Monthly Archives: December 2022

പഴയ വസ്ത്രങ്ങൾ മറ്റൊരാൾക്ക് നൽകുന്നത് ശരിയോ തെറ്റോ ?!


80
യനാട്ടിലെ ആദിവാസി കുട്ടികൾക്കായി വസ്ത്രങ്ങൾ തന്ന് സഹായിക്കാമോ എന്ന് ചോദിച്ച് 2022 നവംബർ 23ന് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. സാധാരണ നിലയ്ക്ക്, ഒരു വർഷമെടുത്ത് പലപ്പോഴായി പലയിടത്തുള്ള സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ശേഖരിക്കുന്ന വസ്ത്രങ്ങൾ വയനാട്ടിൽ എത്തിക്കുകയാണ്, കഴിഞ്ഞ 15 വർഷത്തെ പതിവ്. കൊറോണ കാരണം ഇപ്പറഞ്ഞ വസ്ത്രശേഖരണം 2 വർഷത്തോളം നടന്നില്ല എന്നതിനാലാണ്, അത്യാവശ്യമായി വസ്ത്രങ്ങൾ വേണ്ടി വന്നപ്പോൾ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

അഭൂതപൂർവ്വമായ പ്രതികരണമാണ് ആ പോസ്റ്റിന് ലഭിച്ചത്. നാലഞ്ച് വർഷം കൊണ്ട് ശേഖരിക്കുമായിരുന്നതിനേക്കാൾ കൂടുതൽ വസ്ത്രങ്ങൾ എറണാകുളം (മധു  & മീര മനോജ്), കോഴിക്കോട് (അഞ്ജലി ചന്ദ്രൻ), തിരുവനന്തപുരം, കൊല്ലം (ഹരിത), ബാംഗ്ലൂർ എന്നീയിടങ്ങളിൽ പല സുഹൃത്തുക്കളുടേയും കളക്ഷൻ സെൻ്ററുകൾ വഴി ശേഖരിക്കാനായി. നേരിട്ടും കൊറിയർ വഴിയും വസ്ത്രങ്ങൾ എത്തിച്ച എല്ലാവരുടേയും പേരുകൾ എടുത്ത് പറയുന്നില്ല. ഈ സംരംഭത്തിൽ സഹകരിച്ച എല്ലാവർക്കും ഒരുപാട് നന്ദി.

അതോടൊപ്പം തന്നെ ഈ സംരംഭത്തെ വിമർശിച്ചും ധാരാളം പേർ രംഗത്ത് വരുകയുണ്ടായി. വസ്ത്രങ്ങൾ തന്നവരോടും, പഴയ വസ്ത്രങ്ങൾ മറ്റൊരാൾക്ക് നൽകുന്നതിനെ വിമർശിച്ചവരോടും ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. വിമർശിച്ചവർക്കുള്ള മറുപടിയിൽ നിന്ന് തുടങ്ങാം.

“ നിങ്ങളുടെയൊക്കെ പഴയ വസ്ത്രങ്ങൾ കൊണ്ടുപോയി തള്ളാനുള്ള ഇടമല്ല ആദിവാസി ഊരുകൾ.“

“പാലക്കാട് അഗ്രഹാരങ്ങളിൽ വസ്ത്രത്തിന് ക്ഷാമമുള്ള മുന്തിയ ജാതിക്കാരുണ്ട്. അവരെ ഈ പഴയ തുണികൾ ഉടുപ്പിക്കാൻ നിങ്ങൾക്കാകുമോ? “

“2018ലെ പ്രളയകാലത്ത് മോശമായ ടൺ കണക്കിന് വസ്ത്രങ്ങളാണ് ഇത്തരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചേർന്നത്. അതിനിടയിൽ ഒരു നല്ല വസ്ത്രം ഉണ്ടായിരുന്നെങ്കിൽത്തന്നെ അത് കണ്ടെത്താൻ മണിക്കൂറുകൾ ചിലവഴിക്കേണ്ടി വന്നു. ഇത്തരം പരിപാടികൾ ദയവായി ചെയ്യരുത്.“

“നിങ്ങൾക്ക് പറ്റുമെങ്കിൽ പുതിയ വസ്ത്രങ്ങൾ നൽകാൻ നോക്കൂ. പഴയ വസ്ത്രങ്ങളല്ല മറ്റൊരാൾക്ക് നൽകേണ്ടത്.“

മേൽപ്പറഞ്ഞ തരത്തിലായിരുന്നു വിമർശനങ്ങളും നിർദ്ദേശങ്ങളും.

ഉപയോഗിച്ച വസ്ത്രം മറ്റൊരാൾക്ക് നൽകുന്ന കാര്യത്തിൽ മലയാളി പുലർത്തിപ്പോന്നിരുന്ന ഒരു സംസ്ക്കാരം അൽപ്പം മോശം തന്നെയാണ്. കീറിപ്പറിഞ്ഞ് ബട്ടണുകളും ഹുക്കുകളും തുന്നലുമൊക്കെ വിട്ട് തറ തുടക്കാനുള്ള പരുവത്തിൽ ആകുമ്പോൾ മാത്രമാണ് ഒരു പഴയ വസ്ത്രം നമ്മൾ മറ്റൊരാൾക്ക് നൽകിയിരുന്നത്. മാറിയുടുക്കാൻ നല്ലൊരു വസ്ത്രം ദാതാവിന് തന്നെ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. മൂന്ന് നേരം പോയിട്ട് ഒരു നേരമോ ഒന്നരാടമോ മാത്രം വല്ലതും കഴിച്ചിരുന്ന ഒരു പഴയ കാലം. ആ കാലത്തിൻ്റെ ഹാങ്ങ് ഓവർ ഉള്ളതുകൊണ്ടാണ് ഉപയോഗിച്ച വസ്ത്രങ്ങൾ നൽകാൻ പറയുമ്പോൾ തീർത്തും മോശമായ പഴയ വസ്ത്രങ്ങൾ നമ്മളിൽ പലരും ഇന്നും ദാനം ചെയ്ത് പോരുന്നത്.

പക്ഷേ ഇന്ന് കാര്യങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. നമ്മുടെ അലമാരകളിൽ ഒരു പ്രാവശ്യം ഇട്ടിട്ട് ഉപേക്ഷിച്ചതും ഫാഷൻ മാറിയതുകൊണ്ട് ഒഴിവാക്കിയതുമായ കേടുപാടുകളൊന്നും ഇല്ലാത്ത ധാരാളം വസ്ത്രങ്ങളുണ്ട്. അത് മറ്റൊരാൾക്ക് സസന്തോഷം നൽകാൻ ഏവരും തയ്യാറാണ്.

വിദേശരാജ്യങ്ങളിൽ ഇത്തരം വസ്ത്രങ്ങൾ, ചാരിറ്റി ഷോപ്പുകൾ അല്ലെങ്കിൽ ഡോളർ ഷോപ്പുകൾ എന്നറിയപ്പെടുന്ന കടകളിലാണ് ജനങ്ങൾ നൽകുക. ചാരിറ്റി ഷോപ്പുകാർ ആ വസ്ത്രങ്ങൾക്ക് ഒരു കേടുപാടും ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷം കഴുകിത്തേച്ച് വൃത്തിയാക്കി ആ കടയിൽ വെച്ച് തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു. 20 ഡോളറിൻ്റെ വസ്ത്രങ്ങൾ അങ്ങനെ ആവശ്യക്കാരന് 1 ഡോളറിന് ലഭിക്കുന്നു. ആ പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പോകുന്നു. വസ്ത്രങ്ങൾ മാത്രമല്ല നിങ്ങളുടെ വീട്ടിലെ ഏതൊരു സാധനവും ഇത്തരം ചാരിറ്റി/ഡോളർ ഷോപ്പുകളിൽ കൊണ്ടുപോയി വെറുതെ കൊടുക്കാനും ചെറിയ വിലയ്ക്ക് അവിടന്ന് വാങ്ങാനും പറ്റും. ഇടത്തരക്കാരായ എത്രയോ പേർ അതെല്ലാം വാങ്ങുന്നു; ഉപയോഗിക്കുന്നു! മറ്റൊരാൾ ഉപയോഗിച്ചതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

ഇങ്ങനൊരു സംസ്ക്കാരമോ ഇത്തരം കടകളോ നമ്മുടെ നാട്ടിലില്ല. ഉണ്ടായിരുന്നെങ്കിൽ ചെറിയ പണം കൊടുത്ത് നല്ല വസ്ത്രങ്ങൾ ആവശ്യക്കാർ തന്നെ വാങ്ങി ഇടുമായിരുന്നു. ഇത്തരം കടകൾ വൈകാതെ നമ്മുടെ നാട്ടിലും വരുമെന്ന പൂർണ്ണമായ പ്രതീക്ഷ എനിക്കുണ്ട്. ഏതെങ്കിലും തരത്തിൽ മോശമായ ഒരു വസ്ത്രം ഇത്തരം ഷോപ്പുകളിലൂടെ ഒരാളിലേക്കും എത്തില്ല എന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ ? അഥവാ, മോശം വസ്ത്രങ്ങൾ ആരെങ്കിലും അവിടെ നൽകിയാലും അതിൻ്റെ നടത്തിപ്പുകാർ അത് കണ്ടെത്തി കച്ചറയിൽ തട്ടും. മാത്രമല്ല, വളരെ ചെറിയ വിലയ്ക്കാണ് വാങ്ങുന്നതെങ്കിൽപ്പോലും മോശമായത് ഒരാൾ പണം കൊടുത്ത് വാങ്ങുന്ന പ്രശ്നമില്ലല്ലോ?

ഈ സംസ്ക്കാരമാണ് നമ്മൾ പിന്തുടരേണ്ടത്. ഇത്തരത്തിൽ, തിരഞ്ഞെടുത്ത ഏറ്റവും നല്ല വസ്ത്രങ്ങൾ മാത്രം നൽകാൻ തുടങ്ങിയാൽ മോശമായ വസ്ത്രങ്ങൾ ആരിലേക്കും എത്തില്ലെന്ന് മാത്രമല്ല, റീസൈക്കിളിങ്ങ് അല്ലെങ്കിൽ റീഫർബിഷിങ്ങ് എന്ന് പറയുന്ന കാര്യം നടപ്പിലാക്കപ്പെടും. പ്രകൃതിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു പ്രക്രിയയാണത്. അത് ചെയ്യാതിരിക്കരുത്. കൃത്യമായ രീതിയിൽ, പിഴവ് പറ്റാതെ ചെയ്യണമെന്ന് മാത്രം. അക്കാര്യം എന്നെക്കൊണ്ട് ആവുന്ന അക്ഷരങ്ങളിൽ വിശദീകരിച്ചിട്ടുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് അടുത്ത കൂട്ടരിലേക്ക് കടക്കട്ടെ.

വസ്ത്രങ്ങൾ വേണമെന്ന് പറഞ്ഞപ്പോൾ വളരെ മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചതെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ? വസ്ത്രങ്ങൾ മാത്രമല്ല, ബാഗുകളും കളിപ്പാട്ടങ്ങളും ചെരിപ്പുകളുമൊക്കെ നൽകിയവരുണ്ട്. ടാഗ് നീക്കം ചെയ്യാത്ത പുത്തൻ വസ്ത്രങ്ങൾ വാങ്ങി അയച്ച് തന്നവർ ധാരാളമുണ്ട്. ഒരിക്കൽപ്പോലും ഉപയോഗിച്ചതായി തോന്നാത്ത വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ട് തന്നവരുണ്ട്. ഒരു വസ്ത്രശാലയുടെ അലമാരിയിൽ നിന്ന് ആയിരത്തിന് മേൽ വില വരുന്ന 25000 രൂപയുടെയെങ്കിലും പുത്തൻ സാരികൾ ഈ സംരംഭത്തിലേക്ക് നൽകിയ സുഹൃത്തുമുണ്ട്. കൂട്ടത്തിൽ, മോശമായ വസ്ത്രങ്ങൾ കൊണ്ടുത്തള്ളിയവരും ഉണ്ട്.

ഈ കിട്ടിയ വസ്ത്രങ്ങളിൽ നിന്ന് എൻ്റെ ഭാര്യയ്ക്കോ മകൾക്കോ കൊടുക്കാൻ പറ്റാത്ത ഒരെണ്ണം പോലും വയനാട്ടില ആദിവാസി ഊരുകളിലേക്ക് പോകാൻ ഞാനനുവദിക്കില്ല. കഴിഞ്ഞ ഏറെ വർഷങ്ങളായി, എത്തരത്തിൽ നല്ല വസ്ത്രങ്ങൾ തിരഞ്ഞെടുക്കണമെന്ന് എനിക്കറിയാം. ആദിവാസികളിലേക്ക് ഈ വസ്ത്രങ്ങൾ എത്തിക്കുന്ന കുഞ്ഞഹമ്മദിക്കയ്ക്ക് എന്നേക്കാൾ നന്നായറിയാം. മോശമായ ഒരു വസ്ത്രം പോലും ഊരുകളിലേക്ക് എത്തില്ല. അതുകൊണ്ട് തന്നെയാണ് സ്ക്കൂളിൽ കുട്ടികൾക്ക് വസ്ത്രം വേണമെന്ന് പറഞ്ഞ് അദ്ധ്യാപകർ ഇപ്പോഴും കുഞ്ഞഹമ്മദിക്കയെ സമീപിക്കുന്നത്. കീറിപ്പറിഞ്ഞ് മോശമായ വസ്ത്രങ്ങൾ നൽകിയാൽ പിന്നീടൊരു വിളി ഒരിടത്ത് നിന്നും വരില്ല.

ആയതിനാൽ, അറിഞ്ഞോ അറിയാതെയോ മോശം വസ്ത്രങ്ങൾ ഈ സംരംഭത്തിലേക്ക് നൽകിയവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ എത്ര മോശം വസ്ത്രങ്ങൾ വേണമെങ്കിലും നൽകിക്കോളൂ. പക്ഷേ, അതിലൊന്ന് പോലും ആദിവാസി ഊരുകളിലേക്കോ മറ്റേതെങ്കിലും ഗുണഭോക്താവിലേക്കോ എത്തില്ല. ഇത്തരത്തിൽ ഇപ്രാവശ്യം കിട്ടിയ മോശം വസ്ത്രങ്ങൾ മുൻസിപ്പാലിറ്റി കച്ചറയിലേക്ക് നൽകാനായി കുഞ്ഞഹമ്മദിക്കയുടെ വീടിന് മുന്നിൽ ചാക്കിൽക്കെട്ടി വെച്ചിരിക്കുന്നതിൻ്റെ ചിത്രമാണ് ഇതോടൊപ്പമുള്ളത്. നിങ്ങളുടെ അലമാരകളിലെ മോശം വസ്ത്രങ്ങൾ മുൻസിപ്പൽ കുപ്പയിൽ എത്തിക്കാൻ, കുഞ്ഞഹമ്മദിക്കയോ ഞാനോ ഈ വസ്ത്രശേഖരത്തിൽ സഹകരിച്ചവരോ ഇടനിലക്കാരാകണമെങ്കിൽ അത് ചെയ്യാൻ സസന്തോഷം തയ്യാർ.

മോശം വസ്ത്രങ്ങൾ നൽകുന്ന സംസ്കാരവും ഉപയോഗിച്ചെങ്കിലും അൽപ്പം പോലും മോശമാകാത്ത വസ്ത്രങ്ങൾ ചെറിയ വിൽക്കാനായി സംഭാവന നൽകുന്ന സംസ്ക്കാരവും ഞാൻ കണ്ടിട്ടുണ്ട്. ആദ്യത്തെ സംസ്ക്കാരത്തിൽ നിന്ന് രണ്ടാമത്തതിലേക്ക് എത്താൻ നമ്മൾ കുറച്ചുകൂടെ സമയമെടുക്കും. നല്ല ബോധവൽക്കരണം ആവശ്യമാണ്. ആ ബോധം ഉണ്ടാകുന്നത് വരെ ഇടയ്ക്ക് നിൽക്കുന്നവർക്ക് നല്ല ജോലിയുണ്ടാകുമെന്ന് മാത്രം. ഉപയോഗിച്ച വസ്ത്രങ്ങൾ മറ്റൊരാൾക്ക് നൽകില്ല എന്ന നിലപാട് സ്വീകരിക്കാൻ എനിക്കാവില്ല. നമ്മുടെ വീട്ടിൽ അഞ്ചുവയസ്സുകാരനും രണ്ടുവയസ്സുകാരനും ഉണ്ടെങ്കിൽ, വലിയ ആളുടെ മോശമാകാത്ത വസ്ത്രങ്ങൾ ചെറിയ ആൾക്ക് കൊടുക്കുകയും ഉപയോഗിക്കുകയും തന്നെ ചെയ്യും. അതേ സ്നേഹവായ്പ്പോടെ നൽകാൻ പറ്റുന്ന വസ്ത്രങ്ങൾ മാത്രമേ മറ്റൊരാൾക്കും കൊടുക്കാൻ പാടുള്ളൂ. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും, ഈ വസ്ത്രശേഖരത്തിൽ ഇടനിലക്കാരായി നിന്ന കുഞ്ഞഹമ്മദിക്കയേയും എന്നേയും മറികടന്ന് ഒരു മോശം വസ്ത്രം പോലും ആരിലേക്കും എത്തില്ല.

കൊറോണ കാരണം 2 വർഷം വസ്ത്രങ്ങൾ ശേഖരിക്കാൻ പറ്റാതിരുന്നതുകൊണ്ട് മാത്രമാണ് പബ്ലിക്കായി വസ്ത്രങ്ങൾക്ക് വേണ്ടി പോസ്റ്റിടേണ്ടി വന്നത്. എല്ലാവരേയും പറഞ്ഞ് തിരുത്താനും എല്ലാവരോടും തർക്കിച്ച് ജയിക്കാനും ഞാനാളല്ല. ഞാൻ എൻ്റെ ശരികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. നിങ്ങളുടെ ശരികളെ നിങ്ങളും മുറുകെപ്പിടിച്ചോളൂ. ഈ വിഷയത്തിൽ എന്നെ തിരുത്തണമെന്നുള്ളവർക്കുള്ള മറുപടി നൽകിക്കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.

എന്തായാലും ഇനിയൊരിക്കലും പബ്ലിക്ക് പോസ്റ്റിട്ട് ആരുടെ മുന്നിലും വരുകയില്ല. ഈ സംരംഭത്തിലൂടെ 50ൽപ്പരം സമാന മനസ്ക്കരുമായി പരിചയത്തിലായി. അവർക്കെല്ലാം ഒരു മെസ്സേജോ ഫോണോ ചെയ്താൽ ഇത്രയും തന്നെ വസ്ത്രങ്ങൾ എല്ലാ വർഷവും ഇനിയും കിട്ടുമെന്നുറപ്പുണ്ട്. ആയതിനാൽ എതിരഭിപ്രായക്കാരുമായി തർക്കിക്കാൻ വേണ്ടി മാത്രം പരസ്യമായ ഇടപെടലുകൾ ഈ വിഷയത്തിൽ ഇനിയുണ്ടാകില്ല. സഹകരിച്ച എല്ലാവർക്കും നന്ദി. നിങ്ങൾ അയച്ച വസ്ത്രങ്ങൾ മുഴുവനും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. കളക്ഷൻ സെൻ്ററുകളിൽത്തന്നെയാണ് ഏറെ വസ്ത്രങ്ങൾ ഇപ്പോഴും ഇരിക്കുന്നത്. അൽപ്പം സമയമെടുത്താലും അത് ആവശ്യക്കാരിലേക്ക് തന്നെ എത്തിക്കുന്നതായിരിക്കും.
ഇതിനിടയ്ക്ക് ഈ വസ്ത്രശേഖരണം കളങ്കമറ്റതാണോ (Genuine) എന്നൊരു ചോദ്യം വസ്ത്രങ്ങൾ നൽകുന്ന ചിലർക്കിടയിൽ നിന്ന് ഉയർന്നു. അതെനിക്ക് അൽപ്പം വേദനയുണ്ടാക്കി. പഴയ വസ്ത്രങ്ങൾ വെച്ച് എന്ത് തട്ടിപ്പാണ് ഒരാൾക്ക് ചെയ്യാൻ കഴിയുക എന്ന് അന്വേഷിച്ചപ്പോൾ ആ ചോദ്യം ഉന്നയിച്ചവരുടെ ഭാഗത്താണ് ശരി എന്ന് മനസ്സിലായി. ഉപയോഗിച്ച നല്ല വസ്ത്രങ്ങൾ ശേഖരിച്ച് അതിൽ ടാഗിട്ട് കടകളിൽ വിൽക്കുന്ന മാഫിയ തന്നെ ഉണ്ട് പോലും! എന്ന് വെച്ചാൽ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന വസ്ത്രങ്ങളിൽ ഉപയോഗിച്ച വസ്ത്രങ്ങളും ഉണ്ടെന്ന്. അതിലും ഭേദം ചാരിറ്റി ഷോപ്പുകൾ എന്ന സംസ്ക്കാരമല്ലേ ? അധികം വൈകാതെ നമ്മളവിടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് നിർത്തുന്നു.