Monthly Archives: August 2021

താലിബാൻ അനുകൂലികൾ ഒഴിഞ്ഞ് പോകണം


ആ
താലിബാൻ ഭീകരൻ വീണ്ടും അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചടക്കിയത് നമ്മൾ ഇന്ത്യാക്കാർ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച അതേ ദിവസം (ഇന്നലെ) തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ വില നന്നായി മനസ്സിലാക്കണമെങ്കിൽ അതില്ലാതാകണം. 1947ന് ശേഷം ജനിച്ച ഞാനടക്കമുള്ള എത്രപേർക്ക്, സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ജീവനും ജീവിതവും തന്നെ തുലാസിലായതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകുമെന്ന് നിശ്ചയമില്ല.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വാർത്തകൾ വായിച്ച് വിറങ്ങലിച്ചിരിക്കുകയാണ്. താലിബാൻ തങ്ങളുടെ ക്രൂരതകൾ വീണ്ടും തുടങ്ങിക്കഴിഞ്ഞു. ശാസ്ത്രം നിരാകരിക്കൽ, വാക്സിൻ നിരാകരിക്കൽ, വിദ്യാലയങ്ങളിൽ മതപഠനം, പുരുഷന്മാർ ഒപ്പമില്ലാതെ മാർക്കറ്റിൽ സ്ത്രീകൾ പോകരുത് എന്നിങ്ങനെ മനുഷ്യസമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കാനും ദ്രോഹിക്കാനും പോന്ന നടപടികൾ ആരംഭിച്ച് കഴിഞ്ഞു. പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി വധുക്കളാക്കി വിൽക്കുന്ന ഏൽപ്പാടും പുനരാംഭിച്ചു കഴിഞ്ഞതിനാൽ, മുഖാവരണം, പാദം മറയ്ക്കുന്ന വസ്ത്രം എന്നിങ്ങനെ സ്ത്രീകൾക്കെതിരെയുള്ള മറ്റ് നടപടികളും ഇതിനകം തിരികെ വന്നുകാണും. താലിബാൻ ക്രൂരതകൾ കൂടുതലായി വർണ്ണിക്കാൻ നിൽക്കുന്നില്ല.

ഇങ്ങനെയൊക്കെ മനുഷ്യത്വരഹിതമായ കാര്യങ്ങൾ അന്നാട്ടിൽ നടക്കുമ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് താലിബാനെ അനുകൂലിച്ച് നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നവരും ഉണ്ട്. ഐസിസിലേക്ക് റിക്രൂട്ട്മെൻ്റ് നടന്ന സംസ്ഥാനത്തുനിന്ന് താലിബാന് കൈയടിക്കാൻ ആളില്ലയെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

അതിൽ പല മലയാളികളും വിദേശ രാജ്യങ്ങളിലിരുന്നാണ് ആ പരിപാടികൾ ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും അഫ്ഗാനിസ്ഥാന് ഒപ്പമാണെങ്കിൽ, ഇത്തരക്കാരെ ടാഗ് ചെയ്തും മാർക്ക് ചെയ്തും കണ്ടെത്തി അവർക്കെതിരെ തീവ്രവാദപ്രവർത്തനങ്ങളെ അനുകൂലിച്ചതിൻ്റെ പേരിൽ നടപടികൾ കൈക്കൊള്ളേണ്ടതാണ്.

ഖത്തറിൽ ജീവിച്ചുകൊണ്ട് താലിബാനെ പ്രകീർത്തിക്കുകയും മുല്ലാ ഉമറിനെപ്പോലുള്ള കൊടും തീവ്രവാദികളെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്യുന്ന ഒരാളുടെ പ്രൊഫൈൽ ഞാനിവിടെ ഷെയർ ചെയ്യുന്നു. അത്രയ്ക്കെങ്കിലും ചെയ്തില്ലെങ്കിൽ അഫ്ഗാനിലെ സ്ത്രീകളോടും കുട്ടികളോടും യുവജനങ്ങളോടും ചെയ്യുന്ന അനീതിയായിപ്പോകും. അവർ നേരിടുന്ന താലിബാൻ എന്ന തീവ്രവാദികളോട് നേരിട്ട് പടപൊരുതാൻ ആകുന്നില്ലെങ്കിലും ഇന്നാട്ടിൽ ആ തീവ്രവാദികളെ അനുകൂലിക്കുന്ന മതതീവ്രവാദികൾക്കെതിരെയെങ്കിലും ശബ്ദമുയർത്താൻ നമുക്ക് കഴിയണം.

മാത്രമല്ല, എൻ്റെ ഫേസ്ബുക്ക് സൗഹൃദവലയത്തിൽ താലിബാനെ അനുകൂലിക്കുകയും താലിബാൻ വിസ്മയമാണെന്ന് കരുതുകയും ചെയ്യുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ സ്വയം ഒഴിവായിപ്പോകണമെന്ന് അറിയിക്കുന്നു. താലിബാൻ അനുകൂലികൾക്കും എനിക്കുമിടയിലുള്ള സുഹൃത്തുക്കളെ കണ്ടെത്തി വിവരം അറിയിച്ച് തുടങ്ങിയിട്ടുണ്ട്. ഉചിതമായ നടപടി അവരും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഇതേപ്പറ്റി ചർച്ചയോ വാഗ്വാദങ്ങളോ ഉണ്ടാകുന്നതല്ല. തീവ്രവാദികളേയും കൊടുംഭീകരരേയും അനുകൂലിക്കുന്നവർ നിശ്ചയമായും പുറത്ത് പൊയ്ക്കൊള്ളണം.

എത്ര പറഞ്ഞാലും ഒഴിഞ്ഞ് പോകാതെ താലിബാനേയും ഐസിസിനേയും അനുകൂലിക്കുന്ന മതതീവ്രവാദികൾ ഇവിടൊക്കെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാകും എന്നെനിക്കുറപ്പാണ്. പൊയ്മുഖത്തിന് പിന്നിലിരുന്ന് നിങ്ങൾ ഈ വരികൾ വായിക്കുന്നുണ്ടാകുമല്ലോ? ആയതിനാൽ കേട്ടുകൊള്ളുക. ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ തനിനിറം പുറത്തുവരും. ഒന്നോ രണ്ടോ ക്ലിക്കിൽ, അന്ന് നിങ്ങളെയെല്ലാം ഞാൻ തൂത്തെറിഞ്ഞിരിക്കുമെന്ന് ഉറപ്പ് തരുന്നു.

അവസാനമായി, അഫ്ഗാനിൽ നിന്നുള്ള സിനിമാ സംവിധായികയും നിർമ്മാതാവുമായ സഹ് റ കരീമി, സഹായം അഭ്യർത്ഥിച്ചുകൊണ്ട് ലോകജനതയ്ക്ക് എഴുതിയ ഒരു കുറിപ്പ് കൂടെ പങ്കുവെക്കുന്നു. പൂർണ്ണസ്വാതന്ത്ര്യവും സുരക്ഷയും അനുഭവിക്കുന്ന ഒരു രാജ്യത്തിരുന്നുകൊണ്ട് ഇത്രയെങ്കിലും അഫ്ഗാൻ ജനതയ്ക്ക് വേണ്ടി ചെയ്തില്ലെങ്കിൽ മനുഷ്യനാണെന്ന് പറഞ്ഞ് നടക്കുന്നത് നാണക്കേടായി മാറും.

അഫ്ഗാന്‍ ചലച്ചിത്ര നിര്‍മ്മാതാവ് സഹ്‌റാ കരിമിയുടെ കത്ത്.
———————————————————————————————————

ന്റെ പേര് സഹ്റാ കരിമി, ഒരു ചലച്ചിത്ര സംവിധായകയും, 1968 ൽ സ്ഥാപിതമായ ഒരേയൊരു State-Owned ചലച്ചിത്ര കമ്പനിയായ അഫ്ഗാൻ ഫിലിമിന്റെ ഇപ്പോഴത്തെ ജനറൽ ഡയറക്ടറുമാണ്. തകർന്ന ഹൃദയത്തോടെയും എന്റെ സുന്ദരമായ രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുന്നതിൽ നിങ്ങളും ചേരുമെന്ന അഗാധമായ പ്രതീക്ഷയോടെയുമാണ് ഞാൻ ഇതെഴുതുന്നത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ താലിബാൻ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടി.

അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ അവരുടെ വധുക്കളാക്കി (Child bride) അവർ വിറ്റു, വസ്ത്രധാരണത്തിന്റെ പേരിൽ അവർ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവർ ഞങ്ങളുടെ പ്രിയപ്പെട്ട ഹാസ്യനടന്മാരിൽ ഒരാളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു, അവർ ഒരു ചരിത്രാതീത കവിയെ കൊന്നു, അവർ സർക്കാരുമായി ബന്ധമുള്ള ആളുകളെ കൊല്ലുന്നു, ഞങ്ങളുടെ ചില പുരുഷന്മാരെ പരസ്യമായി തൂക്കിക്കൊന്നു, അവർ ലക്ഷക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഈ പ്രവിശ്യകളിൽ നിന്ന് പലായനം ചെയ്ത ശേഷം കുടുംബങ്ങൾ കാബൂളിലെ ക്യാമ്പുകളിലാണ്, അവർ വൃത്തിഹീനമായ അവസ്ഥയിലാണ്. ക്യാമ്പുകളിൽ കവർച്ചയും കുഞ്ഞുങ്ങൾക്ക് പാൽ കിട്ടാത്തതിനാൽ മരിക്കുന്ന അവസ്ഥയിലുമാണ്. ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, എന്നിട്ടും ലോകം നിശബ്ദമാണ്. ഈ നിശബ്ദത ഞങ്ങൾ ശീലിച്ചു, പക്ഷേ അത് ന്യായമല്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ ആളുകളെ ഉപേക്ഷിക്കാനുള്ള ഈ തീരുമാനം തെറ്റാണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്.

എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയിൽ ഞാൻ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാൻ ഏറ്റെടുത്താൽ അവർ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായിരിക്കാം. അവർ സ്ത്രീകളുടെ അവകാശങ്ങൾ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ഞങ്ങളുടെ ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങൾ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്കാരം നിശബ്ദതയിലേക്ക് അടിച്ചമർത്തപ്പെടും. താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാൻ പെൺകുട്ടികൾ സ്കൂളിൽ ഉണ്ട്. താലിബാൻ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത്, അതിന്റെ സർവകലാശാലയിൽ 50% സ്ത്രീകളായിരുന്നു. ഇത് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണ്. ഈ ഏതാനും ആഴ്ചകൾക്കുള്ളിൽ, താലിബാൻ നിരവധി സ്കൂളുകൾ നശിപ്പിക്കുകയും 2 ദശലക്ഷം
പെൺകുട്ടികൾ വീണ്ടും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

എനിക്ക് ഈ ലോകം മനസ്സിലാകുന്നില്ല. ഈ നിശബ്ദത എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ എന്റെ രാജ്യത്തിനുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും, പക്ഷേ എനിക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. എനിക്ക് നിങ്ങളെപ്പോലുള്ള സഖ്യകക്ഷികളെ വേണം. ഞങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഈ ലോകം ശ്രദ്ധിക്കാൻ ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാനിൽ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ രാജ്യങ്ങളിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെ അറിയിച്ച് ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാന് പുറത്ത് ഞങ്ങളുടെ ശബ്ദമാകുക. താലിബാൻ കാബൂൾ ഏറ്റെടുക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ഇന്റർനെറ്റ് അല്ലെങ്കിൽ ഏതെങ്കിലും ആശയവിനിമയ ഉപകരണം ലഭ്യമാകണമെന്നില്ല.

ദയവായി നിങ്ങളുടെ ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും ഞങ്ങളുടെ ശബ്ദമായി പിന്തുണയ്ക്കുക, ഈ വസ്തുത നിങ്ങളുടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ സോഷ്യൽ മീഡിയയിൽ ഞങ്ങളെക്കുറിച്ച് എഴുതുക. ലോകം ഞങ്ങളോട് തിരിയരുത്. അഫ്ഗാൻ സ്ത്രീകൾ, കുട്ടികൾ, കലാകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ എന്നിവരുടെ പേരിൽ ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണയും ശബ്ദവും ആവശ്യമാണ്. ഞങ്ങൾക്ക് ഇപ്പോൾ വേണ്ട ഏറ്റവും വലിയ സഹായം ഇതാണ്.

ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാൻ ദയവായി ഞങ്ങളെ സഹായിക്കൂ. കാബൂൾ താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങൾക്ക് കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ദിവസങ്ങൾ. വളരെ നന്ദി. നിങ്ങളുടെ ശുദ്ധമായ ഹൃദയത്തെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു.

#SaveAfghanLives
#SaveAfghanistan