കാര്യമായ ദൃഢസങ്കൽപ്പങ്ങളും (Resolution) തീരുമാനങ്ങളുമൊന്നും വർഷം തീരുന്നതുകൊണ്ടും പുതുവർഷം വരുന്നതുകൊണ്ടും എടുത്തിട്ടില്ല. നടത്താൻ പറ്റാത്ത കാര്യങ്ങളെപ്പറ്റി വെറുതെ എന്തിനൊരു ബേജാർ എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
എങ്കിലും 2023ൽ, വർഷങ്ങളായി കൊണ്ടുനടന്നിരുന്ന ഒരു വലിയ ആഗ്രഹം നടപ്പിലാക്കപ്പെടും അല്ലെങ്കിൽ അതിനുള്ള ശരിയായ തുടക്കം കുറിക്കും. ഇന്ത്യ മുഴുവൻ അരിച്ചുപെറുക്കി കാണുക എന്ന ആഗ്രഹമാണത്. വർഷങ്ങളായി താലോലിച്ചുകൊണ്ടിരിക്കുന്ന സ്വപ്നമാണത്. 2017ൽ 38 ദിവസമെടുത്ത് 3600 ൽപ്പരം കിലോമീറ്ററോളം സഞ്ചരിച്ച് തെലുങ്കാനയുടെ 80% ഭാഗങ്ങളും കണ്ട് ചെറുതായി തുടക്കം കുറിച്ചിരുന്നെങ്കിലും, അങ്ങനെയല്ല ഈ യാത്ര ചെയ്യേണ്ടിയിരുന്നതെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. അന്നുണ്ടായ പിശകുകൾ തിരുത്തിയാണ് 2023ൽ യാത്ര തുടരുന്നത്.
ഉൾഗ്രാമങ്ങളിലും മറ്റും കടന്ന് ചെല്ലണമെങ്കിൽ ഹോട്ടലുകളിലും സത്രങ്ങളിലും ലോഡ്ജുകളിലും താമസിക്കുന്നത് ഒഴിവാക്കി, സഞ്ചരിക്കുന്ന വാഹനത്തിൽത്തന്നെ കിടന്നുറങ്ങി അതെവിടെ നിർത്തുന്നോ അവിടന്ന് വല്ലതും കിട്ടുമെങ്കിൽ കഴിച്ച്, അല്ലെങ്കിൽ വല്ലതും സ്വയം വെച്ചൂണ്ടാക്കി തിന്ന്, ധാരാളം സമയമെടുത്ത് നീങ്ങിയാൽ മാത്രമേ ഉദ്ദേശിച്ച തരത്തിലുള്ള യാത്രയാകൂ എന്ന് ബോദ്ധ്യമുണ്ട്. വൈകീട്ട് 3 മണിക്ക് എവിടെ എത്തുന്നോ അവിടെ യാത്ര അവസാനിപ്പിച്ച് ക്യാമ്പ് ചെയ്യും.
ആയതിനാൽ ഒരു പഴയ വാഹനം (Bolero XL – DI Turbo) വാങ്ങി അതിൽ അത്യാവശ്യം കിടപ്പ്, പാചകം, ഈ-ടോയ്ലറ്റ് സൗകര്യങ്ങളൊക്കെ ഒരുക്കി മുന്നോട്ട് പോകാനുള്ള നടപടികൾ ഒരുമാസം മുൻപ് ആരംഭിച്ചു. ആ വാഹനം ഫെബ്രുവരി മാസത്തോടെ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കിൽ 2023 മാർച്ച് ആദ്യവാരത്തിൽ, ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ Great Indian Expedition എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര (പുനർ)ആരംഭിക്കുന്നതാണ്.
വാൻ ജീവിതം ആയതുകൊണ്ട് അതൊന്ന് പരിചയമാകാൻ വേണ്ടി ടൂറിസ്റ്റ് സൗഹൃദ സംസ്ഥാനമെന്ന് പറയാവുന്ന ഗോവയിലേക്കാണ് ആദ്യം പോകുന്നത്. ഒരു സുഹൃത്ത് കൂടെയുണ്ടാകും. അതാരാണെന്ന് തീർപ്പായിട്ടുണ്ടെങ്കിലും അവസാന നിമിഷം മാത്രമേ വെളിപ്പെടുത്തൂ.
ഇന്ത്യയിൽ 900ന് അടുത്ത് കോട്ടകൾ ഉണ്ടെന്നാണ് ഗൂഗിൾ പറയുന്നത്. ഞാനതിൽ 29 എണ്ണം മാത്രമേ 53 വയസ്സിനുള്ളിൽ കണ്ടിട്ടുള്ളൂ. കയറിപ്പറ്റാനൊക്കുന്ന എല്ലാ കോട്ടകളും ഈ യാത്രയിൽ കാണണമെന്നും ഡോക്യുമെൻ്റ് ചെയ്യണമെന്നുമാണ് ആഗ്രഹം. എന്നുവെച്ചാൽ കോട്ടകൾ കാണാൻ തന്നെ ഏകദേശം 3 വർഷമെടുക്കും. പിന്നെ മറ്റ് കാഴ്ച്ചകൾ, സ്മാരകങ്ങൾ, ഉത്സവങ്ങൾ, ഭക്ഷണരീതികൾ, ജീവിതരീതികൾ, ആരാധനാലയങ്ങൾ, മനുഷ്യന്മാർ, ഇതിനിടയ്ക്കുള്ള ഓട്ടങ്ങൾ, ഇടവേളകൾ, എന്നിങ്ങനെ കണക്കെടുത്ത് നോക്കിയപ്പോൾ, രാജ്യത്തെ 28 സംസ്ഥാനങ്ങൾ വെടിപ്പായി കണ്ടുതീർക്കണമെങ്കിൽ, 7 വർഷം മുതൽ 10 വർഷം വരെ സമയമെടുക്കും.
ഒരു സംസ്ഥാനം പൂർണ്ണമായും കണ്ട് തീർത്തശേഷം ഒരു ചെറിയ ഇടവേളയെടുത്ത് വാഹനത്തിന് പരുക്കുകൾ വല്ലതുമുണ്ടെങ്കിൽ അത് ചികിത്സിച്ച്, ഔദ്യോഗികമായോ വ്യക്തിപരമായോ എന്തെങ്കിലും കാര്യങ്ങൾ തീർപ്പാക്കാനുണ്ടെങ്കിൽ അതെല്ലാം ചെയ്ത് തീർത്ത് വീണ്ടും യാത്ര തുടങ്ങുക എന്നതാണ് പദ്ധതി. പക്ഷേ 255 കോട്ടകളുള്ള മഹാരാഷ്ട്രയിൽ മാത്രം ഒന്നരക്കൊല്ലമെങ്കിലും എടുക്കും. അതിനിടയ്ക്ക് പല ബ്രേക്കുകൾ എടുക്കേണ്ടി വരും. ആയതിനാൽ 3 മാസം തുടർച്ചയായി യാത്ര, അതിന് ശേഷം 3 ആഴ്ച്ച ഇടവേള എന്നൊരു തീരുമാനമാണ് ഇപ്പോളുള്ളത്. യാത്രയുടെ പോക്കനുസരിച്ച് ഇതിൽ അൽപ്പസ്വൽപ്പം വ്യത്യാസം ഉണ്ടായേക്കാം. ഹരം പിടിച്ചാൽ ഇടവേള ഇല്ലാതെയും യാത്ര പുരോഗമിച്ചേക്കാം.
ഒന്നരാടം ദിവസങ്ങളിൽ യാത്രയുടെ വീഡിയോകൾ എൻ്റെ യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതാണ്. ഫേസ്ബുക്കിൽ എല്ലാ ദിവസവും 5 – 7 മിനിറ്റ് ലൈവിൽ അന്നന്നത്തെ കാര്യങ്ങൾ പറയാൻ പദ്ധതിയുണ്ട്. ഇൻസ്റ്റഗ്രാമിൽ അത്യാവശ്യം ചിത്രങ്ങളും റീലുകളും ഇടും. വേണമെങ്കിൽ ഓരോ സംസ്ഥാനത്തെപ്പറ്റിയും ഓരോ പുസ്തകം തന്നെ എഴുതാമെങ്കിലും കാര്യമായി ഒന്നും എഴുതാൻ ഉദ്ദേശിക്കുന്നില്ല. വെറുതെ എന്തിനാണ് കാരൂർ സോമന് കോപ്പിയടിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത് ? എന്നിരുന്നാലും ഇത്രയുമധികം യാത്ര ചെയ്യുമ്പോൾ വള്ളിപുള്ളി വിടാതെ എഴുതിയില്ലെങ്കിലും യാത്രയ്ക്കിടയിൽ സംഭവിക്കുന്ന വളരെ രസകരമായ ചില സംഭവങ്ങൾ, കാണുന്ന അതീവ വ്യത്യസ്തരായ ചില വ്യക്തികൾ, പറഞ്ഞേ പറ്റൂ എന്ന കാര്യങ്ങൾ, എന്നതൊക്കെത്തന്നെ ഒരു പുസ്തകത്തിനുള്ളതുണ്ടാകും ഓരോ സംസ്ഥാനങ്ങളിലും. അങ്ങനെ ചിലത് പിന്നീട് എപ്പോഴെങ്കിലും എഴുതിയെന്നും എഴുതിയില്ലെന്നുമിരിക്കും.
കൂടെ വരണമെന്ന് കളിയായും കാര്യമായും പറഞ്ഞ ഒരുപാട് സുഹൃത്തുക്കളുണ്ട്. നിബന്ധനകൾ പാലിച്ചാൽ അവരിൽ ചിലർക്കെങ്കിലും ഇക്കാലയളവിൽ അവസരമുണ്ടായെന്ന് വരാം. ആർക്കും ഇത്രയധികം കാലം ഈ യാത്രയ്ക്കൊപ്പം കൂടാൻ പറ്റില്ലെന്ന് എനിക്കുറപ്പുണ്ട്. കൂടെ ആരുമില്ലെങ്കിലും യാത്ര തുടർന്നുകൊണ്ടേയിരിക്കും.
വാൻ ലൈഫ്, കാരവാൻ ലൈഫ്, വീണിടം വിഷ്ണുലോകം, സാഹസികം, എന്നൊക്കെ പറയാവുന്നതും വാഹനത്തിൽത്തന്നെ അന്തിയുറങ്ങുന്നതുമായ ജീവിതമായതുകൊണ്ട് ഒരുപാട് സജ്ജീകരണങ്ങൾ വാഹനത്തിൽ ആവശ്യമാണ്. ഒരുപാട് ഉപകരണങ്ങളും വേണ്ടതുണ്ട്. അങ്ങനെയുള്ളത് ഓൺലൈൻ വഴിയും അല്ലാതെയുമൊക്കെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി പകുതിയോടെ വാഹനം റെഡിയായാൽ ഒരാഴ്ച്ച ഹമ്പിയിൽ ക്യാമ്പ് ചെയ്ത് വാഹനവും ക്യാമ്പിങ്ങും ടെസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
വാഹനത്തിൽ ഒരു 1KVA ജനറേറ്റർ എപ്പോഴും ഉണ്ടാകും. അത് വാങ്ങാനായി ഡീലറെ സമീപിച്ചപ്പോൾ ആ ജനറേറ്റർ അവർ സ്പോൺസർ ചെയ്യുന്നതായി അറിയിച്ചു. ഇത്രയും ദൈർഘമുള്ള യാത്രയായതുകൊണ്ട് ഇനിയും ധാരാളം സ്പോൺസേർസിന് അവസരമുണ്ട്. താൽപ്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാം. കാര്യമായി സ്പോൺസർ ചെയ്യുന്നവരുടെ പേര് ചേർത്ത് യാത്ര അറിയപ്പെടും. ഉദാ:- ആനന്ദ് മഹീന്ദ്രയെങ്ങാനും സ്പോൺസർ ചെയ്താൽ, Mahindra Great Indian Expedition എന്നാകും പേര്. (ഓരോരോ നടക്കാത്ത ആഗ്രഹങ്ങളേയ്)
ഇത്രയും വർഷങ്ങൾക്കുള്ളിൽ വഴിയിൽ എവിടെ വെച്ചെങ്കിലും നമ്മൾ കണ്ടുമുട്ടിയെന്ന് വരും. ഞാൻ തിരിച്ചറിഞ്ഞില്ലെങ്കിലും, നിങ്ങളെന്ന കണ്ടാൽ, ഓഫ് ലൈനാക്കാൻ മടിച്ച് നിൽക്കാതെ കേറി മുട്ടിക്കോളണം. ഇതിനകം ഓഫ് ലൈൻ ആയവർക്ക് വീണ്ടും ഓഫ് ലൈൻ ആക്കാവുന്നതാണ്.
നിങ്ങൾ ഇന്ത്യയിൽ പലയിടങ്ങളിലുള്ളവരാണ്. നിങ്ങളുടെ ഭാഗത്തുകൂടെ കടന്ന് പോകുമ്പോൾ വാഹനം പാർക്ക് ചെയ്ത് കിടന്നുറങ്ങാൻ സുരക്ഷിതമായ ഒരിടം തരാനോ ഒരു നേരത്തെ ഭക്ഷണം തരാനോ വസ്ത്രങ്ങൾ കഴുകിയിടാൻ ഒരഴ തരാനോ, കൂടുതലായി കാണേണ്ട ഒരിടം നിർദ്ദേശിക്കാനോ നിങ്ങളെക്കൊണ്ടായെന്ന് വരും. തെലുങ്കാന സന്ദർശന സമയത്ത് അത്തരത്തിൽ ഒരുപാട് സഹായങ്ങൾ ചെയ്ത് തന്നതും ചില ദിവസങ്ങളിൽ ഭക്ഷണം വിളമ്പിയതും ആഷ രേവമ്മയും സതീഷുമാണ് .
താൽപ്പര്യമുള്ളവർക്ക് ഈ യാത്രയുടെ ഭാഗമാകാൻ പറ്റുന്ന ഒരു പദ്ധതി മനസ്സിലുണ്ട്. സീഡ് ബോൾസ് എന്ന പരിപാടിയാണത്. നിങ്ങൾ കഴിക്കുന്ന പഴങ്ങളുടെ കുരുക്കൾ ശേഖരിച്ച്, അതുപയോഗിച്ച് സീഡ് ബോൾസ് ഉണ്ടാക്കി എനിക്കയച്ച് തരുക. യാത്രയ്ക്കിടയിൽ മരങ്ങളുടെ വിത്തുകൾ വിതറുന്ന ഒരു പരിപാടി എനിക്കുണ്ട്. ഇപ്രാവശ്യം സീഡ് ബോൾസ് കൂടെ കരുതാൻ ഉദ്ദേശിക്കുന്നു. നിങ്ങൾ ആ സീഡ് ബോൾസ് (ഒരാൾ പരമാവധി 25 എണ്ണം) ഉണ്ടാക്കി എനിക്കയച്ച് തന്നാൽ, ഞാനത് പോകുന്നയിടങ്ങളിൽ എറിഞ്ഞ് മുന്നേറും. അതാത് ദിവസങ്ങളിലെ വീഡിയോകളിൽ ആ സീഡ് ബോൾസ് തന്ന ആളുടെ പേരും ബൈറ്റും കാണിക്കും. അങ്ങനെ നിങ്ങളും ഈ യാത്രയുടേയും വീഡിയോയുടേയും ഭാഗമാകും. സീഡ് ബോൾസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഗൂഗിൾ ചെയ്ത് മനസ്സിലാക്കാൻ ശ്രമിക്കുക. പറ്റുന്നില്ലെങ്കിൽ പിന്നീട് ഞാനൊരു വീഡിയോ ചെയ്ത് കാണിച്ച് തരുന്നതാണ്. സീഡ് ബോൾസ് എനിക്ക് അയച്ച് തരേണ്ട അഡ്രസ്സ് യഥാസമയം തരുന്നതാണ്. 400 – 500 സീഡ് ബോൾസ് ഉണ്ടാക്കാൻ എനിക്കൊരു ദിവസം മതി. എനിക്കത് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. നിങ്ങളെ ഈ യാത്രയുടെ ഭാഗമാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ചിന്ത. നിങ്ങൾ തയ്യാറാക്കിയ സീഡ് ബോളിൽ നിന്ന് രാജ്യത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു മരം വളർന്ന് വന്നേക്കാം. അതൊരു മനോഹരമായ അനുഭവമായിരിക്കില്ലേ ?
ഈ യാത്രയുമായി ബന്ധപ്പെട്ട് കൂടുതൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. സാദ്ധ്യമാകുന്ന കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നതാണ്.
ഇത് ന്യൂയർ റസല്യൂഷനൊന്നുമല്ല. ജീവിതാഭിലാഷം എന്ന് പറയാവുന്ന ഒരു കാര്യം നടക്കാനോ തുടങ്ങാനോ പോകുന്നു എന്നേയുള്ളൂ. ഈ വർഷം ഇനി ഒരു ദിവസമല്ലേ അവശേഷിക്കുന്നുള്ളൂ. അതുകൂടെ കഴിയുന്നതിന് മുൻപ് പറഞ്ഞേക്കാം എന്ന് കരുതി. അത്രേയുള്ളൂ.
അപ്പോൾ എല്ലാം പറഞ്ഞത് പോലെ. എല്ലാവർക്കും പുതുവത്സരാശംസകൾ!! 2023 നിങ്ങൾക്കും ഒരുപാട് യാത്രകൾ സമ്മാനിക്കട്ടെ. ഒരുപാട് നല്ല അനുഭവങ്ങൾ നൽകുമാറാകട്ടെ.
സസ്നേഹം
-നിരക്ഷരൻ