Monthly Archives: October 2019

പൊളിറ്റിക്കൽ കറൿറ്റ്നെസ്സ്


72762456_10218751077915527_1694076474685915136_n

പൊളിറ്റിക്കൽ കറൿറ്റ്നെസ്സിന്റെ കാലമാണ്. ചൊല്ലുകളായിട്ടും പഴമൊഴികളായിട്ടും തമാശകളായിട്ടും പ്രത്യേകിച്ച് അപകടമോ അലോസരമോ ഒന്നുമില്ലാതെ നമ്മൾ പറഞ്ഞ് പോന്നിരുന്ന പല പദങ്ങളും, പല ശീലുകളും, പല വാക്കുകളും ഇന്ന് പൊളിറ്റിക്കൽ കടൿറ്റ്‌നെസ്സ് എന്ന പുറമ്പോക്കിൽ തള്ളപ്പെട്ട് കഴിഞ്ഞു. പഴയ ശീലം വെച്ച് അറിഞ്ഞോ അറിയാതെയോ അങ്ങനെന്തെങ്കിലും പറഞ്ഞുപോയാൽ ആ ഒറ്റക്കാരണം കൊണ്ട് പറയുന്നവർ ആജീവനാന്ത മോശക്കാരായെന്ന് വരും. അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്. എനിക്കത്തരം അനുഭവങ്ങൾ ധാരാളമുണ്ട്.

എന്നാൽ‌പ്പിന്നെ പൊളിറ്റിക്കലി കറൿറ്റ് അല്ലാത്തത് (മലയാളത്തിൽ) എന്തൊക്കെയാണെന്ന് ഒരു കണക്കെടുപ്പ് നടത്തിയാലോ ? കുറഞ്ഞപക്ഷം അറിഞ്ഞിരിക്കുകയെങ്കിലും ചെയ്യാമല്ലോ. നമ്മളെല്ലാവരും മര്യാദാ പുരുഷോത്തമന്മാർക്കും, മര്യാദാ വനിതോത്തമമാർക്കും, മര്യാദാ ഭിന്നലിംഗോത്തമർക്കും പഠിക്കുകയാണെങ്കിൽ മാത്രമേ ഇതൊക്കെ പ്രാവർത്തികമാക്കണമെന്നുള്ളൂ. അതൊക്കെ ഓരോരുത്തരുടെ സൌകര്യവും പോളിസിയും ഇഷ്ടവും പോലെ ആയിക്കോളൂ. എന്തായാലും കണക്കെടുപ്പ് നടത്തിക്കളയാം.

പൊളിറ്റിക്കലി തെറ്റായത് ആദ്യം പറയുന്നു. അതിന്റെ കാരണം ബ്രാക്കറ്റിൽ പറയുന്നു. ശരിയായത് രണ്ടാമത് പറയുന്നു. ശരിക്കുള്ള പദം അറിയാൻ പാടില്ലാത്തത് വെറുതെ വിടുന്നു. കമന്റുകളായി നിർദ്ദേശിക്കപ്പെടുന്നത് പോസ്റ്റിലേക്ക് എഡിറ്റ് ചെയ്ത് ചേർക്കുന്നതാണ്.

1. വികലാംഗർ – ഭിന്നശേഷിക്കാർ.

2. പാണ്ടി (വംശീയ അധിക്ഷേപം) – തമിഴൻ.

3. ആണ്ടി (വംശീയ അധിക്ഷേപം) – തെലുങ്കൻ.

4. മല്ലു (വംശീയ അധിക്ഷേപം) – മലയാളി.

5. അന്യസംസ്ഥാന തൊഴിലാളികൾ (ആരും അന്യരല്ല) – ഇതര സംസ്ഥാന തൊഴിലാളികൾ.

6. വേശ്യയുടെ സദാചാര പ്രസംഗം (സ്ത്രീത്വത്തെ അപമാനിക്കൽ, ലിംഗസമത്വം ഇല്ല) – വ്യഭിചരിക്കുന്നവരുടെ സദാചാര പ്രസംഗം.

7. ആണുങ്ങൾക്ക് ചേർന്ന പണിയല്ല (ലിംഗസമത്വം ഇല്ല) – മനുഷ്യന്മാർക്ക് ചേർന്ന പണിയല്ല.

8. കീഴ്‌ജാതിക്കാർ (ജാതീയ അധിക്ഷേപം) – കീഴ്ജാതിക്കാരെന്ന് പറയപ്പെടുന്നവർ.

9. മേൽജാതിക്കാർ (ജാതീയ വാഴ്ത്തൽ) – മേൽജാതിക്കാരെന്ന് പറയപ്പെടുന്നവർ.

10. കണ്ട ചെമ്മാനും ചെരുപ്പുകുത്തിയും (വംശീയ അധിക്ഷേപം) – ‘കണ്ട അലവലാതികൾ‘ എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. അലവലാതി എന്ന ഒരു വംശമോ ജാതിയോ ഇല്ലല്ലോ.

11. കണ്ട ആണ്ടനും അടുകോടനും (വംശീയ അധിക്ഷേപം) – ‘കണ്ട അലവലാതികൾ‘ എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. അലവലാതി എന്ന ഒരു വംശമോ ജാതിയോ ഇല്ലല്ലോ.

12. എന്റെ പട്ടി വരും (പട്ടിയെ അധിക്ഷേപിക്കൽ)

13. എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോളൂ (പട്ടിയെ അധിക്ഷേപിക്കൽ)

—————————————————————————
കമന്റുകളിൽ നിന്ന് പോസ്റ്റിലേക്ക് ചേർത്തത്.
—————————————————————————
1. ആണും പെണ്ണും കെട്ടവൻ/ൾ/ർ (ലിംഗസമത്വം ഇല്ല‌) – ആണും പെണ്ണും ഭിന്നലിംഗവും കെട്ടവൻ/ൾ/ർ

2. അച്ചിയും നായരും (ജാതീയ അധിക്ഷേപം, സ്ത്രീവിരുദ്ധത)

3. ഒരു മാതിരി പെണ്ണുങ്ങളെപ്പോലെ (സ്ത്രീവിരുദ്ധത, ലിംഗസമത്വം ഇല്ല) -

4. ഒരു മാതിരി ചന്ത സ്വഭാവം (ചന്തയിലുള്ളവരെ അധിക്ഷേപിക്കൽ)

5. നീ ഒരു ചെറ്റ ആണല്ലോ (ചെറ്റക്കുടിലുകളിൽ ജീവിക്കുന്നവരെ അധിക്ഷേപിക്കൽ)

6. ചെരക്കാൻ പൊയ്ക്കൂടെ (വംശീയ അധിക്ഷേപം)

7. തെക്കനേം മൂർഖനേം ഒരുമിച്ച് കണ്ടാൽ (ഭൂമിശാസ്ത്രപരമായ അധിക്ഷേപം, പാമ്പിനെ അധിക്ഷേപിക്കൽ).

8. പച്ച (രാഷ്ട്ര അധിക്ഷേപം) – പാക്കിസ്ഥാനി

9. നീഗ്രോ (വംശീയ അധിക്ഷേപം) – ബ്ലാക്ക് എന്ന് പറയാമെന്നാണ് കേട്ടിട്ടുള്ളത്. നിറം പറഞ്ഞുള്ള അധിക്ഷേപമാണ് അതും എന്നാണ് വ്യക്തിപരമായ അഭിപ്രായം.

10. മന്ദബുദ്ധി (പല തരത്തിൽ അധിക്ഷേപമാണിത്).

11. മേത്തൻ(മതപരമായ അധിക്ഷേപം) – ഇസ്ലാം/മുസ്ലീം