Monthly Archives: May 2022

അദ്ധ്യാപകൻ ആയിരുന്നു ആദ്യം !


77
ഭാഷാപരിഷ്ക്കാരം തുടങ്ങി. പരിഷ്ക്കരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ അരാണെന്ന് അറിയാൻ ആഗ്രഹമുണ്ട്. അത് നടന്നാലും ഇല്ലെങ്കിലും, ചില കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് അതേപടി പറയണമെന്നുണ്ട്. തെറ്റാണെങ്കിൽ പൊറുക്കുക, തിരുത്തുക.

1. വാച്ചിന് (Watch), ഘടികാരം എന്ന് നമ്മളിൽ എത്രപേർ പറയുന്നുണ്ട് ? ആ നിലയ്ക്ക് നോക്കിയാൽ, പരിപത്രം എന്ന സംസ്ക്രൃതപദം വേണ്ട പകരം നിലവിൽ ഉപയോഗിക്കുന്ന ‘സർക്കുലർ‘ എന്ന ഇംഗ്ലീഷ് പദം തന്നെ മതി എന്ന മാർഗ്ഗനിർദ്ദേശ സമിതിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എങ്ങനെ എത്രയോ ഇംഗ്ലീഷ് പദങ്ങൾ കലർന്ന് കിച്ചടിയായി മാറിക്കഴിഞ്ഞിരിക്കുന്നു മലയാളഭാഷ.

2. ഈ വാർത്ത പ്രകാരം,……. ‘അധ്യാപകൻ എന്ന വാക്ക് അദ്ധ്യാപകൻ എന്നും എഴുതാറുണ്ട്, അധ്യാപകൻ ആണ് അനുയോജ്യം‘…… എന്ന് കണ്ടു.

അങ്ങനെയല്ലല്ലോ മാർഗ്ഗനിർദ്ദേശസമിതിക്കാരേ ?!

അദ്ധ്യാപകൻ എന്ന വാക്ക് അധ്യാപകൻ എന്നും എഴുതാറുണ്ട് എന്നല്ലേ പറയേണ്ടത് ? ആദ്യം ഉപയോഗിച്ചിരുന്ന പദം ഏതാണെന്ന് പോലും നിങ്ങൾക്കറിയില്ലേ ? അതോ ഈ വാർത്ത എഴുതിയ മാദ്ധ്യമത്തിന് മാറിപ്പോയതാണോ ? അവരുടെ സൗകര്യത്തിന് വേണ്ടിയാണല്ലോ ഈ മാറ്റം വന്നത് തന്നെ.

മാർഗ്ഗനിർദ്ദേശസമിതിയിലെ അംഗങ്ങൾ മുപ്പത് വയസ്സുള്ളവരാണോ അതോ അൻപത് വയസ്സിന് മുകളിൽ ഉള്ളവരാണോ എന്നതാണ് ആദ്യത്തെ ചോദ്യം. 30 വയസ്സുകാർ പഠിച്ചിരിക്കാൻ സാദ്ധ്യത ‘അധ്യാപകൻ‘ എന്നാണ്. എന്നാൽ 50 വയസ്സുകാർ പഠിച്ചിട്ടുള്ളത് ‘അദ്ധ്യാപകൻ‘ എന്നാണ്. അദ്ധ്യാപകൻ ആണ് ആദ്യമുണ്ടായിരുന്നത്. അച്ച് നിരത്താനുള്ള എളുപ്പത്തിന് വേണ്ടി മാദ്ധ്യമങ്ങളും അവരെ അനുകൂലിക്കുന്നവരും ചേർന്നാണ് അദ്ധ്യാപകനെ അധ്യാപകനാക്കി മാറ്റിയതെന്നാണ് എൻ്റെ അറിവ്. മാ‘ദ്ധ്യ‘മം മാ‘ധ്യ‘മമായി മാറിയതും അങ്ങനെ തന്നെ. ആ ചരിത്രമൊന്നും മാർഗ്ഗനിർദ്ദേശ സമിതിക്ക് അറിയില്ലെന്നാണോ ? അതുകൊണ്ടാണ് സമിതി അംഗങ്ങളുടെ പ്രായമറിഞ്ഞാൽ കൊള്ളാമെന്ന് തുടക്കത്തിൽ പറഞ്ഞത്.

3. ഈ വക തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വാർത്ത പറയുന്നു. ഇതെല്ലാം ഒഴിവാക്കി മുന്നോട്ട് പോകാൻ ഏകീകൃത രചനാരീതിക്ക് പ്രചാരണം നൽകാൻ വേണ്ടി മാദ്ധ്യമസ്ഥാപനങ്ങളുടേയും പ്രസാധകരുടെയും യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട് പോലും !

നല്ല കാര്യം. അവരെത്തന്നെയാണ് ഈ ജോലി ഏൽപ്പിക്കേണ്ടത്. മാറ്റങ്ങൾ പലതും ഉണ്ടായതും ഉണ്ടാക്കിയതും അവർക്ക് വേണ്ടിയാണല്ലോ ? ആയതിനാൽ അത് പ്രചരിപ്പിച്ചും ഏകീകരിച്ചും മുൻപോട്ട് നയിക്കാൻ അവരേക്കാൾ യോഗ്യത മറ്റാർക്കാണ് ? അങ്ങനെ തന്നെ നടക്കട്ടെ. പക്ഷേ……

രണ്ട് അപേക്ഷകളുണ്ട്.

1. പരിഷ്ക്കരണവും പ്രചാരണവും ഏകീകരണവുമൊക്കെ മുറയ്ക്ക് നടക്കുന്ന കൂട്ടത്തിൽ മേൽപ്പറഞ്ഞത് പോലെ ഏത് പദം ആദ്യം വന്നു, ആദ്യം നിലനിന്നു എന്നീ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കരുത്, വന്ന വഴി മറക്കരുത്, ചരിത്രം വളച്ചൊടിക്കരുത്.

2. അൻപത് വയസ്സിന് മുകളിൽ പ്രായമുള്ള എന്നെപ്പോലുള്ള മനുഷ്യന്മാർ എഴുതിപ്പഠിച്ച ചില പദങ്ങളുണ്ട്. പഠിക്കാതെ പോയ, അഥവാ പഠിപ്പിക്കപ്പെടാതെ പോയെ ചില ഭാഷാ നിയമങ്ങളുണ്ട്. അതിൻപ്രകാരം ഞങ്ങളുടെ ഭാഷ, പുതിയ ഭാഷയുമായി യാതൊരു ബന്ധവുമില്ലാത്ത ഏതോ ഗോത്രഭാഷയാണെന്ന് പലർക്കും തോന്നലുണ്ടായേക്കാം. ആ തോന്നലിൽ തെറ്റില്ല. പക്ഷേ, ഈ പ്രായത്തിൽ ഇനി മാറ്റങ്ങൾ പഠിച്ചുണ്ടാക്കി അതാണോ ശരി ഇതാണോ ശരി എന്ന ആശയക്കുഴപ്പം കാരണം, സ്വായത്തമായ ഭാഷ കൂടെ കൈവിട്ട് പോയി സമ്പൂർണ്ണ നിരക്ഷരരാകാൻ വയ്യ. ആയതിനാൽ ഞങ്ങളെ, ഞങ്ങൾ പഠിച്ച ഭാഷയുമായി മുന്നോട്ട് പോകാൻ അനുവദിക്കണം. പുതിയ തലമുറയെ, പുതിയ ലിപിയും പ്രയോഗവുമൊക്കെ പഠിപ്പിച്ച് സമ്പന്നരാക്കുക. ഞങ്ങളെപ്പോലുള്ളവരെ വെറുതെ വിടുക. ഏകീകരണവും ഏകോപനവും ഞങ്ങളിൽ അടിച്ചേൽപ്പിക്കാതിരിക്കുക. ആരെങ്കിലും സന്മനസ്സോടെ ചെയ്യുന്നുണ്ടെങ്കിൽ സന്തോഷം. വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് വയ്യ പുതിയ പരിഷ്ക്കാരങ്ങൾ ഉൾക്കൊള്ളാൻ. പഴഞ്ചനായി തുടരാൻ അനുവദിക്കുക.