Monthly Archives: January 2020

2020 ജനുവരി 8ന് ഹർത്താൽ അല്ല.


11

ല്ലാ വർഷം ജനുവരിയിലും ദേശീയ പണിമുടക്ക് നടത്തിക്കൊള്ളാമെന്ന് ഇന്ത്യയിലെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾക്ക്, ഒരു നേർച്ചയുണ്ട്. കഴിഞ്ഞ വർഷം ജനുവരി 8, 9 തീയതികളിലായിരുന്നു ഈ നേർച്ച നടത്തിയത്.

പണിമുടക്കെന്നാണ് പറയുന്നതെങ്കിലും കേരളത്തിൽ ഇത് ഹർത്താലാക്കി മാറ്റുകയാണ് പ്രബുദ്ധ മലയാളികളുടേയും ഇതിന് ആഹ്വാനം ചെയ്യുന്നവരുടേയും ഒരു രീതി. റെയിൽ ഗതാഗതം പോലും തടഞ്ഞുകൊണ്ടാണ് ഈ നേർച്ചപ്പണിമുടക്ക് കഴിഞ്ഞ വർഷം ഹർത്താലിന്റെ രൂപത്തിൽ ആചരിക്കപ്പെട്ടത്.

പണിമുടക്കണമെന്നുള്ളവർക്ക് പണിക്ക് പോകാതെ പ്രതിഷേധിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഇന്നാട്ടിലുണ്ട്. പക്ഷേ, കേരളത്തിൽ മാത്രം ഈ ദേശീയ പണിമുടക്ക്, സ്വകാര്യ വാഹനങ്ങളും പൊതു വാഹനങ്ങളും റെയിൽ ഗതാഗതവുമൊക്കെ തടഞ്ഞുകൊണ്ടുള്ള ഗംഭീര ഹർത്താൽ ആയി മാറുകയാണ് പതിവ്. എന്തോ ഭാഗ്യത്തിന് ഇക്കൊല്ലം ഈ നേർച്ചപ്പണിമുടക്ക് ഒരു ദിവസം മാത്രമേയുള്ളൂ.

CAA എന്ന കരിനിയമത്തിനെതിരെ രാജ്യത്തൊട്ടാകെയുള്ള ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോൾപ്പോലും ഒരു വാഹനം തടയാനോ നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ പ്രതിഷേധക്കാർ മുതിർന്നില്ല. അതേസമയം SDPI/ഫോർവേഡ് ബ്ലോക്ക് സംഘടനകൾ 2019 ഡിസംബർ 17ന് ഇതേ വിഷയത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ, 7 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയില്ല എന്ന ഹൈക്കോടതി അലക്ഷ്യത്തിന്റെ പേരിൽ, അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള കൃത്യമായ നടപടികൾ കേരള സർക്കാർ കൈക്കൊണ്ടു.

ഈ ഉദാഹരണം മുൻനിർത്തി ഒരു കാര്യം ചോദിക്കട്ടെ ? നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക്, വാഹനങ്ങൾ തടയുകയും, നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കടകൾ അടപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ഹർത്താലായി മാറിയാൽ, SDPIക്കാരോട് സ്വീകരിച്ച അതേ നടപടി കൈക്കൊള്ളാനുള്ള ആർജ്ജവം കേരള സർക്കാരിനുണ്ടോ ? അതോ സ്വന്തം പാർട്ടിയും കൂടെ ചേർന്ന് നടത്തുന്ന പരിപാടി ആയതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുമോ ?

ഏതൊരു സമരവും പ്രതിഷേധവും വിജയിക്കുന്നത്, ജനങ്ങൾ സ്വമേധയാ നിരത്തിലിറങ്ങിച്ചെന്ന് ആ സമരത്തിന്റെ ഭാഗമാകുമ്പോൾ മാത്രമാണ്. അതുതന്നെയാണ് പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ രാജ്യമൊട്ടാകെ നാം കണ്ടുകൊണ്ടിരിക്കുന്നത്. ആ സമയത്ത് പോലും ആരും വാഹനങ്ങൾ തടഞ്ഞില്ല, നിർബന്ധിച്ച് കടകൾ അടപ്പിച്ചില്ല. തെരുവുകളിൽ ജനസമുദ്രം ഒഴുകിയപ്പോൾപ്പോലും സമാധാനപരമായ അവസ്ഥയായിരുന്നു. ആ സമരത്തിന്റെ ഭാഗമായിട്ടുള്ള പ്രതിപക്ഷ കക്ഷികൾ തന്നെയാണ് ഈ പണിമുടക്കും ആഹ്വാനം ചെയ്തിരിക്കുന്നത്. അതേ മാതൃകയിൽ ഈ പ്രതിഷേധവും പണിമുടക്കും മുന്നോട്ട് നീക്കാൻ നിങ്ങൾക്കാവില്ലേ ? പണിമുടക്കിനെ ഹർത്താലാക്കി മാറ്റി ജനങ്ങളെ ദുരിതത്തിലാക്കാതിരിക്കാൻ ഇക്കൊല്ലമെങ്കിലും കഴിയില്ലേ ? പഴയപോലെ തന്നെയാണ് നീക്കമെങ്കിൽ അത് നല്ല ഒന്നാന്തരം ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ് ? ഇതും ഒരുതരത്തിൽ ഫാസിസ്റ്റ് നടപടി തന്നെയല്ലേ ?

എന്തായാലും നാളെ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത് ഒരു പണിമുടക്ക് മാത്രമാണ്. ഈ കൊച്ചു കേരളത്തിനെയല്ലാതെ മറ്റൊരു ഇന്ത്യൻ സംസ്ഥാനങ്ങളേയും കാര്യമായി ബാധിക്കാത്ത തരത്തിലുള്ള ഒരു പണിമുടക്ക് മാത്രമാണിത്. അതിനെ ഹർത്താലാക്കി മാറ്റാൻ പൊതുജനങ്ങൾ കൂട്ടുനിൽക്കരുത്. കരിനിയമങ്ങൾക്കെതിരെ നിങ്ങൾ ഈ തെരുവുകളിൽ ഇപ്പോളും ചെയ്തുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും വിലയില്ലാതാക്കരുത്. എല്ലാവരും സ്വന്തം വാഹനങ്ങളുമായി നിരത്തിലിറങ്ങുക. താല്പര്യമുള്ളവർ അവരവരുടെ ജോലിക്ക് പോകുക. പണിമുടക്കിൽ പങ്കെടുക്കണമെന്നുള്ളവർ പണിമുടക്കി വീട്ടിലിരിക്കുക. മറ്റുള്ളവരുടെ വാഹനങ്ങൾ തടയാനും നിർബന്ധിപ്പിച്ച് പണിമുടക്കിൽ പങ്കെടുപ്പിക്കാനുള്ള അവകാശം നിങ്ങൾക്കില്ല.

നാളെ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത് ഒരു പണിമുടക്ക് മാത്രമാണ്. ഹർത്താൽ അല്ലേയല്ല. Say NO to Harthal.

#Say_NO_to_Harthal