The Great Indian Kitchen എന്ന മലയാളം സിനിമ Nee Stream എന്ന OTT പ്ലാറ്റ്ഫോമിൽ കണ്ടവരും തീയറ്ററിൽ പ്രിവ്യൂ കണ്ടവരും നല്ല അഭിപ്രായം പറഞ്ഞത് പ്രകാരം, 140 രൂപ മുടക്കി ഇന്നലെ ഓൺലൈൻ ടിക്കറ്റ് എടുത്തു. 3 ഡിവൈസുകളിൽ നിന്ന് 6 ദിവസത്തിനുള്ളിൽ സിനിമ കാണാം എന്നാണ് വാഗ്ദാനം.
മൊബൈൽ ഫോണിൻ്റെ നാലിഞ്ച് വലിപ്പത്തിലോ കമ്പ്യൂട്ടർ സ്ക്രീനിൻ്റെ 12 ഇഞ്ച് വലിപ്പത്തിലോ സിനിമ കാണാൻ ഇഷ്ടപ്പെടുന്നില്ല. ആയതിനാൽ, സ്മാർട്ട് ടിവി വഴി കാണാൻ ശ്രമിച്ചപ്പോൾ, എൻ്റെ ഐഡിയിൽ നിന്ന് മുന്നേ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഒരിഞ്ച് മുന്നോട്ട് നീങ്ങിയില്ല. അങ്ങനെയാണെങ്കിലും എന്താ കുഴപ്പം ? മൂന്ന് ഡിവൈസിൽ നിന്ന് കാണാമെന്നല്ലേ ഓഫർ. ഇന്നലെ ഒരു ദിവസം അങ്ങനെ പോയിക്കിട്ടി.
ഇന്ന് വീണ്ടും ശ്രമിച്ചു. 1 മണിക്കൂർ 34 മിനിറ്റായി ലോഡിങ്ങ് എന്ന് പറഞ്ഞ് ഒറ്റ നിൽപ്പാണ്. മഹത്തായ അടുക്കള സിൽമാക്കളി ഇന്നും നടക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല.
ബാക്കിയുള്ള നാല് ദിവസം ഇതിനുവേണ്ടി സമയം കളയാൻ ഉദ്ദേശിക്കുന്നില്ല. 140 രൂപ മുടക്കി ഒരു പാഠം പഠിച്ചെന്ന് കരുതിക്കോളാം.
പാഠമിതാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ എന്നിങ്ങനെ പണി അറിയാവുന്ന അണ്ണന്മാർ വിലസുന്നത് കണ്ടിട്ട്, അതുപോലെ ഉണ്ടാക്കിക്കളയാമെന്ന് കരുതി ഓരോരോ ഉടായിപ്പുമായി ഇറങ്ങുന്ന ക്രെഡിബിലിറ്റി ഇല്ലാത്ത പ്ലാറ്റ്ഫോമുകളിൽ പണം മുടക്കരുത്.
ഇനി ഈ സിനിമയുടെ പിന്നണിക്കാരോട് ഒരു വാക്ക്. നിങ്ങൾ എത്ര നല്ല സിനിമ ഉണ്ടാക്കിയാലും അത് പ്രദർശിപ്പിക്കുന്ന കൊട്ടക ചോർന്നൊലിക്കുന്നതാണെങ്കിൽ അതിൽക്കയറി ആരും സിനിമ കണ്ടെന്ന് വരില്ല. അടുത്ത സിനിമയെങ്കിലും നല്ല തീയറ്ററിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കൂ.
വാൽക്കഷണം:- സോഷ്യൽ മീഡിയയിൽ ഒന്ന് പരതിയാൽ, സിനിമയെപ്പറ്റി നല്ല അഭിപ്രായം കേട്ട അതേ അളവിൽ, സിനിമ കളിക്കുന്ന പ്ലാറ്റ്ഫോമിനെപ്പറ്റിയുള്ള മോശം അഭിപ്രായങ്ങളും കാണാനാകും.