പൊതുമരാമത്ത് വകുപ്പ് മന്ത്രി ബഹു:ജി. സുധാകരന്റെ (ഈ ചിത്രത്തിൽ കാണുന്ന) ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.
ബഹുമാനപ്പെട്ട മന്ത്രീ…..
റസൂൽ പൂക്കുറ്റി ഒരു പൊതു പൊതുവേദിയിൽ പറഞ്ഞ കാര്യമല്ല ഇത്. താങ്കളുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞതാണെന്ന് താങ്കൾ തന്നെ പോസ്റ്റിൽ സാക്ഷ്യപ്പെടുത്തുന്നു. ഒരു മന്ത്രിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ അല്ലെങ്കിൽ ഒരു പ്രമുഖനുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ഏതൊരു വ്യക്തിയും ഇപ്പറഞ്ഞ പ്രമുഖനെ അല്ലെങ്കിൽ മന്ത്രിയെ സുഖിപ്പിച്ചുകൊണ്ടുള്ള കാര്യങ്ങളാകും പറയുക. ഉദാഹരണത്തിന്, മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ അഭിനയിച്ച ഏറ്റവും കൂതറ സിനിമ ഒരെണ്ണം എടുക്കുക. അതിന്റെ പ്രിവ്യൂ കണ്ടിറങ്ങുമ്പോൾ അവരുടെ ആരാധകനായ ഒരു സുഹൃത്ത് മമ്മൂട്ടിയോടും മോഹൻലാലിനോടും പറയാൻ സാദ്ധ്യതയുള്ളത് ‘ഗംഭീരമായ സിനിമയായിരുന്നു’ അതെന്നാണ്. ഒരു ശരാശരി മനുഷ്യന് അങ്ങനെയേ പറ്റൂ. അതു തന്നെയായിരിക്കാം റസൂൽ പൂക്കുറ്റിക്കും സംഭവിച്ചിരിക്കുക. അല്ലാതെ കേരളത്തിലെ റോഡുകൾ അദ്ദേഹം കാണാഞ്ഞിട്ടോ അമേരിക്കയിലെ റോഡുകളിലൂടെ അദ്ദേഹം സഞ്ചരിക്കാഞ്ഞിട്ടോ അല്ല ഇങ്ങനെയൊരു അഭിപ്രായം.
ഒരു പ്രസംഗത്തിലൂടെയോ അഭിമുഖത്തിലൂടെയോ പരസ്യമായി റസൂൽ പൂക്കുറ്റി പറയാത്ത ഒരു കാര്യം, കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട, കാര്യക്ഷമതയില്ലാത്ത സ്വന്തം വകുപ്പിന്റെ മേന്മയായി പൊക്കിപ്പിടിച്ച് പറയുന്നത് വിലകുറഞ്ഞ ഏർപ്പാടാണെന്ന് മാത്രമല്ല അല്പത്തരം കൂടെയാണ്.
ഇനിയിപ്പോൾ താങ്കൾക്ക് സ്വന്തം വകുപ്പിനെ പൊക്കിപ്പറയണമെന്നുണ്ടായിരുന്നെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതുപോലെ, ‘തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ മോദി സർക്കാർ രക്ഷിച്ചു’ എന്ന കണക്കിന്, ‘കേരളത്തിലെ റോഡുകളാണ് ലോകത്തിലെ ഏറ്റവും മികച്ച റോഡുകൾ’ എന്ന് സ്വയമങ്ങ് വെച്ച് കാച്ചിയാൽ പോരായിരുന്നോ ? അതിനിടയ്ക്ക്, പരസ്യമായി ഇങ്ങനെയൊരു കാര്യം പറയാത്ത റസൂൽ പൂക്കുറ്റിയെ എന്തിന് വലിച്ചിഴക്കണം ?
മന്ത്രിയോട് പറയാനുള്ളത് കഴിഞ്ഞു.
ഇനി ബഹു: റസൂൽ പൂക്കുറ്റിയോട് പറയാനുള്ളത്.
താങ്കൾ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടുണ്ടാകാം, ഇല്ലായിരിക്കാം. അഥവാ പറഞ്ഞിട്ടുണ്ടെങ്കിൽ……
എന്തിനാണ് മന്ത്രിയെ സുഖിപ്പിക്കാൻ വേണ്ടി ഇത്തരം പച്ചക്കള്ളങ്ങൾ പറയുന്നത് ? താങ്കൾ ആഗോളതലത്തിൽ പ്രശസ്തനായ ഒരു വ്യക്തിയല്ലേ ? കേരളം പോലെ ഒരു പടവലങ്ങ സ്ഥലത്ത് കിടക്കുന്ന ആൾക്കാർക്ക് മുന്നിൽ എന്തിനാണ് പഞ്ചപുച്ഛമടക്കി സുഖിപ്പിക്കുന്ന വർത്തമാനങ്ങൾ പറയുന്നത് ? ‘കേരളത്തിലെ റോഡുകൾ കൂതറയാണെ’ന്ന് തന്നെ മന്ത്രിയോട് പറയണമായിരുന്നു. റോഡിന്റെ അവസ്ഥ മന്ത്രി സുധാകരൻ ഭരിച്ചപ്പോൾ മാത്രമല്ല, മറ്റാര് ഭരിച്ചപ്പോളും ഇങ്ങനെയൊക്കെത്തന്നെയാണ്. അതിന് മന്ത്രിമാർ മാത്രം മാറിയാൽ പോരാ. PWD എന്ന വെള്ളാനയാണ് മാറേണ്ടത്, അല്ലെങ്കിൽ പൊളിച്ച് പണിയപ്പെടേണ്ടത്.
ശബ്ദലേഖനമാണല്ലോ താങ്കളുടെ മേഖല. കേരളത്തിലെ റോഡുകളിൽ അഥവാ റോഡുകളിലുള്ള കുഴികളിൽ താങ്കളുടെ ശബ്ദലേഖന ഉപകരണങ്ങൾ ഘടിപ്പിച്ച് അതിലൂടെ നിരങ്ങിനീങ്ങുകയും മുഖമടിച്ച് വീഴുകയും തകർന്നടിയുകയുമൊക്കെ ചെയ്യുന്ന വാഹനങ്ങളുടേയും മനുഷ്യരുടേയും ശബ്ദങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തി അതൊന്ന് പൊതുജനത്തിന് നൽകാമോ ? കേട്ടിരിക്കാൻ നല്ല രസമുണ്ടാകും. വേണമെങ്കിൽ താരതമ്യപഠനത്തിനായി അമേരിക്കയിലെ റോഡുകളിലെ ശബ്ദങ്ങളും രേഖപ്പെടുത്തി നൽകിക്കോളൂ.
ഇനി താങ്കൾ ഇങ്ങനെയൊരു കാര്യം മന്ത്രിയോട് സൗഹൃദ സംഭാഷണത്തിനിടയിൽപ്പോലും പറഞ്ഞിട്ടില്ലെങ്കിൽ, അത് നിഷേധിച്ച് പ്രസ്താവന ഇറക്കുകയാണ് വേണ്ടത്. അങ്ങനെയൊന്ന് ചെയ്യാത്തിടത്തോളം കാലം താങ്കളിങ്ങനെ ഒരു വിഡ്ഢിത്തം പറഞ്ഞതായിത്തന്നെ കണക്കാക്കാതെ വയ്യ. ഓസ്കാർ നേടിയ ഒരു കലാകാരൻ, നിലവിൽ ജനങ്ങൾക്ക് അങ്ങയോടുള്ള ബഹുമാനം, ഇത്തരം സുഖിപ്പിക്കൽ വർത്തമാനങ്ങളിലൂടെ ഇല്ലാതാക്കി കളയരുത്. അപേക്ഷയാണ്.