Monthly Archives: October 2022

സസ്പെൻഷൻ


66
‘ഭാര്യയുള്ളപ്പോള്‍ മറ്റൊരു വിവാഹം; ഉദ്യോഗസ്ഥരായ നവദമ്പതിമാരെ കളക്ടര്‍ രേണുരാജ് സസ്പെൻഡ് ചെയ്തു.

ഇന്ന് വായിച്ച ഒരു വാർത്തയാണ്. സസ്പെൻഷനാണ് വിഷയം. ഈ ജനുസ്സിൽ ഇതിലും മുറ്റ് വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലും മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഇന്നലെ കാട്ടാക്കട ഡിപ്പോയിൽ KSRTC ഗുണ്ടകൾ കൺസെഷൻ ആവശ്യത്തിന് ചെന്ന അച്ഛനെ മർദ്ദിക്കുകയും മകളെ പിടിച്ച് തള്ളുകയും ചെയ്ത സംഭവം. നാല് പേരിൽ ആ വിഷയത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അങ്ങനെ എത്രയെത്ര സസ്പെൻഷനുകൾ!

വാർത്തകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഇന്നാട്ടിൽ, ഇത്തരത്തിൽ നടക്കുന്ന സസ്പെൻഷനുകൾക്ക് ശേഷം എന്ത് നടപടിയുണ്ടായി എന്നാരെങ്കിലും അറിയുന്നുണ്ടോ, അന്വേഷിക്കുന്നുണ്ടോ ? വലിയ പ്രാധാന്യത്തോടെ ഇത്തരം വാർത്തകൾ കൈകാര്യം ചെയ്യുന്ന, സമൂഹത്തിൻ്റെ നാലാം തൂണുകളായ മാദ്ധ്യമങ്ങൾ തുടർന്ന് എന്ത് സംഭവിച്ചു എന്നന്വേഷിച്ച് വാർത്തയാക്കാറുണ്ടോ ?

വിഷയം തൽക്കാലം ഒതുക്കിത്തീർക്കാൻ വേണ്ടിയുള്ള ഒരു പുകമറ മാത്രമാണ് സസ്പെൻഷനുകൾ. KSRTC കേസിൽ സസ്പെൻഷനിൽ ആയിരിക്കുന്നത് CITU നേതാക്കന്മാരാണ്. അവരില്ലാതെ സംഘടനാ കാര്യങ്ങൾ മുന്നോട്ട് പോകില്ല. അതുകൊണ്ടുതന്നെ, അധികം വൈകാതെ, അല്ലെങ്കിൽ ഈ വാർത്തയുടെ ചൂടാറുന്നതോടെ ആ ഗുണ്ടകൾ സർവ്വീസിൽ തിരിച്ച് കയറും. സസ്പെൻഷനിൽ ആയശേഷം പ്രമോഷനോടെ സർവ്വീസിൽ തിരിച്ച് കയറിയ പൊലീസ് ഉദ്യോഗസ്ഥന്മാർ വരെയുള്ള നാടാണ്.

ഏത് പാർട്ടി ഭരിച്ചാലും മുന്നണി ഭരിച്ചാലും ഇതിനൊന്നും വലിയ മാറ്റം ഉണ്ടാകാൻ പോകുന്നില്ല. പക്ഷേ, കുറഞ്ഞപക്ഷം ഈ സസ്പെൻഷനുകാർക്ക് പിന്നീടെന്ത് എന്തുസംഭവിച്ചു എന്നറിയാനുള്ള അവകാശമെങ്കിലും പൊതുജനത്തിനില്ലേ ? അതവരെ അറിയിക്കാനുള്ള ധാർമ്മികമായ ഉത്തരവാദിത്വം മാദ്ധ്യമങ്ങൾക്കില്ലേ ? മർദ്ദനമേറ്റ അച്ഛനേയും മകളേയും പ്രഭാതപരിപാടിയിൽ വിളിച്ച് സംസാരിക്കുന്നത് കണ്ടു ഒരു ചാനലിൽ. അത്രയുമൊക്കെ ചെയ്യുന്ന മാദ്ധ്യമങ്ങൾക്ക് ഈ സസ്പെൻഷൻ കേസുകൾ പിന്നീടെന്തായി എന്ന് റിപ്പോർട്ട് ചെയ്യാനുള്ള ബാദ്ധ്യതയില്ലേ ? ഇത്തരം അപ്ഡേറ്റുകൾക്കായി ഒരു പ്രത്യേക പേജോ പെട്ടിക്കോളമോ തന്നെ തുറക്കാനുള്ള അത്രയും സസ്പെഷനുകൾ ഇന്നാട്ടിൽ നടന്നിട്ടുണ്ട്. എനിക്ക് തീർച്ചയായും ആകാംക്ഷയുണ്ട് ആ കേസുകളിൽ തുടർനടപടികൾ എന്തുണ്ടായി എന്നറിയാൻ.

സസ്പെൻഷനുകൾ പൊതുജനത്തിന് നേരെയുള്ള കോക്രി കാണിക്കലാകരുത്. അഥവാ ആകുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിയണം. നേരോടെ, നിർഭയം, നിരന്തരം, ആദ്യം വന്നത് ഞങ്ങളുടെ പത്രത്തിൽ, ഏറ്റവും കൂടുതൽ വരിക്കാൻ, എന്നിങ്ങനെ പല അവകാശവാദങ്ങൾ ഉന്നയിക്കുന്ന മാദ്ധ്യമങ്ങൾ ഉണ്ടല്ലോ ? അക്കൂട്ടത്തിൽ ഇങ്ങനെയൊന്ന് കൂടെ പരിഗണിച്ചുകൂടെ ?

ചോദിക്കാനും പറയാനും അപ്ഡേറ്റ് എടുക്കാനും ആളുണ്ടെന്നും ജനം ഇതൊക്കെ വിടാതെ പിന്തുടർന്ന് അറിയുന്നുണ്ടെന്ന് മനസ്സിലായാലെങ്കിലും സസ്പെൻഷന് കാരണമാകുന്ന തോന്ന്യാസങ്ങൾക്കും അനീതികൾക്കും കുറച്ചെങ്കിലും ശമനമുണ്ടായാലോ ?

വാൽക്കഷണം:- സർവ്വീസിൽ തിരികെ കയറുമ്പോൾ, സസ്പെൻഷൻ കാലത്തെ ശമ്പളം കുടിശ്ശിക തീർത്ത് കൊടുക്കുന്നുണ്ടോ എന്നത് എൻ്റെയൊരു സംശയമാണ്.