Yearly Archives: 2023

കാമാഖ്യ ക്ഷേത്രം


13
പ്രശ്നങ്ങളെല്ലാം തുടങ്ങിയത് ശിവനും സതിയും തമ്മിലുള്ള ബന്ധത്തോടെയാണ്. മേലാസകലം ചുടലച്ചാരം പൂശി, നാഗങ്ങളെ കഴുത്തിൽ ചുറ്റി, താണ്ഡവമാടി നടക്കുന്ന ശിവനെപ്പോലൊരാൾ ജാമാതാവാണെന്ന് പറയാൻ ദക്ഷനെന്നല്ല ഏതൊരു അച്ഛനും ബുദ്ധിമുട്ടുണ്ടാകും.

അതുകൊണ്ട് തന്നെ, കിട്ടിയ അവസരങ്ങളിലെല്ലാം ശിവനെ അവഹേളിക്കുന്നത് ദക്ഷന് ഹരമായിരുന്നു. രാജസദസ്സിൽ വെച്ച് നടന്ന അത്തരമൊരു അവഹേളനം താങ്ങാവുന്നതിലും അപ്പുറമായിരുന്നു സതിക്ക്. അവൾ ജീവനൊടുക്കി.

ശിവന് സകല നിയന്ത്രണങ്ങളും വിട്ടു. സതിയുടെ ചലനമറ്റ ശരീരവും പേറി മുക്കണ്ണൻ ഭൂമിക്ക് ചുറ്റും ഉറഞ്ഞുതുള്ളി. പ്രപഞ്ചമാകെ പൊടിപടലങ്ങൾ ഉയർന്നു. ഭൂമി നിന്ന് വിറച്ചു. മറ്റ് ജീവനുകൾക്കും ശിവൻ്റെ താണ്ഡവം അപകടമാകുമെന്നായി. ഭൂമി തന്നെ ഇല്ലാതാകുമെന്ന ഭീകരമായ അവസ്ഥ.

അവസാനം മഹാവിഷ്ണു ഇടപെട്ടു. സതിയുടെ മൃതശരീരം പല കഷണങ്ങളാക്കി ചിതറിച്ചു കൊണ്ടായിരുന്നു ആ ഇടപെടൽ.

ചിതറി തെറിച്ച ശരീര ഭാഗങ്ങളിൽ നിന്ന്, സതിയുടെ യോനി ചെന്ന് വീണത് ഗോഹാട്ടിയിലെ നീലാചൽ കുന്നിൻ മുകളിലായിരുന്നു. അവിടെ പിന്നീട് കാമാഖ്യ ക്ഷേത്രം ഉയർന്നു. സതിയുടെ ശരീരഭാഗങ്ങൾ ചെന്ന് വീണ ഓരോ സ്ഥലവും ശക്തിപീഠം എന്നറിയപ്പെടുന്നു.

ആട് മാടുകളേയും പ്രാവുകളേയുമൊക്കെ ഇന്നും ബലി കഴിച്ച് പോരുന്നു ഈ ക്ഷേത്രത്തിൽ. അതുകൊണ്ട് തന്നെ ചോരയുടെ മണമാണ് ക്ഷേത്രപരിസരത്താകെ. 2019ലും അതിന് മുൻപ് പലപ്പോഴും മനുഷ്യക്കുരുതി നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ജൂൺ മാസത്തിലെ അമ്പുപാച്ചിമേളയാണ് കാമാഖ്യ ദേവിയുടെ ഉത്സവം. അന്ന് ദേവിയുടെ ആർത്തവരക്തം തുടച്ചെടുക്കുന്ന തുണി പ്രസാദമായി ഭക്തർക്ക് നൽകുന്നു. മന്ത്രവാദത്തിൻ്റേയും ആഭിചാരത്തിൻ്റേയും വിളനിലം കൂടെയാണ് കാമാഖ്യ.

എപ്പോൾ ജീവനെടുക്കപ്പെടുമെന്നറിയാതെ, ബലിക്ക് വേണ്ടി ഭക്തർ നൽകിയ ആടുകളും പ്രാവുകളും അലഞ്ഞു തിരിഞ്ഞ് നടക്കുന്നുണ്ട് ക്ഷേത്രപരിസരമാകെ. തറയിൽ പലയിടത്തും ചോരയിറ്റ് കിടക്കുന്നുമുണ്ട്. അറവ് നടക്കുന്ന ഭാഗത്ത് പോയി നോക്കിയെങ്കിലും മിണ്ടാപ്രാണികളുടെ തലയറക്കുന്ന ആ അന്ത്യ നിമിഷത്തിൽ എനിക്ക് തലതിരിക്കേണ്ടി വന്നു. പക്ഷേ, അവറ്റകളുടെ അവസാനത്തെ ആ കരച്ചിൽ കർണ്ണപുടങ്ങൾക്ക് തടുക്കാനായില്ല.

എന്തെല്ലാം വിശ്വാസങ്ങൾ, എന്തെല്ലാം ആചാരങ്ങൾ. ക്ഷമിക്കണം… എന്തെല്ലാം അനാചാരങ്ങൾ!!