Monthly Archives: January 2020

സാമൂഹ്യ വിരുദ്ധതയായി മാറിയ പണിമുടക്ക്


11

ണിമുടക്കുന്നതിൽ തെറ്റില്ല. പണിയെടുക്കുന്നവർക്ക് പണിമുടക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭരണഘടന അതനുവദിച്ച് കൊടുക്കുന്നുമുണ്ട്. പക്ഷേ പണിയെടുക്കുന്ന ഒരാളുടെ പണി തടസ്സപ്പെടുത്താനുള്ള അവകാശമോ അധികാരമോ പണിമുടക്കുന്നവർക്കില്ല.

ഒരുവശത്ത്, പൗരത്വഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന സമയത്ത് തന്നെ, പണിയെടുക്കുന്നവരെ തടഞ്ഞുകൊണ്ട്, അവർക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ നിഷേധിച്ച് ഇരട്ടത്താപ്പ് കാണിക്കാൻ ചിലർക്ക് ഒരു ലജ്ജയുമില്ല എന്നതാണ് സങ്കടകരം.

പറഞ്ഞുവരുന്നത് 2020 ജനുവരി 8 ന് നടന്ന ദേശീയ പണിമുടക്കിൽ ആലപ്പുഴയിൽ ഉണ്ടായ അങ്ങേയറ്റം നാണംകെട്ട ഒരു സംഭവത്തെക്കുറിച്ചാണ്.

അന്നേ ദിവസം കേരള സർവ്വകലാശാലയുടെ അതിഥിയായി ആലപ്പുഴയിൽ ഉണ്ടായിരുന്ന മൈക്കിൾ ലെവിറ്റ് തങ്ങിയ ഹൗസ് ബോട്ട്, പണിമുടക്ക് അനുകൂലികൾ രണ്ട് മണിക്കൂറോളം തടഞ്ഞുവച്ചു. 2013ലെ രസതന്ത്ര നോബൽ സമ്മാനജേതാവായ മൈക്കിൾ ലെവിറ്റിന് കേരളത്തിലെ ഇത്തരം കലാപരിപാടികളെപ്പറ്റി അറിവുണ്ടാകാൻ സാദ്ധ്യതയില്ലല്ലോ. അതുകൊണ്ടുതന്നെ പരിഭ്രമിച്ച് പോയ അദ്ദേഹം ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും അടുത്തദിവസം മലയാളികളെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ട് പരാതി പിൻവലിച്ചു. ഇവിടന്ന് എങ്ങനെയെങ്കിലും ജീവനോടെ തിരിച്ചുപോകണമെന്ന് ആരായാലും ആഗ്രഹിച്ചു പോകുമല്ലോ.

ഈ സംഭവം ഉണ്ടായ ഉടനെ സാംസ്കാരിക വകുപ്പ് മന്ത്രി ബഹു:കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്, ‘ഇത് ചില സാമൂഹ്യവിരുദ്ധർ ചെയ്തതാകാനേ വഴിയുള്ളൂ’ എന്നാണ്. ചെയ്തത് സാമൂഹ്യവിരുദ്ധമായ കാര്യമാണെന്ന് കടകംപള്ളി സഖാവ് സമ്മതിച്ചല്ലോ. വളരെ സന്തോഷം.

ഈ സാമൂഹ്യവിരുദ്ധത ചെയ്ത നാല് കുറ്റവാളികളെ ഇന്ന് പിടികൂടിയിട്ടുണ്ട്. നാലുപേരും കടകംപള്ളി സഖാവിന്റെ പാർട്ടി പ്രവർത്തകരും ചുമതലയുള്ളവരും തന്നെയാണ്.

ഇനിയെങ്കിലും സമരമെന്താണെന്നും സാമൂഹ്യവിരുദ്ധ എന്താണെന്നും വേർതിരിച്ച് ഒന്ന് പഠിപ്പിച്ചു കൊടുക്കണം പാർട്ടി പ്രവർത്തകർക്കും അണികൾക്കും ഛോട്ടാ നേതാക്കന്മാർക്കും. സഖാവ് കടകംപള്ളി സുരേന്ദ്രനെങ്കിലും അതിന് മുൻകൈ എടുക്കുമല്ലോ.

ഈ സംഭവം രാജ്യന്തര തലത്തിൽ സംസ്ഥാനത്തിന് ഉണ്ടാക്കി കൊടുത്തിട്ടുള്ള നാണക്കേട് ചില്ലറയൊന്നുമല്ല. കള്ള് കച്ചവടം കഴിഞ്ഞാൽപ്പിന്നെ നാല് ചക്രമുണ്ടാക്കാൻ പറ്റിയിരുന്നത് ടൂറിസത്തിലൂടെ ആയിരുന്നു. അതിന്റെ കാര്യം ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞിരിക്കുന്നു.

നിക്ഷേപകരുടെ തലയെറിഞ്ഞ് പൊളിക്കുകയും വിഐപി വിദേശികളെപ്പോലും വഴിയിൽ തടയുകയും ചെയ്യുന്ന ഈ സംസ്ഥാനത്തേക്ക് നിക്ഷേപകരേയും ടൂറിസ്റ്റുകളെയും ക്ഷണിച്ചുകൊണ്ട് നടത്തുന്ന പൊറാട്ട് നാടകങ്ങൾ ഇനിയെങ്കിലും സർക്കാർ ഒഴിവാക്കണം. അതിന്റെ ചിലവെങ്കിലും ലാഭിക്കാമല്ലോ. അത്രയെങ്കിലും ദാരിദ്ര്യം കുറയ്ക്കാമല്ലോ.

കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം പറഞ്ഞുകഴിഞ്ഞു. ഈ അവസരത്തിൽ ഒരു കാര്യം ചോദിക്കട്ടെ. വിദേശിയും നോബൽ സമ്മാന ജേതാവുമായ ഒരു പ്രശസ്തൻ വന്നപ്പോൾ, അയാൾക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായപ്പോൾ, കുറ്റവാളികൾക്കെതിരെ നടപടികളിലേക്ക് നീങ്ങാൻ നിങ്ങൾ തയ്യാറാണെന്ന് പറയുന്നു. ഇതേ ദിവസം സാധാരണക്കാരായ ധാരാളം പേരെ സമരക്കാർ വഴിയിൽ തടഞ്ഞിട്ടുണ്ട്. ആ സാമൂഹ്യവിരുദ്ധർ ആർക്കെങ്കിലുമെതിരെ നടപടിയെടുക്കാൻ നിങ്ങൾ തയ്യാറാണോ ? വിഐപികൾ ഉപദ്രവിക്കപ്പെട്ടാൽ മാത്രമേ നടപടിയുണ്ടാകൂ എന്നാണോ ? പാവപ്പെട്ടവന്റേയും അപ്രശസ്തരുടേയും സമയത്തിനും സ്വാതന്ത്ര്യത്തിനുമൊന്നും ഒരു വിലയുമില്ല എന്നാണോ ?

സ്വന്തം പ്രതിഷേധങ്ങളും സമരങ്ങളും മറ്റുള്ളവരെ ബാധിക്കാത്ത തരത്തിൽ നടത്താൻ എന്നാണ് നിങ്ങളിനി പഠിക്കുക ? എതിർപക്ഷത്തുള്ളവർ ഫാസിസ്റ്റുകളാണെന്ന് മുറവിളി കൂട്ടുമ്പോൾ, നിങ്ങളീ കാണിച്ച് കൂട്ടുന്നതും ഫാസിസം തന്നെയല്ലേ ?

വാൽക്കഷണം:- ഇതടക്കം പൊതുജനങ്ങളെ വഴിയിൽ തടഞ്ഞ പലപല സംഭവങ്ങളും കണക്കിലെടുത്ത് ജനുവരി 8ന് നടന്ന പണിമുടക്ക്, ഹർത്താലായിത്തന്നെയാണ് കണക്കാക്കപ്പെടുക. Say NO to harthal.