Monthly Archives: February 2020

വാർത്തേം കമന്റും – (പരമ്പര 69)


69

വാർത്ത 1:- കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുന്ന തോക്കുമായി അമേരിക്ക.
കമന്റ് 1:- ഉണ്ടയില്ലാ വെടിയൊന്നും അല്ലല്ലോ ?

വാർത്ത 2:- അധികൃതരെ കബളിപ്പിച്ച് സര്‍വീസില്‍ കയറി; കൊലക്കേസ് പ്രതി കാക്കിയണിഞ്ഞത് 19 വര്‍ഷം.
കമന്റ് 2:- ഇതേ പരിപാടി നടത്തി പെൻഷൻ വാങ്ങിയവരുമുണ്ടാകാം ഈ രാജ്യത്ത്.

വാർത്ത 3:- തന്റെ ഹിന്ദുത്വ ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.
കമന്റ് 3:- പിടിച്ചതിലും വലുതാണ് അളയിലെന്ന് ജനങ്ങൾക്ക് നല്ല ബോദ്ധ്യമുണ്ട്.

വാർത്ത 4:- സംസ്ഥാന ബജറ്റില്‍ നിറഞ്ഞുനിന്നത് കവിതകള്‍.
കമന്റ് 4:- കേന്ദ്ര ബജറ്റും മോശമൊന്നുമല്ല. അടുത്ത വർഷം മുതൽ ബജറ്റ് സമ്മേളനങ്ങളെ കവിസമ്മേളനങ്ങൾ എന്ന് പേര് മാറ്റണം.

വാർത്ത 5:- ചിലര്‍  തന്നെ തല്ലുന്ന കാര്യം പറയുന്നു, എന്നാല്‍ അമ്മമാരുടെ സുരക്ഷാകവചം തനിക്കുണ്ടെന്ന് പ്രധാനമന്ത്രി മോദി.
കമന്റ് 5:- ചുമ്മാതല്ല കത്തിച്ചോളാൻ സ്വയം ആഹ്വാനം ചെയ്തത്.

വാർത്ത 6:- പ്രതിപക്ഷം ഭാവന തിരിച്ചുപിടിക്കണമെന്ന് സംഗീതജ്ഞൻ ടി. എം. കൃഷ്ണ.
കമന്റ് 6:- ഇത് കേന്ദ്ര കേരള ബഡ്ജറ്റുകളെ ഉദ്ദേശിച്ച് മാത്രം പറഞ്ഞാകാനേ വഴിയുള്ളൂ.

വാർത്ത 7:- കണ്ണ് തട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് കുരുങ്ങി കുട്ടി മരിച്ചു.
കമന്റ് 7:- ചരട് കെട്ടിൽ ഇനിയെങ്കിലും വിശ്വസിക്കൂ. ഒരു കുട്ടി ഇനിയാരുടെയും കണ്ണ് തട്ടാത്തവിധം രക്ഷപ്പെട്ടത് കണ്ടില്ലേ ?

വാർത്ത 8:- ജാര്‍ഖണ്ഡില്‍ മഹാത്മാഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍.
കമന്റ് 8:-  ഗോൽ‌വർക്കറുടെ പ്രത്യയശാസ്ത്രം വളരാൻ ഗാന്ധിയുടെ പ്രതിമ പോലും തടസ്സമാണ്. 

വാർത്ത 9:- എക്‌സിറ്റ് പോളുകളില്‍ കാര്യമില്ല’; ഡല്‍ഹിയിലെ തന്ത്രങ്ങള്‍ വിജയം ഉറപ്പിക്കുമെന്ന് ബിജെപി.
കമന്റ് 9:- തന്ത്രങ്ങളാകാം; കുതന്ത്രങ്ങളാകരുത്.

വാർത്ത 10:- കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയം, ഇക്കാര്യം മുന്‍പേ അറിയാമായിരുന്നു- സന്ദീപ് ദീക്ഷിത്.
കമന്റ് 10:- കോൺഗ്രസ്സുകാർക്ക് ദീർഘവീക്ഷണമില്ലെന്ന് മാത്രം ആരും പറയരുത്.