Monthly Archives: July 2020

ഫേസ്ബുക്ക് അവതാരം


106181026_10221258413557351_8351806041156800536_o
പുതിയ ഫേസ്ബുക്ക് അവതാരങ്ങളെ എല്ലാവരും കണ്ട് തുടങ്ങിയല്ലോ ? അതേപ്പറ്റി ചിലത്…….

എല്ലാവർക്കും ഈ അവതാർ സൌകര്യം കിട്ടിത്തുടങ്ങിയിട്ടില്ല എന്ന് തോന്നുന്നു. ബേജാറാകണ്ട. മറ്റേത് ഫേസ്ബുക്ക് സൌകര്യങ്ങളേയും പോലെ വൈകാതെ എല്ലാവർക്കും കിട്ടുക തന്നെ ചെയ്യും. ഏതെങ്കിലും ഒരു സുഹൃത്തിന്റെ ഈ അവതാരത്തിന് വലത് വശത്ത് താഴെയായി Try it എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഏതൊരാ‍ൾക്കും സ്വന്തം അവതാരം ഉണ്ടാക്കാം.

സത്യത്തിൽ എന്റെ അവതാരം ഉണ്ടാക്കിയപ്പോൾ ചിത്രകല അറിയില്ലെങ്കിലും ചിത്രം വരക്കാൻ വരം കിട്ടിയവനെപ്പോലെ ശരിക്കും ആസ്വദിച്ചു ഞാൻ.

നമുക്ക്, നമ്മെത്തന്നെ വരക്കാൻ കിട്ടുന്ന അവസരമാണിത്. താടി കൂർത്തതാണോ, മൂക്കിന്റെ പാലം പതിഞ്ഞതാണോ, കരിമീൻ കണ്ണാണോ അതോ മംഗോളിയനാണോ ? ചുണ്ട് കോടിയതാണോ ? മുടിയുണ്ടോ അതോ കഷണ്ടിയോ ? തൊലിയുടെ നിറം, താടിയുടേം മുടിയുടേം നിറം, കണ്ണട, മുക്കൂത്തി, പൊട്ട്, മറുക്, വേഷം എന്നിങ്ങനെ എന്ത് വേണമെങ്കിലും നമുക്ക് നിശ്ചയിക്കാം. സത്യസന്ധത കൃത്യമായ അളവിൽ ചേർത്താൽ സാമാന്യം തെറ്റില്ലാത്ത അവനവന്റെ അവതാർ സൃഷ്ടിക്കാൻ പറ്റുമെന്ന് തന്നെ കരുതുന്നു. എന്നിരുന്നാലും, പ്രത്യേകതരം സൌന്ദര്യമുള്ള പലരുടേയും മുന്നിൽ അവതാർ മുട്ടുകുത്തിയെന്നും പാണന്മാർ പാടി നടക്കുന്നുണ്ട്.

അടയാളങ്ങൾ പറഞ്ഞുകൊടുത്ത് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ചിത്രകാരന്മാരെക്കൊണ്ട് പ്രതികളുടെ രേഖാചിത്രം വരപ്പിക്കുന്നത് പോലെ എന്ന് വേണമെങ്കിൽ ചുരുക്കിപ്പറയാം. ഇവിടെ ആ ചിത്രകാരൻ നാം ഓരോരുത്തരും തന്നെയാണെന്നതാണ് ഇതിലെ സന്തോഷം.

അവതാർ ഫോട്ടോ സൃഷ്ടിച്ച എത്രപേർ ഈ സൌകര്യങ്ങളെല്ലാം മാറ്റിയും മറിച്ചും ചെയ്ത് കൃത്യതയിലേക്ക് എത്താൻ ശ്രമിച്ചു എന്നെനിക്കറിയില്ല. എന്റെ കാര്യത്തിൽ ഞാനത് പലവട്ടം ചെയ്ത് ചെയ്ത് 70 ശതമാനമെങ്കിലും കൃത്യത ഉണ്ടാക്കാൻ സാധിച്ചെന്ന് വിശ്വസിക്കുന്നു. പോരായ്മകൾ ചിലത് കണ്ടുപിടിക്കുകയും ചെയ്തു. ഉദാഹരണത്തിന്… നിലവിൽ എനിക്കുള്ളത് പോലുള്ള മീശ ഈ അവതാറിന്റെ സ്റ്റോറിൽ ഇല്ല. അതുകൊണ്ട് ഞാനെന്റെ പഴയ ഫ്രഞ്ച് താടി വെച്ച് ഒപ്പിച്ചു. പോരായ്മകളുടെ അക്കങ്ങൾ നിരത്തുമ്പോൾ, മറുപടി കമന്റുകളിൽ ഈ അവതാരം വരുന്നില്ല എന്നതും സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

അവതാറിനെപ്പറ്റി ഇത്രയും പറയണമെന്ന് തോന്നിയത് മറ്റ് ചില കാരണങ്ങൾ കൂടെ ഉള്ളതുകൊണ്ടാണ്.
ടൈപ്പ് ചെയ്ത് സമയം കളയുന്ന പല കമന്റുകളും നമുക്കിനി സ്വന്തം അവതാർ പടത്തോടൊപ്പം നൽകാം എന്നതാണ് പ്രധാന ആകർഷണം. ബർത്ത് ഡേ, ഗുഡ് ലക്ക്, അഭിനന്ദനങ്ങൾ, തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇങ്ങനെ ഒറ്റക്ലിക്കിൽ സാദ്ധ്യമാകുന്നു എന്നത് തന്നെയാണ് പ്രധാന ആകർഷണം. ഒരുപാട് സമയം ലാഭം. ആയതിനാൽ മറ്റ് പലരും ഇതിനെ ഒരു താൽക്കാലിക തമാശയായി കാണുന്നുണ്ടെങ്കിലും ഞാനങ്ങനെയല്ല കാണുന്നത്. പോകെപ്പോലെ എല്ലാവർക്കും ഇതിന്റെ സൌകര്യവും ഗുണവും പിടികിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

വാൽക്കഷണം:- ടെക്കികളും ഭീകര ടെക്കികളും കൊടും ടെക്കികളും ക്ഷമിക്കുക. ഇത് അവതാറിനെപ്പറ്റി അൽപ്പം പോലും അറിയാത്ത നിരക്ഷരന്മാർക്ക് വേണ്ടി മറ്റൊരു നിരക്ഷരൻ തയ്യാറാക്കിയ കുറിപ്പ് മാത്രമാണ്.