Monthly Archives: July 2019

മടാരിയും പാലാരിവട്ടം പാലവും തമ്മിലെന്ത് ?!


madaari5

നി ഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത് ഇർഫാൻ ഖാൻ നടിച്ച മടാരി (Madaari) എന്നൊരു ഹിന്ദി സിനിമയുണ്ട്. 2016 ലെ സിനിമയാണ്. നെറ്റ്ഫ്ലിക്സിൽ ഉണ്ട്. സമയം ഒത്തുവരുകയാണെങ്കിൽ ഒന്ന് കാണണേ.

കാണണമെന്ന് പറഞ്ഞത് ഈ കുറിപ്പ് വായിക്കാൻ സാദ്ധ്യതയുള്ളവരോടല്ല. ഇത് കാണാൻ വിരളമായ സാദ്ധ്യത മാത്രമുള്ള മറ്റൊരു കൂട്ടരോടാണ്. അതാരാണെന്നോ ? പാലാരിവട്ടം പാലത്തിന്റെ (ഒരുദാഹരണം മാത്രം) ഈ അവസ്ഥയ്ക്ക് പിന്നിലുള്ളവരും സംസ്ഥാനത്തും രാജ്യത്തും അത്തരത്തിൽ നടക്കുന്ന നിർമ്മിതികളുടെ പേരിൽ ചില്ലറ കൈക്കൂലി മുതൽ കൊടും കൊള്ള വരെ നടത്തുന്ന ഓരോരുത്തരുമാണ് മടാരി കാണേണ്ടത്. അവർക്കുള്ള മുന്നറിയിപ്പാണ് മടാരി. എന്നെങ്കിലുമൊരിക്കൽ ഒറ്റയ്ക്കൊരുത്തൻ നിങ്ങളാകുന്ന കള്ളക്കൂട്ടത്തെ ചോദ്യം ചെയ്യാൻ തുനിഞ്ഞിറങ്ങിയെന്നിരിക്കും. അതിന് തക്കതായ കാരണം നിങ്ങളായിട്ട് ഉണ്ടാക്കിക്കൊടുക്കുന്നതുകൊണ്ടാകും അയാൾക്ക് ഇറങ്ങിപ്പുറപ്പെടേണ്ടി വരുക.

ഒരുപക്ഷേ, സിനിമയിലെ പുകവലിയും മദ്യപാനവും ജനത്തെ വഴിതെറ്റിക്കുമെന്ന് ഭയക്കുന്ന ഭരണകൂടം ഭയക്കേണ്ടത് ഇത്തരം സിനിമകളെയാണ്. സിനിമ കണ്ട് ഇതുപോലെ നിങ്ങൾക്കെതിരെ ഒരാൾ തിരിഞ്ഞാൽ സിനിമയിൽ കാണുന്നത് അപ്പാടെ നടന്നില്ലെങ്കിലും നിങ്ങളിൽ ചിലരുടെയെങ്കിലും ഉറക്കം കെടുത്താനും നിങ്ങളെ ചിലരെ സ്ഥിരമായി ഉറക്കിക്കിടത്താനും അങ്ങനെ ഒരാൾ ധാരാളം മതിയാകും.

ഇനി സിനിമാക്കഥ കേട്ടോളൂ. സ്ക്കൂൾ കെട്ടിടം ഇടിഞ്ഞ് വീണ് 7 വയസ്സുള്ള മകൻ മരിച്ചതിന്റെ വ്യഥ സഹിക്കാനാവാതെ ഇറങ്ങിത്തിരിക്കുന്ന ഒരാളും അയാൾ കിഡ്നാപ്പ് ചെയ്യുന്ന മിടുക്കനായ ഒരു കുട്ടിയുമാണ് (ആഭ്യന്തര മന്ത്രിയുടെ മകൻ) മുഖ്യ കഥാപാത്രങ്ങൾ. കഥാന്ത്യമാകുന്നതോടെ കിഡ്നാപ്പർക്കും കുട്ടിക്കുമിടയിൽ സ്റ്റോക്ക് ഹോം സിൻഡ്രോം ഉടലെടുക്കുന്നുണ്ട്. കെട്ടിടം തകരാൻ കാരണക്കാരായ എല്ലാവരേയും ഒരു മുറിയിൽ ചാനൽ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരാൻ കിഡ്നാപ്പർക്ക് കഴിയുന്നു.

കൈക്കൂലിയും കൈമടക്കും വാങ്ങിയവരും, കോടികളുടെ അഴിമതി നടത്തിയവരുമെല്ലാം കുറ്റം ഏറ്റ് പറയുന്നു. ‘സർക്കാർ ഭ്രഷ്ടാചാർ നഹി. മഗർ, ഭ്രഷ്ടാചാർ കേലിയേ ഹേ സർക്കാർ’ എന്ന് ആഭ്യന്തര മന്ത്രി തുറന്ന് സമ്മതിക്കുന്നു. അതായത് സർക്കാർ അഴിമതിയുള്ളതല്ല, മറിച്ച് അഴിമതിക്ക് വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത് എന്ന്.

കെ.ജി.ജോർജ്ജിന്റെ പഞ്ചവടിപ്പാലം നല്ല എണ്ണം പറഞ്ഞ ഹാസ്യമായിരുന്നെങ്കിൽ, അവിടന്ന് ഒരുപാട് മുന്നോട്ട് നീങ്ങി, ഇതിനൊരു പ്രതിവിധി വേണ്ടേ എന്ന ചോദ്യവുമായാണ് മടാരി നിലകൊള്ളുന്നത്.

പാലാരിവട്ടം പാലം നമുക്കിപ്പോഴും ഒരു തമാശയായി നിൽക്കുന്നത് അതിനടിയിൽ‌പ്പെട്ട് ആരും ചാകാത്തതുകൊണ്ട് മാത്രമാണ്. മടാരിയിൽ കാണുന്നത് പോലെ നമുക്ക് വേണ്ടപ്പെട്ടവർ, പ്രത്യേകിച്ചും നമ്മുടെ കുഞ്ഞുമക്കൾക്ക് ആർക്കെങ്കിലും ഒരു പോറൽ ഉണ്ടായെന്നിരിക്കട്ടെ, അപ്പോളാണ് മടാരിയിലേത് പോലുള്ള നായകന്മാർ ജന്മമെടുക്കാൻ പോകുന്നത്; അപ്പോളാണ് കളി കാര്യമാകുക.

മടാരി ഒരു മുന്നറിയിപ്പാണ്. പൊതുനിർമ്മിതികളിൽ കൈയ്യിട്ട് വാരുന്നവർക്കുള്ള മുന്നറിയിപ്പ്. സിനിമ കണ്ട് ജനം വഴി തെറ്റാതെ നോക്കിക്കോളൂ. ഇത്തരം സിനിമകൾ നിരോധിച്ചോളൂ. നിങ്ങളാകുന്ന കള്ളക്കൂട്ടങ്ങൾക്ക് രക്ഷപ്പെടാൻ ഇനി മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല.

വാൽക്കഷണം:- ഇത് സിനിമാ റിവ്യൂ അല്ല. ചില സിനിമകൾ ഉള്ളിൽ കേറിയങ്ങ് കൊളുത്തും. പ്രത്യേകിച്ച് നമ്മൾ രോഷം കൊള്ളുന്ന വിഷയങ്ങളാണെങ്കിൽ.