Monthly Archives: February 2019

അമിത് ഷാ കേരളത്തിൽ വർഗ്ഗീയവിഷം തൂവരുത്


66

മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്ത് സുപ്രീം കോടതിവിധി നടപ്പിലാക്കാത്തതെന്ത് എന്നാണ് ബി.ജെ.പി.അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് പാലക്കാട് വന്ന് പ്രസംഗിച്ചപ്പോൾ കേരള സർക്കാരിനോട് ചോദിച്ച് പോയിരിക്കുന്നത്.

അമിത് ഷായെപ്പോലുള്ള നേതാക്കന്മാർ എത്ര കൊടിയ വർഗ്ഗീയ വിഷമാണ് കേരളമണ്ണിൽ തൂവിയിട്ട് പോകുന്നതെന്ന് അടിവരയിട്ട് കാണിക്കുന്ന ഒരു ഉത്തമ ഉദാഹരമാണ് ഈ സംഭവം.

കേരളസംസ്ഥാനത്തിലെ കാര്യം മാത്രം തൽക്കാലം ചർച്ച ചെയ്യാം. മറ്റ് സംസ്ഥാനങ്ങളിലെ കാര്യം കൃത്യമായി അറിയില്ല. അമിത് ഷാ പറഞ്ഞ് പോയിരിക്കുന്നതും കേരളത്തിലെ കാര്യമാണല്ലോ ?.

കേരളത്തിൽ മുസ്ലീം പള്ളികളിൽ മാത്രമാണോ കോളാമ്പികൾ എന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്ന ഉച്ചഭാഷിണികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ? ഹൈന്ദവ ക്ഷേത്രങ്ങളിലും ക്രൈസ്തവദേവാലയങ്ങളിലും കോളാമ്പികൾ വ്യാപകമായി ഉപയോഗിക്കുന്നില്ലേ ? വോട്ട് ബാങ്കിൽ മണ്ണ് വാരിയിടാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ഇടതൻ ഭരിച്ചാലും വലതൻ ഭരിച്ചാലും ഈ ദേവാലയങ്ങൾക്കൊന്നും എതിരെ നടപടി എടുക്കാതെ സുപ്രീം കോടതിവിധി പാലിക്കപ്പെടാതെ പോയ്ക്കൊണ്ടിരിക്കുന്നു. അമിത് ഷായും കൂട്ടരും സ്വപ്നം കാണുന്നത് പോലെ കേരളം മൊത്തം ചെളിക്കുണ്ടാക്കി അതിൽ മുഴുവൻ താമര വിരിയിച്ചെടുത്ത് കഴിഞ്ഞാൽ, നിങ്ങൾക്ക് പോലും ഈ കോളാമ്പികൾ ഒരൊറ്റ ദേവാലയങ്ങളിൽ നിന്നും നീക്കം ചെയ്യാനാവില്ല. ഏറ്റവും കുറഞ്ഞത് നിങ്ങളുടെ സ്വന്തം ഹൈന്ദവക്ഷേത്രത്തിൽ ഒന്നിൽ നിന്ന് പോലും ഇത് നീക്കം ചെയ്യാനാവില്ല.

അമിത് ഷാ കേട്ടോളൂ. ഇതൊക്കെ കൃത്യമായി അറിയാവുന്നവരാണ് കേരളത്തിലെ ജനങ്ങൾ. കാര്യം ഞങ്ങൾ പരസ്പരം കളിയാക്കി ‘ചമ്പൂർണ്ണ ചാച്ചര‘ കേരളം എന്നൊക്കെ പറയാറുണ്ടെങ്കിലും ഞങ്ങൾ സമ്പൂർണ്ണ സാക്ഷരർ തന്നെയാണ്. ആയതിനാൽ വടക്കേ ഇന്ത്യയിലെ അരപ്പട്ടിണിക്കാരും സ്ക്കൂളിന്റെ പടി കണ്ടിട്ടില്ലാത്തവരുമായ അയ്യോ പാവങ്ങൾക്കിടയിൽ ഇറക്കുന്ന വർഗ്ഗീയ വിഷം കേരളമണ്ണിലിറക്കി വോട്ടുപിടിക്കാമെന്ന് അമിത് ഷായും കൂട്ടരും കിനാശ്ശേരികൾ സ്വപ്നം കാണരുത്. നിങ്ങളുടെ കൂട്ടത്തിലുള്ള മലയാളി ബി.ജെ.പിക്കാർ പോലും നിങ്ങളെ തള്ളിപ്പറഞ്ഞെന്ന് വരും. കേരള ബി.ജെ.പി.ക്കാരോട് ഒരപേക്ഷയുള്ളതും ഇതുതന്നെയാണ്. ഇമ്മാതിരി അമിട്ടുകൾ ഇവിടെ കൊണ്ടുവന്ന് പൊട്ടിക്കാമെന്ന് വ്യാമോഹിക്കുന്ന നിങ്ങളുടെ വിവരം കെട്ട വർഗ്ഗീയ നേതാക്കന്മാർ, ആവോളം മൈക്ക് വൃത്തികേടാക്കിയുള്ള പ്രസംഗം നിർത്തിക്കഴിയുമ്പോൾ മയത്തിൽ അടുത്ത് വിളിച്ച് അതുവരെ പറഞ്ഞ മണ്ടത്തരങ്ങളൊക്കെ തിരുത്തിക്കൊടുക്കാൻ സന്മനസ്സ് കാണിക്കുക. ഇതുപോലുള്ള കുത്തിത്തിരുപ്പുകൾ ഇറക്കാൻ വേണ്ടി മാത്രം ചീക്ക മേദസ്സുമായി കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനം കയറുന്ന നേതാക്കന്മാരുടെ പൃഷ്ടം വല്ലാണ്ടങ്ങോട്ട് താങ്ങിക്കൊടുക്കാൻ നിന്നാൽ, നിലവിൽ നിങ്ങളുടെ വോട്ടുപെട്ടിയിലുള്ള വോട്ട് പോലും ഇല്ലാതാകുമെന്ന് മനസ്സിലാക്കുക, അതിനനുസരിച്ച് പ്രവർത്തിക്കുക. വർഗ്ഗീയ വിഷം ഇവിടെ തൂവിയാലും തൂത്തെറിയപ്പെടുമെന്ന് ഇതുപോലുള്ള നേതാക്കന്മാരെ ബോദ്ധ്യപ്പെടുത്തി മടക്കി അയക്കുക.

ഒരു കാര്യം കൂടെ അമിത് ഷാ അറിഞ്ഞിരുന്നാൽ നന്ന്. കേരളത്തിൽ ഈരാട്ടുപേട്ടയിലെ മുസ്ലീം ദേവാലയങ്ങളിലാണ് (45 മഹല്ലുകളിൽ) ഉച്ചഭാഷിണികൾക്കെതിരായി അൽ‌പ്പമെങ്കിലും ആശ്വാസകരമായ നടപടി ഉണ്ടായിട്ടുണ്ട്. അവിടെ ബാങ്ക് വിളിക്കാൻ മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കൂ എന്ന് 2017 ഏപ്രിൽ മാസത്തിൽ അവർ തീരുമാനമെടുത്തിട്ടുണ്ട്. മതപ്രഭാഷണങ്ങൾ ഉച്ചഭാഷിണിയിലൂടെ നടത്തില്ല എന്നായിരുന്നു അവരുടെ തീരുമാനം. കേരളത്തിൽ മറ്റൊരു മതവിഭാഗക്കാരും അവരുടെ പ്രാർത്ഥനാലയങ്ങളിൽ ഉച്ചഭാഷിണികളുടെ ശല്യം അൽ‌പ്പമെങ്കിലും കുറയ്ക്കുന്ന അത്തരമൊരു തീരുമാനം എടുത്തതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല.

അമിത് ഷായെപ്പോലുള്ള ഇത്തരം കൊടിയ വർഗ്ഗീ‍യവാദികൾക്ക് മുസ്ലീം സമുദായക്കാർ മറുപടി കൊടുക്കേണ്ടത്. ഈരാട്ടുപേട്ടയിലെ മസ്ജിദിന്റെ നീക്കത്തേക്കാൾ ഒരുപടി മുന്നിൽ കടക്കുകൊണ്ടായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. ബാങ്ക് കൊടുക്കാൻ പോലും കോളാമ്പി ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്. പഴയകാലത്ത് പ്രാർത്ഥനാ സമയം വിശ്വാസികളെ അറിയിക്കാൻ വേണ്ടി ചെയ്തിരുന്ന ഒരു സമ്പ്രദായമല്ലേ ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്ക്. ഇന്നെല്ലാവർക്കും വാച്ചുകളില്ലേ ? എല്ലാവരുടെ കൈയ്യിലും സ്മാർട്ട് ഫോണുകളില്ലേ ? ഒരു വർഷത്തെ മുഴുവൻ ദിവസങ്ങളിലേയും നിസ്ക്കാര സമയങ്ങൾ തയ്യാറാക്കണമെങ്കിൽ അതിനുതകുന്ന സാങ്കേതിക വിദ്യ കൈവശമില്ലേ ? ആപ്പുകളുടെ കാലമല്ലേ ഇത് ? അത്തരത്തിൽ ഒരു ആപ്പ് ഉണ്ടാക്കി അമിത് ഷായെപ്പോലുള്ളവരുടെ അണ്ണാക്കിൽ അടിച്ച് കേറ്റിക്കൊടുക്കണം. ഇത്തരക്കാർക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച മറുപടിയായിരിക്കും അതെന്ന കാര്യത്തിൽ സംശയം വേണ്ട.

ഷാജി നേതാവിനോട് ഒരു കാര്യം കൂടെ ചോദിച്ചുകൊണ്ട് തൽക്കാലം ചുരുക്കുന്നു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ ഇതുപോലെ വിഷമയമായ പ്രസംഗങ്ങളും തെളിച്ചുകൊണ്ട് ഇനിയും ഈ വഴി വരില്ലേ അമിത് ഷാ നേതാവേ ?