Monthly Archives: September 2020

കോവിഡ് ടെസ്റ്റ് കർണ്ണാടക മോഡൽ


88
സെപ്റ്റംബർ 21 തിങ്കളാഴ്ച്ച, കോവിഡ് ടെസ്റ്റ് നടത്താൻ BBMP യുടെ ആരോഗ്യ വകുപ്പ് വനിതാ ഉദ്യോഗസ്ഥർ ഞങ്ങളുടെ ഓഫീസിലെത്തി. ഞാനടക്കം 38 ജീവനക്കാരാണ് ടെസ്റ്റിന് വിധേയരായത്. ടെസ്റ്റ് നടത്താൻ വന്ന മൂന്ന് വനിതകളും ഒരു കാറിൽ സാധാരണ വേഷത്തിലാണ് വന്നിറങ്ങിയത്.

അവർക്കിരിക്കാൻ കസേരകളും മേശയും സജ്ജീകരിച്ച് നൽകി അരമണിക്കൂറിനകം ടെസ്റ്റ് ആരംഭിച്ചു. ആ സമയത്ത് മൂന്ന് ഉദ്യോഗസ്ഥ സ്ത്രീകളിൽ ഒരാൾ PPE അണിഞ്ഞു. 25 പേർക്കുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ മാത്രമാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്. അത്രയും പേർക്ക് റാപ്പിഡ് ടെസ്റ്റും RT-PCR ടെസ്റ്റും നടത്തും. ബാക്കിയുള്ള 13 പേർക്ക് RT-PCR ടെസ്റ്റ് മാത്രം നടത്തി രണ്ട് ദിവസത്തിനകം എല്ലാവരുടേയും റിസൽറ്റിനൊപ്പം അറിയിക്കുമെന്നാണ് പറഞ്ഞത്.

ആന്റിജൻ (റാപ്പിഡ് ടെസ്റ്റ്) റിസൽറ്റ് ഉദ്യോഗസ്ഥർ പിരിയുന്നതിന് മുന്നേ കിട്ടി. ലിസ്റ്റിൽ ഇരുപത്തഞ്ചാമത്തെ ജീവനക്കാരനായ മുകേഷ് (ശരിയായ നാമം അല്ല) കോവിഡ് പോസിറ്റീവ് !! അദ്ദേഹത്തിനാകട്ടെ യാതൊരു രോഗലക്ഷണവും ഇല്ല. ആയതിനാൽ സംശയനിവാരണത്തിനായി മുകേഷിനെ ഞങ്ങൾ അപ്പോൾത്തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് അയച്ച് RT-PCR ടെസ്റ്റ് നടത്തിച്ചശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ട് ഐസൊലേഷനിൽ ആക്കി.

അടുത്ത ദിവസം മുകേഷിന്റെ RT-PCR റിസൽറ്റ് സ്വകാര്യ ആശുപത്രിയിൽ നിന്ന് വന്നു. അതിലും മുകേഷ് കോവിഡ് പോസ്റ്റിറ്റീവ്!! ആയതിനാൽ മുകേഷിനോട് ഐസൊലേഷനിൽ തുടരാൻ ആവശ്യപ്പെട്ടു. പക്ഷേ മുകേഷിന്റെ സ്വാബ് കൊണുപോയ വകയിൽ BBMP യിൽ നിന്ന് ഇതുവരെ RT-PCR റിസൽറ്റ് വന്നിട്ടില്ല.

സെപ്റ്റംബർ 22 ചൊവ്വാഴ്ച്ച മറ്റൊരു ജീവനക്കാരനായ റഫീക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് RT-PCR ഫലം വന്നു. ആന്റിജൻ ടെസ്റ്റിൽ റഫീക്ക് നെഗറ്റീവ് ആയിരുന്നു. റഫീക്കിനും ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നുമില്ല. എങ്കിലും അയാളേയും ഞങ്ങൾ ഐസൊലേഷനിൽ ആക്കി. അതിന് മുൻപ് പ്രൈവറ്റ് ആശുപത്രിയിൽ പോയി റഫീക്ക് RT-PCR ടെസ്റ്റ് നടത്തി. അതിന്റെ റിസൽറ്റ് വന്നപ്പോൾ റഫീക്ക് കോവിഡ് നെഗറ്റീവ് !! ഞങ്ങൾ ഇതിൽ ഏത് റിസൽറ്റിനെ വിശ്വസിക്കണം ?

രണ്ട് വ്യത്യസ്ത സ്വകാര്യ ആശുപത്രികളിൽ റഫീക്കും മുകേഷും RT-PCR ടെസ്റ്റുകൾ നടത്തിയത് യഥാക്രമം 3600 രൂപയ്ക്കും 2500 രൂപയ്ക്കുമാണ്. 500 രൂപയ്ക്ക് ഇതേ ടെസ്റ്റ് നടത്താമെന്ന് ഓൺലൈനിൽ കാണുന്നുമുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ചിലവ് ഏകീകരിച്ചിട്ടില്ലെങ്കിൽ, കോവിഡിന്റെ പേരിൽ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് തറപ്പിച്ച് പറയാനാകും. ഈ രോഗത്തിന്റെ പേരിൽ ചികിത്സാരംഗത്ത് പലരും വലിയ കൊയ്ത്താണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതൊന്നും അറിഞ്ഞില്ലെന്നാണോ അതോ അറിഞ്ഞിട്ടും കൂട്ടുനിൽക്കുകയാണോ എന്ന് വ്യക്തമാക്കണം.

കോവിഡ് ടെസ്റ്റ് നടത്താൻ വന്ന മൂന്ന് സ്ത്രീകളിലേക്ക് തിരിച്ച് വരാം. അവരിൽ ഒരാൾ മാത്രമാണ് കമ്പനിയിലേക്ക് വന്ന് കയറിശേഷം PPE അണിഞ്ഞത്. ടെസ്റ്റിന് മുന്നേ, ടെസ്റ്റ് ചെയ്യപ്പെടുന്നവർ, അഡ്രസ്സ് കൊടുക്കാനും രജിസ്റ്റർ ചെയ്യാനും OTP നൽകാനുമൊക്കെയായി കുറഞ്ഞത് 5 മിനിറ്റ് മറ്റ് രണ്ട് സ്ത്രീകൾക്ക് മുന്നിൽ നിൽക്കുന്നുണ്ട്. മാസ്ക്കും കഷ്ടി ഒന്നരമീറ്റർ അകലവും മാത്രമാണ് ഈ സമയത്ത് സുരക്ഷാനടപടി എന്ന നിലയിൽ നടപ്പാക്കപ്പെടുന്നത്.

കമ്പനിയിലെ ഞങ്ങൾ മറ്റ് 36 പേരുടെ കാര്യം തൽക്കാലം മാറ്റിനിർത്താം. ഞങ്ങൾ കഴിഞ്ഞ എല്ലാ ദിവസങ്ങളിലും മുകേഷുമായും റഫീക്കുമായും ഇടപെട്ടിട്ടുണ്ട്. പക്ഷേ, കോവിഡ് പോസിറ്റീവ് ആണെന്ന് BBMP യുടെ ടെസ്റ്റിലും സ്വകാര്യ ആശുപത്രിയുടെ ടെസ്റ്റിലും ഉറപ്പായ മുകേഷ്, ഇപ്പറഞ്ഞ 5 മിനിറ്റ് ആ രണ്ട് സ്ത്രീകൾക്ക് മുന്നിൽ നിന്നിട്ടുണ്ട്. ഈ സമയത്ത് അവരിലേക്ക് വൈറസ് പടരാനുള്ള സാദ്ധ്യതയില്ലേ ? ടെസ്റ്റ് എല്ലാം പൂർത്തിയാക്കിയപ്പോൾ PPE ധരിച്ചിരുന്ന സ്ത്രീ, അതെല്ലാം ഊരിമാറ്റി മറ്റ് രണ്ട് സ്ത്രീകൾക്കൊപ്പം അവർ വന്ന അതേ കാറിൽക്കയറി യാത്രയാകുന്നു. മുകേഷിൽ നിന്ന് രണ്ട് സ്ത്രീകളിലേക്ക് വൈറസ് പടർന്നിട്ടുണ്ടെങ്കിൽ PPE ഊരിമാറ്റി കാറിൽ യാത്ര ചെയ്യുമ്പോൾ മൂന്നാമത്തെ സ്ത്രീയിലേക്കും കാറിന്റെ ഡ്രൈവറിലേക്കും വൈറസ് പടരാൻ സാദ്ധ്യതയില്ലേ ?

ടെസ്റ്റ് നടത്തിയത് തിങ്കളാഴ്ച്ചയാണ്. മുകേഷും റഫീക്കും കോവിഡ് പോസിറ്റീവാണെന്ന് ചൊവ്വാഴ്ച്ചയോടെ BBMP സ്ഥിരീകരിച്ചു. പക്ഷേ കമ്പനിയിലെ ഞാനടക്കമുള്ള 15ൽപ്പരം ജീവനക്കാരുടെ RT-PCR ടെസ്റ്റ് റിസൽറ്റ് ഇതുവരെ BBMP യിൽ നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞ 5 ദിവസമായി ഞങ്ങൾ പഴയത് പോലെ തന്നെ ഇടപഴകി ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഐസൊലേഷനിൽ കഴിയുന്ന മുകേഷിനും റഫീക്കിനും ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നുമില്ല. മുകേഷും റഫീക്കും യഥാർത്ഥത്തിൽ കോവിഡ് പോസിറ്റീവ് ആണെങ്കിൽ ഇതിനകം ഞങ്ങളിലേക്ക് പടർന്ന് ഞങ്ങൾക്കെല്ലാവർക്കും പരസ്പരം പടരാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഭാഗ്യത്തിന് ഞങ്ങൾക്കാർക്കും ഇതുവരെ ഒരു രോഗലക്ഷണവും ഇല്ല. മുകേഷും റഫീക്കും അടക്കം ഞങ്ങൾ എല്ലാവരും രോഗലക്ഷണം ഇല്ലാത്ത കോവിഡ് പോസിറ്റീവുകൾ ആകാനും മതി. പക്ഷേ, അതെന്തെങ്കിലും ഉറപ്പിക്കണമെങ്കിൽ BBMP നടത്തിയ ടെസ്റ്റ് റിസൽറ്റ് കിട്ടണമല്ലോ ?

ഇതാണ് ബാംഗ്ലൂരിലെ കോവിഡ് പരിശോധനയുടെ അവസ്ഥ. ആർക്കോ വേണ്ടി ഓക്കാനം എന്നത് പോലെ.

ഇത്രയും അനുഭവം വെച്ച് രണ്ട് കാര്യങ്ങൾ ബാംഗ്ലൂരിൽ കഴിയുന്നവരോട് നിർദ്ദേശിക്കാനുണ്ട്.

1. നിങ്ങളുടെ കമ്പനികളിൽ കോവിഡ് ടെസ്റ്റിന് ആരോഗ്യപ്രവർത്തകർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ, വരുമ്പോൾത്തന്നെ അവർ PPE കിറ്റ് അണിഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. അതല്ലാത്തപക്ഷം ആ വരുന്ന ഉദ്യോഗസ്ഥർ നല്ല ഒന്നാന്തരം കോവിഡ് വാഹകരാണ്. കഴിഞ്ഞ ദിവസം അവർ പോയ കമ്പനിയിൽ ഏതെങ്കിലും ഒരു കോവിഡ് പോസ്റിറ്റീവുമായി PPE കിറ്റ് അണിയാതെ അവർ ഇടപഴകിയിട്ടുണ്ടാകാനുള്ള സാദ്ധ്യത നൂറ് ശതമാനമാണ്.

2. ഇനി പറയാനുള്ളത് കോവിഡ് പരിശോധനയുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെപ്പറ്റിയാണ്. കോവിഡ് പരിശോധനയ്ക്ക് വന്നവരാണെന്ന് പറഞ്ഞ് നഗരത്തിൽ പലയിടത്തും തട്ടിപ്പുകാർ കറങ്ങുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. BBMP ക്കാർ പരിശോധനയ്ക്ക് വരുമ്പോൾ അഡ്രസ്സും ഫോൺ നമ്പറും മാത്രമാണ് നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നത്. തട്ടിപ്പുകാരാകട്ടെ വിരലടയാളവും ആധാർ കാർഡ് കോപ്പിയും കൈപ്പറ്റിയാണ് സ്വാബ് എന്ന പേരിൽ മൂക്കിൽ തോണ്ടി കടന്നുകളയുന്നത്. വിരലടയാളവും ആധാർ കാർഡ് കോപ്പിയും ഒരു തട്ടിപ്പുകാരനിലേക്ക് എത്തിയാൽ നാളെ നിങ്ങളൊരു മോഷണക്കേസിലോ ടെലിഫോൺ കേസിലോ തീവ്രവാദ കേസിലോ പോലും പ്രതിചേർക്കപ്പെട്ടെന്ന് വരാം. ആയതിനാൽ ടെസ്റ്റ് നടത്താൻ വരുന്നവർ വിരലടയാളവും ആധാർ കാർഡിന്റെ കോപ്പിയും ആവശ്യപ്പെടുന്നുണ്ടെങ്കിൽ തട്ടിപ്പിനുള്ള സാദ്ധ്യതകൾ അതിലുണ്ടെന്ന് മനസ്സിലാക്കി ഉചിതമായ നടപടികൾ സ്വീകരിക്കുക.

കോവിഡിന്റെ പേരിലാണ് ഇപ്പോൾ ചെരിപ്പും കിടക്കയും അടിവസ്ത്രവും പോരാത്തതിന് മൂക്കിൽപ്പൊടി പോലും വിറ്റഴിക്കുന്നത്. ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം ഏവർക്കും മനസ്സിലാക്കാം. ആരോഗ്യ രംഗത്ത് കോവിഡിന്റെ മറവിൽ വ്യവസായം പൊടിപൊടിക്കുന്നുണ്ടെന്നതിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. പരമാവധി ജനങ്ങൾക്ക് ടെസ്റ്റ് നടത്തി രോഗികളെ കണ്ടുപിടിക്കുന്നതിനേക്കാളുപരി, ടെസ്റ്റ് കിറ്റുകൾ പറ്റാവുന്നത്ര വിറ്റഴിച്ച് പണമുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ അധഃപതിച്ചിട്ടുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. കോവിഡിനേക്കാൾ കേമമായി കോവിഡ് തട്ടിപ്പുകാരെ പ്രതിരോധിക്കേണ്ട അവസ്ഥയാണെന്ന് ചുരുക്കം.

ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു സഹപ്രവർത്തകൻ കയറി വന്നു. ടെസ്റ്റ് നടത്താൻ വന്ന സ്ത്രീകളെ മറ്റൊരിടത്ത് വെച്ച് അദ്ദേഹം കണ്ടു. അവരിൽ നിന്ന് ഇതിന്റെയൊക്കെ ഉത്തരവാദിത്വമുള്ള ഒരു ഡോൿടറുടെ നമ്പർ സംഘടിപ്പിച്ച് എനിക്ക് തന്നു. കൈയ്യോടെ ഡോൿടറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ആന്റിജൻ (റാപ്പിഡ്) ടെസ്റ്റിൽ പോസിറ്റീവ് ആയ വ്യക്തിയുടെ സ്വാബ് പിന്നീട് RT-PCR ടെസ്റ്റ് നടത്തി സമയം പാഴാക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതല്ലാതെ എന്റെ ചോദ്യങ്ങൾക്കൊന്നും അദ്ദേഹത്തിന് കാര്യമായ മറുപടിയില്ല. അവർ കളൿറ്റ് ചെയ്യുന്ന സ്വാബ് സാമ്പിളുകൾ അൽപ്പം പോലും വൈകിക്കാതെ ലാബിൽ കൊടുക്കുന്നുണ്ട് പോലും! പിന്നെയുള്ളത് അവിടന്നുള്ള കാലതാമസമാണെന്നാണ് ഡോൿടർ പറയുന്നത്. 38 പേർക്ക് ടെസ്റ്റ് നടത്തി അതിൽ 2 പേർ രോഗികളാണെന്ന് അറിയിച്ച ശേഷം, കഴിഞ്ഞ 5 ദിവസം ഞങ്ങൾ എങ്ങനെ മുന്നോട്ട് നീങ്ങണമെന്നാണ് താങ്കൾക്ക് നിർദ്ദേശിക്കാനുള്ളത് എന്ന ചോദ്യത്തിനും മറുപടിയില്ല. “താങ്കളുന്നയിക്കുന്ന പ്രശ്നം ഗുരുതരമാണ്. ഞാൻ ഉന്നത അധികാരികളെ അറിയിച്ച് അവരുടെ മറുപടി താങ്കൾക്ക് തരുന്നതാണ്.“ എന്ന് മാത്രം പറഞ്ഞ് ഡോക്ടർ അവസാനിപ്പിച്ചു.

ഇതാണ് കർണ്ണാടക മോഡൽ കോവിഡ് ടെസ്റ്റ് നടപടികൾ. മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെയൊക്കെ ആണെന്ന് എനിക്കറിയില്ല. എന്തായാലും വാൿസിൻ വരുന്നത് വരെ കൂഴച്ചക്ക പോലെയായിരിക്കും കാര്യങ്ങൾ. കോവിഡിന്റെ കാര്യം ലളിതമാണ്. സമ്പർക്കത്തിൽ വരുന്നവരിലേക്ക് അത് പടരും. കോവിഡിനെ കൈകാര്യം ചെയ്യുന്നവരുടെ കാര്യം പക്ഷേ സങ്കീർണ്ണമാണ്.

നിർദ്ദേശമായിട്ട് പറയാനുള്ളത് ഇത്രമാത്രം. ആരോഗ്യപ്രവർത്തകർക്ക് പിടിപ്പത് ജോലിയുണ്ടാകാം. പക്ഷേ, അവർക്ക് താങ്ങാൻ പറ്റുന്നതിലപ്പുറം ജോലി ഏൽപ്പിക്കുന്നതുകൊണ്ട് പ്രശ്നത്തിലാകുന്നത് ജനങ്ങളാണ്. കുറേപ്പേരുടെ സ്വാ‍ബ് എടുത്തിട്ട് അതിൽ 2 പേർ രോഗികളാണെന്ന് പറയുകയും ബാക്കിയുള്ളവരുടെ പരിശോധനാഫലം പറയാതിരിക്കുകയും ചെയ്യുന്നത്ര തിരക്കുണ്ടെങ്കിൽ ഈ ടെസ്റ്റുകൾ വേണ്ടെന്ന് വെക്കുന്നതാണ് ഭംഗി. കോവിഡ് പടരാതിരിക്കാനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെ ആരോഗ്യപ്രവർത്തകർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. കുറേ ടെസ്റ്റുകൾ നടത്തിയെന്ന് കാട്ടിക്കൂട്ടാനും വേറെ കുറേപ്പേർക്ക് കച്ചവടം നടത്താനും വേണ്ടി മൊത്തം മനുഷ്യരുടെ രോഗാവസ്ഥയേയും രോഗമില്ലാത്ത അവസ്ഥയേയും മുതലെടുക്കരുത്, ഉപയോഗിക്കരുത്.

വാൽക്കഷണം:- ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ല. ലക്ഷണം കെട്ടവനാണോ, രോഗമേ ഇല്ലാത്തവനാണോ എന്നൊക്കെ അറിയണമെങ്കിൽ മൂക്കിലും തൊണ്ടയിലും കോലിട്ടിളക്കി കൊണ്ടുപോയ സ്വാബ് സാമ്പിൾ ആരെങ്കിലുമെടുത്ത് ടെസ്റ്റ് ചെയ്ത് ഫലം അറിയിക്കണം. അതുവരെ രോഗം പടർത്തിയോ പടർത്താതെയോ തൃശങ്കുവിൽ.