Monthly Archives: April 2022

നാരദനും ഇലക്ട്രോണിക് സിഗററ്റും


44
നാരദൻ സിനിമയിൽ ടോവിനോ തോമസ് അവതരിപ്പിക്കുന്ന നായക കഥാപാത്രമായ സിപി വലിച്ച് തള്ളുന്നത് ഇലക്ട്രോണിക് സിഗരറ്റ് ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇപ്പറഞ്ഞ സാധനം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. സിനിമയ്ക്ക് വേണ്ടി ആണെങ്കിലും നിരോധിക്കപ്പെട്ട ആ സാധനം ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ കൈവശം വരുന്നു, അവർക്കത് ലഭ്യമാകുന്നു, അവരത് ഉപയോഗിക്കുന്നു. ഇത് നിയമ വിരുദ്ധമല്ലേ ?

സിനിമയ്ക്ക് വേണ്ടി മദ്യം ഉപയോഗിക്കാറുണ്ട്. മദ്യം പക്ഷേ നിരോധിക്കപ്പെട്ട ഒന്നല്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കാണിക്കാറുണ്ട്. അതു പക്ഷേ യഥാർത്ഥ മയക്കുമരുന്ന് അല്ലെന്ന് നമുക്കറിയാം. സിനിമകളിൽ എണ്ണമില്ലാത്ത നോട്ടുകെട്ടുകൾ കാണിക്കുന്നത് ശരിക്കുള്ള നോട്ടുകെട്ടുകൾ അല്ലെന്നും നമുക്കറിയാം.

നാരദൻ സിനിമയുടെ സംവിധായകനായ ആഷിക്ക് അബുവിന്റെ മറ്റൊരു സിനിമയായ ഇടുക്കി ഗോൾഡിൽ കാണിച്ച കഞ്ചാവ് തോട്ടത്തിലെ ചെടികൾ പോലും യഥാർത്ഥ കഞ്ചാവ് ചെടികൾ ആയിരുന്നില്ല. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കൃത്രിമ കഞ്ചാവ് ചെടികൾ ആയിരുന്നത്.

മുൻകാലങ്ങളിൽ തൻ്റെ സിനിമാ ചിത്രീകരണത്തിൽ അത്രയൊക്കെ ശ്രദ്ധിച്ചിരുന്ന സംവിധായകൻ ഇക്കാര്യത്തിൽ എന്തുകൊണ്ട് ഒരു നിയമം തെറ്റിച്ചു ?

ഈ പോസ്റ്റ് തികച്ചും അക്കാഡമിക് ആണ്. നിരോധിക്കപ്പെട്ട ഈ ഐറ്റം വ്യാപകമായി ഇന്ത്യയിൽ പലരും ഉപയോഗിക്കുന്നുണ്ട്. മൂന്ന് വർഷം മുൻപ് വരെ ഓൺലൈനിൽ വാങ്ങാൻ സാധിക്കുമായിരുന്നു. (ഇപ്പോൾ കിട്ടുമോ എന്നറിയില്ല.)

ചില സംശയങ്ങൾ.

1. എന്തുകൊണ്ട് ഇത് നിരോധിച്ചിരിക്കുന്നു ? ഇതും മറ്റൊരു സിഗററ്റ് മാത്രമല്ലേ ?

2. മറ്റേ സിഗററ്റ് ശ്വാസകോശത്തെ വെടക്കാക്കുന്നതിൽ കൂടുതൽ ഇതാക്കുന്നുണ്ടോ ?

3. പരമ്പരാഗത സിഗരറ്റ് നിർമ്മാതാക്കളുടെ എന്തെങ്കിലും വ്യവസായ താൽപ്പര്യങ്ങൾ ഈ നിരോധത്തിന് പിന്നിലുണ്ടോ ?

വാൽക്കഷണം:- ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്ന ഒരു വിദേശ മലയാളി സുഹൃത്ത് എനിക്കുണ്ട്. അദ്ദേഹം സ്വന്തം ഫേസ്ബുക്കിൽ അതേപ്പറ്റി ഈയടുത്ത കാലത്ത് എഴുതിയിട്ടുമുണ്ട്. ഞാനദ്ദേഹത്തെ ടാഗ് ചെയ്യില്ല. പക്ഷേ, ഈ പോസ്റ്റ് കണ്ട് വന്ന് ഈ വിഷയത്തിൽ അദ്ദേഹം അൽപ്പം വെളിച്ചം വീശിയെങ്കിൽ എന്നാഗ്രഹിക്കുന്നുണ്ട്.

ഈ വിഷയത്തിൽ നടക്കുന്ന ചർച്ച ഈ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കാണാം.