ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അവർകൾ അറിയുന്നതിന്.
ഈ ഓൺലൈൻ കത്ത് ഏതെങ്കിലും തരത്തിൽ താങ്കളിലേക്ക് എത്തുമെന്ന ശുഭപ്രതീക്ഷയോടെ ചില കാര്യങ്ങൾ ബോധിപ്പിക്കട്ടെ. പറയാനുള്ളത് കേരളത്തിലെ റോഡുകളേയും പാലങ്ങളേയും പറ്റിയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളെടുത്താൽ, കേരളക്കരയിലെ തകർന്ന് തരിപ്പണമായ റോഡുകളുടെ ദയനീയമായ സചിത്ര ലേഖനങ്ങൾ സ്ഥിരം പതിവാണ്.
മുൻപ് അഞ്ച് മിനിറ്റുകൊണ്ട് ഹൈക്കോർട്ടിൽ നിന്ന് ഗോശ്രീ പാലത്തിൽ എത്താനാകുമായിരുന്നെങ്കിൽ ഇന്നത് അരമണിക്കൂറായി ഉയർന്നിരിക്കുന്നു. വർഷങ്ങളെടുത്താണ് പാലാരിവട്ടത്ത് ഒരു ഫ്ലൈ-ഓവർ പൊതുമരാമത്ത് വകുപ്പ് പണിതുണ്ടാക്കിയത്. ആ പാലത്തിലൂടെ ഇപ്പോൾ വാഹനമോടിക്കാൻ ഭയമാണ് സുധാകരൻ സാർ. അത്രയ്ക്ക് വലിയ കുഴികളാണ് അതിലുള്ളത്. കോൺക്രീറ്റിനും താഴേയ്ക്ക് ആ കുഴികൾക്ക് താഴ്ച്ചയുണ്ടോ എന്നും വാഹനമടക്കം താഴേക്ക് വീണുപോകുമോ എന്നും അതിലേ സഞ്ചരിക്കുന്നവർക്ക് ആശങ്കയുണ്ട്. ആ ഫ്ലൈ-ഓവറിന്റെ പണി ആരംഭിച്ചതും നടത്തിയതുമൊക്കെ മുൻസർക്കാറിന്റെ കാലത്തായിരുന്നെന്ന് പറഞ്ഞ് അങ്ങേയ്ക്ക് വേണമെങ്കിൽ തലയൂരാം. ഏത് സർക്കാർ ഭരിച്ചാലും, അങ്ങയുടെ വകുപ്പിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാണിക്കാൻ ഞാനൊരു ഉദാഹരണം പറഞ്ഞെന്ന് മാത്രം.
തൃശൂർ – പാലക്കാട് (കതിരാൻ) റോഡ് പണി എത്ര വർഷങ്ങളായി നടന്നുപോകുന്നു. ആ റൂട്ടിൽ ഇതുവരെ വാഹനാപകടങ്ങളിൽ മരിച്ചവരുടെ കണക്ക് വിരലിൽ എണ്ണാൻ കഴിയുന്നതൊന്നുമല്ല. ഇക്കഴിഞ്ഞ ദിവസം അതിലൊരു കുഴിയിൽ വീണ ബൈക്ക് യാത്രികന്റെ തലവഴിയാണ് പിന്നിൽ വന്ന ലോറിയുടെ ചക്രം കയറിയിറങ്ങിയത്. മുഖം തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ വികൃതമായിരുന്നു ആ മൃതദേഹം. നിർഭാഗ്യവശാൽ ഇങ്ങനെ റോഡിൽ ജീവൻ പൊലിഞ്ഞവരെ ആരേയും റോഡിന്റെ രക്ഷസാക്ഷികളായി കേരളത്തിലെ ഒരു പാർട്ടിക്കാരനും സർക്കാരും കണക്കാക്കുന്നില്ല എന്നതാണ് ദുഃഖകരം.
മഴയാണ് കേരളത്തിലെ റോഡുകളുടെ അന്തകനാകുന്നതെന്ന ഒരു തെറ്റിദ്ധാരണ കാലാകാലങ്ങളായി ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കുന്ന കാര്യത്തിൽ തകർന്ന റോഡുകളുടെ ഉത്തരവാദിത്വം വഹിക്കുന്നവർ വിജയിച്ചിട്ടുണ്ടെങ്കിലും അതല്ല റോഡുകൾ തകരാനുള്ള കാരണമെന്ന് യുക്തിസഹജമായി മനസ്സിലാക്കാനുള്ള ഉദാഹരണങ്ങൾ ഇന്ന് ജനങ്ങൾക്ക് മുന്നിലുണ്ട്. അങ്ങനെയാണെങ്കിൽ, കേരളത്തിലെ പോലെ തന്നെ മഴയുണ്ടാകുന്ന ശ്രീലങ്കയിലും സിങ്കപ്പൂരുമൊക്കെ ഒരുകാലത്തും നല്ല റോഡുകൾ കാണാൻ സാധിക്കില്ലല്ലോ ? നമ്മളെപ്പോലെ തന്നെ മഴയുള്ള ആ രാജ്യങ്ങളിലെ റോഡുകൾ കണ്ടിട്ടില്ലെങ്കിൽ, അത് കണ്ട് പഠിക്കാൻ വേണ്ടിയെങ്കിലും താങ്കൾ ഈ രാജ്യങ്ങളിലേക്ക് ഒരു വിദേശസഞ്ചാരം നടത്തണം. നമുക്കറിയാത്ത എന്ത് സാങ്കേതികവിദ്യയാണ് അവർ പ്രയോഗിക്കുന്നതെന്ന് കണ്ടുപിടിക്കണമല്ലോ.
ഇന്നാട്ടിലെ തന്നെ രണ്ട് ഉദാഹരണങ്ങളെടുക്കാം. എറണാകുളം നഗരത്തിൽ കൊച്ചി മെട്രോയുടെ ഭാഗമായി KMRL പണികഴിച്ച റോഡുകളാണ് അതിൽ ആദ്യത്തേത്. മൂന്ന് മഴക്കാലങ്ങളെ ആ റോഡുകൾ അതിജീവിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ മഴ ദിവസങ്ങളിലെ വെള്ളക്കെട്ടുകൾ ആ റോഡുകളിലുമുണ്ടായിരുന്നു. എന്നിട്ടും ആ റോഡുകൾക്ക് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. അതെന്തുകൊണ്ടെന്ന് ആലോചിച്ചാൽ, മഴയല്ല റോഡ് പണിയിലുള്ള അഴിമതി മാത്രമാണ് മറ്റ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് മനസ്സിലാക്കാനാവും.
റോഡ് പണിയുന്ന കരാറുകാരന് സർക്കാരിൽ നിന്ന് അഥവാ പൊതുമരാമത്ത് വകുപ്പിൽ നിന്ന് ബില്ല് മാറിക്കിട്ടണമെങ്കിൽ, കരാറുകാരൻ റോഡുപണി നല്ല രീതിയിൽ പൂർത്തിയാക്കിയാൽ മാത്രം പോര. വകുപ്പിലെ വിവിധ ഉദ്യോഗസ്ഥന്മാരെ വേണ്ട വിധത്തിൽ കാണുക തന്നെ വേണം. ചെറിയ തുകയൊന്നുമല്ല ഇത്തരത്തിൽ കൈക്കൂലിയായി ഉദ്യോഗസ്ഥർ കൈപ്പറ്റുന്നത്. മൊത്തം കരാറ് തുകയുടെ നല്ലൊരു ശതമാനമാണത്രേ കൈക്കൂലി. അപ്പോൾപ്പിന്നെ തടിക്ക് കൊള്ളാത്ത രീതിയിൽ ലാഭമുണ്ടാക്കി റോഡ്പണി പൂർത്തിയാക്കണമെങ്കിൽ കരാറുകാരന് കള്ളപ്പണി ചെയ്തേ പറ്റൂ. ഈ അഴിമതി പ്രശ്നം KMRL ന് ഇല്ലായിരുന്നത്, കരാറുകാരനും KMRL നും ഇടയിൽ പരാന്നഭോജികൾ ആരും ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ റോഡ് പണിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ KMRLന് കഴിഞ്ഞു. ഇതേ സംവിധാനം എന്തുകൊണ്ട് പൊതുമരാമത്തിൽ നടപ്പിലാക്കാൻ പറ്റുന്നില്ല ?
വൈപ്പിൻ കരയിൽ ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് പണിതീർത്ത 26 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് രണ്ടാമത്തെ ഉദാഹരണമാണ്. വർഷങ്ങളോളം തകർച്ചയൊന്നും ഇല്ലാതെ നിന്ന ആ റോഡ് കരാറുകാരുടെ പണിമുട്ടിച്ചു. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥന്മാരുടെ പോക്കറ്റിലേക്കുള്ള ഒഴുക്കിന് തടയിട്ടു; അവരുടെ ഉറക്കം കെടുത്തി. രണ്ട് വർഷം മുൻപ് കുടിവെള്ള പദ്ധതിയുടെ പേരിൽ ആ റോഡ് കുത്തിപ്പൊട്ടിച്ചപ്പോൾ മാത്രമാണ് ഇക്കൂട്ടർക്ക് ശ്വാസം നേരെ വീണത്. എങ്കിലും ചെറായി മുതൽ മുനമ്പം വരെയുള്ള 5 കിലോമീറ്ററിൽ പൈപ്പിടാനുള്ള കുത്തിപ്പൊളികൾ വേണ്ടിവന്നില്ല എന്നതുകൊണ്ട്, ആ റോഡിന്റെ നല്ല ഭാഗങ്ങൾ ഇപ്പോഴും അതേപടി കിടക്കുന്നുണ്ട്.
നമ്മൾ മലയാളികൾ സമ്പൂർണ്ണ സാക്ഷരരും വിദ്യാഭ്യാസസമ്പന്നരും ശാസ്ത്രജ്ഞന്മാരുമൊക്കെ ആണല്ലോ ? ഒരുപാട് പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നമ്മളുടെതായിട്ടുണ്ടല്ലോ ? ഇപ്പറഞ്ഞ KMRL റോഡുകളുടേയും വെപ്പിൻ - മുനമ്പം റോഡിന്റേയും നിർമ്മാണപ്രക്രിയ എന്തായിരുന്നെന്ന് പഠിക്കാൻ അങ്ങ് മുൻകൈ എടുക്കണം. ആ റോഡുകളീൽ ഒരു മീറ്റർ ഭാഗം കുത്തിയിളക്കി നോക്കിയാൽ മനസ്സിലാക്കാനാകും അതെങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നതെന്ന്. അത്തരത്തിൽ 100 കിലോമീറ്റർ റോഡെങ്കിലും കേരളത്തിന്റെ പലഭാഗങ്ങളിലായി പണിതുണ്ടാക്കാൻ പൊതുമരാമത്ത് വകുപ്പിനാകുമോ എന്ന് ബഹുമാനപ്പെട്ട മന്ത്രി ഒന്ന് ശ്രമിച്ച് നോക്കണം.
കോട്ടയം ജില്ലയിലെ ഇപ്പോഴത്തെ എം.എൽ.എ.മാരും മുൻമന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്ന ചില നേതാക്കന്മാർ അവരുടെ മണ്ഡലങ്ങളിൽ ഉണ്ടാക്കിയ റോഡുകൾ എന്തുകൊണ്ട് ഇപ്പോഴും നല്ല ഗുണനിലവാരത്തിൽ നിലനിൽക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ ? വേണമെങ്കിൽ ചക്ക വേരിൽ കായ്ക്കുന്നതിന് മുന്നേ മരത്തിൽത്തന്നെ കായ്ക്കും സാർ.
മഴ കഴിഞ്ഞാൽ ഉടനെ റോഡുപണി നടത്തുമെന്ന് 2017 സെപ്റ്റംബറിൽ അങ്ങ് പ്രഖ്യാപിച്ചിരുന്നു. കിലോമീറ്ററിന് ഒന്നരലക്ഷം രൂപ ചിലവ് വരുന്ന തരത്തിൽ മികച്ച റോഡുകൾ ഉണ്ടാക്കുമെന്നാണ് അങ്ങന്ന് പറഞ്ഞത്. അത്തരത്തിൽ എത്ര കിലോമീറ്റർ റോഡുകൾ ഉണ്ടാക്കിയെന്നും അതിന്റെയൊക്കെ അവസ്ഥ ഇപ്പോൾ എന്താണെന്നും അങ്ങയിൽ നിന്ന് അറിഞ്ഞാൽക്കൊള്ളാമെന്ന് ആഗ്രഹമുണ്ട്. എല്ലാക്കൊല്ലവും പ്രത്യേകം പ്രത്യേകം പ്രഖ്യാപനത്തിന്റെ ആവശ്യമില്ലല്ലോ ? ഈ മഴ കഴിഞ്ഞാൽ കേരളത്തിലെ നല്ലൊരു ശതമാനം റോഡുകളും അറ്റകുറ്റപ്പണിക്ക് പകരം, പൂർണ്ണമായും പുതുക്കിപ്പണിയേണ്ടി വരുമെന്ന് ഇതിനകം ബോദ്ധ്യമായിക്കഴിഞ്ഞുകാണുമല്ലോ ? ദയവ് ചെയ്ത് അതിന്റെ കുറ്റം പൂർണ്ണമായും കാലവർഷക്കെടുതിയുടെ കണക്കിൽ കെട്ടിവെക്കരുതെന്ന് അപേക്ഷയുണ്ട്.
റോഡ് പണിയെന്നാൽ കുറെ മെറ്റലും ടാറും കൂട്ടിക്കുഴച്ച് സ്റ്റിക്കറൊട്ടിക്കുന്നത് പോലെ റോഡിൽ പതിക്കുന്ന പരിപാടിയല്ല സർ. ആ പതിവ് തുടർന്നുകൊണ്ടുപോയാൽ പശ്ചിമഘട്ടത്തിലെ മുഴുവൻ മലകളും ഇടിച്ച് നിരത്തി റോഡുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നാലും ഇന്നാട്ടിലൊരു നല്ല റോഡ് ഒരുകാലത്തുമുണ്ടാകാൻ പോകുന്നില്ല. റോഡിൽ ഒരു കുഴി ഉണ്ടാകുമ്പോൾ, ഒരാഴ്ച്ചയ്ക്കുള്ളിൽ അത് മൂടിയാൽ മുഴുവൻ റോഡിനേയും രക്ഷപ്പെടുത്താൻ കഴിയും. ഒരു ചെറിയ കുഴി വളർന്ന് വൻ ഗർത്തമായശേഷമാണ് ഇന്നാട്ടിൽ അറ്റകുറ്റപ്പണി നടത്തുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്നതെന്ന് അറിയാമല്ലോ ? 40 ടൺ ഭാരമുള്ള കണ്ടൈനറുകൾ പോകുന്ന വഴി ഉണ്ടാക്കാനും ടാറ് ചെയ്യാനും ചില കണക്കുകളൊക്കെ ഉണ്ടെന്ന് അറിയുന്നവർ തന്നെയാണ് സാറിന്റെ വകുപ്പിലുള്ള എഞ്ചിനീയർമാർ. എന്നിട്ടവർ 10 ടണ്ണിന്റെ വാഹനത്തിന് പോകാനുള്ള രീതിയ്ക്കെങ്കിലും റോഡുകൾ വിഭാവനം ചെയ്യുന്നുണ്ടോയെന്നും പണികഴിപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കണം സാർ. 2500 എഞ്ചിനീയർമാർ വേണ്ടയിടത്ത് 1400 എഞ്ചിനീയർമാർ മാത്രമാണ് വകുപ്പിൽ ഉള്ളതെന്നും അങ്ങ് പറയുന്നു. നമ്മുടെ നാട്ടിൽ എഞ്ചിനീയർമാർ തൊഴിൽരഹിതരായി നടക്കുകയാണെന്ന് അറിയില്ലേ ? തസ്തികകൾ നികത്തി എഞ്ചിനീയർമാരെ നിയമിക്കണം സർ.
ഇതൊക്കെ അങ്ങയോട് പറയുന്നതിന്റെ കാരണം, ഈ മന്ത്രിസഭ അധികാരത്തിലേറി, അങ്ങ് പൊതുമരാമത്ത് മന്ത്രിയായി സ്ഥാനമേറ്റ അന്നുമുതൽ കൈക്കൊണ്ടിട്ടുള്ള നടപടികളും ഇറക്കിയിട്ടുള്ള പ്രസ്താവനകളുമാണ്.
റോഡിലെ കുഴികളുടെ എണ്ണം പൊതുമരാമത്ത് സെൿഷൻ എഞ്ചിനീയർമാർ നോട്ട്ബുക്കിൽ രേഖപ്പെടുത്തണമെന്നും റോഡുകളിലൂടെ നിരന്തരം സഞ്ചരിക്കണമെന്നും, റോഡുപണിയിൽ ഒരുതരം ക്രമക്കേടുകളും വച്ചുപൊറുപ്പിക്കില്ല എന്നുമൊക്കെയുള്ള താങ്കളുടെ പ്രസ്താവനകൾ വലിയ പ്രതീക്ഷയാണ് എന്നെപ്പോലുള്ള പ്രജകൾക്ക് നൽകിയിട്ടുള്ളത്. റിട്ടയർ ചെയ്ത 80 കഴിഞ്ഞ കണ്ണുകാണാൻ വയ്യാത്തവരാണ് കൺസൾട്ടന്റ്‌മാരെന്നും, കേരളം പോലും കാണാത്തവരാണ് അവരുടെ ഡിസൈനർമാരെന്നും ഇവരിൽ മിക്കവരും അഴിമതിക്കാരാണെന്നും അങ്ങ് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇത്രയും വലിയ സത്യങ്ങളൊക്കെ അറിഞ്ഞിട്ടും അങ്ങനെയുള്ളവരെ എന്തിനാണ് സാർ വെച്ച് പൊറുപ്പിക്കുന്നത്? അവരെ പുറത്താക്കാനുള്ള അധികാരം അങ്ങയ്ക്കല്ലേ ഉള്ളത്. തിരഞ്ഞെടുത്ത് വിട്ട ജനങ്ങൾ ആ അധികാരം അങ്ങയ്ക്കല്ലേ നൽകിയിട്ടുള്ളത് ? അതങ്ങ് നടപ്പിലാക്കണം സാർ. ഈ വകുപ്പിലെ അഴിമതി തുടച്ചുനീക്കിയാൽത്തന്നെ റോഡെല്ലാം വർഷങ്ങളോളം പൊട്ടാതെയും പൊളിയാതെയും തിളങ്ങിക്കിടക്കുമെന്ന കാര്യത്തിൽ സംശയമുണ്ടോ ?
റോഡിൽ വീണ് ചത്തുപോകാതിരിക്കാനായി സിനിമാനടന്മാർ അടക്കമുള്ള പൊതുജനം സ്വയം നിരത്തിലിറങ്ങി കുഴികൾ മൂടാൻ സന്നദ്ധരാകുന്ന അവസ്ഥ, ഒരു വകുപ്പിനും ഒരു സർക്കാരിനും ഒരു രാജ്യത്തിനും ഭൂഷണമല്ല സാർ. ഒരു വാഹനം വാങ്ങുമ്പോൾ പതിനഞ്ച് വർഷത്തേക്കുള്ള റോഡ് ടാക്സ് ഒരുമിച്ച് അടക്കുന്ന പൌരന്മാർക്ക് ഒരു കൊല്ലത്തേക്കുള്ള റോഡ് പോലും ഉപയോഗജന്യമായി ലഭിക്കുന്നില്ല എന്നത് വലിരൊരു ചൂഷണം കൂടെയാണെന്ന് അങ്ങ് മനസ്സിലാക്കണം.
മുൻപേ പറഞ്ഞല്ലോ, അങ്ങയോട് ഇതൊക്കെ പറയുന്നത്, അങ്ങയുടെ ഇതുവരെയുള്ള വാക്കുകൾ തന്നിട്ടുള്ള പ്രതീക്ഷ കാരണമാണ്. റോഡും വകുപ്പുമൊക്കെ നന്നാക്കിയെടുക്കാൻ ഇനിയും മൂന്ന് കൊല്ലം ബാക്കി സമയമുണ്ട്. ഇക്കൊല്ലം പുതുക്കിപ്പണിയുന്ന റോഡുകൾ ഈ സർക്കാർ താഴെയിറങ്ങുന്നത് വരെയെങ്കിലും പൊട്ടിപ്പൊളിയില്ല എന്ന് തെളിയിക്കാനായാൽ താങ്കൾ ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം സാധൂകരിക്കപ്പെടുകയും ആത്മാർത്ഥതയുള്ളതായി കണക്കാക്കപ്പെടുകയും ചെയ്യും. കേരളത്തിലെ റോഡുകൾ മുഴുവൻ പൊട്ടിപ്പൊളിയാത്ത തരത്തിൽ നവീകരിച്ച ആദ്യത്തെ പൊതുമരാമത്ത് മന്ത്രി എന്ന ഖ്യാതി അങ്ങേയ്ക്ക് മാത്രം അവകാശപ്പെട്ടതാകും. അതല്ലെങ്കിൽ ഈ വകുപ്പ് ഇന്നുവരെ ഭരിച്ചുപോയ, ഭരിക്കുന്ന സമയത്ത് വലിയ വായിൽ വർത്തമാനങ്ങൾ പറഞ്ഞുപോയ മറ്റേതൊരു മന്ത്രിയേയും പോലും വിസ്മൃതിയുടെ കോളത്തിൽ മാത്രമേ അങ്ങേയ്ക്കും സ്ഥാനമുണ്ടാകൂ.
വൈറ്റിലയിൽ മേൽപ്പാലം പണിയുന്നതുകൊണ്ടുള്ള റോഡ് ദുരന്തത്തെപ്പറ്റി ഇക്കൂട്ടത്തിൽ മനഃപ്പൂർവ്വം പറയാത്തതാണ് സാർ. ചില പേടിപ്പെടുത്തുന്ന അനുഭവങ്ങൾ മറക്കാനല്ലേ നമ്മളോരോരുത്തരും ശ്രമിക്കുക? അതുകൊണ്ടാണ്.
അങ്ങയുടെ സർക്കാർ ഭരിക്കുന്ന ഇനിയുള്ള മൂന്ന് വർഷങ്ങളിലെങ്കിലും റോഡുകളിലെ പാതാള ഗർത്തങ്ങളിലൂടെയല്ലാതെ മാവേലിയെ വരവേൽക്കാനുള്ള നടപടിയുണ്ടാകുമെന്നും കേരളത്തിലെ റോഡുകൾക്ക് ശാപമോക്ഷം ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയോടെ…
സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പൊഴും)