Yearly Archives: 2021

34 പുസ്തകങ്ങൾ ഒറ്റയടിക്ക് പ്രകാശിപ്പിക്കുന്നു മലയാളത്തിലെ കുപ്രശസ്ത സാഹിത്യചോരൻ


1
ലയാള ഭാഷയേയും കമ്പ്യൂട്ടിങ്ങിനേയും പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ സംവിധാനമാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. അതേ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ കോപ്പിയടിക്കാരനെന്ന് ബോദ്ധ്യപ്പെട്ട് കരിമ്പട്ടികയിൽ പെടുത്തി പുറത്താക്കിയ കാരൂർ സോമൻ എന്ന മലയാളം കണ്ട ഏറ്റവും വലിയ കോപ്പിയടിക്കാരന് അവാർഡ് നൽകുന്ന, അദ്ദേഹത്തിൻ്റെ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് ഒരേ വേദിയിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ, കേരളത്തിൻ്റെ സാംസ്ക്കാരിക വകുപ്പ് മന്ത്രി പങ്കെടുക്കുന്നത് തികച്ചും അന്യായമാണ്. അങ്ങനെ സംഭവിച്ചാൽ മേൽപ്പടി ഇൻസ്റ്റിറ്റ്യൂട്ടും വകുപ്പുമൊക്കെ, സാഹിത്യത്തിന് പകരം സാഹിത്യചോരണത്തെ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള ഒരു ഏർപ്പാടായി മാറും ആ ചടങ്ങ്. ഒരു ഇടതുപക്ഷ സർക്കാരിന് ഈ നടപടി അൽപ്പം പോലും ഭൂഷണമല്ല.

ഞാൻ പറഞ്ഞ് വരുന്നത് ഡിസംബർ 13ന് ചെങ്ങന്നൂരിലെ (പെണ്ണുക്കര) വിശ്വഭാരതി ഗ്രന്ഥശാലയിൽ ഉച്ചയ്ക്ക് 02:30ന്, സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പങ്കെടുക്കാൻ പോകുന്ന ഒരു ചടങ്ങിനെപ്പറ്റിയാണ്. (ചടങ്ങിൻ്റെ പോസ്റ്ററും വാർത്തയും ഇതോടൊപ്പം ചേർക്കുന്നു.)

2a

ബഹുമാനപ്പെട്ട സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് മേൽപ്പടി മോഷണക്കഥകൾ അറിയാൻ ഒരു സാദ്ധ്യതയുമില്ല. പുസ്തകപ്രകാശനം അവാർഡ് ദാനം എന്നൊക്കെ പറയുന്ന ചടങ്ങുകളിൽ ഇതുപോലുള്ള അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്ന് രാഷ്ട്രീയക്കാരോ മന്ത്രിമാരോ സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ സാദ്ധ്യതയില്ല. എന്നിരുന്നാലും കാര്യം പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയാൽ ഇതുപോലെ മന്ത്രിസ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലും ഇരിക്കുന്നവർ കള്ളന്മാരെ പ്രോത്സാഹിപ്പിക്കാതെ ഇത്തരം ചടങ്ങുകളിൽ നിന്ന് പിന്തിരിഞ്ഞ അനുഭവവും എനിക്കുണ്ട്. അതെന്താണെന്ന് വിശദമാക്കാം.

കാരൂർ സോമൻ ഇതിന് മുൻപ് ലീവിന് വന്നപ്പോൾ (എല്ലാ പ്രാവശ്യവും ഇംഗ്ലണ്ടിൽ നിന്ന് ലീവിന് കേരളത്തിൽ വരുമ്പോൾ ഏതെങ്കിലും ഒരു ക്ലബ്ബിൻ്റെയോ സംഘടനയുടെയോ പേരിൽ ഇങ്ങനൊരു അവാർഡ് ദാനവും പൊന്നാട പുതപ്പിക്കലും പുസ്തകപ്രകാശനവും അദ്ദേഹത്തിൻ്റെ പതിവാണ്) മുൻ സ്പീക്കർ ബഹു: ശ്രീരാമകൃഷ്ണനെ പങ്കെടുപ്പിച്ചാണ് പരിപാടി പദ്ധതിയിട്ടതും നോട്ടീസ് അടിച്ചിറക്കിയതും. (നോട്ടീസ് ഇതോടൊപ്പം ചേർക്കുന്നു) സ്പീക്കറേയും അദ്ദേഹത്തിൻ്റെ ഓഫീസിനേയും ചില സുഹൃത്തുക്കൾ വഴി വിവരമറിയിച്ചു. സ്പീക്കറുടെ ഓഫീസ് സ്വന്തം നിലയ്ക്ക് കാര്യങ്ങൾ അന്വേഷിച്ചു, ബോദ്ധ്യപ്പെട്ടു, 2020 മാർച്ച് 10 ന് നടന്ന ചടങ്ങിൽ നിന്ന് അന്നത്തെ സ്പീക്കർ ബഹു:ശ്രീരാമകൃഷ്ണൻ ഒഴിവാകുകയും ചെയ്തു.

9

സാസ്ക്കാരിക വകുപ്പുമന്ത്രിയുടെ കീഴിലാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് എൻ്റെയറിവ്. അഥവാ അങ്ങനെയല്ലെങ്കിലും, കോപ്പിയടിച്ച സാഹിത്യം പുസ്തകമാക്കി പ്രകാശനം ചെയ്യിപ്പിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ശോഭ കെടുത്തിയതുകൊണ്ട് കാരൂർ സോമൻ എന്ന വ്യാജ എഴുത്തുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഇടപാടുകളിൽ നിന്ന് പുറത്താക്കിയിട്ടുണ്ടോ എന്ന് തിരക്കി ഉചിതമായ തീരുമാനമെടുക്കാൻ 24 മണിക്കൂറൊന്നും സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് ആവശ്യമില്ല. സോമനെ കരിമ്പട്ടികയിൽ പെടുത്തി പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പത്രവാർത്തക്കുറിപ്പ് ഇതോടൊപ്പം ചേർക്കുന്നു. ഇത് മതിയാകും വകുപ്പിനും മന്ത്രിക്കും അന്വേഷണം തുടങ്ങി വെക്കാനെന്ന് കരുതുന്നു.

4

ഇതേ ചടങ്ങിൽ പങ്കെടുക്കുന്ന മാവേലിക്കര MLA ശ്രീ. എം. എസ്. അരുൺ കൂടെ ഈ വിഷയം ഇതേ ഗൗരവത്തോടെ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട് അഭ്യർത്ഥനയുണ്ട്.

കാരൂർ സോമൻ്റെ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് ഈ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെടുന്നു എന്നാണ് അറിയിപ്പ് കണ്ടത്. മലയാളത്തിലെ ഏതെങ്കിലുമൊരു എഴുത്തുകാരൻ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് പ്രകാശനം ചെയ്യുന്നുണ്ടെങ്കിൽ അതൊരു ചരിത്രസംഭവം തന്നെയാണ്. പക്ഷേ കാരൂർ സോമൻ 34 പുസ്തകങ്ങൾ ഒറ്റയടിക്ക് പ്രകാശനം ചെയ്യുന്നുണ്ടെങ്കിൽ അതിനെ കാണേണ്ടത് സംശയത്തിൻ്റെ കണ്ണുകൾ കൊണ്ട് തന്നെയാണ്. അതെന്തുകൊണ്ടാണെന്ന് മന്ത്രിയുടേയും MLA യുടേയും അറിവിലേക്കായി ചുരുക്കത്തിൽ പറയാം.

5

6

പ്രമുഖ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ്റേത് അടക്കം പല എഴുത്തുകാരുടേയും ഓൺലൈൻ എഴുത്തുകാരുടേയും പത്രപ്രവർത്തകരുടേയുമൊക്കെ നൂറുകണക്കിന് പേജുകൾ മോഷ്ടിച്ച് പല പല പുസ്തകങ്ങളിലാക്കി മാതൃഭൂമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പ്രഭാത് ബുക്ക് ഹൗസ് എന്നിങ്ങനെ പല പല പ്രസാധകർ വഴി പ്രസിദ്ധീകരിച്ച കേരളം കണ്ട ഏറ്റവും വലിയ സാഹിത്യചോരനാണ് കാരൂർ സോമൻ എന്ന തൂലികാ നാമത്തിൽ എഴുതുന്ന ഡാനിയൽ സാമുവൽ എന്നതാണ് രത്നച്ചുരുക്കം. (വിശദമായി അറിയാൻ ഈ ലിങ്ക് വഴി പോകുക.)

രണ്ട് പുസ്തകങ്ങളിലായി 55ൽപ്പരം പേജുകളാണ് സോമൻ എൻ്റെ വെബ് സൈറ്റിൽ (ബ്ലോഗിൽ നിന്നല്ല) നിന്ന് കോപ്പിയടിച്ചത്. അക്കൂട്ടത്തിൽ 13 ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരടക്കം സോമൻ കോപ്പിയടിക്കുകയും, അച്ചടിക്കുകയും ചെയ്തു. (പുസ്തകത്തിലെ ആ പേജുകൾ ചേർക്കുന്നു)

7

പുസ്തകത്തിൻ്റെ പേർ ‘സ്പെയിൻ – കാളപ്പോരിൻ്റെ നാട്ടിൽ‘. പ്രസാധകർ മാതൃഭൂമി. പുസ്തകത്തിൽ കോപ്പിയടി നടന്നിട്ടുണ്ടെന്ന് ബോദ്ധ്യമായ മാതൃഭൂമി പുസ്തകം പിൻവലിക്കുകയും അക്കാര്യം അറിയിച്ച് എനിക്ക് കത്തയക്കുകയും ചെയ്തു. (കത്തിൻ്റെ കോപ്പി മന്ത്രിയുടേയും MLA യുടേയും അറിവിലേക്കായി ചേർക്കുന്നു.)

3

ഈ സാഹിത്യചോരണ വിഷയത്തിൽ ഹൈക്കോടതിയടക്കം പല പല കോടതി കോടതികളിലായി 13 കേസുകളാണുള്ളത്. 38ൽ അധികം പേർ സോമൻ്റെ ഈ കോപ്പിയടി മാമാങ്കത്തിൽ ഇരകളായെങ്കിലും എൻ്റെയൊപ്പം കേസുമായി മുന്നോട്ട് പോകുന്നത് സുരേഷ് നെല്ലിക്കോടും വിനീത് എടത്തിലും മാത്രമാണ്. സുരേഷിൻ്റെ ഭാര്യ സുജയുടെ പേരും അതുപോലെ തന്നെ മോഷ്ടിച്ചാണ് കാരൂർ സോമൻ പുസ്തകമാക്കിയത്.

കാരൂർ സോമനെ ഞാൻ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നു എന്ന് പറഞ്ഞ് എനിക്കെതിരെ മാവേലിക്കര ഡിവിഷൻ ബെഞ്ചിൽ സോമൻ നൽകിയ 5 ലക്ഷം രൂപയുടെ മാനനഷ്ടക്കേസാണ് മേൽപ്പറഞ്ഞ 13 കേസുകളിൽ ഒന്ന്. ഞാൻ നടത്തുന്ന കേസുകൾ മുന്നോട്ട് നീങ്ങണമെങ്കിൽ, സോമനോടും പ്രസാധകരോടും ആവശ്യപ്പെട്ടിരിക്കുന്ന നഷ്ടപരിഹാരത്തിൻ്റെ 10% തുക കോടതിയിൽ കെട്ടി വെക്കേണ്ടതുണ്ട്. അങ്ങനെ കെട്ടിവെച്ചിരിക്കുന്ന തുക മാത്രം 5 ലക്ഷത്തിന് മുകളിലാണ്. ബാക്കി 90% എത്ര വരുമെന്ന് കണക്കറിയുന്നവർ കൂട്ടിയെടുത്തോളൂ. ഇത്രയും കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ എന്നെ അറിയുന്ന പലർക്കും ബോദ്ധ്യമുള്ള കാര്യമാണെങ്കിലും മന്ത്രിയുടേയും MLA യുടേയും അറിവിലേക്ക് വേണ്ടിയാണ് ചുരുക്കത്തിൽ ഇത്രയും സൂചിപ്പിച്ചത്.

സാഹിത്യചോരണം, ഇന്ത്യൻ കോപ്പി റൈറ്റ് ആക്റ്റ്, കേരളത്തിൽ നടന്നതും പിടിക്കപ്പെട്ടതുമായ പ്രമാദമായ കോപ്പിയടികൾ എന്നിങ്ങനെ….. കാരൂർ സോമൻ്റെ കോപ്പിയടിയുടെ ചുവട് പിടിച്ച് കാര്യങ്ങളെല്ലാം വിശദമായിത്തന്നെ ഒരു പുസ്തകമാക്കി ഞാൻ പ്രസിദ്ധീകരിക്കുന്നുണ്ട്. കേസുകളൊക്കെ അവസാനിച്ചതിന് ശേഷം ആ പുസ്തകം അച്ചടിച്ചിറക്കി കാരൂർ സോമനെക്കൊണ്ട് തന്നെ പ്രകാശനം ചെയ്യിപ്പിക്കണമെന്നാണ് ആഗ്രഹം. അത് ചെയ്യാൻ മലയാളത്തിൽ അദ്ദേഹത്തേക്കാൾ യോഗ്യനായി മറ്റാരുമില്ല. അന്നുവരേയ്ക്ക് അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

ചില അറിയിപ്പുകൾ കൂടെ ഇക്കൂട്ടത്തിൽ ഉണ്ട്.

അറിയിപ്പ് 1:- തീരെ പ്രശസ്തനല്ലാത്ത കാരൂർ സോമൻ എന്ന ഒരാളെപ്പറ്റി സ്ഥിരമായി സോഷ്യൽ മീഡിയയിൽ എഴുതി ഞാൻ അദ്ദേഹത്തെ പ്രശസ്തനാക്കുന്നു എന്ന പരാതിയും ആക്ഷേപയും പല കോണിൽ നിന്നും ഉണ്ടായിട്ടുണ്ട്. അവരോട് പറയാനുള്ളത്. ലക്ഷക്കണക്കിന് തുക കോടതിയിൽ കെട്ടിവെച്ച് കാരൂർ സോമനേയും അതുപോലുള്ള സാഹിത്യ ചോരന്മാരേയും കെട്ടുകെട്ടിക്കുന്നതിന് വേണ്ടി ഞാൻ നടത്തുന്ന കുരിശുയുദ്ധമാണിത്. പകർപ്പവകാശ നിയമം ശക്തിപ്പെട്ടാൽ അത് എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന കാര്യമാണ്. മിണ്ടാതിരുന്ന് കേസ് നടത്തി എല്ലാം കഴിഞ്ഞിട്ട് കാര്യങ്ങൾ നാട്ടാരെ അ റിയിക്കുക എന്നതല്ല എൻ്റെ തീരുമാനം. നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷേ, അക്ഷരങ്ങൾ മോഷണം പോയത് എൻ്റേതാണ്. ആ അക്ഷരങ്ങൾക്ക് വേണ്ടി പണം മുടക്കി നിയമയുദ്ധം നടത്തുന്നത് ഞാനാണ്. ആയതിനാൾ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നിണ്ടെങ്കിലും ആ അഭിപ്രായ പ്രകാരം കാര്യങ്ങൾ നടത്താൻ സാദ്ധ്യമല്ല. തീരുമാനം എൻ്റേതാണ്. അതിൻ്റെ പേരിൽ സോമൻ പ്രശസ്തനാകുന്നെങ്കിൽ ആയിക്കോട്ടെ. ഞാൻ പ്രശസ്തനായ വ്യക്തിയല്ല. എന്നെ അറിയുന്ന അത്രയും പേർ ഒരു മോഷ്ടാവെന്ന നിലയ്ക്ക് കാരൂർ സോമനേയും അറിയുന്നതിൽ ഒരു തെറ്റുമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. നിങ്ങളുടെ സൃഷ്ടികൾ മോഷണം പോകുമ്പോൾ എൻ്റെ ശരികൾ ചിലപ്പോൾ നിങ്ങൾക്കും ശരിയാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെ മോഷണം പോകാതിരിക്കട്ടെ എന്നുതന്നെ ആശംസിക്കുന്നു. അതത്ര നല്ല അനുഭവമല്ല എന്നതുതന്നെ കാരണം.

അറിയിപ്പ് 2:- ഈ അറിയിപ്പ് കാരൂർ സോമനോടാണ്. ഞാൻ സോഷ്യൽ മീഡിയയിലൂടെ കാരൂർ സോമനെ അപകീർത്തിപ്പെടുത്തുന്നു എന്ന് പറഞ്ഞാണല്ലോ സോമൻ എനിക്കെതിരെ 5 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. മോഷ്ടാവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനും വേണ്ടും വലിയ മനസ്സൊന്നും എനിക്കില്ല. കള്ളനെ, പുരപ്പുറത്ത് കയറി നിന്ന് കള്ളൻ കള്ളൻ എന്നുതന്നെ വിളിച്ച് കൂവും. ആയതിനാൽ, ഈ പോസ്റ്റ് കൂടെ ചേർത്ത് ഒരു മാനനഷ്ടക്കേസ് കൂടെ സോമൻ നൽകണം. 13 കേസ് എന്നുള്ളത് 14 കേസായാലും എനിക്കൊരു വ്യത്യാസവും വരാനില്ല. ആകെ നനഞ്ഞാൽ കുളിരില്ല സോമൻ.

അറിയിപ്പ് 3:- സോമന് ലണ്ടൻ മലയാളി കൗൺസിൽ വക 25,000 രൂപയുടെ എന്തോ അവാർഡ് മന്ത്രി നൽകുന്നതായി വാർത്ത കണ്ടു. ഇതേതാണ് സംഘടനയെന്നും എന്തിൻ്റെ പേരിലാണ് അവാർഡ് എന്നും അറിയാൻ ഇത് വായിച്ചവരിൽ ചിലർക്കെങ്കിലും ആകാംക്ഷയും താൽപ്പര്യവും ഉണ്ടായേക്കാം. ലണ്ടനിലുള്ള എനിക്കറിയുന്ന സാഹിത്യസാംസ്ക്കാരിക സുഹൃത്തുക്കളോടെല്ലാം ഞാൻ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ രസകരം. പലർക്കും അങ്ങനെയൊരു സംഘടനയെപ്പറ്റി അറിയില്ല. കൃത്യമായി അറിയുന്നവർ നൽകിയ വിവരമനുസരിച്ച് കാരൂർ സോമനും അദ്ദേഹത്തിൻ്റെ ചില ഉറ്റ സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച കടലാസ് സംഘടന മാത്രമാണിത്. ബാക്കി ഞാൻ പറയണ്ടല്ലോ ? ഞാൻ പറയുന്നത് മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. ഈ സംഘടന എന്ന് തുടങ്ങി. ഇതുവരെ ആർക്കൊക്കെ സാഹിത്യ അവാർഡുകൾ നൽകി എന്നൊക്കെ അന്വേഷിക്കാനും മനസ്സിലാക്കാനും വിരൽത്തുമ്പിൽ ലോകം തൂങ്ങിയാടുന്ന ഇക്കാലത്ത് യാതൊരു ബുദ്ധിമുട്ടുമില്ല. അന്വേഷണം നിങ്ങൾ തന്നെ നടത്തൂ.

അറിയിപ്പ് 4:- ‘കാരൂർ സോമന് ഒരു അബദ്ധം പറ്റിയെന്ന് വെച്ച് ആയുഷ്ക്കാലം മുഴുവൻ അയാളെയിങ്ങനെ അധിക്ഷേപിക്കാനാണോ ഭാവം ? ‘ എന്നാണ് സോമന് ഇപ്പോഴും ചൂട്ടുപിടിക്കുന്ന സുഹൃത്തുക്കൾ പലപ്പോഴും എനിക്കെതിരെ തൊടുത്ത ഒരു ചോദ്യം. സോമന് അബദ്ധം പറ്റിയെന്ന് നിങ്ങൾ പറഞ്ഞാൽപ്പോരല്ലോ സുഹൃത്തുക്കളേ. സോമൻ അക്കാര്യം ഇതുവരെ സമ്മതിച്ചിട്ടില്ലല്ലോ ? ആദ്യം സോമൻ മോഷണക്കുറ്റം ഏൽക്കട്ടെ. എന്നിട്ടാകാം എൻ്റെ വായ മൂടുന്നത്. സോമനെക്കൊണ്ട് കുറ്റം ഏറ്റ് പറയിപ്പിക്കാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ നിങ്ങളാണ് വായ മൂടിയിരിക്കേണ്ടത്, ഞാനല്ല. സോമൻ്റെ സാഹിത്യചോരണത്തിന് എതിരെയുള്ള പോരാട്ടം, എൻ്റെ മുഴുവൻ സ്വത്തുവകകൾ വിറ്റുപെറുക്കി സുപ്രീം കോടതി വരെ പോയിട്ടായാലും ഞാൻ നടത്തിയിരിക്കും. പിന്നെ നിങ്ങൾക്കുള്ള ഏകരക്ഷാമാർഗ്ഗം എന്നെ തീർത്തുകളയുക എന്നതാണ്. എന്നാലും കേസുകൾ മുന്നോട്ട് പോകും. അതിനൊക്കെ ഇക്കാലത്ത് വകുപ്പും വഴിയുമുണ്ട് ഹേ. ഞാൻ സ്വയമേവ തട്ടിപ്പോയാലും, എന്നെ നിങ്ങൾ തട്ടിക്കളഞ്ഞാലും, കേസ് തീർപ്പായി സോമനെതിരെയുള്ള വിധി കേൾക്കാൻ, അദ്ദേഹം ആരോഗ്യവാനായി ഉണ്ടാകണേ എന്ന് മാത്രമേ എനിക്കാഗ്രഹമുള്ളൂ.