നാഗാലാൻ്റിലെ ഹോൺബിൽ മ്യൂസിക് ഫെസ്റ്റിവലിൻ്റേയും, ആസ്സാം, നാഗാലാൻ്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ 10 ദിവസത്തെ യാത്രയുടേയും ഏർപ്പാട് ചെയ്തത് അജു വെച്ചൂച്ചിറ ആണ്.
ടൂർ ഇറ്റിനർറി, അജു അയച്ച് തന്നപ്പോൾ, അതിൽ ഏറ്റവും ആകർഷിച്ചത്, ഒരു വെള്ളച്ചാട്ടത്തിൻ്റെ കീഴിലുള്ള നീലജലാശയത്തിൽ ഭാഗ്യവാന്മാരായ കുറേ മനുഷ്യർ നീന്തിത്തുടിക്കുന്നതിൻ്റെ ചിത്രമായിരുന്നു.
ആ ഒരൊറ്റ പടം മതിയായിരുന്നു മനം മയക്കാൻ. വെള്ളത്തിന് അത്രേം കടുത്ത നീലനിറം കാണുമോ ? ഫോട്ടോഷോപ്പ് ആയിരിക്കാം, എന്നൊക്കെയുള്ള വിടുചിന്തകൾക്കും സംശയങ്ങൾക്കും മേഘാലയയിൽ കാലെടുത്ത് കുത്തിയതോടെ വിരാമമായി.
ആ സംസ്ഥാനത്ത് പൊതുജലാശയങ്ങൾക്കെല്ലാം അതേ നീല നിറമാണ്. എം.ടി.യുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ….. ‘മലിനമാകാത്ത ആ ജലത്തിൽ ആകാശം മുഖം നോക്കുന്നുണ്ടെന്ന് ഉറപ്പ്’.
ക്രാങ്ങ്ഷുരി വെള്ളച്ചാട്ടവും അതിന് കീഴെയുള്ള സ്വാഭാവിക തടാകവുമാണത്. വെള്ളത്തിന് നല്ല തണുപ്പുമുണ്ട്.
രാവിലെ ഉമങ്ങോട്ട് നദിയിൽ ഒരു റൗണ്ട് നീന്തലും കുളിയും കഴിഞ്ഞിട്ടാണ് ഞങ്ങൾ ചെന്നിരിക്കുന്നത്. പക്ഷേ ഈ തടാകത്തിലെ കുളി മോഹിച്ച് കൂടെയാണല്ലോ നോർത്ത് ഈസ്റ്റിലേക്ക് പോയത്. ഈ കുളി ഒഴിവാക്കാൻ ആവില്ല.
ഞങ്ങൾ ചെല്ലുമ്പോൾ ധാരാളം പേർ വെള്ളച്ചാട്ടത്തിന് അരികെ ഉണ്ടെങ്കിലും തടാകത്തിൽ ആരും ഇറങ്ങിയിട്ടില്ല. ലൈഫ് ഫെസ്റ്റ് ഇടാതെ തടാകത്തിൽ ഇറങ്ങാൻ സമ്മതിക്കില്ല. വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ്, അതെനിക്കൊരു സുഖകരമായ കാര്യമായി തോന്നിയില്ല. ലൈഫ് ഫെസ്റ്റ് ഇട്ടാൽ നമ്മൾ എങ്ങനെ സ്വതന്ത്രമായി നീന്തും? എങ്ങനെ മുങ്ങാംകൂളി ഇടും ?
പക്ഷേ വെള്ളത്തിൽ ഇറങ്ങിയതോടെ, എനിക്ക് ലൈഫ് വെസ്റ്റിൻ്റെ ആവശ്യകത ബോദ്ധ്യമായി. വെള്ളത്തിന് നല്ല തണുപ്പുണ്ട്. നീന്തൽ അറിയാവുന്നവരും ചിലപ്പോൾ തണുപ്പിൽപ്പെട്ട് കുഴഞ്ഞു പോയെന്ന് വരാം. അതൊരു അപകടത്തിലേക്ക് നീങ്ങാനും മതി.
ഞങ്ങൾ ലൈഫ് വെസ്റ്റുകൾ വാടകയ്ക്ക് എടുത്ത് വെള്ളത്തിലിറങ്ങി, വെള്ളം കുത്തി വീഴുന്നതിൻ്റെ അപ്പുറത്തേക്ക് നീന്തിപ്പോയി, ഗോപ്രൊ ക്യാമറയിൽ നീന്തൽ രംഗങ്ങൾ പകർത്തി. അവർണ്ണനീയമായ അനുഭവമായിരുന്നു അത്. വീണ്ടുമൊരിക്കൽ കൂടെ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത പ്രകൃതീ സംഗമം.
ഞങ്ങൾ കരയ്ക്ക് കയറുന്ന സമയത്ത്, അതുവരെ കരയ്ക്ക് ഇരുന്നിരുന്ന ചെറുപ്പക്കാർ മൂന്ന് പേർ പെട്ടെന്ന് ലൈഫ് വെസ്റ്റ് ഇട്ട് വെള്ളത്തിലേക്കിറങ്ങുന്നത് കണ്ടു. ഞങ്ങൾ വയസ്സായവർ വെള്ളത്തിൽ അർമ്മാദിക്കുന്നത് കണ്ടപ്പോളാണ് അവർക്ക് ആവേശമായതെന്ന് യാതൊരു സങ്കോചവും ഇല്ലാതെയാണവർ പറഞ്ഞത്.
അത്മഗത്:- പിള്ളേര് സൂക്ഷിച്ചാൽ മത്യായിരുന്നു. ഞങ്ങൾ വയസ്സന്മാർക്ക്, ‘മേലെ ആകാശം കീഴെ ഭൂമി’ എന്ന അവസ്ഥ ആയതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്ത് കൂട്ടുന്നത്. അവരുടെ കാര്യം അങ്ങനെയല്ലല്ലോ.
#greatindianexpedition
#gie_by_niraksharan
#gie_northeast
#meghalaya
#krangshuriwaterfall