Monthly Archives: December 2022

ഇതിൽ എന്തോന്നിത്ര വേദനിക്കാൻ?!


88
കൊളംബിയൻ ഫുട്ബോളറാണ് റോസ് റെനെ ഹിഗ്വിറ്റ. എൻ. എസ്. മാധവന്റെ പ്രശസ്തമായ ഒരു കഥയുണ്ട്, ഹിഗ്വിറ്റ എന്ന പേരിൽ. ഇപ്പോൾ ദാ അതേ പേരിൽ സുരാജ് വെഞ്ഞാറമൂട് നായകനായി ഒരു സിനിമ വരുന്നു.

അതിൽ എൻ. എസ്. മാധവന് വലിയ വിഷമം. അദ്ദേഹത്തിന്റെ കഥയുടെ പേരാണത്രേ സിനിമയുടെ പേരായി വരുന്നത്! എൻ. എസ്. മാധവനെ പിന്തുണച്ച് പല സാഹിത്യകാരും രംഗത്ത് വന്നു കഴിഞ്ഞു.

ഒരു വ്യക്തിയുടെ പേര്, എൻ. എസ്. മാധവന് തന്റെ കഥയുടെ തലക്കെട്ടായി ഉപയോഗിക്കാമെങ്കിൽ, അതേ പേര് മറ്റൊരു കൂട്ടർ സിനിമയുടെ തലക്കെട്ടായി ഉപയോഗിച്ചാൽ എന്താണ് കുഴപ്പം? ആ പേരിൽ എൻ.എസ്. മാധവന് എങ്ങനെയാണ് അധികാരമോ ബൗദ്ധിക അവകാശമോ നിസ്സാരമായി പോലും വിഷമിക്കാനുള്ള വകുപ്പോ ഉണ്ടാകുക? ഒരു പിടിയും കിട്ടുന്നില്ല. എൻ. എസ്.ൻ്റെ കഥയല്ല സിനിമയുടെ കഥ എന്നും കേൾക്കുന്നു. പേരിൽ മാത്രമേ കഥയും സിനിമയും തമ്മിൽ സാമ്യമുള്ളൂ. പിന്നെന്തോന്ന് ഇത്രയ്ക്ക് വേദനിക്കാൻ?

ഹിഗ്വിറ്റയുടെ പേർ കഥയ്ക്ക് ഇടുന്നതിന് മുൻപ് എൻ.എസ്.മാധവൻ ഹിഗ്വിറ്റയോടോ അദ്ദേഹത്തിൻ്റെ മാതാപിതാക്കളോടോ അനുവാദം വാങ്ങിയിരുന്നോ? ഹിഗ്വിറ്റ എന്ന പേർ മലയാളി കേൾക്കുന്നത് എൻ.എസ്.മാധവൻ്റെ കഥയിലൂടെയാണ് എന്നൊക്കെ എൻ.എസ്. നെ അനുകൂലിക്കുന്നവരുടെ ന്യായീകരണങ്ങൾ കേൾക്കുന്നുണ്ട്. ഹിഗ്വിറ്റ എന്ന ഫുട്ബോൾ കളിക്കാരനെപ്പറ്റി നല്ല ധാരണയുള്ള മലയാളികൾ എൻ.എസ്.ൻ്റെ കഥ വരുന്നതിന് മുന്നേ തന്നെയുണ്ട്. ഇവർ കുറച്ച് വല്ല്യേട്ടൻ സാഹിത്യകാരന്മാർ മാത്രമാണ് വിദേശങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നത്, അത് മലയാളിയെ പരിചയപ്പെടുത്തുന്നത് എന്നൊക്കെയുള്ള മിഥ്യാധാരണയും ഹുങ്കും മാത്രമാണ് അവരെക്കൊണ്ടത് പറയിപ്പിക്കുന്നത്. അങ്ങനെയൊക്കെ പറയുന്നതിലൂടെ അവർ തീരെയങ്ങ് ചെറുതായിപ്പോകുകയും ചെയ്യുന്നു.

എൻ്റെ ഭാര്യയുടേം മകളുടേം പേരടക്കം നൂറ് കണക്കിന് പേജുകൾ കാരൂർ സോമൻ കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചത് എൻ.എസ്.ൻ്റെ ഇപ്പറഞ്ഞ വാർത്ത വന്നിരിക്കുന്ന ഇതേ മാതൃഭൂമിയുടെ അച്ചടിശാലയിലാണ്. പത്രസമ്മേളനം നടത്തിയിട്ട് പോലും, മാതൃഭൂമിയിലൊന്നും അതേപ്പറ്റി ഒരു വാർത്തയും ഇതുവരെ വന്നിട്ടില്ല. ഓ…മോഷ്ടിച്ചവന്, സ്വന്തം പത്രത്തിൽ, മോഷണ വാർത്ത കൊടുക്കാൻ പറ്റിലല്ലോ. അത് മറന്നു.

എൻ.എസ്. ൻ്റെ വേദനയുടെ തോത് വെച്ചാണെങ്കിൽ കോപ്പിയടിക്കപ്പെട്ട സുരേഷ് നെല്ലിക്കോടും വിനീത് എടത്തിലും  ഈയുള്ളവനും, എത്ര ടൺ(അതോ ഗ്യാലനോ) വിഷമിക്കണമെന്ന്, എൻ. എസോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ!.

‘അതിന് നീ, എൻ. എസ്. അല്ലല്ലോ നിരക്ഷരൻ അല്ലേ’ എന്ന് ആർക്കെങ്കിലും ചോദ്യമുണ്ടെങ്കിൽ, കൃത്യം ചോദ്യമാണ്.