Monthly Archives: January 2022

നീതി ഒരു ബാലികേറാ മല


44

കുറച്ച് വർഷങ്ങൾക്ക് മുൻപ്, IAS കാരനാണെന്നും ജാർഖണ്ഡിൽ അസിസ്റ്റന്റ് കളക്ടറാണെന്നും വായിൽ ക്യാൻസർ ആണെന്നുമൊക്കെ കളവ് പറഞ്ഞ്, അന്നത്തെ എറണാകുളം ജില്ലാ കളക്ടർ ഡോ:ബീനയുടെയും അവരുടെ ഭർത്താവ് പി.വിജയൻ IPSൻ്റേയും പേരുകൾ വരെ വലിച്ചിഴച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്ന ഒരു വ്യക്തിക്കെതിരെ പൊതുജനതാൽപ്പര്യാർത്ഥം സൈബർ സെല്ലിൽ ഞാനൊരു പരാതി കൊടുത്തു. മനോജ് എബ്രഹാം ആണ് അന്നത്തെ ജില്ലാ പൊലീസ് സൂപ്രണ്ട്. അതേപ്പറ്റി വിശദമായി ഈ ലിങ്ക് വഴി പോയാൽ വായിക്കാം.

തട്ടിപ്പുകാരന് IAS ഇല്ലെന്നും വായിൽ ക്യാൻസർ ഇല്ലെന്നും അന്വേഷിച്ചറിഞ്ഞ് തെളിവുകളെല്ലാം കൈവശം വെച്ചുകൊണ്ടാണ് അങ്ങനെയൊരു നീക്കം നടത്തിയത്.

കുറേ മാസങ്ങൾക്ക് ശേഷം, മേൽപ്പടി തട്ടിപ്പുകാരൻ്റെ അഡ്രസ്സ് പ്രകാരമുള്ള ലോക്കൽ പൊലീസ് സ്റ്റേഷൻ വഴിയുള്ള അന്വേഷണമൊക്കെ പൂർത്തിയാക്കി സൈബർ സെല്ലിൻ്റെ വിധി വന്നു. ‘അയാൾ IAS കാരനാണ് ‘.

ഡൽഹിയിൽ നിന്ന് വിവരാവകാശം വഴി സംഘടിപ്പിച്ച തെളിവുകളും കൈവശം വെച്ച്, അനുകൂല വിധിയും കാത്തിരിക്കുന്ന ഞാൻ പ്ലിംഗ്.

പോലീസുകാർ അന്വേഷിച്ചത് അന്നാട്ടുകാരോട് മാത്രമാണ്. നാട്ടുകാരും പള്ളിക്കമ്മറ്റിയും അയാളുടെ കളവ് വിശ്വസിച്ച് അനുമോദന യോഗം സംഘടിപ്പിച്ചവരാണ്. അവരോട് അന്വേഷിച്ചാൽ എങ്ങനെയാണ് സത്യാവസ്ഥ പുറത്ത് വരുക ?
തെളിവെടുപ്പ് വരുമ്പോൾ വ്യാജനെതിരെ മൊഴി നൽകാമെന്ന് ഏറ്റിരുന്ന ഡോ:ബീനയോട് പോലും പൊലീസുകാർ നിജസ്ഥിതി അന്വേഷിച്ചില്ല. പൊലീസിൽ ഉന്നത ഉദ്യോഗസ്ഥനായ വിജയൻ സാറിനോടും അവർ അന്വേഷിച്ചില്ല.

IAS കാരനെതിരെ ‘വ്യാജ പരാതി’ കൊടുത്തതിന് എനിക്കെതിരെ നടപടി ഉണ്ടാകുമോ സാറന്മാരെ? എന്ന് സൈബർ സെല്ലിൽ തിരക്കിയപ്പോൾ കിട്ടിയ മറുപടി,… “IAS കാരൻ തനിക്കെതിരെ പരാതി നൽകിയാൽ തീർച്ചയായും നടപടി ഉണ്ടാകും” എന്നാണ്. “എങ്കിൽ അങ്ങനെയാകട്ടെ” എന്ന് പറഞ്ഞ് അവിടന്നിറങ്ങി. എനിക്കെതിരെ പരാതി കൊടുത്താൽ അയാൾ IAS കാരനാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യത അയാൾക്കാണല്ലോ. അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് എനിക്കുറപ്പാണ്. അയാൾ തട്ടിപ്പുകാരനാണ് എന്നത് തന്നെ ആ ഉറപ്പിൻ്റെ കാരണം.

കോടതി, ഫ്രാങ്കോ വിഷപ്പിനെ കുറ്റവിമുക്തനാക്കി വിട്ടയച്ചതുമായി ബന്ധപ്പെട്ടാണ് ഇത്രയും പറഞ്ഞത്. കന്യാസ്ത്രീകൾ പീഡിപ്പിച്ചെന്ന് അയാൾ തിരിച്ച് പരാതി കൊടുക്കാതിരുന്നാൽ കന്യാസ്ത്രീകൾ രക്ഷപ്പെട്ട്. അല്ലെങ്കിൽ പെട്ട് എന്നതാണ് നിലവിലെ അവസ്ഥ.

ഗുണപാഠം:- ഈ രാജ്യത്ത് നീതി ഒരു ബാലികേറാ മലയാണ്. അഴിമതി, കൈക്കൂലി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, ഉന്നതങ്ങളിലെ സ്വാധീനം, പണത്തിന്റെ സ്വാധീനം, നിയമത്തിന്റെ പഴുതുകൾ എന്നിവയെല്ലാം ചേർന്ന ആ മലയുടെ ഉയരം നമുക്കൊക്കെ ഊഹിക്കാൻ പോലും സാധിക്കാത്ത അത്രയ്ക്ക് മേലെയാണ്. .