Monthly Archives: May 2018

ദിശ തെറ്റിച്ച് വരുന്ന അപകടങ്ങൾ !


11

ത്രവാർത്തയിൽ കാണുന്നതുപ്രകാരം, ദിശ തെറ്റിച്ച് കടന്നുവന്ന ബസ്സുകാരനെതിരെ പ്രതികരിച്ച യുവതിയുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ !!!

ഇക്കൂട്ടത്തിൽ, എന്റെ വ്യക്തിപരമായ നിലപാടും ഒന്നുരണ്ട് അനുഭവങ്ങളും പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

ഈ യുവതിയെപ്പോലെ തന്നെ, റോംങ്ങ് സൈഡിലൂടെ കയറിവരുന്ന KSRTC/ പ്രൈവറ്റ് ബസ്സുകൾക്ക് വട്ടം വെച്ചു കൊടുക്കുന്ന ‘ഏർപ്പാടുണ്ടായിരുന്ന’ ആളാണ് ഞാനും. ബസ്സുകൾക്ക് മാത്രമല്ല, അങ്ങനെ ദിശ തെറ്റിച്ച് കയറി വരുന്ന എല്ലാ വാഹനങ്ങളോടും ഇതു തന്നെ ‘ആയിരുന്നു’ പ്രതികരണം. പക്ഷെ, ഇപ്പോൾ ആ പരിപാടി നോക്കിയും കണ്ടും മാത്രമേ ചെയ്യാറുള്ളൂ. (അണ്ണാൻ മൂത്തെന്ന് വച്ച് മരംകയറ്റം മറക്കില്ലല്ലോ) രണ്ട് അനുഭവങ്ങളാണ് അതിനാധാരം.

അനുഭവം 1:- കൊല്ലം ആലപ്പുഴ റൂട്ട്. അമിതവേഗത്തിൽ ദിശതെറ്റിച്ച് കയറിവരുന്ന KSRTC ബസ്സ്. എന്റെ വാഹനം ഷോർഡറിലേക്ക് ഒതുക്കാമെന്ന് ആഗ്രഹിച്ചാൽപ്പോലും നടക്കില്ല. ഒരു സ്ത്രീ എനിക്കെതിരെ (കൃത്യമായി അവരുടെ സൈഡ് തന്നെ) നടന്നു വരുന്നു എന്നതാണ് കാരണം. വട്ടം വെച്ചാൽ KSRTC എന്നെ ഇടിച്ച് തെറിപ്പിക്കും. ഷോർഡറിലേക്ക് ഇറക്കിയാൽ ആ സ്ത്രീയെ ഞാൻ ഇടിച്ച് വീഴ്ത്തും. ഒരേയൊരു മാർഗ്ഗമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഷോർഡറിലേക്ക് ഇറക്കുന്നതിനൊപ്പം ലൈറ്റിട്ടും ഹോണടിച്ചും ആ സ്ത്രീയെ അപകടസ്ഥിതി ബോദ്ധ്യപ്പെടുത്തുക. പിന്നിലൂടെ വരുന്ന ബസ്സിന്റെ അവസ്ഥ അവർ തിരിഞ്ഞു നോക്കി കണ്ടാൽ എന്റെ കാര്യം അവർക്ക് പിടികിട്ടും. അവർ ഷോർഡറിൽ നിന്ന് കുറ്റിക്കാട്ടിലേക്ക് ഒതുങ്ങിയാൽ എല്ലാം ശുഭം. ഞാൻ എത്ര ആഞ്ഞ് ബ്രേക്ക് ചവിട്ടിയാലും സ്ത്രീയുടെ മുന്നിൽ എന്റെ വാഹനം നിൽക്കുമെന്ന് ഒരുറപ്പുമില്ല. എന്തായാലും എന്റെ സിഗ്നലുകൾ അവർ ശ്രദ്ധിക്കുകയും ഒതുങ്ങി നിൽക്കുകയും ചെയ്തതു കൊണ്ട് ബ്രേക്കിങ്ങും പൂഴിയിലായ ഇടതുവശത്തെ ചക്രങ്ങളുടെ പാളിപ്പോകലുമൊക്കെ ഒരപകടത്തിൽ ചെന്നവസാനിച്ചില്ല.

അനുഭവം 2:- ഒരു ഡ്രൈവറെ കുറേ നാൾ മുൻപ് പരിചയപ്പെട്ടു. അദ്ദേഹം ഒരു ‘പ്രമുഖ’ നേതാവിന്റെ (ഇപ്പോൾ പാർലിമെന്റ് അംഗം) ഡ്രൈവറായിരുന്നു. ആ നേതാവിന്റെ ഡ്രൈവർ തസ്തിക ലഭിക്കാൻ ഒരു ടെസ്റ്റ് പാസ്സാകേണ്ടതുണ്ട്. നേതാവ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ പോകുക പതിവില്ല. അദ്ദേഹത്തിന്റെ യാത്ര തീവണ്ടിയിലാണ്. പക്ഷെ തലസ്ഥാനത്ത് ചെന്നാലുള്ള ആവശ്യങ്ങൾക്ക് കാറ് ആവശ്യമാണുതാനും. നേതാവിനെ എറണാകുളത്ത് റെയിൽവേ സ്റ്റേഷനിൽ വിട്ടശേഷം, തീവണ്ടി തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ കാറുമായി തിരുവനന്തപുരം തീവണ്ടിയാപ്പീസിൽ എത്തണം. അതിനിടക്ക് വാഹന പരിശോധന അടക്കം പൊലീസുകാർ ആരൊക്കെ കൈ കാണിച്ചാലും നിറുത്തേണ്ടതില്ല എന്നാണ് നേതാവിന്റെ ഓർഡർ. കേസും കൂട്ടവും കുലുമാലുകളുമൊക്കെ നേതാവ് കൈകാര്യം ചെയ്യും. ഇപ്പറഞ്ഞ ടെസ്റ്റ് തോറ്റാൽ ഡ്രൈവർ പണി പോയതു തന്നെ. പണി കിട്ടിയാലും ഇതുപോലുള്ള ഓട്ടപ്പാച്ചിലുകൾ ധാരാളമുണ്ടാകും. ജീവൻ പോകുന്ന ഏർപ്പാടാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇപ്പറഞ്ഞ ഡ്രൈവർ അധികം വൈകാതെ ആ പണി ഉപേക്ഷിച്ചത്.

ഈ രണ്ട് അനുഭവങ്ങൾക്ക് ശേഷം വളരെപ്പെട്ടന്നാണ് ഞാൻ നല്ലപിള്ളയായത്. ഭൂമിയിൽ കരഭാഗത്തിന്റെ 100 ൽ ഒന്നുപോലും കണ്ടുതീർത്തിട്ടില്ല ഇതുവരെ. അതൊന്ന് പത്തെങ്കിലുമാക്കാതെ എനിക്ക് ചാവണ്ട.

ഗുണപാഠം:- നേതാവിന്റെ ഡ്രൈവർ, വെറുതെ ചോര തിളക്കുന്ന യുവാക്കൾ, മരുന്നടിച്ചവർ, മദ്യപിച്ചവർ, വായുഗുളികയ്ക്ക് പോകുന്നവർ, റേസിങ്ങ് നടത്തുന്നവർ, നേരെ ചൊവ്വേ കണ്ണുകാണാത്തവർ, രാത്രി കാഴ്ച കുറവുള്ളവർ, കളർ ബ്ലൈൻഡ്നസ്സ് ഉള്ളവർ, ട്രാഫിക്ക് നിയമങ്ങളൊന്നും അറിയാത്തവർ, അതൊന്നും ബാധകമല്ലാത്തവർ, എന്നിങ്ങനെ നമുക്ക് ഊഹിക്കാൻ പോലും പറ്റാത്ത പലതരം വിചിത്ര ഡ്രൈവർമാർ നിരത്തിലുണ്ട്. വട്ടം വെക്കാൻ ഉദ്ദേശമുണ്ടെങ്കിൽത്തന്നെ, ജീവൻ രക്ഷപ്പെടുത്താനുള്ള ഒരു മാർഗ്ഗമെങ്കിലും ആദ്യമേ കണ്ടു വെച്ചേക്കണം.