Monthly Archives: July 2018

വാർത്തേം കമന്റും – (പരമ്പര 57)


57

വാർത്ത 1:- കേരളം പഴയ കേരളമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ.
കമന്റ് 1:- അദ്ദേഹം ആലങ്കാരികമായി ഒരു സിനിമാ ഡയലോഗ് പറഞ്ഞെന്ന് വെച്ച് അടുത്ത വണ്ടി പിടിച്ച് ആരും ഇങ്ങോട്ട് കേറല്ലേ; പണി പാളും.

വാർത്ത 2:- ബാലപീഡനം മറച്ചുവെച്ചു: ഓസ്‌ട്രേലിയയില്‍ ആര്‍ച്ച് ബിഷപ്പിന് തടവ് ശിക്ഷ.
കമന്റ് 2:- ആർച്ച് ബിഷപ്പുമാർ എല്ലാ രാജ്യത്തും പ്രശ്നക്കാരാണോ ?

വാർത്ത 3:- പശുപരിപാലന കേന്ദ്രം നടത്തിയ സ്ത്രീയ്‌ക്കെതിരെ വധഭീഷണി.
കമന്റ് 3:‌- പശുവിനെ കൊന്നാലും പരിപാലിച്ചാലും കുഴപ്പമാണോ ?

വാർത്ത 4:- അര്‍ഹതയില്ലാത്തവരെ സഹായിച്ചതിന്റെ ദോഷഫലങ്ങള്‍ അച്ഛന്‍ അനുഭവിച്ചെന്ന് പത്മജ വേണുഗോപാൽ.
കമന്റ് 4:- പറഞ്ഞുവരുന്നത് ചേട്ടന്റെ കാര്യമാണോ അതോ സ്വന്തം കാര്യമോ ?

വാർത്ത 5:- താൻ മർദ്ദിച്ച പൊലീസ് ഡ്രൈവർ ഗവാസ്‌കറോട് മാപ്പ് പറയാന്‍ തയാറെന്ന് എ.ഡി.ജി.പി.യുടെ മകള്‍.
കമന്റ് 5:- കള്ളക്കേസ് മുതൽ അധികാര ദുർവ്വിനിയോഗം വരെയുള്ള പതിനെട്ട് അടവുകളും പാഴായെന്ന് കണ്ടപ്പോൾ പൂഴിക്കടകൻ.

വാർത്ത 6 :- ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്താന് ചൈന വക ചാര ഉപഗ്രഹം.
കമന്റ് 6:- ആർട്ടിസ്റ്റ് ബേബി ഇത്രയ്ക്ക് ചീപ്പായിരുന്നോ ?

വാർത്ത 7:- നടിയെ മാനസികമായി പീഢിപ്പിച്ചതിനും മോശമായി പെരുമാറിയതിനും ‘ഉപ്പും മുളകും‘ സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു.
കമന്റ് 7:- ഇപ്പോൾ എരിവും പുളീം കൂടെ കൃത്യമായി.

വാർത്ത 8:- എം.എൽ.എ.യുടെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസറാക്കാൻ സർവകലാശാല വിജ്ഞാപനം തിരുത്തി.
കമന്റ് 8:- സ്വജനനിയമനങ്ങൾക്കായി വേണമെന്ന് വെച്ചാൽ വൈസ് ചാൻസലറെ മാറ്റും, പിന്നല്ലേ ഒരു വിജ്ഞാപനം.

വാർത്ത 9:- ശ്രീരാമനുപോലും ബലാത്സംഗം തടയാനാകില്ലെന്ന് ബി.ജെ.പി. എം.എൽ.എ. സുരേന്ദ്ര സിങ്ങ്.
കമനറ്റ് 9:- ഇത്രയ്ക്ക് ദുർബ്ബലനായ ഒരു ദൈവത്തിന് അമ്പലം പണിയാൻ വേണ്ടിയുള്ള മുറവിളികൾ എവിടെവരെയായി ?

വാർത്ത 10:- മുംബൈയില്‍ ജനജീവിതം താറുമാറാക്കി കനത്ത മഴ നാലാം ദിവസവും തുടരുന്നു.
കമന്റ് 10:-  എത്രയും പെട്ടെന്ന് തവളകളുടെ വിവാഹമോചനം നടത്തി മഴ നിയന്ത്രിക്കേണ്ടതാണ്.