Monthly Archives: November 2021

പോളേട്ടൻ്റെ മാരത്തോൺ സെഞ്ച്വറി


99
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് സൂപ്രണ്ടിങ് എൻജിനീയർ ആയി വിരമിച്ച വ്യക്തിയാണ് 67 കാരനായ പോളേട്ടൻ Paul Padinjarekara. തൻ്റെ അറുപതാം പിറന്നാൾ 60 മൈൽ (100കിമീ തികച്ച്) ഓടി അദ്ദേഹം ആഘോഷിച്ചത് അന്ന് വാർത്തയായിരുന്നു.

ഒരുപാട് മാരത്തോണുകളും (41 കിമീ) ഹാഫ് മാരത്തോണുകളും (21 കിമീ) അൾട്രാ മാരത്തോണുകളും (210, 161, 110, 100 കിമീ) മറ്റ് ദീർഘദൂര ഓട്ടങ്ങളും പൂർത്തിയാക്കിയിട്ടുള്ള പോളേട്ടൻ ഈ മാസം 21 ന് (21 Nov 2021) തൻ്റെ നൂറാമത്തെ മാരത്തോൺ ഓടാനുള്ള തയ്യാറെടുപ്പിലാണ്.

സ്പൈസ് കോസ്റ്റിൻ്റെ കൊച്ചിൻ മാരത്തോൺ റൂട്ടിലൂടെയുള്ള ഈ 42 കി.മീ. ഓട്ടത്തിൽ Soles Of Cochin (Cochin Runners) ക്ലബ്ബിന്റെ മറ്റ് 100 ഓട്ടക്കാരും പോളേട്ടനൊപ്പം 42 കിമീ ഓടുന്നു. കൂടാതെ 200ൽപ്പരം ഓട്ടക്കാർ 21 കിമീ ദൂരം ഓടുന്നു.

പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള പോളേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.

പോളേട്ടൻ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ മാനം കാക്കാൻ ഏത് കണ്ടം വഴി ഓടി രക്ഷപ്പെടണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് എൻ്റെ വാർദ്ധക്യം. എന്നിരുന്നാലും കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ, കിതച്ച് നുരയും പതയും തുപ്പിയിട്ടാണെങ്കിലും അര മാരത്തോൺ ഓടാൻ ഞാനും കൂടുമായിരുന്നു.

വാൽക്കഷണം:- കേരളത്തിൽ ആദ്യമായിട്ടാണ് ഒരു വ്യക്തിയും ഒരു ക്ലബ്ബും ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ പോകുന്നത്. ഇതിലൊരു വാർത്തയും സന്ദേശവും ഉണ്ടെന്ന് കരുതുന്ന മാദ്ധ്യമങ്ങൾ അതൊന്ന് ജനങ്ങളിലേക്ക് എത്തിച്ചിരുന്നെങ്കിലെന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.