Monthly Archives: October 2018

ചരിത്രത്തിലേക്ക് സൈക്കിളോടിച്ച് മൂന്ന് പേർ


രു (ഇടത്തരം) സൈക്കിളോട്ടക്കാരൻ എന്ന നിലയ്ക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണിന്ന്. കൂടെ സൈക്കിളോടിക്കുന്നവരിൽ പലരും നേട്ടങ്ങൾ കൊയ്യുമ്പോൾ, റെക്കോഡുകളിലേക്കും ചരിത്രത്തിലേക്കും സൈക്കിളോടിച്ച് കയറുമ്പോൾ എത്ര സന്തോഷിച്ചാലാണ് മതിവരുക ?!

മുഖവുര നീട്ടാതെ വിഷയത്തിലേക്ക് കടക്കാം. ചിത്രത്തിലുള്ള മൂന്ന് സൈക്കിളിസ്റ്റ് സുഹൃത്തുക്കളെപ്പറ്റിയാണ് പറയാനുള്ളത്. അവരുടെ നേട്ടങ്ങൾ വിശദമാക്കാം.

zz

പ്രിയ സുരേന്ദ്രൻ:- മലയാളിയായ ആദ്യ SR വനിതയാണ് പ്രിയ. ഇന്ന് രാവിലെ 400 കിലോമീറ്റർ ദൈർഘ്യം നിശ്ചിതസമയമായ 27 മണിക്കൂറിനുള്ളിൽ പിന്നിട്ടതോടെയാണ് ആ നേട്ടം പ്രിയ കരസ്ഥമാക്കിയത്. (SR എന്നു വെച്ചാൽ Super Randonneur (സൂപ്പർ റാണ്ടോന്നർ). ഒരു സൈക്കിളിങ്ങ് സീസണിൽ (Nov-Oct) 200 കിമീ, 300 കിമീ, 400 കിമീ, 600 കിമീ എന്നീ ദൂരങ്ങൾ, യഥാക്രമം 13.5, 20, 27, 40 മണിക്കൂറുകളിൽ സൈക്കിൾ ചവിട്ടി പൂർത്തിയാക്കുന്നവർക്ക് ഫ്രാൻസിലെ Audax Club Parisien നൽകുന്ന ബഹുമതിയാണിത്. ഇത്തരം ഇവന്റുകളെ BRM (Brevets Randonneures Mondiaux) അഥവാ Brevet എന്ന് വിളിക്കുന്നു. Audax ന്റെ ഇടനിലക്കാരായി നിന്ന് ഇന്ത്യയിൽ ഇതെല്ലാം സംഘടിപ്പിക്കുന്നത് AIR(Audax India Randonnerurs) ആണ്. ഈ പട്ടം കരസ്ഥമാക്കിയാൽ വിദേശത്ത് നടക്കുന്ന സൈക്കിൾ ഇവന്റുകളിൽ പങ്കെടുക്കാനുള്ള യോഗ്യതയായി.) കൊച്ചിയിൽ കഴിഞ്ഞ രണ്ട് വർഷമായി കഴിയുന്ന മഹാരാഷ്ട്രക്കാരിയായ പ്രിയ പവാർ ഈ നേട്ടം മുന്നേ കൈവരിച്ചിട്ടുണ്ടെങ്കിലും മലയാളിയായ ഒരു വനിത ഈ അഭിമാനനേട്ടം കൈവരിക്കുന്നത് ആദ്യമായാണ്.

രാജേഷ് :- പ്രിയ സുരേന്ദ്രന്റെ ഭർത്താവാണ് രാജേഷ്.ഈ വർഷത്തിന്റെ തുടക്കത്തിൽത്തന്നെ രാജേഷും SR പദവി നേടിയിട്ടുണ്ട്. അങ്ങനെ നോക്കിയാൽ കേരളത്തിലെ ആദ്യത്തെ SR ദമ്പതികൾ എന്ന നേട്ടം കൈവരിച്ചിരിക്കുന്നത് പ്രിയയും രാജേഷുമാണ്. കൊച്ചിൻ ബൈക്കേർസ് ക്ലബ്ബിലെ അംഗങ്ങളാണ് പ്രിയയും രാജേഷും.

ഗാലിൻ എബ്രഹാം :- പറവൂർ ബൈക്കേർസ് ക്ലബ്ബിലെ അംഗമായ ഗാലിനെപ്പറ്റി പറയണമെങ്കിൽ കൂടുതൽ വരികൾ ഉപയോഗിക്കാതെ തരമില്ല. ഇന്ന് രാവിലെ 400 കിമീ ബ്രിവേ ഫിനിഷ് ചെയ്തപ്പോൾ, ഈ സീസണിൽ മാത്രം ഗാലിൻ നേടിയിരിക്കുന്നത് ഒന്നും രണ്ടും അല്ല, ആറ് SR പട്ടങ്ങളാണ്. ഒറ്റ സീസണിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യമലയാളിയാണ് ഗാലിൻ. ദേശീയതലത്തിൽ ഏഴ് SR പട്ടങ്ങൾ കൈവരിച്ചിട്ടുള്ളവർ വേറെയുണ്ടെങ്കിലും endurance അഥവാ സഹനശക്തിയുടെ കാര്യത്തിൽ അവരേക്കാ‍ളൊക്കെ ഏറെ മുന്നിൽക്കടന്ന് ഇന്ത്യയിലെ തന്നെ ഒന്നാനിര റൈഡറായിത്തീർന്നിരിക്കുകയാണ് ഗാലിൻ. ഗാലിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മൂന്ന് 1000 കി.മീ. ബ്രിവേയും, ഡൽഹി-നേപ്പാൾ-ഡൽഹി എന്ന ഒരു 1400 കി.മീ.ബ്രിവേയും ഉൾപ്പെടുന്നു. അത്രയും നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവർ ഇന്ത്യയിൽ മറ്റാരുമില്ലതന്നെ. പറവൂർ ബൈക്കേർസ് അംഗങ്ങൾ സ്നേഹപൂർവ്വം അദ്ദേഹത്തെ ‘ഗുലാൻ’ എന്ന് വിളിക്കുന്നത്, ചീട്ടുകുത്തിലെ ഗുലാൻ എന്നപോലെ സൈക്കിളിങ്ങിൽ ഗാലിന്റെ സ്ഥാനവും ഗുലാൻ ആയതുകൊണ്ട് തന്നെയാണ്. അടുത്ത മാസം ബാംഗ്ലൂർ നടക്കുന്ന നോൺ സ്റ്റോപ്പ് SR ഇവന്റും ഓസ്ട്രേലിയലിൽ നടക്കുന്ന 4000 കി.മി. റൈഡുമാണ് ഗാലിന്റെ സ്വപ്നങ്ങൾ. കൂടാതെ ഈ മാസം 19ന് ഉത്തർപ്രദേശിലെ നോയ്ഡയിൽ നടക്കുന്ന 1400 കി,മീ.ബ്രിവേയിലും ഗാലിൻ പങ്കെടുക്കുന്നു. ഇതെല്ലാം
യാഥാർത്ഥ്യമാക്കാൻ ഗാലിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് ഉറപ്പുള്ള കാര്യമാണ്. ആ നേട്ടങ്ങൾ കൂടെ ഗാലിന്റെ തൊപ്പിയിലെ പൊൻതൂ‍വലുകളാകട്ടെ എന്നാശംസിക്കുന്നു.

22

ഡോളുകൾ മുഴക്കി പൊന്നാട പുതപ്പിച്ച് കിരീടം ചൂടിപ്പിച്ച് ഉപഹാരങ്ങൾ സമർപ്പിച്ച് സൈക്കിളിസ്റ്റുകൾ ഇന്ന് രാവിലെ കലൂരിലെ ബൈക്കേർസ് ക്ലബ്ബിൽ ഈ മൂവരുടേയും 400 കിമീ ബ്രിവേ ഫിനിഷിങ്ങ് ആഘോഷമാക്കി. ഈ നേട്ടങ്ങൾക്കെല്ലാം സൈക്കിളിസ്റ്റുകളെ പാകപ്പെടുത്താൻ സഹായിച്ചുകൊണ്ടേയിരിക്കുന്ന കൊച്ചിൻ ബൈക്കേർസ് ക്ലബ്ബിനും  പറവൂർ ബൈക്കേർസ് ക്ലബ്ബിനും സഹറൈഡർമാർക്കും അഭിമാനിക്കാൻ പോന്ന നേട്ടങ്ങളാണിത്.

ചരിത്രത്തിലേക്ക് സൈക്കിളോടിച്ച് കയറിയ ഈ മൂന്ന് റൈഡർ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!

വാൽക്കഷണം:‌- 100 ദിവസം സൈക്കിൾ ചാലഞ്ചിന്റെ രണ്ടാമത്തെ സീസൺ വിജയകരമായി 30 ദിവസം പിന്നിട്ടിരിക്കുന്നു. ഇതുവരെ ചവിട്ടിത്തള്ളിയത് 431 കി.മീറ്ററുകൾ മാത്രം.