Monthly Archives: February 2019

ഇത് അവശ്യ ഹർത്താലോ അനാവശ്യ ഹർത്താലോ ?


04

രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്നു. കാസർഗോഡ് ജില്ലയിൽ രണ്ട് യുവ കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി.

അതിന്റെ പേരിൽ 39 ദിവസത്തെ റെക്കൊഡ് ഇടവേളയ്ക്ക് ശേഷം വീണ്ടുമിതാ കേരളത്തിൽ ഹർത്താൽ ആഘോഷം പുനഃരാരംഭിക്കുകയാണ്. പാർട്ടിക്കാർ പരസ്പരം വെട്ടിക്കൊന്നതിന്റെ പേരിലുള്ള ഈ ഹർത്താലും ജനസേവനത്തിന്റെ ഭാഗമാണത്രേ ! ഗംഭീരമാകുന്നുണ്ട് നവോത്ഥാനം.

അതൊക്കെ എന്തായാലും, ഈ ഹർത്താലുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ബാക്കിയുണ്ട്.

ചോദ്യം 1:- ഏഴ് ദിവസത്തെ മുൻ‌കൂർ നോട്ടീസില്ലാതെ ഹർത്താൽ വിളിക്കാൻ പാടില്ല എന്ന ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമല്ലേ ഇത് ?

ചോദ്യം 2:- കോടതിവിധികൾ മുറതെറ്റാതെ നടപ്പിലാക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ ഈ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന യു.ഡി.എഫ്. നേതാക്കന്മാർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി കൈക്കൊള്ളുമോ ?

ചോദ്യം 3:- കോടതിവിധി കാറ്റിൽ‌പ്പറത്തിക്കൊണ്ട് നടത്തുന്ന ഈ ഹർത്താലിനെതിരെ കോടതി എന്ത് നടപടിയാണ് കൈക്കൊള്ളുക ?

ചോദ്യം 4:- അനാവശ്യ ഹർത്താലുകൾ പാടില്ല എന്ന് വലിയ വർത്തമാനം പറഞ്ഞ, ഹർത്താൽ നിയന്ത്രണ ബില്ല് കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ്സുകാർക്ക്, പരസ്പരം വെട്ടിയും കുത്തിയും കൊന്നതിന്റെ പേരിൽ ഹർത്താൽ ആഹ്വാനം ചെയ്യാൻ ഇത്തിരിയെങ്കിലും ലജ്ജ അവശേഷിക്കുന്നുണ്ടോ ? ഇതാണോ നിങ്ങൾക്ക് അവശ്യഹർത്താൽ ? അങ്ങനെയാണെങ്കിൽ നിങ്ങളുടെ ലിസ്റ്റിലുള്ള ഒരു അനാവശ്യ ഹർത്താൽ ഏതെന്ന് പറയൂ.

ചോദ്യം 5:- നിങ്ങൾക്കൊക്കെ പ്രതിഷേധിക്കാൻ ഹർത്താൽ എന്ന ഈ ജനദ്രോഹപരമായ മാർഗ്ഗമല്ലാതെ മറ്റൊരു രീതിയും മുറയും അറിയില്ലേ ?

ചോദ്യം 6:- എന്തിനും ഏതിനും ഹർത്താൽ മാത്രമേ പ്രതികരണ മാർഗ്ഗമുള്ളൂ എന്ന് കരുതുന്ന നിങ്ങൾ പാർട്ടിക്കാർ എത്ര വലിയ പരാജയമാണെന്ന് എന്നാണ് സ്വയം തിരിച്ചറിയുക ?

വാൽക്കഷണം:- ആദ്യം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനുള്ള നടപടികൾ പാർട്ടിക്കാർ കൂടിയിരുന്ന് ആലോചിച്ച് തീരുമാനിച്ച് നടപ്പിലാക്കണം. അപ്പോൾത്തന്നെ ഒരു വർഷം നടക്കുന്ന പകുതി ഹർത്താലുകൾക്ക് അറുതി വരും. 2017 ൽ 120 ഹർത്താലുകൾ നടന്നപ്പോൾ അതിൽ 70 എണ്ണം ഇത്തരം പാർട്ടി വിദ്വേഷത്തിന്റെ പേരിലുള്ള ഹർത്താലുകളായിരുന്നെന്ന് മറക്കരുത്. മന്ത്രി എ.കെ.ബാലന്റെ മകന്റെ കല്യാണത്തിന് പ്രതിപക്ഷ നേതാക്കന്മാർ പോകുന്നതും പ്രതിപക്ഷ നേതാവിന്റെ മകന്റെ കല്യാണത്തിന് ഭരണകക്ഷി നേതാക്കന്മാർ പോകുന്നതും എത്ര സന്തോഷത്തോടെയാണെന്നോ ! അതുപോലെ പാർട്ടി അണികൾക്കും എതിർകക്ഷികളുമായി ജീവഭയമില്ലാതെ പരസ്പരം സൌഹാർദ്ദപരമായി ഇടപെടാനുള്ള അവസരങ്ങൾ ഉണ്ടാകണം.

#Say_No_To_Harthal