Monthly Archives: March 2019

പാർട്ടിക്കാ‍ർക്ക് നേതൃക്ഷാമം, ജനങ്ങൾക്ക് നികുതി നഷ്ടം


zza

കേരളത്തിൽ ഭരണത്തിലും പ്രതിപക്ഷത്തും ഇരിക്കുന്ന പാർട്ടിക്കാർ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. ഒൻപത് എം.എൽ.എ.മാരാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. അതിൽ ആറ് പേർ ഇടതുപക്ഷം (4-CPM, 2-CPI) മൂന്ന് പേർ യു.ഡി.എഫ്.

പ്രമുഖ പത്രങ്ങൾ പോലും ഈ ഒൻ‌പത് പേരെ മാത്രമാണ് എടുത്ത് പറയുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനകീയ സ്ഥാനത്തുനിന്നുകൊണ്ട് മത്സരിക്കുന്നവരുടെ കണക്കാണ് എടുക്കുന്നതെങ്കിൽ, കോൺഗ്രസ്സ് സീറ്റിൽ മത്സരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ര‌മ്യ ഹരിദാസിനെക്കൂടെ ആ ലിസ്റ്റിൽ ചേർക്കാത്തതെന്ത് ? പാലക്കാട് മത്സരിക്കുന്ന ഷൊർണൂർ നഗരസഭാ കൌൺസിലറായ UDF സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠനെ ആ ലിസ്റ്റിൽ ചേർക്കാത്തതെന്ത് ? അപ്പോൾ അതടക്കം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുള്ള 11 പേരാണ് 20 ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാൻ പോകുന്നത്. മൊത്തം സീറ്റിന്റെ നേർപകുതി മത്സരിക്കാൻ പറ്റിയ ആളില്ല പാർട്ടിക്കാർക്ക്. ഇത് കാണിക്കുന്നത് രാഷ്ട്രീയ നേതൃത്വക്ഷാമം തന്നെയല്ലേ ?

ഈ 11 പേരും ജയിച്ച് കയറിയാൽ അത്രയും മണ്ഡലങ്ങളിൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.  അതിന്റെ ചിലവ് വന്ന് ഭവിക്കുന്നത് പൊതുഖജനാവിനല്ലേ ? ഉപതിരഞ്ഞെടുപ്പുകൾ നടത്തി പാർട്ടിക്കാർക്ക് ശക്തി തെളിയിക്കാനുള്ളതാണോ ജനങ്ങളുടെ നികുതിപ്പണം ?

കേരളത്തിലാദ്യമായി ഇത്രയധികം MLA മാർ പാർലിമെന്റിലേക്ക് മത്സരിക്കുന്നത്, പ്രളയക്കെടുതിയിൽ വലയുന്ന സമയത്ത് തന്നെയാണെന്നുള്ളത് ഇവരുടെയൊക്കെ വീണ്ടുവിചാരം എത്രത്തോളം ഉണ്ടെന്നുള്ളത് എടുത്ത് കാണിക്കുന്നു. മുണ്ടുമുറുക്കിയുടുക്കാൻ മാതൃക കാണിക്കേണ്ട പാർട്ടിക്കാർ തന്നെ നിരുത്തരവാദപരമായി ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് എന്ത് സാമൂഹ്യപ്രതിബദ്ധതയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത് ? ജനങ്ങളോട് എന്ത് ആത്മാർത്ഥതയുണ്ടെന്നാണ് വിലയിരുത്തേണ്ടത് ?

ഇത്രയും കഷ്ടപ്പെട്ട് MLA സ്ഥാനം കളഞ്ഞ് പാർലിമെന്റിൽ എത്തിയാൽ ഇവരെല്ലാം ഒരു കക്ഷിയാണെന്നുള്ളപ്പോൾ സ്ഥാനാർത്ഥികളുടെ പേരിൽ എന്തിനിത്ര ബേജാറാകണം ? കൈവശമുള്ള ഏതെങ്കിലും ഒരു നല്ല നേതാവിനെ മത്സരിപ്പിച്ചാൽ പോരേ ? പക്ഷെ അത് ചെയ്യുന്നില്ല. അതിന് കാരണം രണ്ടാണ്. ഇവർക്കെല്ലാം നേതൃക്ഷാമം നന്നായിട്ടുണ്ട്. ഇവരുടെ ബലപരീക്ഷണത്തിന് ജനങ്ങളുടെ നികുതിപ്പണം പൊടിപൊടിക്കുന്നതിൽ ഒരു കുണ്ഡിതവും ഇക്കൂട്ടർക്ക് ഇല്ലെന്നതാണ് രണ്ടാമത്തെ കാരണം.

ഈ പതിനൊന്ന് പേർ ആരൊക്കെയാണെന്ന് അറിയാത്തവരുണ്ടെങ്കിൽ അവർ മാത്രമായി ആ പേരുകൾ എടുത്തെഴുതുന്നു.

1. എ.പ്രദീപ്കുമാർ (കോഴിക്കോട് നോർത്ത് MLA-CPM)
2. വീണാ ജോർജ്ജ് (ആറന്മുള MLA-CPM)
3. എ.എം. ആരിഫ് (അരൂർ MLA-CPM)
4. പി.വി.അൻ‌വർ (നിലമ്പൂ‍ർ MLA-CPM)
5. സി.ദിവാകരൻ (നെടുമങ്ങാട് MLA-CPI)
6. ചിറ്റയം ഗോപകുമാർ (അടൂർ MLA-CPI)
7. ഹൈബി ഈടൻ (എറണാകുളം MLA- INC)
8. കെ.മുരളീധരൻ (വട്ടിയൂർക്കാവ് MLA-INC)
9. അടൂർ പ്രകാശ് (കോന്നി MLA-INC)
10. ര‌മ്യ ഹരിദാസ് (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്-INC)
11. വി.കെ.ശ്രീകണ്ഠൻ (ഷൊർണൂർ നഗരസഭ കൌൺസിലർ-INC)

ഇതിൽ ഒരു സ്ഥാനാർത്ഥിയായ കെ.മുരളീധരൻ, അദ്ദേഹത്തിന്റെ പേര് വടകര മണ്ഡലത്തിൽ പരിഗണിക്കപ്പെടുന്നതിന് മുൻപ്, ഇടതുപക്ഷം ആറ് MLA മാരെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ച് സംസാരിച്ചിട്ടുള്ള നേതാവാണ്. വട്ടിയൂർക്കാവ് MLA ആയ അദ്ദേഹം വടകരയിൽ ലോക്സഭാ സ്ഥാനാർത്ഥിയായപ്പോൾ എന്തെങ്കിലും ന്യായീകരണമുണ്ടോ ?

ഇനി മറ്റൊന്ന് കൂടെ. ഈ ലിസ്റ്റിലുള്ള സി.ദിവാകരനോട് മാദ്ധ്യമങ്ങൾ ഇക്കാര്യം ചോദിച്ചപ്പോൾ ‘ഗവർണ്ണർ സ്ഥാനം രാജി വെച്ച് കുമ്മനം രാജശേഖരൻ മത്സരിക്കാൻ വരുന്നുണ്ടല്ലോ‘ എന്ന മറുപടിയാണ് അദ്ദേഹം കൊടുത്തത്. മറ്റൊരാൾ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങൾക്കും ചെയ്യാം എന്ന തരത്തിലുള്ള പാർട്ടിക്കാരുടെ ന്യായീകരണവും നിലവാരമില്ലായ്മയും എന്നാണാവോ മാറിക്കിട്ടുക ?

ഇനി സി.ദിവാകരൻ സൂചിപ്പിച്ച കുമ്മനം രാജശേഖരന്റെ കാര്യമെടുക്കാം. ഗവർണ്ണർ സ്ഥാനം രാജി വെച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം വരുമ്പോൾ അതും നേതൃക്ഷാമത്തിന്റെ ഉദാഹരണമാണ്.  ഉപതിരഞ്ഞെടുപ്പിനോളം വരില്ലെങ്കിലും, ലക്ഷങ്ങളിൽ കുറയാത്ത ചിലവ് ഇതിന്റെ പേരിൽ രാജ്യത്തെ ഖജനാവിന് ഉണ്ടാകുന്നുണ്ട്. അതെങ്ങിനെയാണെന്ന് അറിയാത്തവർക്കായി വിശദമാക്കാം. ഒരു ഗവർണ്ണർ രാജ്‌ഭവനിൽ നിന്ന് മാറി പുതിയ ഗവർണ്ണർ അധികാരമേൽക്കുമ്പോൾ വേണ്ടിവരുന്ന സത്യപ്രതിജ്ഞ ചിലവുകൾ, ഓഫീസ് കടലാസുകളും റബ്ബർ സ്റ്റാമ്പുകളും ബോർഡുകളും അടക്കം എല്ലാം മാറുന്നതിന്റെ ചിലവുകൾ, ഇതിനൊക്കെ പുറമെ, രാജ്ഭവനിലെ കർട്ടൻ, ബെഡ്ഷീറ്റ്, ടോയ്‌ലറ്റ് സീറ്റുകൾ, (ടോയ്‌ലറ്റ് കൊമോഡുകൾ തന്നെയും), ഫർണ്ണീച്ചർ, കാറ് എന്നിങ്ങനെ പലതും പുതുക്കപ്പെടുന്നുണ്ട്. ഇതൊക്കെയും ചിലവുകളല്ലേ? മുൻപൊരു വനിതാ ഗവർണ്ണർ കേരളത്തിൽ വന്ന് അധികാരമേൽക്കുന്ന സമയത്ത് വിലകൂടിയ പുതിയ കാറടക്കം ആവശ്യപ്പെട്ട കാര്യങ്ങൾ നമ്മളിനിയും മറന്നിട്ടില്ല. കുമ്മനം രാജശേഖരൻ ചിലപ്പോൾ അത്തരത്തിൽ സൌകര്യങ്ങളൊന്നും അധികാരത്തിലേറാൻ ആവശ്യപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ പിന്നാലെ അധികാരം ഏൽക്കുന്ന ആൾ മേൽ‌പ്പറഞ്ഞതുപോലുള്ള കുറേ അനാവശ്യച്ചിലവുകൾ തീർച്ചയായും മിസ്സോറാം രാജ്ഭവനിൽ ഉണ്ടാക്കുന്നുണ്ട്.

pradeep-kumar-03-1462280058 - Copy

ചില വസ്തുതകൾ സൂചിപ്പിച്ചെന്ന് മാത്രം. ജനാധിപത്യത്തിൽ ഇതിന്റെയൊക്കെ ആവശ്യകതയെപ്പറ്റി ഘോരഘോരം വാദിക്കാനും തർക്കിക്കാനും, MLA മാർ മത്സരിക്കുന്നത് അനുകൂലിക്കുന്നവർക്ക് സാധിക്കുമെന്ന് നല്ല ബോദ്ധ്യമുണ്ട്. പക്ഷെ, ഇത്രയും ചിലവ് വന്നേക്കാവുന്ന ഒരു മറുവശത്തെപ്പറ്റി, പ്രളയദുരിതത്തിൽ നിന്ന് കരകയറാതെ നിൽക്കുന്ന സംസ്ഥാനത്തെ ഒരു പ്രജയെന്ന നിലയ്ക്ക് ഞാൻ ചിന്തിക്കുകയും നിലപാട് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതെന്റെ സ്വാതന്ത്ര്യവും അവകാശവുമാണ്.

നേതാക്കന്മാർ ആരെങ്കിലും ഇത് കണ്ട്, ഭാവിയിലെങ്കിലും ഇത്തരം നടപടികളിൽ നിന്ന് മാറി നിൽക്കാൻ ഇടയായേക്കാമെങ്കിൽ, എന്തിന് പറയാതിരിക്കണം? അതുകൊണ്ട് പറയുന്നെന്നേയുള്ളൂ. ഇതിന്റെ പേരിൽ എന്നോട് ശത്രുതയൊന്നും ഉണ്ടാകേണ്ടതില്ല. ഈ ലിസ്റ്റിലുള്ള ഒരു നേതാവിനോടും സ്ഥാനാർത്ഥിയോടും വ്യക്തിപരമായോ പാർട്ടിപരമായോ എനിക്കൊരു എതിർപ്പുമില്ല. ഇതിൽ ആര് ജയിച്ചാലും ആരു തോറ്റാലും കേരളത്തിൽ നിന്നുള്ള 20 എം.പി.മാരും കേന്ദ്രത്തിൽ ഒറ്റ സംഘമായാണ്  നിൽക്കാൻ  പോകുന്നതെന്ന് നമുക്ക് അറിവുള്ളതാണല്ലോ? ഒരു പൌരനെന്ന നിലയ്ക്ക് ചില കാര്യങ്ങൾ ബോധിപ്പിക്കുന്നു. ഉൾക്കൊള്ളാനാകുമെങ്കിൽ ഉൾക്കൊള്ളുക. അല്ലെങ്കിൽ തള്ളിക്കളയുക.

സത്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന സൌകര്യമാണ് ആദ്യം ഇല്ലാതാക്കേണ്ടത്. ഒരാൾക്ക് തന്നെ ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കാമെന്നുള്ള വകുപ്പും റദ്ദാക്കപ്പെടണം. അങ്ങനെ വന്നാൽ തീരാവുന്ന പ്രശ്നമാണിത്. പക്ഷെ അത് നടപ്പിലാക്കേണ്ടതും ഇതേ നേതാക്കന്മാർ തന്നെ ആണല്ലോ എന്നുള്ളതാണ് പ്രതീക്ഷയില്ലാതാക്കുന്നത്.

വാൽക്കഷണം:- ബി.ജെ.പി.ക്ക് കേരളത്തിൽ ആകെയുള്ള MLA ഓ.രാജഗോപാൽ, പാർലിമെന്റിലേക്ക് മത്സരിക്കുന്നതായി ഇതുവരെ അറിവൊന്നും ഇല്ല. അദ്ദേഹം മത്സരിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേരും,  ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് അവകാശപ്പെടുന്ന പി.സി.ജോർജ്ജ് അങ്ങനെയെങ്ങാനും ചെയ്തുകളഞ്ഞാൽ അദ്ദേഹത്തിന്റെ പേരും ഈ ലിസ്റ്റിൽ ചേർത്ത് വായിക്കണമെന്ന് അപേക്ഷിക്കുന്നു.