Monthly Archives: October 2019

ഉപതിരഞ്ഞെടുപ്പെന്ന അധികച്ചിലവ് സമ്മാനിക്കുന്നവർ


77

പാർട്ടിക്കാർക്ക് നേതൃക്ഷാമം വന്നതിന്റെ പേരിൽ പൊതുജനം അനുഭവിക്കേണ്ടി വരുന്ന ഉപതിരഞ്ഞെടുപ്പിന്റെ അധികച്ചിലവ് നാല് (അഞ്ചാമത്തേത് MLA മരിച്ചതുകൊണ്ടാണ്) നിയമസഭാ മണ്ഡലത്തിൽ മാത്രമല്ല എന്ന് മനസ്സിലാക്കി വെക്കുന്നത് നല്ലതാണ്. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്നാണല്ലോ ?

1.ഹൈബി ഈഡൻ,
2.കെ.മുരളീധരൻ,
3.അടൂർ പ്രകാശ്,
4.എ.എം.ആരിഫ്,
എന്നിവരാണ്, നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരുത്തിവെച്ച് നമുക്ക് അധികച്ചിലവ് ഉണ്ടാക്കിയിരിക്കുന്ന പുംഗവന്മാർ.

ഇനി നമ്മൾ ശ്രദ്ധിക്കാതെ പോകാൻ സാദ്ധ്യതയുള്ള മൂന്ന് തിരഞ്ഞെടുപ്പ് കൂടെ ചൂണ്ടിക്കാണിക്കാം.

5. ര‌മ്യ ഹരിദാസ് – കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് എം.പി. ആയത്. ആ പഞ്ചായത്ത് ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് വരും.

6. വി.കെ.ശ്രീകണ്ഠൻ ഷൊർണ്ണൂർ നഗരസഭ കൌൺസിലർ സ്ഥാനം ഉപേക്ഷിച്ചാണ് എം.പി.ആയത്. ആ നഗരസഭ ഒഴിവിലേക്കും ഉപതിരഞ്ഞെടുപ്പ് വരും.

അധികച്ചിലവിന് മുകളിൽ അധികച്ചിലവ് വരുന്ന കാര്യമാണ് ഇനി പറയാൻ പോകുന്നത് രണ്ട് ഉപതിരഞ്ഞെടുപ്പുകളും

7. കെ.മുരളീധരൻ എം.എൽ.എ.സ്ഥാനമുപേക്ഷിച്ച് എം.പി. ആയ ഒഴിവിലേക്കാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അവിടെ ഇപ്പോൾ മത്സരിക്കുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി, നിലവിൽ തിരുവനന്തപുരം മേയർ സ്ഥാനം കൈയ്യാളുന്ന വി.കെ.പ്രശാന്ത് ആണ്. ജയിച്ചാൽ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഒഴിവിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പ് കൂടെ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട് ജനപ്രതിനിധിയായി ഇരിക്കുന്ന ഏതെങ്കിലും നേതാവ് ആ ഒഴിവിലേക്ക് മത്സരിക്കാതിരുന്നാൽ ജനങ്ങളുടെ ഭാഗ്യം.

8. ഹൈബി ഈടൻ MLA സ്ഥാനമുപേക്ഷിച്ച് M.P. ആയ ഒഴിവിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കൊച്ചിൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായ ടി.ജെ.വിനോദാണ്. അദ്ദേഹം ജയിച്ചാൽ ആ ഒഴിവിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പ് കൂടെ ടി.ജെ.വിനോദിന്റെ മണ്ഡലത്തിലുണ്ടാകും.

മരട് ഫ്ലാറ്റ് കേസിൽ സ്വന്തം നികുതിപ്പണം ഫ്ലാറ്റുടമകൾക്ക് കൊടുക്കുന്നതിൽ വിഷമം കാണിക്കുന്ന മലയാളികൾക്കാർക്കും കക്ഷിരാഷ്ട്രീയക്കാർ അവരുടെ പാപ്പരത്തം കാരണം ജനങ്ങളിൽ അടിച്ചേൽ‌പ്പിക്കുന്ന ഈ അധികച്ചിലവിൽ ബേജാറൊന്നുമില്ലേ ?

ഇക്കൂട്ടർക്കിത് ജീവിതമാർഗ്ഗമാണ്, വയറ്റിൽ‌പ്പിഴപ്പാണ്, അവരുടെ നേതൃദാരിദ്ര്യം മറച്ചുവെക്കാനുള്ള തത്രപ്പാടുകളാണ്. രണ്ട് പ്രാവശ്യം പ്രളയം നേരിട്ട് നട്ടെല്ലൊടിഞ്ഞ് കിടക്കുന്ന കേരളമെന്തിന് അതിന് കൂട്ടുനിൽക്കണം ?

ഈ അനീതിക്കെതിരെ ശബ്ദമുയരണം. ഒരാൾ രണ്ടിടത്ത് മത്സരിക്കുന്നതടക്കമുള്ള ഖജനാവ് മുടിക്കുന്ന ഇത്തരം സമ്പ്രദായങ്ങൾക്കെതിരെ പാർലിമെന്റിൽ ബില്ല് പാസ്സാക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന്, വോട്ട് തെണ്ടി വരുന്ന സമയത്ത് തന്നെ ഈ നേതാക്കന്മാർക്കും പാർട്ടിക്കാർക്കും മറുപടി കൊടുക്കണം. കുറഞ്ഞ പക്ഷം സോഷ്യൽ മീഡിയയിലൂടെയെങ്കിലും എല്ലാവരും അവരവരുടെ അനിഷ്ടവും നിലപാടും വ്യക്തമാക്കണം, പ്രചരിപ്പിക്കണം. അതല്ലെങ്കിൽ‌പ്പിന്നെ ‘എന്റെ നികുതിപ്പണം, എന്റെ നികുതിപ്പണം‘ എന്ന് സമയം കിട്ടുമ്പോളെല്ലാം മൂക്ക് ചീറ്റി കരഞ്ഞുകൊണ്ടിരിക്കാം.