Yearly Archives: 2020

1992 ഡിസംബർ 6,7,8,9 ഓർമ്മകൾ


666

മ്പൂർണ്ണ സാക്ഷരരും സൽഗുണ സമ്പന്നരും മാത്രമുള്ള ഈ സംസ്ഥാനത്തോ രാജ്യത്തോ നിരക്ഷരന്മാർക്ക് ജീവിക്കാൻ വകുപ്പില്ലെന്ന് കണ്ട് രാജ്യം വിടാൻ ഭാണ്ഡം മുറുക്കിക്കൊണ്ടിരിക്കുന്നപ്പോളാണ് ഇടിത്തീപോലെ ആ വാർത്ത ! മതതീവ്രവാദികളാൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടിരിക്കുന്നു.

ആദ്യത്തെ വിദേശ യാത്രയാണ്. അന്ന് കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര വിമാനങ്ങളുമില്ല നെടുമ്പാശ്ശേരിയിൽ വിമാനത്താവളവും ഇല്ല. ഐലൻഡിൽ ഉള്ള നാവികസേനയുടെ പഴയ എയർപോർട്ടിൽ നിന്ന് ഡൊമസ്റ്റിക് ഫ്ലൈറ്റ് പിടിച്ച് മുംബൈയിൽ ചെന്നിറങ്ങി അവിടുന്നാണ് വിദേശത്തേക്കുള്ള വിമാനം കയറേണ്ടത്.

അപ്പോഴേക്കും, തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ അടുപ്പിച്ച് ദേശീയ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടു. കൊച്ചി എയർപോർട്ടിൽ എത്തുന്ന കാര്യം തന്നെ അസംഭവ്യം. അന്നൊന്നും #Say_No_To_Harthal ഏർപ്പാട് തുടങ്ങിയിട്ടില്ല. എന്നാലും ഒന്ന് ശ്രമിക്കണമല്ലോ. ഒരു സുഹൃത്തിന്റെ ബൈക്കിന് പിന്നിൽ ബാഗും പിടിച്ച് കയറിയിരുന്നു. മറ്റൊരു സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിൽ കയറി അച്ഛൻ അനുഗമിച്ചു. എന്തോ ഭാഗ്യത്തിന് വലിയ കുഴപ്പമില്ലാതെ എയർപ്പോർട്ടിലെത്തി. സമയത്തുതന്നെ വിമാനം പറന്നുയരുകയും മുംബൈയിൽ ഇറങ്ങുകയും ചെയ്തു.

അതോടെ തീർന്നു. പിന്നെല്ലാം ഗോവിന്ദ.

ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്ന് ടാക്സിയോ ഓട്ടോയോ പിടിച്ചു വേണം മുംബൈ ഇൻറർനാഷണൽ എയർപോർട്ടിൽ എത്താൻ. ഹർത്താൽ കാരണം ടാക്സിയും ഇല്ല ഓട്ടോയും ഇല്ല. പുറത്താണെങ്കിൽ പലയിടത്തും കത്തിക്കലും പൊട്ടിക്കലുമൊക്കെ നടക്കുന്നുണ്ട്. എയർപോർട്ട് മാനേജ്മെന്റ് അവരുടെ രണ്ട് ബസുകളിൽ യാത്രക്കാരെ ഇടിച്ചുകയറ്റി റൺവേയുടെ ഓരം ചേർന്ന് ഓടിച്ച് ഡൊമസ്റ്റിക്കിൽ നിന്ന് ഇന്റർനാഷണൽ എയർപ്പോർട്ടിലേക്ക് യാത്രക്കാരെ എത്തിക്കുന്നുണ്ട്. പക്ഷേ അതിന് രജിസ്റ്റർ ചെയ്യാൻ വലിയ ക്യൂ ഉണ്ട്. നീണ്ട നിരയിൽ നിന്ന് രജിസ്റ്റർ ചെയ്ത് സാമാന്യം ഭാരമുള്ള ബാഗും ചുമന്ന് ബസ്സിൽക്കയറി ഇന്റർനാഷണൽ എയർപ്പോർട്ടിൽ എത്തിയപ്പോഴേക്കും ഫ്ലൈറ്റിന്റ സമയം കഴിഞ്ഞു. എന്നാലും കൗണ്ടറിൽ ചെന്ന് അന്വേഷിച്ചു. അപ്പോളാണ് രസം. യാത്രക്കാർ ആരും എത്താത്തതുകൊണ്ട് ഫ്ലൈറ്റ് ക്യാൻസൽ ആയിരിക്കുന്നു. ആദ്യമായിട്ട് വിദേശത്തേക്ക് പോകുമ്പോൾ തന്നെ വേണം ഇമ്മാതിരി പണി തരാൻ.

സാഡിസ്റ്റ് മനോഭാവം വെച്ച് നോക്കിയാൽ സന്തോഷത്തിന് വകുപ്പുണ്ട്. എല്ലാ ഫ്ലൈറ്റുകളും റദ്ദായിരിക്കുന്നു. എല്ലാവരും തുല്യ ദുഃഖിതർ. സകലമാന ആൾക്കാരും തിങ്ങിനിറഞ്ഞ് എയർപ്പോർട്ടിനകം സൂചി കുത്താൻ ഇടമില്ല. ഇനി ഒരാഴ്ച്ച കഴിഞ്ഞേ എനിക്കുള്ള ഫ്ലൈറ്റ് ഉണ്ടാകൂ എന്ന സന്തോഷവാർത്തയും കിട്ടി.

എയർ ഇന്ത്യ ഒരു കൂപ്പൺ തന്നു. അത് കാണിച്ചാൽ കൗണ്ടറിൽ നിന്ന് മൂന്നുനേരം ശാപ്പാട് കിട്ടും. അതും തിന്ന് സകലമാന ജനങ്ങളും, കിട്ടിയ സ്ഥലത്തെല്ലാം റെയിൽവേ സ്റ്റേഷനിലോ ബസ്സ് സ്റ്റാന്റിലോ എന്നപോലെ ബാഗ് വെച്ച് ബുക്ക് ചെയ്ത് തലചായ്ച്ചു തുടങ്ങി. രണ്ടു ദിവസം എങ്ങോട്ടും പോകാൻ വയ്യ.

അതിനിടയിൽ ബാഗിന് ആരോ ബ്ലേഡ് വെച്ചു. കുറെ സാധനങ്ങൾ പോയി. ഭാഗ്യത്തിന് പാസ്പോർട്ട് കളസത്തിന്റെ പോക്കറ്റിലാണ് വെച്ചിരുന്നത്.

നാളെ വിസ തീരുന്നവർ, നാളെ ECNR തീരുന്നവർ, നാളെ ജോലിക്ക് ഹാജരായില്ലെങ്കിൽ പണി പോകുന്നവർ, എന്നിങ്ങനെ പലതരം സങ്കടക്കാർ വിഷണ്ണനായി കറങ്ങി നടക്കുന്നു. ചിലരെല്ലാം കരച്ചിലിന്റെ വക്കിൽ. അതിനിടയിൽ എന്റേത് ചെറിയ ദുഃഖം മാത്രം.

ഇനിയും വിമാനത്താവളത്തിനകത്ത് കഴിച്ചു കൂട്ടിയാൽ ഉടുതുണി വരെ അടിച്ചുമാറ്റിയെന്നിരിക്കും. രക്ഷപ്പെട്ടേ തീരൂ. പുറത്തുകടക്കാനുള്ള അങ്കങ്ങൾ തുടങ്ങി. ഡിസംബർ 9 മുതൽ ചില വിമാനങ്ങൾ പറക്കുന്നുണ്ട്.

പോകേണ്ടത് അബുദാബിയിലേക്കാണ്. പക്ഷേ, അങ്ങോട്ട് അടുത്തെങ്ങും ഫ്ലൈറ്റ് ഇല്ല. ഒടുവിൽ ഫ്യുജിറ എന്ന യു.എ.ഇ. എമിറേറ്റിലേക്ക് ഒരു സീറ്റ് കിട്ടി. അവിടെയിറങ്ങി മരുഭൂമി പിടിച്ച് നടന്നെങ്കിലും അബുദാബിക്ക് പോകാമല്ലോ. അങ്ങനെ രണ്ടു ദിവസത്തെ എയർപോർട്ട് വാസത്തിന് ശേഷം മൂന്നാം ദിവസം ആദ്യ വിദേശയാത്ര ഫ്യുജിറയിലേക്ക്.

പിന്നെയുള്ള നാളുകളിൾ അല്ലറചില്ലറ വിദേശ യാത്രകളും വാസങ്ങളും തുടർന്നു. പക്ഷേ എന്റെ കാരണം കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഒരു ഫ്ലൈറ്റ് പോലും ഇന്നുവരെ മിസ്സായിട്ടില്ല.

വാൽക്കഷണം:- എല്ലാം കഴിഞ്ഞ് തിരികെയെത്തിയിട്ട് വർഷങ്ങളായി. വെടി തീർന്ന പാസ്പോർട്ട് വെറുതെ ഒരു രസത്തിന് പുതുക്കി വെക്കണമെങ്കിൽ നാളെ (2020 ഡിസംബർ 7) കൊച്ചി പാസ്പോർട്ട് ഓഫീസിൽ എത്തണം.