രണ്ടാം ലോക മഹായുദ്ധകാലത്ത് (1944 ഏപ്രിൽ) ജപ്പാൻ്റെ കടന്നുകയറ്റം തടുക്കാൻ ജീവത്യാഗം ചെയ്ത, രണ്ടാം ബ്രിട്ടീഷ് സഖ്യകക്ഷിയുടെ പട്ടാളക്കാർ അന്ത്യനിദ്ര കൊള്ളുന്ന ഇടമാണ് നാഗാലാൻ്റിലെ കൊഹിമയിലുള്ള യുദ്ധ ശ്മശാനം. ‘ബാറ്റിൽ ഓഫ് കൊഹിമ’ എന്ന് ഈ യുദ്ധം അറിയപ്പെടുന്നു.
1420 പട്ടാളക്കാരുടെ മൃതദേഹങ്ങൾ ഇവിടെ സംസ്ക്കരിച്ചിരിക്കുന്നു. അവർക്ക് നൽകേണ്ട എല്ലാ ആദരവോടും കൂടെ മനോഹരമായിത്തന്നെ ഈ ശ്മശാനം സംരക്ഷിച്ചിരിക്കുന്നു. തിരിച്ചറിയപ്പെടാൻ പറ്റാതെ പോയ പട്ടാളക്കാരുടെ കല്ലറകളിൽ, A soldier of the 1939-1945 war. Known unto God എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.
വീഡിയോയിൽ (1:30 മിനിറ്റ്) കാണുന്ന ടെന്നീസ് കോർട്ടിൻ്റെ ചുറ്റുമായാണ് സെമിത്തേരി ഉള്ളത്. പട്ടാളക്കാർ തമ്മിൽ കൈകാലുകൾ ഉപയോഗിച്ച് പോരാടിയത് ഈ ടെന്നീസ് കോർട്ടിനുള്ളിലും പരിസരത്തുമാണ്. അന്ന് പൂർണ്ണമായും നശിച്ച് പോയ ആ ടെന്നീസ് കോട്ട് ഇപ്പോൾ പുനഃരുദ്ധരിച്ച് നിലനിർത്തിയിരിക്കുന്നു.
കല്ലറകൾ ഉള്ളത് മിക്കവാറും ക്രൈസ്തവ പട്ടാളക്കാർക്കാണ്. ഹിന്ദു – സിക്ക് മതക്കാരുടെ ശരീരങ്ങൾ അവരുടെ മതാചാരപ്രകാരം ഇവിടെ സംസ്ക്കരിക്കുകയുണ്ടായി. ആ പട്ടാളക്കാരുടെ പേരുകൾ ഇവിടെ കല്ലിൽ കൊത്തി വെച്ചിട്ടുണ്ട്.
ജമ്മു & കാശ്മീർ ഇൻഫൻ്ററി സിപായ്, പട്യാല ഇൻഫൻ്ററി സിപായ്, മൂന്നാം ഗ്വാളിയർ മഹാരാജ സിന്ധ്യ ബറ്റാലിയൻ, ട്രാവൻകൂർ നായർ ഇൻഫൻ്ററി, റോയൽ ഇന്ത്യൻ എയർഫോർസ്, സിഖ് രജിമെൻ്റ്, നേപ്പാളി ഗൂർഖ രജിമെൻ്റ്, മദ്രാസ് രജിമെൻ്റ്, ആസ്സാം സിവിൽ പോർട്ടർ, ട്രാവൻകൂർ സ്റ്റേറ്റ്, എന്നിങ്ങനെ അന്ന് ബ്രിട്ടീഷ് സഖ്യകക്ഷിയുടെ പട്ടാളത്തിൽ ഉണ്ടായിരുന്ന ട്രൂപ്പുകളിൽ ധാരാളം മലയാളികളും ഉണ്ടായിരുന്നു. അതിൽ നിന്ന് ട്രാവൻകൂർ സ്റ്റേറ്റിലെ മലയാളി പട്ടാളക്കാരുടെ പേരുകൾ താഴെ ചേർക്കുന്നു.
അദിച്ചൻ, ചെല്ലപ്പൻ, ചെല്ലപ്പൻ പിള്ള, ചിന്നൻ, ഗോപാലൻ, ഗോപാലൻ പിള്ള, ഗോവിന്ദൻ, ജനാർദ്ദനൻ, കേശവൻ, കേശവൻ ആചാരി, കോയക്കുട്ടി, കൃഷ്ണൻ നായർ, കൃഷ്ണൻ, കുമാരൻ, കുഞ്ഞൻ, കുഞ്ഞൻ പിള്ള, കുഞ്ഞികൃഷ്ണൻ, കുഞ്ഞിരാരൻ, കുഞ്ഞുകൃഷ്ണൻ, കുഞ്ഞുരാമൻ, കുഞ്ഞിച്ചാത്തൻ, കുട്ടപ്പൻ, എം. കുട്ടി, മാധവൻ, മാനസ്, നാരായണൻ, നറുതമ നായിക്ക്, നീലകണ്ഠൻ, പത്മനാഭൻ, പഞ്ചാവു, പുരുഷോത്തമൻ, ഭേദം (Phedam), രാഘവ പണിക്കർ, ശങ്കരൻ, ശങ്കരൻ ചാത്തുണ്ണി, ശേഖരൻ, ശിവരാമൻ പിള്ള, ശിവശങ്കരൻ, തമ്പി, വാസു പിള്ള, വേലായുധൻ, പി. ആർ. വി. വേലായുധൻ.
വാൽക്കഷണം:- മുൻപ് ഞാൻ കണ്ടിട്ടുള്ള ഇത്തരം യുദ്ധ സെമിത്തേരി, കേംബ്രിഡ്ജിലെ അമേരിക്കൻ മിലിറ്ററി സെമിത്തേരിയാണ്. അതുപോലെ തന്നെ മനോഹരമായി ഈ സെമിത്തേരിയും സംരക്ഷിക്കപ്പെടുന്നത് ബ്രിട്ടീഷ് ഫണ്ടിങ്ങും ഓഡിറ്റിങ്ങും ഉള്ളതുകൊണ്ടാണ്.
#greatindianexpedition
#gie_by_niraksharan
#gie_northeast
#Nagaland
#kohima
#kohimawar
#kohimawarcemetery