Monthly Archives: October 2022

എം. ശിവശങ്കർ തെറ്റ് തിരുത്തുന്നു


99
സുഹൃത്തുക്കളേ…. വായനക്കാരേ….

2022 ഒക്ടോബർ 12ന് AIDEM പോർട്ടലിൽ എം. ശിവശങ്കർ എഴുതിയ പുസ്തകാവലോകനത്തിൽ, മൾട്ടിമീഡിയ പുസ്തകങ്ങളെപ്പറ്റി ഉണ്ടായ വസ്തുതാപരമായ പിശക്, ഒക്ടോബർ 14ന് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.

അക്കാര്യം ബോദ്ധ്യപ്പെട്ട ശിവശങ്കർ തൻ്റെ തെറ്റ് തിരുത്തിക്കൊണ്ട് AIDEMന് കത്തെഴുതുകയും, AIDEM ആ വരികൾ വിവാദമുണ്ടാക്കിയ ലേഖനത്തിൽത്തന്നെ ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. കൂട്ടിച്ചേർത്ത ആ ഭാഗങ്ങൾ മാത്രം താഴെ എടുത്തെഴുതുന്നു.
————————————————-
ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണ് രാജീവ് രാമചന്ദ്രന്റെ ‘ചെളി പുരളാത്ത പന്ത്’ എന്ന് എഴുതിയതിൽ വസ്തുതാപരമായ പിശകുണ്ടെന്നുള്ള പ്രതികരണങ്ങൾ വായനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ വസ്തുതാപരമായ ആ തെറ്റ് തിരുത്തിക്കൊണ്ട് എം. ശിവശങ്കർ എഴുതി നൽകിയ വിശദീകരണ കുറിപ്പ് ഈ ലേഖനത്തിന് താഴെ ചേർക്കുന്നു.

തെറ്റ് തിരുത്തിക്കൊണ്ട് എം. ശിവശങ്കർ എഴുതി നൽകിയ വിശദീകരണ കുറിപ്പ്. – (AIDEM)

രാജീവിന്റെ ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തിന് തയ്യാറാക്കിയ എന്റെ ആസ്വാദനക്കുറിപ്പിൽ വസ്തുതാപരമായ പിശകുണ്ടെന്ന് പലരും അറിയിച്ചു. മലയാളത്തിൽ തന്നെ ഇതിന് മുമ്പ് embedded പുസ്തകം എന്ന് വിലയിരുത്താവുന്ന മൂന്ന് കൃതികളെങ്കിലും ഉണ്ടായിട്ടുണ്ട്; അതുകൊണ്ട് ഇത് ഇത്തരത്തിലുള്ള ആദ്യ സംരംഭം എന്ന് വിലയിരുത്തിയത് അബദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇക്കാര്യത്തിൽ ഒരു ഗൗരവതരമായ അന്വേഷണം നടത്താതെ അങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത് തീർച്ചയായും എന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തന്നെയാണ്. പ്രത്യേകിച്ച് ക്രിയാത്മകമായി ഇക്കാര്യത്തിൽ മുന്നേ നടന്ന വ്യക്തികൾക്കും പ്രസാധകർക്കും ഇത് വലിയ നിരാശയുണ്ടാക്കുമെന്നത് ഈ വീഴ്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.

മുസിരീസിലൂടെ, മയ്യഴി, ഭൂട്ടാൻ എന്നീ പുസ്തകങ്ങൾ രചിച്ച ഭാവനാസമ്പന്നരായ എഴുത്തുകാരോടും അവരുടെ പ്രസാധകരോടും ക്ഷമ ചോദിക്കുന്നു. (മുസിരീസിലൂടെ – രചയിതാവ്, മനോജ് രവീന്ദ്രൻ നിരക്ഷരൻ, പ്രസാധകർ മെൻറർ ബുക്സ്, മയ്യഴി – രചയിതാവ് വരുൺ രമേഷ്, പ്രസാധകർ – ഡിസി ബുക്സ്, ഭൂട്ടാൻ ലോകത്തിൻറെ ഹാപ്പിലാൻറ് – രചയിതാവ് ഹരിലാൽ രാജേന്ദ്രൻ, പ്രസാധകർ – റീഡ് മീ ബുക്സ്)

ഇന്ത്യയിൽ പുസ്തകപ്രസാധന മേഖലയിൽ കേരളം വളരെ മുമ്പിൽ തന്നെയാണ്. ഓഡിയോ ബുക്കുകളുടെ പ്രചരണം കൂടി വരുന്ന സാഹചര്യത്തിൽ, സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് പുസ്തക വായന ആസ്വാദ്യമായ ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ പ്രസാധകർക്ക് കഴിയുമെന്നുറപ്പുണ്ട്. വിവര സാങ്കേതിക വിദ്യാരംഗത്ത് കേരളത്തിനുള്ള അനുകൂല സാഹചര്യവും നൂതനാശയങ്ങൾ പ്രവർത്തിപഥത്തിലേക്ക് എത്തിക്കാൻ കഴിയുന്ന സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റവും ഉപയോഗപ്പെടുത്തി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ തുടരാനും വരും നാളുകളിൽ ഈ രീതിയിലുള്ള പുസ്തക പ്രസാധന ഡെസ്റ്റിനേഷൻ തന്നെയായി മാറാനും നമുക്ക് കഴിയട്ടെ. (എം.ശിവശങ്കർ)
————————————————
ഇത്തരം പിശകുകളും വിവാദങ്ങളും തർക്കങ്ങളുമൊക്കെയാണല്ലോ കൂടുതൽ സാക്ഷരതയിലേക്ക് നമ്മെ നയിക്കുക? എൻ്റെ പുസ്തകത്തിൻ്റെ ലേ ഔട്ടും കവർ പേജും നിർവ്വഹിച്ച ഭട്ടതിരി സാർ തന്നെയാണ്, ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തിൻ്റേയും ജോലികൾ ചെയ്തത്. അദ്ദേഹവുമായി കഴിഞ്ഞ ദിവസങ്ങളിൽ സംവദിച്ചതിൽ നിന്ന് എനിക്ക് മനസ്സിലാക്കാനായത്, ചിന്ത പബ്ലിഷേർസ് ഏതാണ്ട് ഒരു വർഷം മുൻപ് ഇതേ ജനുസ്സിൽ, പി. രാജീവ് എഴുതിയ, ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ – സമകാലിക വായന‘ എന്നൊരു പുസ്തകം ചെയ്തിട്ടുണ്ട് എന്നാണ്. അതിൻ്റെ ജോലികൾ ചെയ്തതും ഭട്ടതിരി സാറാണ്.

അങ്ങനെ നോക്കിയാൽ, ഇപ്പോൾ മലയാളത്തിൽ മാത്രം എൻ്റെ അറിവിൽ 5 മൾട്ടിമീഡിയ പുസ്തകങ്ങളെങ്കിലും ഉണ്ട്. ആരുമറിയാതെ വേറെയും ചിലത് വന്നിട്ടുണ്ടാകാം. ഇതൊരു വലിയ സംഭവമല്ല എന്ന നിലയ്ക്ക് തന്നെയാണ് ഇനിയങ്ങോട്ട് കാണേണ്ടത്. ശിവശങ്കറിനുള്ള മറുപടിയിൽ ഞാൻ പറഞ്ഞത് മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണെങ്കിൽ, അധികമാരും പ്രയോജനപ്പെടുത്തിയില്ലെങ്കിലും ഈ സാങ്കേതിക വിദ്യ ഔട്ട് ഡേറ്റഡ് ആയിക്കഴിഞ്ഞിരിക്കുന്നു.

തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ തിരുത്താനുള്ള സന്മനസ്സ് കാണിച്ച എല്ലാവർക്കും നന്ദി. ഭാഷ വളരട്ടെ, എഴുത്തും വായനയും വളരട്ടെ.

സസ്നേഹം

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)