Monthly Archives: January 2019

8നും 9നും ഹർത്താൽ അല്ല, പണിമുടക്ക് മാത്രം


20190106_093531

ല്ലാ വർഷവും ജനുവരിയിൽ രണ്ട് ദിവസം ദേശീയാടിസ്ഥാനത്തിൽ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികളുടെ ഒരു ആചാരമായി മാറിയിരിക്കുകയാണ്. ഇക്കൊല്ലം 8,9 തീയതികളിലാണ് മേൽ‌പ്പറഞ്ഞ ആചാരം നടപ്പിലാക്കാൻ പോകുന്നത്. രസകരമായ കാര്യം എന്താണെന്ന് വച്ചാൽ, ഈ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താൽ ആയി മാറുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ യാതൊരു ചലനവും സൃഷ്ടിക്കാറില്ല. അവർ അങ്ങനെയൊന്ന് ഉണ്ടെന്ന് പോലും അറിയാതെ സാധാരണജീവിതം നയിച്ച് മുന്നോട്ട് പോകും.

എന്തായാലും ശബരിമല വിഷയത്തിൽ 7 ഹർത്താലുകൾ നടത്തി കേരളത്തെ പരമാവധി ബുദ്ധിമുട്ടിച്ച സംഘപരിവാറുകാർക്കെതിരെയും കഴിഞ്ഞ വർഷം 98 ഹർത്താലുകൾ നടത്തി ജനജീവിതം ദുസ്സഹമാക്കിയ മുഴുവൻ ഹർത്താൽ പ്രേമികൾക്കെതിരെയും നിത്യജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി വ്യാപാരികളും സിനിമാക്കാരും ഡോൿടർമാരും സ്ക്കൂളുകളും സമുദ്രോൽ‌പ്പന്ന വ്യാപാരികളും ടൂറിസം രംഗത്തുള്ളവരും മുത്തൂറ്റിനെപ്പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളും പൊതുജനങ്ങളുമെല്ലാം സംഘടിച്ചിരിക്കുകയാണ്. ഇനി ഹർത്താലുകളെ അനുകൂലിക്കില്ല എന്ന ഉറച്ച ശബ്ദം കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്ന് കഴിഞ്ഞിരിക്കുന്നു.

ഈ അവസരത്തിൽ, 2019 ജനുവരി 8,9 തീയതികളിൽ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്ന പണിമുടക്ക് ഹർത്താലായി മാറിയാൽ അത് തങ്ങൾക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്ന് മനസ്സിലാക്കിയിട്ടാകണം പണിമുടക്കിന് ആഹ്വാനം ചെയ്തവർ ചില കാര്യങ്ങൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. അത് അക്കമിട്ട് നിരത്താം.

1. നിർബന്ധിച്ച് കടയടപ്പിക്കില്ല.
2. കടകൾ നശിപ്പിക്കില്ല.
3. വാഹനങ്ങൾ തടയില്ല.
4. സ്വകാര്യവാഹങ്ങളെ ആക്രമിക്കില്ല.
5. തീവണ്ടി തടയില്ല.
6. പ്രകോപനമോ അക്രമമോ ഉണ്ടാക്കില്ല.
7. ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ല.
8. ഒരുവിധ ബലപ്രയോഗവും ഒരിടത്തും ഉണ്ടാകില്ല.
9. വിനോദാസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
10. സഞ്ചാരികളെ തടയില്ല.
11. സഞ്ചാരികൾക്ക് പ്രയാസമുണ്ടാകുന്ന ഒന്നും ഉണ്ടാക്കില്ല.

ട്രേഡ് യൂണിയൻ നേതാക്കളും ഇടതുപക്ഷ നേതാക്കന്മാരായ ഇളമരം കരീമും കൊടിയേരി ബാലകൃഷ്ണനും ചന്ദ്രൻ പിള്ളയുമൊക്കെ അറിയിച്ചിട്ടുള്ള കാര്യങ്ങളാണിത്.

564

 

ഇന്ന് അർദ്ധരാത്രി മുതൽ 48 മണിക്കൂർ നേരത്തേക്ക് നടക്കാൻ പോകുന്നത് ഹർത്താൽ അല്ല. പണിമുടക്ക് മാത്രമാണ്. പണിമുടക്കാതെ മുന്നോട്ട് പോകുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അക്കമിട്ട് പറഞ്ഞുകൊണ്ടുള്ള ഒരു പണിമുടക്ക്.

ഇത് രാഷ്ട്രീയ പാർട്ടികളുടെ ഒരു തന്ത്രം മാത്രമാണെന്നും മേൽ‌പ്പറഞ്ഞതെല്ലാം അവർ ചെയ്യുമെന്നും വിശ്വസിക്കുന്ന ഒരു കൂട്ടം ജനങ്ങൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. അവരങ്ങനെ പറയുന്നത് ഒരു ഊഹമായിട്ടാകാം. പക്ഷെ അപ്പറയുന്നതിനോട് യോജിക്കാൻ പോന്ന കാരണങ്ങൾ ധാരാളമുണ്ട്. തങ്ങൾ ആഹ്വാനം ചെയ്യുന്ന ഏത് സമറ്റമാർഗ്ഗവും പൊളിഞ്ഞാൽ അത് നാണക്കേടായി കണക്കാക്കുന്നവരാണ് പാർട്ടിക്കാർ. ആയതിനാൽ പണിമുടക്ക് വിജയിപ്പിക്കാൻ പിന്നാമ്പുറത്ത് ചെയ്യാവുന്നതെല്ലാം അവർ ചെയ്യുന്നുണ്ട്. കടകളായ കടകളിൽ എല്ലാം കയറിയിറങ്ങി അന്നേ ദിവസം അടച്ചിടണമെന്ന് അവർ അഭ്യർത്ഥിക്കുന്നുണ്ട്. തീവണ്ടി തടയില്ലെന്ന് പറയുമ്പോളും തീവണ്ടി യാത്ര ഒഴിവാക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നുണ്ട്. അത് വൈദുദ്ധ്യമല്ലേ ? ഭയമുള്ളവർക്ക് അത് ധാരാളം മതി കടകൾ തുറക്കാതിരിക്കാൻ. പക്ഷെ ആ ചെയ്യുന്നതിനപ്പുറം ഒരു ബലപ്രയോഗം പണിമുടക്കുകാർ നടത്തില്ലെന്നും പറഞ്ഞ വാക്ക് പാലിക്കുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു.

നാളത്തെ പണിമുടക്ക് കേരളത്തിൽ വഴിത്തിരിവാകാൻ പോകുന്ന ഒന്നാണ്. ജനുവരി 3ന്റെ ഹർത്താലിന് ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തന്നെയാണ് വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്. വ്യാപാരികൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടായ കോഴിക്കോട് മിഠായിത്തെരുവിൽ‌പ്പോലും കടകൾ തുറന്ന് പ്രവർത്തിക്കാനാണ് അവരുടെ തീരുമാനം.

99

48 മണിക്കൂറാണ് പണിമുടക്ക്. ആദ്യദിവസം കടകൾ തുറക്കുകയും അതിനെതിരെ ആക്രമണങ്ങൾ ഒന്നും ഉണ്ടാകുകയും ചെയ്തില്ലെങ്കിൽ രണ്ടാം ദിവസം കൂടുതൽ കടകൾ തുറക്കുക തന്നെ ചെയ്യും. വിറളി പിടിച്ച പണിമുടക്കുകാർ അപ്പോൾ വാക്ക് മാറ്റരുത്. അക്രമം അഴിച്ച് വിടരുത്. അങ്ങനെ ചെയ്താൽ പിന്നെ കേരളത്തിൽ ഒരു നവോത്ഥാനവും നടക്കാൻ പോകുന്നില്ല. സമ്പൂർണ്ണ സാക്ഷരരുള്ള ഇരുളടഞ്ഞ ഒരു സംസ്ഥാനമായി കേരളം മുദ്രകുത്തപ്പെടും. ഇപ്പോൾത്തന്നെ ഇംഗ്ലണ്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ശ്രദ്ധിക്കണമെന്ന് അന്നാട്ടിലെ ഭരണകൂടം അറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. എന്തൊരു നാണക്കേടാണിതെന്ന് ആലോചിക്കൂ. മറ്റുള്ളവരെ നിർബന്ധിച്ചും അടിച്ചേൽ‌പ്പിച്ചും അക്രമിച്ചുമുള്ള സമരമുറകൾ എന്തുകൊണ്ട് പാർട്ടിക്കാർക്ക് അവസാനിപ്പിക്കാൻ കഴിയുന്നില്ല. എന്തായാലും നാളെ അതിന് കഴിയണം. ഇല്ലെങ്കിൽ‌പ്പിന്നെ കേരളമില്ല.

ആരു പണിമുടക്ക് പ്രഖ്യാപിച്ചാലും കടകൾ തുറക്കുന്നവർക്കും ജോലിക്ക് പോകുന്നവർക്കും സമ്പൂർണ്ണ സുരക്ഷിതത്വം പൊലീസ് തരുമെന്ന് പ്രഖ്യാപനമുണ്ട്. അത് മുഖവിലയ്ക്കെടുക്കുകയെങ്കിലും ചെയ്യുക. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഇനിയൊരിക്കലും അത് ചെയ്യേണ്ടി വരില്ല.

ഇനി തീരുമാനിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതും ജനങ്ങൾ ഓരോരുത്തരുമാണ്. നിങ്ങൾക്കിപ്പോളും അടച്ചുപൂട്ടി വീട്ടിലിരിക്കാനാണ് താൽ‌പ്പര്യമെങ്കിൽ (അത് ഭയത്തിന്റെ പേരിലായാലും പണിയെടുക്കാതെ തിന്നാനുള്ള ആഗ്രഹത്തിന്റെ പേരിലായാലും) നിങ്ങളത് തുടരുക. അതല്ല, കേരളത്തിന്റെ ഇന്നത്തെ നിലയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് സാധിച്ചെടുക്കാനുള്ള അവസരം നിങ്ങളുടെ കൈയിൽ എത്തിയിരിക്കുകയാണ്. ആലോചിച്ച് മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കുക, പ്രാവർത്തികമാക്കുക.