക്യുമെന്ററി തന്നെ ആയിരുന്നോ അതെന്നും സംശയിച്ചുപോയി.

ഒരു ഷോർട്ട് ഫിലിമിന്റെ കാര്യം കൂടെ പറഞ്ഞ് ഈ സിനിമാ വിശേഷങ്ങൾ അവസാനിപ്പിക്കാം.

Untitled

ഇന്നലെ കൃതി-2018 പുസ്തകോത്സവത്തിൽ പ്രദർശിപ്പിച്ചപ്പോൾ അവിചാരിതമായി കാണാനിടയായ ഒരു ഷോർട്ട് ഫിലിമാണ് ‘കോഴികൾ ഇല്ലാത്ത ഭൂമി’. സംവിധായകൻ വിശാൽ വിശ്വനാഥനേയും മറ്റൊരു കോണിൽ വെച്ച് അവിചാരിതമായി പരിചയപ്പെടാനായതിൽ ഏറെ സന്തോഷം. സിനിമയുടെ ലിങ്ക് ഇതാണ്. എല്ലാവരും ഒന്ന് കണ്ടുനോക്കൂ. ജാതി-മത-രാഷ്ട്രീയ കോമരങ്ങളെ കണക്കറ്റ് വിമർശിക്കാനും അതിലെ പൊള്ളത്തരങ്ങൾ ബോദ്ധ്യപ്പെടുത്താനും ഒരു കോഴിക്കച്ചവടത്തിന്റെ കഥാതന്തു ധാരാളമാണെന്ന് ഈ ഷോർട്ട് ഫിലിം അടിവരയിട്ട് പറയുന്നു.

വാൽക്കഷണം:- രണ്ട് തീയറ്ററുകളിൽ ചെന്ന് സിനിമ കാണാൻ പറ്റാതെ മടങ്ങിയതിൽ ഞാനിപ്പോൾ ദുഖിതനല്ല. നല്ല സിനിമകൾ വലിയ പരസ്യങ്ങളുടെ അകമ്പടിയോടെ വ്യവസ്ഥാപിത സിനിമാക്കോട്ടകളിൽ മാത്രമല്ല പ്രദർശിപ്പിക്കുന്നത്.