Yearly Archives: 2023

‘ലിയാ – ദിയാ’


552003 മാർച്ച് 23. ഞാനന്ന് എണ്ണപ്പാടത്തെ ജോലിയുടെ ഭാഗമായി ബ്രിട്ടീഷ് ഗ്യാസിൻ്റെ മുംബൈ-ഹൈ ഓഫ്ഷോർ പ്ലാറ്റ്ഫോമിൽ ആയിരുന്നു.

അന്ന് ഇന്ത്യ – ഓസ്ട്രേലിയ വേൾഡ് കപ്പ് ഫൈനലുമാണ്. എന്റെ ജോലി തീർത്ത് ഞാനന്ന് കരയിലേക്ക് മടങ്ങുകയാണ്. ഗൾഫ് രാജ്യങ്ങളിലേത് പോലെയല്ല ഇന്ത്യയിലെ ഓഫ്ഷോർ പോക്ക്-വരവ് കാര്യങ്ങൾ. ജോലി തീർന്നാലും നമ്മൾ വിചാരിക്കുന്ന ദിവസം മടങ്ങാൻ പറ്റണമെന്നില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായിരിക്കും ഹെലികോപ്റ്റർ (ചോപ്പർ) സർവ്വീസ് ഉണ്ടാകുക. അതിൽ സീറ്റ് കിട്ടി കരയിലേക്ക് പോരണമെങ്കിൽ പല കടമ്പകളും ഉണ്ട്. സീറ്റ് കിട്ടിയാലും അവസാന നിമിഷം മറ്റൊരാൾക്ക് ട്രാവൽ എമർജൻസി ഉണ്ടെങ്കിൽ നമ്മുടെ സീറ്റ് ക്യാൻസൽ ചെയ്യപ്പെടാം.

ക്രിക്കറ്റ് ഫൈനൽ കളിയുള്ള മാർച്ച് 23ന് തന്നെ കരയിലേക്ക് മടങ്ങാൻ എനിക്ക് ഹെലികോപ്റ്ററിൽ സീറ്റ് തരമായത് വലിയ കഷ്ടമായി. എങ്ങനെയെങ്കിലും അതൊന്ന് ക്യാൻസൽ ആയാലേ കളി നേരെ ചൊവ്വേ കാണാൻ പറ്റൂ. അല്ലെങ്കിൽ അവസാനത്തെ കുറേ ഓവറുകൾ ഞാൻ കരയിലേക്ക് പറക്കുന്ന സമയത്തായിരിക്കും.

ആ ദിവസങ്ങളിൽ ഇംഗ്ലീഷ് പത്രങ്ങളിലും ഹിന്ദി പത്രങ്ങളിലും ഇന്ത്യയുടെ ജയസാദ്ധ്യതകൾ തലങ്ങും വിലങ്ങും, മറിച്ചും തിരിച്ചും ജ്യോതിഷത്തിന്റെ പിൻബലത്തിലും അല്ലാതെയുമൊക്കെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ ജ്യോതിഷിമാരുടേയും പ്രവചനം ഇന്ത്യ ജയിക്കുമെന്ന് തന്നെ ആയിരുന്നു. കാര്യകാരണങ്ങൾ നിരത്തി അവരത് സമർദ്ധിച്ചു കൊണ്ടേയിരുന്നു.

ഓസ്ട്രേലിയ തകർത്തടിച്ച് 50 ഓവറിൽ, 2 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്തു. ഇന്ത്യ ആ സ്കോർ പിന്തുടരുകയാണ്.

പ്രതീക്ഷിച്ചത് പോലെ തന്നെ, കളിയുടെ അവസാന ഓവറുകളിൽ, ഞാൻ ഹെലികോപ്റ്ററിനകത്ത് പെട്ടുപോയി. നല്ല മുറ്റ് ടെൻഷൻ അടിച്ചാണ് അരമുക്കാൽ മണിക്കൂർ ചോപ്പറിൽ കഴിച്ചുകൂട്ടിയത്. മുംബൈയിലെ പവായിലുള്ള ഹെലി ബേസിൽ ചോപ്പർ ലാൻഡ് ചെയ്തതും, ആദ്യം കാണാൻ സാദ്ധ്യതയുള്ള ടിവിക്ക് മുന്നിലേക്ക് ഞാനടക്കമുള്ള യാത്രക്കാർ എല്ലാവരും പാഞ്ഞു.

അപ്പോഴേക്കും, നാൽപ്പതാമത്തെ ഓവറിൽ 234 റൺസ് മാത്രമെടുത്ത് ഇന്ത്യ തോറ്റു കഴിഞ്ഞിരുന്നു.

ഇന്ത്യ ജയിക്കുമെന്ന്, കവടി നിരത്തിയും അല്ലാതെയും പ്രവചിച്ച ജ്യോതിഷികൾ, പത്രക്കാർ, ചാനലുകാർ എന്നിങ്ങനെയുള്ള സകലർക്കും നിൽക്കക്കള്ളി ഇല്ലാതായെന്ന് ഉറപ്പ്. ഈ തോൽവിയെ എങ്ങനെയവർ ന്യായീകരിക്കും?! ജ്യോതിഷത്തിലെ ‘പിഴവിനെ’ എങ്ങനെ വെള്ള പൂശും?

പക്ഷേ, അവർക്കാണോ മാർഗ്ഗം ഇല്ലാത്തത്. അവർ അതും ന്യായീകരിച്ചു. അതിങ്ങനെ ആയിരുന്നു.

ഓസ്ട്രേ’ലിയാ’
ഇൻ’ദിയാ’

ഹിന്ദിയിൽ, ‘ലിയാ’ എന്നാൽ എടുക്കുക എന്നാണർത്ഥം. ‘ദിയാ’ എന്നാൽ കൊടുക്കുക എന്നർത്ഥം. ഇന്ത്യ വേൾഡ് കപ്പ് കൊടുത്തു; ഓസ്ട്രേലിയ എടുത്തു. സിമ്പിൾ.

പറഞ്ഞുവന്നത്…. 20 വർഷത്തിന് ശേഷം കഥ ആവർത്തിക്കാൻ പോകുകയാണ്. ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും വേൾഡ് കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നു. ആര് കൊടുക്കും, ആര് എടുക്കും എന്നൊക്കെ 2023 നവംബർ 19ന് രാത്രി പത്ത് മണിയോടെ അറിയാം.

ഇന്ത്യ തോറ്റതിന് ശേഷം, വടക്കേയിന്ത്യയിലെ ഉടായിപ്പ് ജ്യോതിഷികൾ അന്ന് നടത്തിയ ആ ‘ലിയാ ദിയാ’ ന്യായീകരണമുണ്ടല്ലോ. അത് ഇപ്രാവശ്യം സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഇന്ത്യയ്ക്ക് വിജയാശംസകൾ!!!!