Monthly Archives: July 2018

പന്തിഭോജനത്തിനെന്താണ് കഴിച്ചത്?


678

ശ്രീനാരായണഗുരുവിനെപ്പറ്റി നൂറിലധികം പുസ്തകങ്ങളുണ്ടെന്നാണ് അറിവ്. അതിലൊരു 20 എണ്ണമെങ്കിലും മനസ്സിരുത്തി വായിച്ചാൽ ഗുരുവിന്റെ ജീവചരിത്രം സ്വന്തം നിലയ്ക്ക്, ലണ്ടനിലെ ഓക്ക്ഫീൽഡ് റോഡിൽ വസിക്കുന്നവർക്കടക്കം ആർക്കുമെഴുതാം, പ്രസിദ്ധീകരിക്കാം.

സഹോദരൻ അയ്യപ്പന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ നിരവധി ജീവചരിത്രങ്ങൾ ലഭ്യമാണ്. മുസ്‌രീസിലൂടെയുള്ള യാത്രയ്ക്കിടയിൽ എന്നെ ഏറെക്കുഴപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് സഹോദരനും കേസരിയും. വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല. എങ്കിലോ യഥാർത്ഥചിത്രം ഇതൊന്നുമല്ല എന്ന തോന്നൽ പലപുസ്തകങ്ങളും നൽകുകയും ചെയ്യുന്നു. പല പ്രമുഖരുടെയും പുസ്തകങ്ങളിൽ ചരിത്രകഥാപാത്രങ്ങളുടെ പേരുകളടക്കം തെറ്റിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പന്തിഭോജനം, മിശ്രഭോജനം എന്നൊക്കെ പലപേരിൽ അറിയപ്പെടുന്ന, 1917 മെയ് 29 ചൊവ്വാഴ്ച്ച നടന്ന ആ സംഭവത്തിന്റെ നൂറാം വാർഷികം കഴിഞ്ഞ വർഷം ആഘോഷിക്കപ്പെടുകയുണ്ടായി. അയ്യപ്പന്റെ നേതൃത്വത്തിൽ ചില ഈഴവന്മാർ പുലയന്റെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചെന്ന് പറയുന്ന ചെറായിയിലെ ആ സ്ഥലം എനിക്ക് നല്ല നിശ്ചയമാണ്. പക്ഷെ ആ സംഭവം എങ്ങനെയാണെന്നതിനെക്കുറിച്ച് കൃത്യമായ സൂചനകൾ ഈ പുസ്തകങ്ങൾ പലതും നൽകുന്നില്ല.

എങ്ങനെയായിരുന്നു മഹത്തായ ആ ചരിത്ര സംഭവം ? എല്ലാവരും നിരന്നിരുന്നോ വളഞ്ഞിരുന്നോ സദ്യ വാരിക്കഴിക്കുകയായിരുന്നോ ? അതോ എല്ലാവരും ഒരേ ഇലയിൽ നിന്ന് ഉണ്ണുകയായിരുന്നോ ? എന്താണ് അന്ന് എല്ലാവരും കഴിച്ചത് ? ഒരു ഡോക്യുമെന്ററി ഉണ്ടാക്കണമെങ്കിൽ അതെങ്ങനെ കൃത്യമായി ചിത്രീകരിക്കാനാവും ?

ഒരുപാട് നാളുകളായി നടത്തിപ്പോന്ന ആ അന്വേഷണം ചെന്നവസാനിച്ചത് ഇരട്ടവാലന്റെ കടന്നാക്രമണം അതിരൂക്ഷമായതുമൂലം നശിപ്പിക്കപ്പെട്ട, സി.കെ.ഗംഗാധരൻ എഴുതി കേരള ഹിസ്റ്ററി അസോസിയേഷൻ 1984 മാർച്ചിൽ പ്രസിദ്ധീകരിച്ച, 180 പേജും 16 രൂപയും വിലയുള്ള സഹോദരൻ അയ്യപ്പൻ(നവകേരളശിൽ‌പ്പികൾ) എന്ന ഗ്രന്ഥത്തിലാണ്. അന്ന് പന്തിഭോജനത്തിൽ പങ്കെടുത്തിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പെരുമന കോരു വൈദ്യരുടെ മുഖദാവിൽ നിന്ന് കേട്ട കാര്യങ്ങളാണ് പുസ്തകത്തിൽ പകർത്തിയിരിക്കുന്നതെന്ന്,  കോരുവൈദ്യരോട് ഇതേപ്പറ്റി നേരിട്ട് സംസാരിച്ചിട്ടുള്ള, ഇന്നത്തെ പഴയ തലമുറക്കാരായ പൂയപ്പിള്ളി തങ്കപ്പൻ മാഷിനെപ്പോലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

സംഭവം എപ്രകാരമായിരുന്നെന്ന്, പുസ്തകത്തിലെ, ‘വിപ്ലവം അരങ്ങേറുന്നു‘ എന്ന നാലാമത്തെ അദ്ധ്യായത്തിലെ 28-)ം പേജിലെ ചില വരികൾ സാക്ഷ്യപ്പെടുത്തുന്നു.

മീറ്റിങ്ങിന്റെ സമാപനത്തിൽ അയ്യപ്പൻ ഇങ്ങനെ അറിയിച്ചു.

“ഞങ്ങളിൽ ചിലർ പുലയനുമൊത്ത് ഭക്ഷണം കഴിക്കാൻ തയ്യാറായിട്ടുണ്ട്. ആർക്കെങ്കിലും അതിൽ പങ്കുചേരണമെന്നുണ്ടെങ്കിൽ അറിയിക്കണം.” തൽക്ഷണം തന്നെ മാണിവേലിൽ കുഞ്ചു നെഞ്ചത്തടിച്ചു പ്രഖ്യാപിച്ചു. “ ഞാൻ തയ്യാർ.” പലരും അതാവർത്തിച്ചു. കേളപ്പൻ ആശാനും കൂട്ടരും പൂർണ്ണസമ്മതം നൽകി. കുറെപ്പേർ വിസമ്മതം പ്രകടിപ്പിച്ചു പിരിഞ്ഞുപോയി. അവരിൽ യോഗാദ്ധ്യക്ഷനും (മറ്റപ്പള്ളി കണ്ണു കുമാരൻ) പെടും.

ചക്കക്കുരുവും കടലയും ചേർന്ന മെഴുക്കുപുരട്ടിയും ചോറും മാത്രമായിരുന്നു വിഭവം. പള്ളിപ്പുറത്ത് കോരശ്ശേരി വീട്ടിൽ അയ്യര് എന്ന പുലയനാണ് വിളമ്പിയത്. അയാളെ കാലേകൂട്ടി ഏർപ്പാടു ചെയ്തിരുന്നു. അയ്യപ്പന്റെ ബോർഡി ഗാർഡുകളായ കേളനും കണ്ടച്ചനും പുലച്ചാളയിൽ ചെന്ന് ‘വിശിഷ്ടാതിഥിയെ’ ക്ഷണിച്ചുകൊണ്ടു വരികയാണുണ്ടായത്. അയ്യരുപുലയൻ തന്റെ മകനുമൊരുമിച്ചാണ് പുറപ്പെട്ടത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ ഭക്ഷണത്തിനു തയ്യാറായതിനാൽ അൽ‌പ്പാൽ‌പ്പമേ വിളമ്പാനൊത്തുള്ളൂ. പന്തിയുടെ മദ്ധ്യഭാഗത്തുള്ള ഇലയിൽ അയ്യരുടെ മകൻ കണ്ണനെ ഇരുത്തി. ആ കുട്ടി ചോറും കറിയും ചേർത്തു കുഴച്ചപ്പോഴേക്കും മറ്റുള്ളവർ അതിൽ നിന്ന് കുറേശ്ശേ എടുത്തു സ്വാദുനോക്കി. ഇതാണ് ചരിത്രപ്രസിദ്ധമായ മിശ്രഭോജനം. ഇതിൽ പങ്കെടുത്തവരെ സഹോദരസംഘക്കാർ എന്ന് പറയുന്നു. അന്നുമുതലാണ് കെ.അയ്യപ്പൻ ‘സഹോദര‘നായത്.

എനിക്കാ ചിത്രം ഇപ്പോൾ പൂർണ്ണമാണ്. എല്ലാവരും വിസ്തരിച്ചിരുന്ന് സദ്യയൊന്നും കഴിച്ചിട്ടില്ല. ചക്കക്കുരുവും കടലയും ചേർത്ത തോരനും ചോറും ഒന്ന് സ്വാദ് നോക്കാനുള്ളതിൽക്കൂടുതൽ ഉണ്ടായിരുന്നുമില്ല. പക്ഷെ, നഞ്ചെന്തിനാ നാനാഴി? അതുണ്ടാക്കിയ പുകിലുകൾ, ക്ഷതങ്ങൾ, മാറ്റങ്ങൾ, വിപ്ലവം…; അതാണ്. അതിനെയാണ് നമിക്കേണ്ടത്.

വാൽക്കഷണം:- പുസ്തകങ്ങൾ ഔട്ട് ഓഫ് പ്രിന്റ് ആയെന്നിരിക്കാം. ഉള്ള പുസ്തകങ്ങളിൽ ഇരട്ടവാലൻ വെട്ടിയെന്നുമിരിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ കേറി വെട്ടാൻ എത്ര വാലുള്ളവനും പറ്റില്ലല്ലോ. അതുകൊണ്ട്, ഏറെ പരതിക്കിട്ടിയ ഈ ചരിത്രത്തുണ്ട് ഇവിടെ കുറിച്ചിടുന്നു.