Monthly Archives: September 2019

ദ സോയ ഫാക്ടർ


the-zoya-factor

രുകാലുകളിലും വ്യത്യസ്ത അളവുകളുള്ള ഷൂ ധരിക്കുന്ന ശ്രീശാന്ത് മുതൽ ഒട്ടനവധി അന്ധവിശ്വാസങ്ങളുള്ള ക്രിക്കറ്റ് കളിക്കാരെയെല്ലാം മുഖമടച്ച് പരിഹസിക്കുന്ന ചിത്രമാണ് ‘ദ സോയ ഫാൿടർ’. അവരുടെ പ്രതിഭയ്ക്കും കഠിനാദ്ധ്വാനത്തിനുമൊന്നും വിജയങ്ങളിൽ പങ്കില്ലെന്ന് അവർ തന്നെ അന്ധമായി വിശ്വസിക്കാൻ തുടങ്ങിയാൽ‌പ്പിന്നെ കളിയിൽ മാത്രമല്ല ഒരിടത്തും വിജയം കൈവരിക്കാനാവില്ലെന്ന് സിനിമ അടിവരയിട്ട് പറയുന്നുണ്ടെങ്കിലും ഇങ്ങനെയൊരു സിനിമ കാരണം അക്കൂട്ടർക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷ വേണ്ട.

ഇന്ത്യൻ ടീം ക്യാപ്റ്റനായ നായകന്റെ വേഷം ദുൽഖർ സൽമാനാണ് കൈകാര്യം ചെയ്യുന്നത്. ശബ്ദമടക്കം നന്നായിത്തന്നെ ദുൽഖർ ആ ജോലി ചെയ്തിട്ടുണ്ട്. അത്ര മികച്ച ഒരു സിനിമ എന്നൊന്നും പറയാനാവില്ലെങ്കിലും ക്രിക്കറ്റിന്റേയും പ്രണയത്തിന്റേയും ചേരുവകൾ ഒരു ഹിന്ദി സിനിമയിൽ തെറ്റില്ലാതെ തന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്. എന്നെപ്പോലുള്ള ഒരാളെ ആകർഷിക്കുന്നത് അന്ധവിശ്വാസങ്ങൾക്കെതിരെ മുഴുനീളം ഈ ചിത്രം ശബ്ദമുയർത്തുന്നു എന്നതു തന്നെയാണ്. വിനോദ ഉപാധി എന്ന നിലയ്ക്ക് ഒരു പ്രാവശ്യം കാണാനുള്ളതുണ്ട് എന്നാണ് വ്യക്തിപരമായ വിലയിരുത്തൽ.

പക്ഷെ കല്ലുകടിയായി വന്ന ഒരു കാര്യം എടുത്ത് പറയണമെന്നാഗ്രഹിക്കുന്നു. ഒരു ഹിന്ദി സിനിമ എന്ന നിലയ്ക്കാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യൻ സിനിമകളുടെ ചേരുവകൾ ഉൾക്കൊള്ളാൻ തയ്യാറുമാണ്. ആ ചേരുവകൾ പലതും ഇപ്പോൾ മലയാളം സിനിമയുടെ കൂടെ ഭാഗമാണെന്നിരിക്കെ അത്തരം ചില കാര്യങ്ങൾ ദുൽഖറിന് വേണ്ടി ഒഴിവാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. ഉദാഹരണത്തിന് ചുംബനരംഗങ്ങൾ. മുഖങ്ങൾ തമ്മിൽ അടുത്തുവന്നശേഷം തലകൾ തിരിച്ച് ചുംബിച്ചെന്ന് വരുത്തിത്തീർക്കുന്ന, കഴുത്തൊടിഞ്ഞ് കിടപ്പിലായിപ്പോയ, എൺപതുകളിലെ ആ ഏർപ്പാട് പരമ ബോറായിപ്പോയി. നായികനും നായികയും ചേർന്നുള്ള കിടപ്പറ രംഗം പോലുമുള്ളപ്പോളാണ്, പലയിടത്തും ഇത്തരം ബോറൻ ചുംബനരംഗങ്ങൾ കടന്നുവരുന്നത്.

ദുൽഖറാണ് അതിന്റെ കാരണമെങ്കിൽ അദ്ദേഹത്തോട് പറയാനുള്ളത്, താങ്കളുടെ പിതാവിന്റെ യൌവ്വനകാലത്തെ റൊമാൻസ് രംഗങ്ങളിൽ നിന്ന് ഇന്ത്യൻ സിനിമ ഒരുപാട് മുന്നോട്ട് പൊയ്ക്കഴിഞ്ഞിരിക്കുന്നു എന്നാണ്. ഈ നിലപാടാണ് പ്രേമരംഗങ്ങളുടെ കാര്യത്തിൽ തുടർന്നുപോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ, താങ്കളുടെ പിതാവിന് നഷ്ടമായ ആ ഉത്തരേന്ത്യൻ സിനിമാക്കസേര താങ്കൾക്കും നഷ്ടമാകുക തന്നെ ചെയ്യും.

വാൽക്കഷണം:- ഇത് ഒരു സമ്പൂർണ്ണ സിനിമാ ആസ്വാദനമല്ല. ഇങ്ങനെയൊരു സിനിമ അണിഞ്ഞൊരുങ്ങുന്നുണ്ടെന്നും റിലീസാകുന്നുണ്ടെന്നും അറിവൊന്നുമില്ലാതെ ആദ്യദിവസം തന്നെ കാണാൻ അവസരം കിട്ടിയ ഒരുവന്റെ കുറിപ്പ് മാത്രം.